Slider

*** വിഷുക്കൈനീട്ടം ***

0
*** വിഷുക്കൈനീട്ടം ***
"ചേച്ചീ മുത്തേച്ചിയുടെ വിരുന്നല്ലേ
വിഷുവിന്റെ പിറ്റേന്ന് .. നമുക്ക് കുറച്ച് മുന്തിരി വൈൻ ഉണ്ടാക്കിയാലോ?"
അനിയന്റെ ചോദ്യം കേട്ട് സന്തോഷത്തോടെ
" ഉണ്ടാക്കാം " എന്ന് പറയാൻ ഞാൻ വാ തുറന്നതും ചേച്ചിയമ്മയുടെ വക മറുപടി
"വേണ്ട വേണ്ട.. വൈനൊന്നും ഉണ്ടാക്കണ്ട.. നിന്റെ പപ്പാ അറിഞ്ഞാൽ വഴക്കുണ്ടാക്കും കണ്ണാ "
പിന്നെ മമ്മിയും മോനും തമ്മിൽ തർക്കത്തിലായി.
"മമ്മിയായിട്ട് പറയാതിരുന്നാൽ മതി പപ്പാ അറിയാനൊന്നും പോണില്ല."
ഇതുവരെ കാണാതെ വൈൻ എന്ന പേര് മാത്രം കേട്ടിട്ടുള്ള എന്റെ സപ്പോർട്ടും കൂടി ആയപ്പോൾ വൈനുണ്ടാക്കാൻ ചേച്ചിയമ്മ സമ്മതിച്ചു..
''അതിന് നിനക്ക് വൈൻ ഉണ്ടാക്കാൻ അറിയാമോ?" ഞാൻ അനിയനോട് ചോദിച്ചു:
"അതൊക്കെ ഞാൻ നെറ്റിൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്ത് എടുത്തിട്ടുണ്ട് .. പക്ഷെ പപ്പാ അറിഞ്ഞാലും പ്രശ്നമില്ല ചേച്ചി. അച്ചാച്ചൻ അറിയാതിരുന്നാൽ മതി.അച്ചാച്ചനറിഞ്ഞാ ഞാൻ ഇത്ര വലുതായെന്നൊന്നും നോക്കില്ല.. നല്ല കാപ്പിക്കമ്പ് വെട്ടി പുറം വഴി വീക്കും .
അനിയൻ പറഞ്ഞു..
"ഞാൻ പറയില്ല നീ പേടിക്കണ്ട.. എനിക്കും കുടിക്കണം വൈൻ" ഞാനവന് ധൈര്യം കൊടുത്തു..
എന്റെ കെട്ട്യോനെ ചേച്ചിയമ്മയുടെ മക്കളും കെട്ട്യോനെറ അനിയൻമാരും പെങ്ങളുമൊക്കെ "അച്ചാച്ചൻ "എന്നാണ് വിളിക്കുന്നത് .. ഞാൻ മാത്രം ചേട്ടൻ എന്നും ..എ .എസ് . ഐ ആയ വല്യച്ചനെ (ചേച്ചിയമ്മയുടെ ഭർത്താവ്)പോലും ഇവറ്റകൾക്കൊന്നും ഒരു പേടിയും ഇല്ല. എന്നാൽ അവരുടെ അച്ചാച്ചനായ എന്റെ കെട്ട്യോനെ ഭയങ്കര പേടിയുമാണ് ..
കൊമ്പൻ മീശയോ,ഒരു ഭീകരന്റെ ലുക്കോ ഒന്നുമില്ലാത്ത എന്റെ കെട്ട്യോനെ ഇത്ര പേടിക്കുന്നത് എന്തിനാന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല.. കെട്ട്യോന്റെ ഒറ്റ വിളിക്ക് തന്നെ പഞ്ചപുച്ഛമടക്കി ഇതുങ്ങളെല്ലാം വന്ന് മുന്നിൽ നിൽക്കും.. അച്ചാച്ചനോട് എന്തേലും അവർക്ക് പറയണമെങ്കിൽ മീഡിയേറ്റർ ഞാനാണ്. അതെങ്ങനാ കെട്ട്യോൻ ഒന്നു ചിരിക്കുന്നത് ഞങ്ങടെ വരിക്ക പ്ലാവിൽ ചക്കയുണ്ടാവുന്ന പോലാ.. വല്ലപ്പോഴും.
എന്റെ കെട്ട്യോന് പല്ലുണ്ടെന്ന് ഞാനറിയുന്നത് തന്നെ അങ്ങേര് പല്ലു തേക്കുമ്പോഴും പിന്നെ ഞാനെന്തെങ്കിലും കുരുത്തക്കേട് കാണിക്കുമ്പോ പല്ലു കടിക്കുമ്പോഴുമാണ് .. ( പിന്നീട് കെട്ട്യോൻ തന്നെ എന്നോട് പറഞ്ഞു നിന്നെ കെട്ടിയതിൽ പിന്നെ ഈ കൊച്ചുങ്ങൾക്കൊന്നും എന്നെ ഒരു പേടിയുല്ലെന്നും, എല്ലാം എന്റെ തലേ കേറി നിരങ്ങുവാണെന്നും .. പിന്നീട് ചിരിക്കാതെ മസില് പിടിച്ചു നടക്കുന്ന എന്റെ കെട്ട്യോൻ ടോം ആൻഡ് ജറി കാർട്ടൂൺ കണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന കാഴ്ച്ച കൂടി കാണേണ്ടി വന്നു.ഹല്ല പിന്നെ !!!നമ്മളക്കൊണ്ട് ഇത്രയൊക്കയേ സാധിക്കുകയുള്ളൂ..)
അതൊക്കെ പോട്ടെ നമുക്ക് കഥയിലേക്ക് വരാം.. വിഷുവിന് ഇനി ഒന്നര മാസത്തിൽ കൂടുതലുണ്ട്.. എന്റെ കെട്ട്യോനാണെങ്കിൽ ഹംപിയ്ക്ക് (കർണാടക) പോയിരിക്കുന്നു .. കോൺട്രാക്റ്റ് വർക്ക് തീർത്ത് വിഷുവിന്റെ അന്നേ വരൂ.. അപ്പോഴേക്കും വൈൻ ഉണ്ടാക്കാനുള്ള സമയവും കിട്ടും..
"വൈനുണ്ടാക്കണേ ഷെയറിടണം. മുന്തിരി വാങ്ങാൻ കാശ് വേണ്ടേചേച്ചി " ഒരു മാതിരി കള്ളുകുടിയൻമാരോട് ഷെയറ് വാങ്ങുന്ന പോലെ എന്നോട് ഇരുനൂറ് രൂപയും വാങ്ങി അനിയൻ പോയി..
പത്തു കിലോ കറുത്ത മുന്തിരിയും അതിന് വേണ്ട പഞ്ചസാരയും ഗ്രാമ്പൂം , കറുവ ഇലയും, കറുവപ്പട്ടയും, തക്കോലവും, യീസ്റ്റും, സൂചി ഗോതമ്പുമൊക്കെ വാങ്ങി എവിടുന്നോ ഒരു ഭരണിയും സംഘടിപ്പിച്ച് അവൻ തിരിച്ചു വന്നു ..
വീഡിയോയിൽ കണ്ടതനുസരിച്ച് മുന്തിരി കഴുകി വെള്ളം വാർത്ത് ഓരോ ലെയറായി ബാക്കി ചേരുവകളും ചേർത്ത് വെള്ളവും ഒഴിച്ച് ഭരണി തുണി കൊണ്ട് മൂടിക്കെട്ടി വച്ചു.. പതിനഞ്ച് ദിവസം വരെ എന്നും തുറന്ന് ഈ കൂട്ട് ഇളക്കി കൊടുക്കണം.
നാല്പതാം ദിവസം അരിച്ചെടുക്കാം.. പിന്നീട് അഞ്ചു ദിവസം വച്ചതിന് ശേഷം തെളിയൂറ്റിയെടുത്ത് വൈൻ കുപ്പിയിലാക്കാം..
ഇത് ആരും കാണാതിരിക്കാൻ വേണ്ടി ചേച്ചിയമ്മയുടെ വീട്ടിൽ വയ്ക്കാതെ എന്റെ വീടിന്റെ അടുപ്പിൻ പാതകത്തിന്റെ കീഴെ വൈൻ ഭരണി കൊണ്ടു വച്ചു..
ഓരോ ദിവസവും ചേച്ചിയമ്മയോ ഞാനോ അനിയനോ മൂടി തുറന്ന് ഇളക്കി കൊടുക്കും.. അങ്ങനെ ഒരു ദിവസം കെട്ട്യോന്റെ നേരെ ഇളയ അനിയൻ മഹേഷ് ചൂണ്ട തപ്പി വന്ന് വൈൻ ഭരണി കണ്ടു പിടിച്ചു.. അവനും അതൊന്ന് തുറന്ന് ഇളക്കി വച്ച് അവന്റെ ഷെയർ ബുക്ക് ചെയ്തിട്ട് പോയി.. അല്ലേലും ഇവനൊക്കെ ആവശ്യമുള്ളപ്പോഴൊന്നും ഈ വഴിക്ക് വരൂല്ല.. ഇതു പോലെന്തെങ്കിലുമുണ്ടേൽ മണത്തറിഞ്ഞ് വരും..
അങ്ങനെ അനിയൻ തന്നെ വൈൻ അരിച്ചെടുത്ത് കുപ്പിയിൽ നിറച്ചു.ഞാൻ വൈൻ ആദ്യമായി കുടിക്കാൻ പോകുന്ന ആ സുദിനം. വിഷുവിന്റെ തലേ ദിവസം .. ചേച്ചിയമ്മയുടെ മകൾ മുത്തിന്റെ വിരുന്ന് വിഷുവിന്റെ പിറ്റേ ദിവസമായതിനാൽ, വിഷുവിന്റെ തലേന്ന് തന്റെ എന്റെ അമ്മായിയപ്പനും അമ്മായിയമ്മയും അനിയൻമാരും അനിയത്തിയുമൊക്കെ എത്തി..
വല്യച്ചൻ വൈകുന്നേരം നൈറ്റ് ഡ്യൂട്ടിക്ക് പോയി.. അമ്മായിയച്ഛൻ രാത്രി കവലയ്ക്ക് പോയ സമയം നോക്കി ഞങ്ങൾ വൈൻ കുപ്പികൾ എടുത്തു മേശപ്പുറത്ത് നിരത്തി..
എനിക്കും കെട്ട്യോനും ഒരോരോ കുപ്പി .. ചേച്ചിയമ്മ.. അനിയൻമാർ എല്ലാവരും ഓരോ കുപ്പി .. നാത്തൂൻമാർക്ക് രണ്ടു പേർക്കും ഓരോ കുപ്പി ..
ചേച്ചിയമ്മയാകട്ടെ പണ്ട് അച്ഛൻ തന്ന രണ്ട് ഗ്ലാസ് കള്ളുകുടിച്ചതിന്റെ ഗമയിൽ ഇതൊക്കെ എന്ത് !! എന്ന മട്ടിൽ പതിയെ വൈൻ കുടിക്കാൻ തുടങ്ങി .. ഞാനും രുചിച്ച് നോക്കി. മധുരവും ചെറിയ പുളിപ്പും ഒക്കെ ഉണ്ട്.. കുടിച്ച് കുറച്ച് കഴിഞ്ഞപ്പോൾ തലയ്ക്ക് ചെറിയൊരു പെരുപ്പും... അത്രയേ ഉള്ളൂ..
ചേച്ചിയമ്മ അങ്ങനെ അറമാദിച്ച് വൈനടിക്കുയാണ് .. ഒരു ഗ്ലാസായി പിന്നെ രണ്ടായി മൂന്നായി.. കുറേ കഴിഞ്ഞപ്പോൾ ചേച്ചിയമ്മ പതുക്കെ ഡസ്കിൽ കൊട്ടി ഭയങ്കര പാട്ട് . അതാണെങ്കിൽ ശ്രുതി കാസർഗോഡ് ആണെങ്കിൽ താളം അങ്ങ് കോട്ടയത്തും .. ഇതിലും നന്നായി അപ്രത്തെ കുഞ്ഞമ്മ ചേച്ചിടെ പശു അമറും.. അത്ര നല്ല പാട്ട്.. പിന്നെ എല്ലാം കഴിഞ്ഞ് നിർത്താത്തെ ചിരിയോട് ചിരി... ചിരി തന്നെ ചിരി.. എന്തിന് പറയണ്.. ചേച്ചിയമ്മ അയ്യപ്പ ബൈജുവായി..
ഇളയ അനിയൻ മനു കുഞ്ഞുങ്ങൾക്ക് വാങ്ങി കൊണ്ടുവന്ന നാരങ്ങാ മിഠായി ആയിരുന്നു ചേച്ചിയമ്മയുടെ ടെച്ചിംങ്ങ്സ് ..അത് തിന്നുന്നതോ കൊച്ചു പിള്ളേര് സിപ്പപ്പ് തിന്നണ മാതിരി .. ഇങ്ങനേം നാരങ്ങാ മിഠായി തിന്നാമെന്ന് അന്നത്തോടെ മനസിലായി..
ഇതിനടയ്ക്ക് ചോറുവിളമ്പി. വൈൻ കുടിച്ച ആവേശത്തിലോ എന്തോ ചേച്ചിയമ്മ ഒരു പ്ലേറ്റ് ചോറു വാരിവലിച്ചു കഴിച്ചു...
എന്തിനേറെ പറയുന്നു? ഉറങ്ങിടന്ന അനിയന്റെ കുഞ്ഞിന്റെ കവിളിൽ ചെന്ന് സ്നേഹത്തോടെ ഒരു കടി കൊടുത്തിട്ട് ആ ചെരവ പല്ലിന്റെ പാട് സഹിതം വന്നു അവന്റെ കവിളത്ത് .. ആ കുഞ്ഞ് എഴുന്നേറ്റ് കരഞ്ഞ് കരഞ്ഞ് അന്നു രാത്രി ഉറങ്ങിയില്ല ..
അത് കഴിഞ്ഞപ്പോൾ ചേച്ചിയമ്മയ്ക്ക് അപ്പോൾ തന്നെ സ്വന്തം കെട്ട്യോനെ ( വല്യച്ചനെ ) വിളിക്കണം. സമയം ഒരുപാടായെന്നും ഡ്യൂട്ടി കഴിഞ്ഞിട്ട് വല്യച്ചൻ ഉറങ്ങുകയായിരിക്കും എന്ന് പറഞ്ഞ് നോക്കിയിട്ട് ഒരു രക്ഷയുമില്ല..
അവസാനം ചേച്ചിയമ്മ തന്നെ ഫോണെടുത്ത് ഡയൽ ചെയ്തു .. വല്യച്ചൻ ഫോൺ എടുത്തു ..
"ചേട്ടോയ്... നീട്ടിയൊരു വിളിയായിരുന്നു ആദ്യം.
" ചേട്ടോയ് നാളെ വിഷുവല്ലേ.. വരുമ്പോ പടക്കവും കമ്പിത്തിരിയും മത്താപ്പും ഒക്കെ മേടിച്ചോണ്ട് വരണം കേട്ടോ .ഇതു പറയാൻ വിളിച്ചതാ. ഇനി ഒറങ്ങിക്കോ" ന്ന്.. ആര് അറിയരുതെന്ന് ഞങ്ങൾ ആഗ്രഹിച്ചോ അതു സംഭവിച്ചു..അങ്ങനെ വല്യച്ചനും നാളെ അറിയും..
ഒരു വൈൻ കുടിച്ചാൽ ഇത്രയും എഫക്ടാണോ??. പിന്നെ ഞങ്ങൾക്കെന്താ ഇല്ലാത്തെ.. എനിക്ക് സംശയം തോന്നി ഞാൻ ചോദിച്ചു..
"എടാ കണ്ണാ ചേച്ചിയമ്മയെന്താ ഇങ്ങനെ? അത് വൈൻ തന്നെയാണോ? അതോ വൈനിൽ വേറെ എന്തേലും ചേർത്തോ സത്യം പറ.. "
സംഭവം പന്തിയല്ലന്ന് കണ്ട് അവൻ പറഞ്ഞു.. "ചേച്ചി അതിൽ ഞങ്ങൾ കുറച്ച്
'' റം" ചേർത്താരുന്നു അതാ ഇങ്ങനെ" വൈനിൽ "റം" ചേർത്താൽ നല്ല വീര്യം കിട്ടുമെന്ന് ആരോ പറഞ്ഞത് കേട്ട് ചെയ്തതാണത്രേ!!! (ഇതൊന്നുമല്ല ഒരു റം മേടിച്ച് ആരും അറിയാതെ കുടിക്കാൻ നോക്കിയതാ. പാവങ്ങൾ പക്ഷെ പണി പാളി.. )
അനിയൻമ്മാര് മൂന്നു പേരും കൂടി ഒപ്പിച്ച പണിയാണ്... പക്ഷെ റം ചേർത്ത കുപ്പി മാറിപ്പോയി.. (മന:പ്പൂർവ്വമാണോന്ന് എന്റെ സംശയം)അത് കിട്ടിയത് പാവം ചേച്ചിയമ്മയ്ക്കും ..ഞാനും നാത്തൂൻമാരും അമ്മായിയമ്മയും ഒക്കെ അവൻമാരെ ഒത്തിരി വഴക്ക് പറഞ്ഞു ..
കുറച്ച് കഴിഞ്ഞപ്പോൾ ചേച്ചിയമ്മയ്ക്ക് കാൽ നിലത്തുറയ്ക്കാതെയായി.. കണ്ണൊക്കെ പാതിയടഞ്ഞ് ...ഇടയ്ക്ക് എമ്പക്കമോ എക്കിളോ വരുന്ന മാതിരി ഒരു ശബ്ദം കേട്ടു തുടങ്ങി .. ഒരു വാളിന്റെ സയറൺ മുഴങ്ങിയ മാതിരി ..
"ഞാനിപ്പോ ശർദ്ദിക്കും"
എന്നു പറഞ്ഞ് തീർന്നില്ല ആരോ തള്ളി വിട്ട പോലെ ചേച്ചിയമ്മ മുറ്റത്തെ വരിക്കപ്ലാവിന്റെ ചോട്ടിൽ പോയി നിന്നതും വാളു വെച്ചതും ഒപ്പമായിരുന്നു. ദേണ്ടെ കിടക്കുന്നു ചോറും പയറുതോരനും അങ്ങനെ തന്നെ പ്ലാവിന്റെ ചോട്ടിൽ.. (വാളിന്റെ സീൽക്കാര ശബ്ദം കേട്ട് പ്ലാവ് ഞെട്ടിക്കാണും. തന്നെ വെട്ടിമറിക്കാനുള്ള വാളാണോ ഇതെന്ന്) വാള് വച്ചതിനാകട്ടെ ഒടുക്കത്തെ ഒച്ചയും..ചീഞ്ഞ നാറ്റവും ...
ആരുമറിയാതെ വൈൻ ഉണ്ടാക്കിയത് അങ്ങനെ നാട്ടുകാർ മൊത്തം അറിയുമെന്ന അവസ്ഥയായി.. നാളെ വിഷുവായിട്ട് ചേച്ചിയമ്മ ഇങ്ങനെ?
അവസാനം നാത്തൂൻ മാര് രണ്ടു പേരുടെ പിടിച്ച് ബാത്റൂമിൽ കൊണ്ടുപോയി അവരുടെ സഹായത്തോടെ കാര്യം സാധിച്ച് (അല്ലെങ്കിൽ ചെറുപ്പത്തിലെ വിളി ഒന്നൂടെ കേൾക്കേണ്ടി വന്നേനെ..)ഒരു വിധത്തിൽ പിടിച്ച് വലിച്ച് കട്ടിലിൽ കൊണ്ട് കിടത്തി ..
എല്ലാവരും ഉറങ്ങാൻ പോയി.. കൂടെ ഞാനും.. അങ്ങനെ പിറ്റേന്ന് . "വിഷു "
വെളുപ്പിനെ ചേച്ചിയമ്മയാണ് വന്ന് വിളിച്ചുണർത്തിയത് ..
"കൊച്ചേ എഴുന്നേറ്റ് വാ കണ്ണു തുറക്കരുത്.. കണി കാണണ്ടേ.. "
എഴുന്നേറ്റപ്പോൾ തലയ്ക്ക് ഒരു കനം പോലെ നല്ല തല വേദനയും . ഇന്നലത്തെ വൈൻ കുടിച്ചതിന്റെയാവും.പതുക്കെ എഴുന്നേറ്റ് വാതിൽ തപ്പി കണ്ടു പിടിച്ചു.. മുറിക്ക് പുറത്ത് വന്നപ്പോൾ ചേച്ചിയമ്മ കൈപിടിച്ച് നടത്തി..
"ഇനി കണ്ണു തുറന്നോ "
കണ്ണു തുറന്ന് ദീപപ്രഭയിൽ മുങ്ങി കുളിച്ച് നിൽക്കുന്ന ഭഗവാൻ ശ്രീകൃഷ്ണനെ കണി കണ്ടു പ്രാർത്ഥിച്ചു.. വല്യച്ചന്റെയും ചേച്ചിയമ്മയുടെയും കൈയിൽ നിന്ന് വിഷുകൈനീട്ടവും വാങ്ങി..
കുളി കഴിഞ്ഞ് വന്ന് ഞാൻ ചേച്ചിയമ്മ തന്ന ചായയും കുടിച്ച് അടുക്കളയിലെ പെട്ടിപ്പുറത്തിരുന്ന് തലേ ദിവസത്തെ കാര്യം പറഞ്ഞ് തകർത്ത് ചിരിക്കുമ്പോഴാണ് ഇതെല്ലാം കേട്ട് അടുക്കള വാതിൽക്കൽ നിൽക്കുന്ന ആളെ ഞാൻ കാണുന്നത്..
എന്റെ കെട്ട്യോൻ..
ങേ !!! ചേട്ടൻ ഇതെപ്പോ എത്തി??
ഞാൻ അന്തം വിട്ടു... വിഷുവിന്റെ അന്ന് രാവിലെ വരുമെന്ന് പറഞ്ഞിരുന്നു.. വന്നത് ഞാൻ അറിഞ്ഞില്ല. വൈൻ കുടിച്ച ക്ഷീണത്തിൽ ഉറങ്ങിപ്പോയില്ലേ..
എന്നെ മൈൻഡ് ചെയ്യാതെ "ചേച്ചിയമ്മേ ഇന്നാ വിഷുകൈനീട്ടം" എന്നു പറഞ്ഞ് ഒരു നൂറു രൂപ നോട്ട് എടുത്ത് ചേച്ചിയമ്മയ്ക്ക് കൊടുത്തു..
ഇതു കണ്ട് "ചേട്ടാ എനിക്ക് കൈ നീട്ടം ഇല്ലേ "എന്ന് ഞാൻ ചോദിച്ചതും എന്റെ അടുത്തു വന്ന് കൈ നീട്ടി പടക്കം പൊട്ടുന്ന മാതിരിയിൽ കവിളടക്കം ഒറ്റ പൊട്ടീരാരുന്നു
സൂർത്തുക്കളേ..
രണ്ടു ചെവിക്കത്തൂടേം എന്തോ ഒരു മൂളക്കം കേട്ടു .. പിന്നെ ചെവിയടഞ്ഞു.. കമ്പിത്തിരി ,പൂത്തിരി , മത്താപ്പ് ,എന്തിന് കുരവപ്പൂ വരെ എന്റെ കൺമുന്നിൽ കത്തി ..
പടക്കം പൊട്ടിച്ചതിന് പുറകെ ഒരു ഡയലോഗും കൂടി..
" എടീ ... ഏതു പാതിരാത്രീലും എത്ര ഒറക്കത്തിലും നിന്റെ ഈ ചീവീടിന്റെ മാതിരിയുള്ള ഒച്ച കേട്ടാലും എനിക്ക് മനസിലാവും. ഇന്നലെ നീ കുടിച്ച് ഫിറ്റായി വളവളാന്ന് എന്താ പറഞ്ഞത്? നിനക്ക് പടക്കം പൊട്ടിക്കണം .. അല്ലേടീ.. ഇനി ഒന്നൂടെ പൊട്ടിക്കണോടീ ഞാൻ " എന്ന്?
അപ്പഴാണ് എനിക്കൊരു കാര്യം മനസിലായത് ... ഇത് വായിച്ച് ചേച്ചിയമ്മ ഫിറ്റായി എന്ന് നിങ്ങളൊക്കെ വിശ്വസിച്ചത് പോലെ എന്റെ കെട്ട്യോൻ മാത്രം ഈ കഥ വിശ്വസിച്ചില്ലാന്ന്..
ചേച്ചിയമ്മ തടസം പിടിച്ചതു കൊണ്ടും .. രണ്ടാമതൊന്നൂടെ തന്നാൽ പല്ലടന്നു പോയ ഭാര്യയെ കൂടെ കൊണ്ടു നടക്കണം എന്ന എന്റെ കെട്ട്യോന്റെ വീണ്ടു വിചാരം കൊണ്ടും രണ്ടാമത്തെ പടക്കം പൊട്ടിയില്ല.
നട്ടപ്പാതിരാത്രി വൈനടിച്ച് ഫിറ്റായിട്ട് ട്രെയിനിൽ ഉറങ്ങിക്കിടന്ന പാവം എന്റെ കെട്ട്യോനെ വിളിച്ച് ഉണർത്തി പടക്കം മേടിച്ചു കൊണ്ടുവരാൻ പറഞ്ഞപ്പോ , അങ്ങേര് ആ കലിപ്പ് തീർത്തത് മരട് വെടിക്കെട്ട് കൊണ്ട് പോയി കാണിച്ചാണ് .. അതോടു കൂടി പേടിച്ച് ഒരു പൊട്ടാസ് പോലും വാങ്ങി വാങ്ങി പൊട്ടിക്കണംന്ന് ഇന്നേ വരെ എനിക്ക് തോന്നിയിട്ടില്ല.
ബൈ ദ ബൈ നോട്ട് ദി പോയിന്റ്: നുമ്മ അയ്യപ്പ ബൈജുവിന്റെ കട്ട ഫാനായതു കൊണ്ട് നമ്മളിങ്ങനെ ഇടയ്ക്ക് അടിയൊക്കെ വാങ്ങും.. അതിന്റെ ഒരു അഹംഭാവവും നുമ്മക്കില്ലട്ടാ. .. എത്ര കിട്ടിയാലും മേടിച്ചുകൂട്ടും..അയാം നോട്ട് എ പ്രോബ്ലം .. നുമ്മക്കിതൊന്നും ഒരു വിഷയമേയല്ല..
ചിത്രദീപ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo