Slider

* മകൾക്കുള്ളിലെ അമ്മ *

0

* മകൾക്കുള്ളിലെ അമ്മ *
-എനിക്കൊരു മകളുണ്ട്. അധികം നോവറിയാതെ പ്രസവിച്ചതിനാൽ എനിക്കവളോട് പ്രത്യേക വാത്സല്യമൊന്നുമുണ്ടായില്ല. താങ്ങായും തണലായും അവൾക്കു കൂട്ട് മുത്തശ്ശിയാണ്. അച്ഛന്റെ കറുപ്പ് നിറവും ചുരുണ്ട മുടിയും തവിട്ട് കണ്ണുകളുമുള്ളത് കൊണ്ടു തന്നെ ഞാനവളെ വെറുത്തു.വളർന്നു വന്നപ്പോൾ അയാളുടെത് പോലെ പൊക്കമുള്ള ജനുസ്സിൽ പെട്ട അവളിപ്പോൾ ചുരുണ്ട മുടി സ്ട്രൈറ്റൺ ചെയ്തിട്ടുണ്ട്. അതേതായാലും നന്നായി. ഇടയ്ക്ക് അവളുടെ ഫോട്ടോ കാണുമ്പോൾ ഞാൻ കോതിയൊതുക്കാറുള്ള കുനുകുനെ മുടിയുള്ള അയാളുടെ തലമണ്ട ഓർക്കണ്ടല്ലോ.
വല്ലപ്പോഴും ഫോൺ ചെയ്യുമായിരുന്നു അവൾ. ഇത്തിരി മുതിർന്നതിനു ശേഷം അതുമുണ്ടാവാറില്ല. അമ്മയെ വിളിക്കുന്ന കൂട്ടത്തിൽ പേരിനെന്ന പോലെ അവളുടെ വിശേഷങ്ങൾ തിരക്കുന്ന ഞാൻ. അത് അമ്മയ്ക്കൊരാശ്വാസമാവട്ടെ എന്ന് കരുതിയാണ്. അമ്മൂമ്മയെ കൂടാതെ എന്റെ മൂന്ന് പൊന്നാങ്ങളമാരും അവളെ പരിപാലിച്ച് പോന്നു.
ഇതിനിടെ എനിക്കൊരു കാൾ വന്നു. എന്റെ ശബ്ദം എന്നോട് തന്നെ സംസാരിക്കുന്നത് പോലെ. നാഭിയിലെ തുടിപ്പ് ഞാനറിഞ്ഞു അടിവയറ്റിലെ ഭാരവും... "അമ്മ.. എനിക്കമ്മയെ കാണണം "എന്റെ ശബ്ദം എന്നോട് പറഞ്ഞു. തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല. "ഒരു തവണ അമ്മ നാട്ടിൽ വരണം.. ഒറ്റ തവണ മതി. "എന്റെ ശബ്ദം എന്നോട് അപേക്ഷിക്കുന്നു. നീണ്ട മൗനത്തിനു ശേഷം 'വരാമെന്നു ' മാത്രം പറഞ്ഞ് കാൾ ഡിസ്കണക്ട് ചെയ്തു.അപൂർവങ്ങളിൽ അപൂർവമായി നാട്ടിൽ പോകാറുള്ള എനിക്ക് ചുറ്റും സുഹൃത്തുക്കൾ വട്ടമിട്ടു "എന്താണ് വിശേഷം?", "അമ്മയ്ക്ക് വല്ലതും ? "ചിലർ വേവലാതി പൂണ്ടു. അടുത്ത വൃത്തങ്ങൾ മകളുടെ കല്യാണം വല്ലതുമുണ്ടോയെന്ന് മയത്തിൽ ചോദിച്ചു. ഒന്നിനുമുത്തരം പറയാൻ നിന്നില്ല.
വിശാലമായ മുറ്റത്തിറങ്ങിയപ്പോൾ ഓർമ്മകളുടെ പേടിപ്പെടുത്തുന്ന ഒഴുക്ക് തന്നെയുണ്ടായി മനസ്സിൽ. ബാല്യവും, യൗവനവും നോവും മൗനവും... അടിവയറ്റിലെ വേദന മാറിയിട്ടില്ല. അമ്മയുടെ കൂടെ തവിട്ട് കണ്ണുകളുള്ള, ആവശ്യത്തിലധികം ഉയരമുള്ള പെണ്ണും ഇറങ്ങി വന്നു. മൂന്ന് തലമുറ പതിയെ നടുത്തളത്തിലേക്ക്‌ ചുവട് വച്ചു.എന്റെ ഓരോ ശ്വാസവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവൾ. സംസാരിച്ചു തുടങ്ങിയപ്പോൾ അയാളുടെ ശരീരത്തിൽ വസിക്കുന്ന ഞാനെന്ന ആത്മാവാണവളെന്ന് തോന്നി.
'അച്ഛന്റെ കണ്ണുകളിൽ ' നനവ് പടർന്നു ഇടയ്ക്ക്.എന്റേതല്ലാത്ത കുട്ടീ, നീയെന്തിന് കരയുന്നു ?നിനക്ക് നിന്റെ വഴി എനിക്കെന്റെ വഴി. മനസ്സിൽ പറഞ്ഞു കൊണ്ട് തല്ക്കാലം സംഭാഷണത്തിനു വിരാമമിട്ടു.
കലർപ്പില്ലാത്ത തണുത്ത വെള്ളത്തിൽ കുളിച്ചപ്പോൾ മനസ്സിന്റെ നോവ് മാഞ്ഞു. രക്തചാലുകൾ അടിവയറ്റിൽ നിന്നൊഴുകി. ഒൻപതു മാസം നിന്നിലേക്കൊഴുകിയ രക്തം...
അമ്മയുടെ അടുത്ത് കിടന്നപ്പോൾ ഞാനാ പഴയ കുഞ്ഞായി. പലതുമയവിറക്കിക്കൊണ്ട് കുണുങ്ങി ചിരിച്ച്, ചിലരെ കളിയാക്കി, പലരെയും അന്വേഷിച്ച്.. ശുഷ്കാന്തിയോടെ സംസാരിച്ചങ്ങനെ കിടന്നു.. മറുവശത്ത് കേൾവിക്കാരിയായി അവളുമുണ്ടായിരുന്നു.
നാട്ടിലെ പ്രഭാതം മനോഹരമാണ്. മണി കിലുക്കിയോടുന്ന പശുക്കിടാവും, ചിക്കി ചികയുന്ന കോഴികളും,പുൽ നാമ്പുകളിൽ തിളങ്ങുന്ന വൈഡൂര്യവും,ഉമ്മറത്ത്‌ പറന്ന് വീഴുന്ന മാതൃഭൂമിയും, ആവി പറക്കുന്ന ചായ പകരുന്ന അമ്മയും... അമ്മ !അമ്മയില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പേടിയാണ്. ഫോണിന്റെ അങ്ങേത്തലയ്ക്കൽ വീടിന്റെ ഏതെങ്കിലുമൊരു കോണിൽ വേണം ആ നിഴലനക്കം.. ഇല്ലെങ്കിലൊരു ശ്വാസം മുട്ടലാണ്.എന്തിനെന്നറിയാത്തൊരു പിടച്ചിൽ. "വയറു വേദന മാറിയോ കുട്ടീടെ ?"തേങ്ങ ചിരകണ്ടായെന്ന് ആംഗ്യം കാണിച്ചു കൊണ്ടമ്മ ചോദിച്ചു. "ഭേദംണ്ട്... കുഴപ്പല്യ ഞാൻ ചെയ്തോളാമ്മേ.. "ദൈവമേ ഈ തവിട്ട് കണ്ണുകളെന്തിനെന്നെ ഇത്രമാത്രമാരാധിക്കുന്നു.. എനിക്ക് തിരിച്ചു പോകണം,നശിച്ച ബന്ധങ്ങളിൽ നിന്നും രക്ഷപ്പെടണം.. എങ്ങനെ ?പക്ഷേ എങ്ങനെ..
"തരൂ അമ്മ...ഞാൻ ചെയ്യാം "എന്റെ കൈയ്യീന്ന് തേങ്ങ വാങ്ങി അമ്മുമ്മയെ നോക്കി കണ്ണടച്ച് കാണിച്ചു അവൾ.. നാശം.. വർഷങ്ങൾക്കപ്പുറമുള്ള അതേ ഭാവങ്ങൾ, ചേഷ്ടകൾ.. ഭ്രാന്ത് പിടിക്കുന്നു എനിക്കീ വീട്ടിലിപ്പോൾ.. എന്റെ സാമ്രാജ്യത്തിലെ എന്റെ തന്നെ ചോരയിൽ പിറന്ന എതിരാളിയെ നോക്കി തല കുടഞ്ഞു കൊണ്ട് നടന്നകലാനെ കഴിഞ്ഞുള്ളു.
"അമ്മ.. അച്ഛൻ വരണുണ്ട് "..നാല് തവിട്ട് കണ്ണുകൾക്കിടയിൽ എന്തു പറയുമെന്നറിയാതെ നിർവികാരയായി നിന്നു. ചുരുളൻ മുടി പാതിയും നഷ്ടപ്പെട്ട തലയിൽ പൊൻതിളക്കം, നരവീണ മുടിയിഴകൾ..
രണ്ട് രണ്ടര വര്ഷത്തോളമെന്റെ പാതിയായിരുന്നയാൾ. നെടുവീർപ്പുകൾ, നീണ്ടമൗനം.. മനപ്പൂർവം വിഴുങ്ങിയ ചോദ്യങ്ങൾ..
"എല്ലാം ക്ഷമിക്കാൻ നീ തയ്യാറാവണം.. ഈയവസ്ഥയിലും നിന്റെ ഈയമ്മ ക്ഷമിച്ചില്ലേ മോളെ.. ഒരു കൈപ്പിഴവ്.. അവൻ അറിഞ്ഞു കൊണ്ട് ചെയ്തതല്ലല്ലോ.. നഷ്ടപ്പെട്ടത് നമുക്കെല്ലാർക്കും കൂടിയല്ലേ.. വിധവയായത് നിന്റെ അമ്മ അല്ലേ.. "മുത്ത്‌ പോലെ കണ്ണുനീര്തുള്ളികളെന്നിൽ വീണ് ചിതറി. അപേക്ഷയെന്ന പോലെ ആങ്ങളമാരുടെ തളർന്ന നോട്ടം..
മകളുടെ തണുത്ത കൈകളിൽ തൊട്ടപ്പോൾ നാഭിയിലെ പിടച്ചിൽ നിന്നു. ഇരുണ്ട തിളക്കമുള്ള തൊലിയിൽ തലോടിയപ്പോളവൾ കരഞ്ഞു "എനിക്കെല്ലാരേം വേണം അമ്മാ.. "തേങ്ങലുകളുയർന്നു.. ചുവരിലെന്നെ നോക്കി ചിരിച്ച് അച്ഛൻ..ബന്ധങ്ങളുടെ നൂലിഴ മുറുകി.. ഞാൻ അമ്മയായി... !!


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo