Slider

അച്ചന്റെ ഓണക്കോടി

0
അച്ചന്റെ ഓണക്കോടി
•••••••••••••••••••••••••••••••••••
പതിവില്ലാതെ അച്ചൻ അന്ന് പത്ത്‌ മണി കഴിഞ്ഞിട്ടും എത്തിയില്ല.. കുട്ടനു ഉറക്കം വരുന്നുണ്ടായിരുന്നു.. പക്ഷെ ഉറങ്ങിയാലും ചിലപ്പോ അച്ചൻ വിളിച്ചുണർത്തും... പഠിച്ചത്‌ എന്തൊക്കെയാണെന്നറിയാൻ.. അത്‌ കഴിഞ്ഞുറങ്ങാം എന്ന് കരുതിയാ ഉറങ്ങാതിരിക്കുന്നെ.. എന്തിനു ആകെ കിട്ടുന്ന നല്ലൊരുറക്കെത്തെ കളയുന്നു..
നാളെ ഓണമാണു... ദാരിദ്ര്യം നിറഞ്ഞു വിളയാടുന്ന ആ വീട്ടിൽ പക്ഷെ അതിനു വലിയ പ്രാധാന്യമൊന്നുമില്ല...അപ്പുറത്തെ പറമ്പിൽ നിന്ന് കിട്ടുന്ന ചില നാടൻ പൂക്കളിൽ ഒരുങ്ങുന്ന ഒരു നാലുവരി പൂക്കളങ്ങളിലൊതുങ്ങുന്ന പൂക്കളവും വല്ല വകയും ഉണ്ടെങ്കിൽ ഒരു പായസത്തോടുള്ള ഊണും വച്ച്‌ ആഘോഷിക്കുന്ന ഓണം..അത്‌ കൊണ്ട്‌ തന്നെ ഓണക്കോടി സ്വപ്നങ്ങളിൽ പോലും ഇല്ല..
അപ്പുറത്തെ വീടുകളിലെ വലിയ പൂക്കളങ്ങളും അടുക്കളയിലെ വലിയ സദ്യ വട്ടങ്ങളുടെ വായിൽ വെള്ളമൂറുന്ന മണവും ഓണക്കോടിയുടുത്ത കുട്ടികളുടെ കളിയും ചിരിയും ആളും ആരവങ്ങളും ഒക്കെ കാണുമ്പോൾ കുട്ടന്റെ കുഞ്ഞു മനസ്സെപ്പോഴും വിങ്ങുമായിരുന്നു..
"എട്യേ" ന്നുള്ള വിളി കേട്ടതും അമ്മ വാതിൽ തുറന്നു... ചെറിയൊരു മഴയുടെ തണുപ്പ്‌ ആ വാതിലിലൂടെ അകത്തേക്ക്‌ അരിച്ചിറങ്ങി കൂടെ അച്ചന്റെ മണവും..
എണീറ്റില്ല പാതി കണ്ണു തുറന്ന് നോക്കി അത്ര നേരം ഉറങ്ങാത്തതിനും ചിലപ്പോ വഴക്ക്‌ കിട്ടിയേക്കും..
എന്തൊക്കെയോ സഞ്ചികളുമായാ വന്നിരിക്കുന്നേ... ഒന്ന് രണ്ട്‌ സഞ്ചി അമ്മയുടെ കയ്യിലേക്ക്‌ നൽകി രണ്ടെണ്ണം അച്ചൻ കട്ടിലിന്റെ അടിയിലേക്കും നീക്കി....
"അതിൽ ചെക്കനൊരു ഷർട്ടും പാന്റും ഉണ്ട്‌ എടുത്ത്‌ മാറ്റി വെച്ചേ മഴ നനഞ്ഞയാ കരിമ്പൻ കുത്തണ്ട"
അച്ചന്റെ വിളിച്ചു പറയൽ കേട്ടതും മനസ്സ്‌ തുള്ളിച്ചാടി..
ഹൊ എനിക്കും ഓണക്കോടി, അതും പാന്റും ഷർട്ടും.. എന്തായിരിക്കും അതിന്റെ നിറം? ഷർട്ട്‌ വരയുള്ളതോ പൂവുള്ളതോ വിമാനം പായുന്നതോ ആയിരിക്കുമോ?? അപ്പുറത്തെ അപ്പൂന്റെ പോലെ പട്ടു പോലുള്ളതാകുമോ??.. പാന്റ്‌ കറുപ്പായാ മതിയാരുന്നു ..നിരവധി ചോദ്യങ്ങളായി മാറിയ മനസ്സിന്റെ ആഗ്രഹങ്ങളെ അടക്കി നിർത്താൻ കഴിഞ്ഞില്ല എഴുന്നേറ്റ്‌ അമ്മയുടെ അടുത്തേക്കോടി.. "എവിടാമ്മേ ഓണക്കോടി??"
"ഓഹ്‌ നീ ഉറങ്ങീല്ലാരുന്നോ"?? അമ്മ സാധനങ്ങൾ എടുത്ത്‌ വെക്കുന്നതിനിടയിൽ ചോദിച്ചു "ഇല്ലാ"ന്നും പറഞ്ഞ്‌ അമ്മയോടൊപ്പം സഞ്ചിയിൽ കൈയിട്ടു.. എല്ലാ സാധങ്ങളും എടുത്ത്‌ വച്ചു പക്ഷെ തുണി മാത്രം കണ്ടില്ല.. അമ്മ വിളിച്ച്‌ പറഞ്ഞു "അല്ലാ ഇങ്ങളെടുത്ത്‌ വച്ച സഞ്ചീലുണ്ടോന്ന് നോക്ക്യാട്ടേ ഇതിൽ കാണുന്നില്ലാലോ??"
കുട്ടൻ ഒന്ന് കൂടി കെട്ടൊക്കെ നോക്കി കടുക്‌ കെട്ട് പോലും ഞെക്കി നോക്കി ഇല്ലാ...
കുട്ടന്റെ ശ്രദ്ധയും അച്ചന്രെ സഞ്ചിയിലേക്കായി അച്ചൻ അതിലും നോക്കി ... ഇല്ല.. അതിൽ രണ്ട്‌ കുപ്പി മാത്രേ ഉള്ളൂ കുട്ടൻ നിരാശയിലായി..
ആ ചിലപ്പോ
"ആ ടെയ്‌ലറെ പീട്യേലായി പോയിട്ടുണ്ടാകും ഞാൻ എടുത്തോണ്ട്‌ വരാം...ആട കേറീനേനും മയയായ കൊണ്ട്‌."
"ഇപ്പൊ പോണ്ട എന്നാൽ നാളെ രാവിലെ പോകാം പീട്യ പൂട്ടീറ്റ്ണ്ടാകും.."
അമ്മ പറഞ്ഞത്‌ കേട്ടപ്പോ ദേഷ്യാ വന്നെ പക്ഷെ അച്ചൻ അത്‌ കേൾക്കല്ലേന്ന് മാത്രം പ്രാർത്ഥിച്ചു..
ഷർട്ടിടുന്ന തിരക്കിൽ അച്ചൻ അത്‌ കേട്ടില്ല ഭാഗ്യം... "ഞാനും വരട്ടേ"
കൂടെ കൂട്ടും ന്ന് കരുതീല്ലാ "ആ ന്നാ ഇഞ്ഞീം പോരീ"
ചാടി ഇറങ്ങി മാറ്റാനൊന്നും നിന്നില്ല ഇട്ട ട്രസറിനാലെ തന്നെ ഇറങ്ങി അമ്മ തന്ന കുടയുമായി..
അപ്പോൾ മഴയുണ്ടായിരുന്നില്ല അച്ചന്റെ എവരിഡേ ടോർച്ചിന്റെ വെളിച്ചത്തിൽ കുടയും മടക്കി പിടിച്ച്‌ നടന്നു....
നടത്തത്തിനിടയിലൊക്കെ പ്രാർത്ഥനയായിരുന്നു കട പൂട്ടല്ലേ കട പൂട്ടല്ലേന്ന്.. ഏകദേശം ഒരു കിലോമീറ്റർ ദൂരം നടന്നു ദൂരമറിഞ്ഞില്ല മനസ്സിൽ മുഴുവൻ ഓണക്കോടിയാരുന്നു..
ദൂരേ നിന്നേ കടയിലെ വെളിച്ചം കണ്ടു ഭാഗ്യം മനസ്സ്‌ തുള്ളിച്ചാടുന്നുണ്ടായിരുന്നു....പക്ഷെ അവിടെ ചെന്നപ്പോൾ അയാൾ കൈമലർത്തി "ഇവിടെ ഒന്നും വച്ചില്ലാന്ന്" പറഞ്ഞു മനസ്സാകെ ഇടിഞ്ഞ്‌ നുറുങ്ങുന്നത്‌ പോലെ തോന്നി...
ആശിച്ച ഒരോണകോടി ..
അയാൾ പറഞ്ഞു ലാസ്റ്റ്‌ ബസ്സിലല്ലേ വന്നേ ആ ബസ്സ്‌ കുറച്ച്‌ ദൂരെയാ രാത്രി ഓട്ടം കഴിഞ്ഞു നിർത്തുന്നേ അതിൽ ചിലപ്പോ ഉണ്ടാകും എന്ന്...
വീണ്ടും മനസ്സിലൊരു പ്രതീക്ഷയുമായി ആ പാതിരാത്രിയിൽ ആ അച്ചനും മകനും പിന്നെയും നടന്നു.. അര കിലോമീറ്റർ നടന്നപ്പോ ബസ്സ്‌ കണ്ടു ബസ്സിലും വെളിച്ചമുണ്ട്‌ ആരോ ബസ്സ്‌ കഴുകുന്നുണ്ടായിരുന്നു.. അച്ചൻ ആളോട്‌ കാര്യം പറഞ്ഞു അയാൾ പറഞ്ഞു ഞാൻ കണ്ടില്ല ഇരുന്ന സീറ്റിൽ ഒന്ന് നോക്കാൻ കുട്ടനും അച്ചനും ബസ്സ്‌ മുഴുവൻ അരിച്ച്‌ പെറുക്കി... എവിടെയും കണ്ടില്ല നിരാശയോടെ മടങ്ങി വരുമ്പോൾ അച്ചൻ പറയുന്നുണ്ടായിരുന്നു..."
വാങ്ങിയാൽ മാത്രം പോരല്ലോ അത്‌ ഇടാനുള്ള യോഗവും കൂടി വേണല്ലോ"ന്ന്
പിന്നെയും അച്ചനെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
ചെറിയ മഴ ചാറുന്നുണ്ടായിരുന്നു.. അച്ചന്റെ കുടയിൽ നിന്നും കുട്ടൻ അൽപം മാറി നടന്നു
ആ മഴയോടൊപ്പം കുട്ടന്റെ കണ്ണും പെയ്യുന്നുണ്ടായിരുന്നു ശബ്ദമില്ലാതെ..
"ഇത്രയും പ്രാർത്ഥിച്ചിട്ടും ഇത്ര ദൂരം നടന്നിട്ടും നീയെന്റെ ഓണക്കോടി തന്നില്ലല്ലോന്ന് പിന്നെ നിന്നെ എന്തിനു പ്രാർത്ഥിക്കണമെന്നൊക്കെ" ആ കുഞ്ഞു മനസ്സ്‌ തേങ്ങിക്കൊണ്ടേ ഇരുന്നു..
വീട്ടിലെത്തി ഒന്നും മിണ്ടാതെ കയറി കിടന്നു തലയടക്കം പുതപ്പിട്ട്‌ മൂടി അതിനുള്ളിലും സങ്കടത്തിന്റെ കെട്ടഴിച്ചു വച്ചു.. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അമ്മ ആരോടെന്നില്ലാതെ ചോദിക്കുന്നുണ്ടായിരുന്നു..
"ആരാ ന്റെ കുട്ടന്റെ ഓണക്കോടി കട്ടോണ്ട്‌ പോയേന്ന്???
കുട്ടനിന്നും ചോദിക്കുന്നു
"ആരാ കുട്ടികളിൽ നിന്നും ഈ ഓണക്കോടി ഒക്കെ കട്ടെടുക്കുന്നേന്ന്???
✍️ഷാജി എരുവട്ടി.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo