Slider

#നൊസ്റ്റാൾജിയ

1

#നൊസ്റ്റാൾജിയ
------------------------
ഇന്ന് പത്താം ക്ലാസ്സിലെ അവസാനത്തെ ദിവസമാണ് .... ഓട്ടോഗ്രാഫുമായി ആൺകുട്ടികളും പെൺകുട്ടികളും ഓടി നടക്കുകയാണ് , ക്ലാസ്സുകളിൽ നിന്ന് ക്ലാസ്സുകളിലേക്ക് ..... സ്റ്റാഫ് റൂമിലേക്ക് ... HM ന്റെ മുറിയിലേക്ക് ..... ഇന്നത്തോടെ സ്ക്കൂൾ ജീവിതം അവസാനിക്കുകയാണ് .ഇനി സ്റ്റഡി ലീവ് ..... പിന്നെ പത്താം ക്ലാസ്സിലെ പൊതുപരീക്ഷ .........
പരീക്ഷയുടെ ദിവസങ്ങളിൽ ഒന്നിനും സമയമുണ്ടാകില്ല ..... തിരക്കായിരിക്കും .........രാവിലെ ഒരു പരീക്ഷ ... ഉച്ചക്ക് ശേഷം മറ്റൊന്ന് ... അഞ്ച് ദിവസം കൊണ്ട് മുഴുവൻ പരീക്ഷകളും തീരും ......
ആൺകുട്ടികളും പെൺകുട്ടികളും കൈകോർത്ത് നടക്കാത്ത , എടീ , പോടാ വിളിക്കാത്ത എൺപതുകളിലെ സ്ക്കൂൾ കാലം .... ഉള്ളിലെ ഇഷ്ടം ഒരിക്കൽ പോലും വാക്കിലൂടെയോ നോട്ടത്തിലൂടെയോ പുറത്ത് കാണിക്കാൻ കുട്ടികൾക്ക് അവസരം ഇല്ലാതിരുന്ന , ഗുരുനാഥൻമാരെ പേടിച്ചിരുന്ന പഴയ കാലം ....
വരാന്തയിൽ .....ക്ലാസ്സ് മുറിയിൽ ...... മൈതാനത്തിൽ ...... എവിടെയും ആൺ പെൺ സമ്മിശ്ര സംഘം ചേരലില്ലാത്ത പഴയ കാലം .... മൊബൈലും FB യും വാട്ട്സാപപും ഒന്നും ഇല്ലാതിരുന്ന കാലം ........ ഒരു പ്രദേശത്ത് ഒന്നോ രണ്ടോ വീട്ടിൽ മാത്രം ലാൻഡ്ഫോൺ ഉണ്ടായിരുന്ന കാലം ..........
ഇലാസ്റ്റിക്കിന്റെ ഒരു വെളുത്ത വളളിയിൽ പുസ്തകങ്ങൾ അടുക്കി വെച്ച് നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് , മഴച്ചാറലിൽ നനഞ്ഞ് , മഷിപ്പേനയാൽ എഴുതിയിരുന്ന , ക്ലാസ്സിലെ ജനലുകൾക്ക് അടപ്പില്ലാതിരുന്ന ...... പിൻബെഞ്ചിൽ അക്ഷരങ്ങളുടെയും ഗണിതത്തിന്റെയും അടിസ്ഥാന പാഠങ്ങൾ പോലും അറിയാത്തവരായി , എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു വിഭാഗം കുട്ടികൾ , എല്ലാ ക്ലാസ്സുകളിലും ഉണ്ടായിരുന്ന ആ പഴയ കാലം ........
മോനേത് ക്ലാസ്സിലാ വായിക്കണത് എന്ന് ഇടവഴികളിൽ വെച്ച് നാട്ടിൻ പുറത്തെ വയസ്സൻമാർ കുട്ടികളോട് ചോദിച്ചിരുന്ന ...... ഉച്ചക്കഞ്ഞിക്ക് പകരം ഉപ്പുമാവ് ഉണ്ടായിരുന്ന ആ കാലം ........
അതിഥികൾ ആരെങ്കിലും വീട്ടിൽ വന്നാൽ , കുട്ട്യോളൊക്കെ ഏത് ക്ലാസ്സിലാ പഠിക്കണത് എന്ന് ചോദിച്ചാൽ അച്ഛനുമമ്മയും തൊട്ടടുത്തുള്ള മക്കളോട്
' നീ ഏതു ക്ലാസ്സിലാ ' ന്ന് സംശയം തീർത്തിരുന്ന കാലം ... സ്മാർട്ട് ക്ലാസ്സും PTA മീറ്റിംഗും പ്രോഗ്രസ്സ് കാർഡും മാതാപിതാക്കളുടെ ഉറക്കം നഷ്ടപ്പെടുത്തിയിട്ടില്ലാതിരുന്ന ഒരു കാലം ......... സ്കൂൾ ഗ്രൗണ്ടിനപ്പുറത്ത് വലിയ ഇരുമ്പ് ഗേറ്റിന് പുറത്ത് ഐസ് പെട്ടികളും , ചെട്ടിച്ചി മിഠായികളും, പുളിഞ്ചിയും , അരിനെല്ലിക്കയും , മസാല പുരട്ടിയ ഓറഞ്ച് കഷണങ്ങളുമൊക്കെ കിട്ടുമായിരുന്ന ആ പഴയ കാലം .....
കുട്ടികൾക്ക് കുട്ടികളുടെ മനസ്സുണ്ടായിരുന്ന .... ടീച്ചർമാരെ അമ്മമാരെപ്പോലെ , ചേച്ചിമാരെ പോലെയൊക്കെ കണ്ടിരുന്ന പഴയ കാലം .... പീഡന കഥകൾ സ്ക്കൂളുകളിൽ നിന്ന് കേട്ടു തുടങ്ങിയിട്ടില്ലാത്ത കാലം ... ലൗ ജിഹാദും സദാചാര പോലീസുമൊന്നും ഡിക്ഷ്നറികളിൽ കാണാതിരുന്ന കാലം .......
ആ കാലത്തിലെ ഒരു അവസാനത്തെ സ്ക്കൂൾ ദിനത്തിന്റെ തിരക്കിലാണ് ഈ പരക്കം പാച്ചിൽ ...... ഇന്ന് അവസാനത്തെ ദിവസമാണ് ......... പെൺകുട്ടികളിൽ ചിലർ കരച്ചിലും മൂക്ക് ചീറ്റലുമൊക്കെ തുടങ്ങിയിട്ടുണ്ട് ...... എല്ലാവരും ധൃതിയിലാണ് .......... ഓട്ടോഗ്രാഫ് എഴുതി വാങ്ങൽ ...... വിടവാങ്ങൽ ........ അതാണ് , അതിന്റെയാണ് ഈ തിരക്കുകൾ ........
ഓട്ടോഗ്രാഫിന്റെ പുറംചട്ട , ഉള്ളിലെ പേജുകൾ ഒക്കെ പലതരം .... പല നിറങ്ങളിൽ ...... തിളങ്ങുന്നത് .... വർണ്ണപ്പകിട്ടുള്ളത് , നാടൻ , ഇടത്തരം ....
കുട്ടികളുടെ വീട്ടിലെ ധനസ്ഥിതി വിളിച്ചുപറയുന്ന ഓട്ടോഗ്രാഫുകൾ .... ദീർഘചതുരാകൃതിയിൽ നോട്ട് പുസ്തകത്തിന്റെ മൂന്നിലൊന്ന് വലിപ്പമുള്ള ഓട്ടോഗ്രാഫുകളുമായി കുട്ടികൾ വരാന്തയിലൂടെ പരക്കം പായുകയാണ് .
പത്ത് A യിലെയും പത്ത് C യിലെയും കുട്ടികൾ ഇതിനോടകം എന്റെ ഓട്ടോഗ്രാഫിൽ എഴുതി തിരിച്ച് തന്നിട്ടുണ്ട് . ഞാനും കുറേ കുട്ടികൾക്ക് തിരിച്ചും എഴുതിക്കൊടുത്തിട്ടുണ്ട് ......
എന്റെ ക്ലാസ്സായ പത്ത് B മനപ്പൂർവം അവസാന ദിവസത്തേക്ക് വെച്ചതാണ് . ഉച്ച സമയത്തെ ഇന്റർവെല്ലിന് ശേഷം ക്ലാസ്സ് തുടങ്ങിയപ്പോൾ എന്റെ മഞ്ഞ ചട്ടയുള്ള ഇടത്തരം എന്ന് പറയാവുന്ന ഓട്ടോഗ്രാഫ് പെൺകുട്ടികളുടെ സൈഡിലേക്ക് കൈമാറി .... എല്ലാവരും എഴുതുന്ന തിരക്കിലാണ് .... ഒന്നാമത്തെ പേജിൽ ഓട്ടോഗ്രാഫ് ഉടമയുടെ പേരും വിവരങ്ങളും ഉണ്ടാവും . ആ പേരുകാരനോട് / പേരുകാരിയോട് പറയാനുള്ളതാണ് പേജിൽ എഴുതേണ്ടത് .... എഴുത്തിൽ മിടുക്കികൾ പെൺകുട്ടികളാണ് ..... സാഹിത്യം വീശിക്കളയും ചില മിണ്ടാപ്പൂച്ചകൾ .... ഈശ്വരാ ...... ഈ കുട്ടിയുടെ ഉള്ളിൽ ഇങ്ങനത്തെ സാഹിത്യമൊക്കെ ഉണ്ടായിരുന്നോ എന്ന് ചിലപ്പോൾ അൽഭുതപ്പെട്ടു പോകും .... ആ ലെവലിലൊക്കെ എഴുതിയ കക്ഷികളുണ്ട് .............. പെൺസൈഡിലെ പിൻബെഞ്ചിലെ സ്ഥിരതാമസക്കാരിയായ രാധാദേവി എഴുതിയത് നോക്കൂ ....
' മൗനമാകുന്ന മഹാസമുദ്രത്തിൽ നീന്തിത്തുടിക്കുകയാണ് ഞാൻ ...... അക്ഷരമാകുന്ന ഒരു പരൽ മീനിനെയും എനിക്ക് കിട്ടുന്നില്ല ....... വിടപറയുന്നു ...... കൂട്ടുകാരാ .......... ' മലയാളം പരീക്ഷയിൽ മാത്രമല്ല ഒരു വിഷയത്തിലും രാധാദേവിക്ക് പാസ്മാർക്ക് കിട്ടിയതായി ഓർമ്മയിലില്ല ...... ഈ വക സാഹിത്യം പരീക്ഷക്ക് എഴുതിയാൽ ഇവൾ പാസ്സാകും ......... മലയാളത്തിലെങ്കിലും .... അതൊറപ്പാ ....
എന്റെ ഓട്ടോഗ്രാഫിൽ ആ സൈഡിൽ നിന്ന് ദേവിക , ശ്രീബാല , സ്വപ്ന , ............. അവരൊക്കെ എന്തെഴുതും എന്നതിൽ ഒരാകാംഷയുമില്ല ..... എന്തെങ്കിലും എഴുതട്ടെ ..... ഒക്കെ പുസ്തകം തീനികളാ ..... പത്തിൽ ഡിസ്റ്റിംഗ്ഷൻ കിട്ടാൻ വേണ്ടി ടെക്സ്റ്റ് പുസ്തകത്തിന്റെ പേജുകൾ മിക്സിയിലിട്ട് ജ്യൂസാക്കി കുടിക്കാൻ വരെ തയ്യാറായ പഠിപ്പിന്റെ രാക്ഷസികൾ ...... അവരൊക്കെ എന്തു പണ്ടാരമെങ്കിലും എഴുതട്ടെ ..... പക്ഷേ ..... അവൾ .......
അവൾ എന്തെഴുതും ....? ഉണ്ട് .... മനസ്സിൽ നിറഞ്ഞ് തുളുമ്പുന്ന ആകാംഷയുണ്ട് .... പെൺകുട്ടികളിൽ കുറേ പേരുടെ ഓട്ടോഗ്രാഫ് ഇപ്പോൾ ആൺകുട്ടികളുടെ സൈഡിലാണ് .... തിരിച്ചും ..... എല്ലാവരും എഴുത്തിന്റെ തിരക്കിൽ ........
ജസീനാ ജോസഫിന്റെ ഓട്ടോഗ്രാഫ് കൈയ്യിൽ വന്നതാണ് ..... ഒന്നും എഴുതിയില്ല ..... കൈമാറി മറ്റ് കുട്ടികൾക്ക് കൊടുത്തു ... എന്റേതിൽ അവളെന്ത് എഴുതും ...? അത് വായിച്ചിട്ട് അതിനുള്ള മറുപടി .... അതാണ് മനസ്സിൽ ..... പഠിപ്പിന്റെ ഭ്രാന്ത് മൂത്ത കേസുകൾക്കൊക്കെ എഴുതിക്കൊടുത്തു ...... ഡോക്ടറാവണം ... അധ്യാപികയാവണം .... ഓർക്കണം ..... എന്തൊക്കെയോ ......
പെൺ സൈഡിൽ നിന്ന് തിരിച്ചു കിട്ടിയ എന്റെ ഓട്ടോഗ്രാഫിൽ പലരും പലതും എഴുതിയിട്ടുണ്ട് ..... പേജുകൾ ധൃതിയിൽ മറിച്ചു നോക്കി ..... ഇല്ല .... അവളൊന്നും എഴുതിയിട്ടില്ല ..... പിന്നെയും മറിച്ചു നോക്കി .... ഇല്ല ... അവസാനം കുറേ എഴുതാത്ത പേജുകൾ .... പിന്നെ പുറംചട്ട .....
നിരാശയും സങ്കടവും ....ഡെസ്കിൽ തല വെച്ച് ആരും കാണാതെ കരഞ്ഞു .... ഓട്ടോഗ്രാഫ് പാന്റിന്റെ പോക്കറ്റിലിട്ട് മൂത്രപ്പുരയിലേക്ക് ഓടിപ്പോയി..... ഓ .... എന്തൊരു നാറ്റം ..... ഇനി ഈ നാറ്റം സഹിക്കേണ്ടല്ലോ ..... ഇവിടുത്തെ പഠനം അവസാനിക്കുകയാണല്ലോ ......... ഒരു നല്ല അവസാനം എന്തേ സ്ക്കൂൾ ജീവിതത്തിൽ ഉണ്ടായില്ല ....? മനസ്സിൽ സങ്കടം നിറഞ്ഞ് പെയ്യുകയാണ് ... പോക്കറ്റിൽ നിന്ന് പുറത്തെടുത്ത ഓട്ടോഗ്രാഫ് വീണ്ടും വീണ്ടും മറിച്ചു നോക്കി ... എത്രയധികം എഴുതാത്ത പേജുകൾ ഉണ്ട് ..... എന്നിട്ടും ....? എഴുതാത്ത പേജുകൾ മറിച്ച് നോക്കി പുറംചട്ടയിലെത്തിയപ്പോൾ അതിന് തൊട്ടുമുമ്പുള്ള പേജിൽ ആരോ എഴുതിയിട്ടുണ്ട് ...... ഒന്നും മനസ്സിലാകുന്നില്ല ...... അടിയിൽ പേരെഴുതിയിരിക്കുന്നത് മനസ്സിലാകുന്നുണ്ട് ........ ജസീനാ ജോസഫ് X B ..... ഈശ്വരാ ...... ഇവളെന്താണീ എഴുതിയിരിക്കുന്നത് ....? ഇതെന്ത് ഭാഷ ....? ഒന്നും മനസ്സിലാകുന്നില്ല ..... ഏറ്റവും താഴെ ചെറിയ അക്ഷരത്തിൽ Mirror എന്നെഴുതിയിട്ടുണ്ട് ..... ഈശ്വരാ .... ഒരു കണ്ണാടിയുടെ പൊട്ടിന് ഞാനിനി എവിടെ പോകും ...? മൂത്രപ്പുരയുടെ ചുറ്റും നാലുപാടും പരതി ..... മണ്ണ് മാറ്റി പരതി .... അത്ര ആത്മാർഥതയോടെ ഒരു തിരച്ചിൽ ജീവിതത്തിൽ പിന്നീടൊരിക്കലും ഒരു സന്ദർഭത്തിലും നടത്തിയിട്ടില്ല ..... മണ്ണ് പുരണ്ട ഒരു ചെറിയ കണ്ണാടിപ്പൊട്ട് .... ആ ചില്ല് കഷണവും പോക്കറ്റിലിട്ട് സ്ക്കൂൾ ഗ്രൗണ്ടിലൂടെ ഒറ്റ ഓട്ടം ......... മൂത്രപ്പുരയിൽ വെള്ളവും പൈപ്പും ഇല്ലാത്തത് എത്ര മോശമായിപ്പോയി എന്ന് സ്ക്കൂൾ ജീവിതത്തിൽ ആദ്യമായി ചിന്തിച്ച നിമിഷം ............ ചോറ്റുപാത്രം കഴുകുന്ന ടാപ്പിന് ചുവട്ടിലേ രക്ഷയുള്ളൂ .... കട്ട പിടിച്ച മണ്ണ് കണ്ണാടിപ്പൊട്ടിൽ നിന്ന് ഒലിച്ച് പോയി .... ഷർട്ടിന്റെ അറ്റം കൊണ്ട് തുടച്ച് ഉണക്കി ..... വീണ്ടും ഓട്ടം .... മൂത്രപ്പുരയിലേക്ക് ..... വായന രഹസ്യമായിരിക്കണമല്ലോ ........
ഓട്ടോഗ്രാഫിന്റെ പുറംചട്ടയുടെ തൊട്ട് മുൻപുള്ള അവസാനത്തെ പേജ് കണ്ണാടിപ്പൊട്ടിന് അഭിമുഖമായി പിടിച്ചപ്പോൾ കണ്ണാടിയിൽ തെളിഞ്ഞ് വന്ന അക്ഷരങ്ങൾ ഇങ്ങനെ വായിക്കാനായി ...........
' നന്നായി പഠിക്കണം ..... വല്യ നിലയിലെത്തണം ...... ഞാൻ കാത്തിരിക്കും ..... with love ...... Jaseena...... .'
ഈശ്വരാ ....... ഈ മൂത്രപ്പുരയിൽ ആരാണ് ഇത്ര പെട്ടെന്ന് അത്തർ പൂശിയത് ....? ആകെ സുഗന്ധം പരന്നിരിക്കുന്നു ........ കാറ്റിൽ ഒഴുകിയെത്തുന്നത് പനിനീർ പൂക്കളുടെ പരിമളം .......... മൂത്രപ്പുരയുടെ ചുമരിൽ ചാരി കണ്ണാടിപ്പൊട്ടിലേക്കും ഓട്ടോഗ്രാഫിന്റെ പേജിലേക്കും മാറി മാറി പലവട്ടം നോക്കി ...... പിന്നെയും ഓട്ടം ..... ക്ലാസ്സിലേക്ക് ..... മറുപടി എഴുതണം .... അവളുടെ ഓട്ടോഗ്രാഫിൽ ........... ക്ലാസ്സ് തീരാൻ ഇനി നിമിഷങ്ങളേയുള്ളൂ ..... ...... എഴുതണം ..... മറുപടി എഴുതിക്കൊടുക്കണം .... നിറഞ്ഞ് തുളുമ്പുന്ന മനസ്സുമായി ഓടിക്കിതച്ചു കൊണ്ട് ക്ലാസ്സ് മുറിയുടെ വാതിലിൽ മടങ്ങിയെത്തിയപ്പോൾ , പെൺ സൈഡിലെ ഒന്നാമത്തെ ബെഞ്ചിൽ നാലാമതായി ഇരിക്കുന്ന ജസീനാ ജോസഫ് നോക്കിയ ആ നോട്ടത്തോളം നിഷ്ക്കളങ്കമായ പ്രണയത്തിന്റെ നോട്ടം ....... പിന്നീടൊരിക്കലും ...... അങ്ങനെയൊരു സുഖമുള്ള പ്രണയനോട്ടം കിട്ടിയതായി ഓർമ്മയിലില്ല .....
ക്ലാസ്സിനുള്ളിൽ കയറി തിരക്കിട്ട് അവളുടെ ഓട്ടോഗ്രാഫ് അന്വേഷിക്കുന്നതിനിടെ ലോംഗ് ബെല്ലടിച്ചു ... മുഴുവൻ കുട്ടികളും എഴുന്നേറ്റ് നിന്നു
ജനഗണമന അതിനായക ജയഹേ .... ഭാരത ഭാഗ്യ വിധാതാ ........
ഈ നിശ്ശബ്ദതയിലും എനിക്കൊന്നും കേൾക്കുന്നില്ല .... ഈശ്വരാ ......... മറുപടി എഴുതാൻ ഇനി ഒരിക്കലും എനിക്ക് കഴിയുകയില്ലേ ...... ഇഷ്ടം എങ്ങനെ തിരിച്ചറിയിക്കും ......? കണ്ണ് നിറയുന്നു .... ഇന്നത്തോടെ ക്ലാസ്സുകൾ അവസാനിക്കുകയാണ് ......... നേരിട്ട് പറഞ്ഞാലോ ........ വേണ്ട ........ ശരിയാകില്ല .......... നേരെ നോക്കാൻ തന്നെ പേടിയാ ..... പിന്നല്ലേ ഇഷ്ടമാണെന്ന് പറയൽ ......... പെൺ സൈഡിലേക്ക് നോക്കാൻ കഴിയുന്നില്ല ..... കൈകാലുകൾ വിറക്കുന്നു ......... ആദ്യമായി ഇഷ്ടം അറിയിക്കപ്പെട്ടതിന്റെ സുഖമാണോ ....?അതോ പേടിയോ ......? ശരിക്കും വിറക്കുന്നുണ്ട് ...... തല ചുറ്റുന്നതു പോലെ ........ തിരമാലകൾ അലയടിക്കുന്ന മഹാസമുദ്രത്തിൽ അകപ്പെട്ടത് പോലെ ....... മനസ്സിനുള്ളിൽ ഒരു സങ്കടക്കടൽ ..... ആ കടലിൽ അലയടിക്കുന്നത് കണ്ണീരിന്റെ .... നിരാശയുടെ ........ പ്രണയത്തിന്റെ ആയിരം തിരമാലകൾ ...... ഒന്നിന് പിറകെ മറ്റൊന്നായ് ........ തിരിച്ചും ഇഷ്ടമാണെന്ന് ....... ഒരുപാട് ഇഷ്ടമാണെന്ന് .......... ഒരുപാടൊരുപാട് ........... ഞാനെങ്ങനെ അറിയിക്കും ......? ജനഗണമന കഴിഞ്ഞ് കുട്ടികൾ ചിതറിയോടിയ കൂട്ടത്തിൽ താഴെ ഗ്രൗണ്ടിലൂടെ ആരെയോ തിരയുന്നത് പോലെ പിന്നിലേക്ക് നോക്കി മുന്നോട്ട് നടന്നു നീങ്ങുന്ന ജസീനാ ജോസഫ് ....... കുന്തം വിഴുങ്ങിയ പോലെ മുകൾനിലയിലെ ക്ലാസ്സ് മുറിയിൽ , ഏകനായ് നിശ്ചലനായ് തുളുമ്പുന്ന കണ്ണുകളുമായ് പ്രതിമ പോലെ ഞാനും ..............


Salim 
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo