Slider

ചാളെ....പ്രിയപ്പെട്ടവളെ

0
മീൻകാരൻ താഴത്ത് റോഡിൽ എത്തിയപ്പോൾ ഞാൻ അടുക്കളയിൽ നിന്ന് ഒരു സ്റ്റീൽ പാത്രവുമായി അങ്ങോട്ടേക്കിറിങ്ങി...കെട്ട്യോൾ എന്തൊക്കെയോ പറയുന്നുണ്ട്..വേഷം, പാത്രം, നാണമില്ലേ...
മീൻ കാരന്റെ ഇരുചക്ര വാഹനത്തിനു ചുറ്റും സ്ത്രീകളും പൂച്ചകളും രക്ഷാ കവചം തീർത്തിട്ടുണ്ട്. എനിക്ക് ഏറ്റവും അസൂയ തോന്നുന്ന ഒരാൾ കൂടിയാണ് മീൻകാരൻ. കാരണം പെണ്ണുങ്ങൾക്കും പൂച്ചകൾക്കും അയാളെ വലിയ ഇഷ്ടമാണ്.
“ഹ..എപ്പോ വന്നു " പ്രവാസിയോടുള്ള ആദ്യത്തെ ചോദ്യം.
"അയക്കൂറ... ആവോലി....കരിമീൻ....പിന്നെ ഞണ്ടുണ്ട്....വലിയ ചെമ്മീൻ.."
"മത്തിയുണ്ടോ ?” . "
"”ഉം " ഒരു മൂളൽ മാത്രം...അയാളുടെ കണ്ണ് ചത്ത മത്തിയുടേത് പോലെ - ഞാൻ വെറുതെ ചോദിച്ചെന്നോണം.
"പതിനഞ്ചെണ്ണം എടുത്തിട്ട് തൂക്കിക്കോളൂ"
മത്തിയെന്ന ചാളയുമായി തിരികെ വീട്ടിലെത്തിയപ്പോൾ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഭാര്യ മുഖം കോട്ടി. മക്കളുടെ കാര്യത്തിൽ തീരെയും പ്രതീക്ഷയില്ല. അവൾ വൃത്തിയാക്കിയില്ലെങ്കിൽ ഞാൻ ചെയ്യും (നമ്മൾ ഗൾഫിൽ പോയത് ഇതൊക്കെ പഠിക്കാൻ തന്നെയല്ലേ?). വന്നപാടെ ഉടക്ക് വേണ്ടാന്ന് വെച്ചിട്ടാവണം ഒന്നും മിണ്ടാതെ അവൾ ചാളയും കൊണ്ട് അടുക്കളയിലേക്ക് പോയി. ഞാൻ പറഞ്ഞു :
“ഇത് കറി വെക്കാൻ വാങ്ങിച്ചത് അല്ല ...ഫ്രൈ.. .അതും ഞാൻ പറയുന്നത് പോലെ...ഒരു തുള്ളി എണ്ണ പാടില്ല...മത്തിയെ വേദനിപ്പിക്കാതെ കഴുകണം അതിന്റെ ചെതുമ്പലൊക്കെ വളരെ മൃദുവായി എടുക്കണം, വാലിൽ ഒന്ന് തലോടിയാൽ മതി, അടി വയറൊക്കെ അമർക്കുമ്പോൾ നല്ല ശ്രദ്ധ വേണം, മുളക് പുരട്ടാന്‍ വരയിടുമ്പോള്‍ കൂടുതല്‍ ആഴത്തിലാവരുത് (അവൾ പല്ലു ഞെരിക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ട്) എന്നിട്ട് വെളുത്തുള്ളി, ഇഞ്ചി, മുളക്, മഞ്ഞൾ, അല്പം കുരുമുളക്, മല്ലി, കറിവേപ്പില, ഉപ്പ് എല്ലാം ചേര്‍ത്ത് പേസ്റ്റ് ആക്കി പുഞ്ചിരിച്ചു കൊണ്ട് പുരട്ടികൊടുക്കണം. ഇരുപതു മിനിട്ട് കഴിഞ്ഞു എടുത്തു ഫ്രൈപാനില്‍ വാഴയിലയില്‍ വെച്ചു വാട്ടിയെടുക്കണം.
-------
ചാളയുടെ നറുമണം ആഞ്ഞുവീശിയപ്പോൾ ഞാൻ ചട്ടിയുടെ അടുത്ത് വട്ടം പിടിച്ചു നിന്നു. മക്കൾ തൊടിയിലേക്കിറങ്ങി. അപ്പോൾ ചാളയോട് ഞാന്‍ കിന്നരിക്കാന്‍ തുടങ്ങി.
മത്തീ...നീ ഒരു കാലഘട്ടത്തിന്റെ വസന്തമായിരുന്നു വയലേലകളിൽ പണിയെടുക്കുന്ന മാധവേട്ടന്, പാറുവേടത്തിക്ക് നീ ആയിരുന്നു ഊർജം. സ്‌കൂളിൽ നിന്ന് വരുന്ന മക്കൾക്ക് പറമ്പിൽ നിന്ന് കിളച്ചെടുത്ത കപ്പക്കൊപ്പം എന്ത് കൊടുക്കുമെന്ന് വേവലാതിപ്പെട്ടിരുന്ന അമ്മമാർക്ക് നീ ഒരു ഉത്തരമായിരുന്നു. വെട്ടിത്തിളങ്ങുന്ന വെള്ളിയുടുപ്പിട്ട് മണവാട്ടിയെപ്പോലെയായിരുന്നു അന്ന് നീ വരാറ്. നീ അമോണിയ കണ്ടിട്ടില്ലായിരുന്നു - ഫ്രീസറും. . വൈകുന്നേരമാവുമ്പോൾ മക്കൾക്ക് എന്ത് ഉണ്ടാക്കികൊടുക്കണമെന്ന വേവലാതി ഇന്ന് അമ്മമാർക്കില്ല. ഫ്രീസറിലുള്ള ചിക്കൻ "ഏതു രീതിയിൽ" ഉണ്ടാക്കണമെന്ന നിരന്തരമായ ഗവേഷണത്തിലാണവർ..
എന്റെ ചിന്തയെ ചിതറിപ്പിച്ചു കൊണ്ട് ചാള മോൾ മേശപ്പുറത്തെത്തി.
"മക്കളെ വിളി "
"ഈ മത്തി ആര് കഴിക്കാനാ....നിങ്ങളെ രോഗം അറിയുന്നത് കൊണ്ട് ഞാൻ അവർക്ക് ചിക്കൻ റോസ്റ്റ് ഉണ്ടാക്കി വെച്ചിട്ടുണ്ട്. "
അങ്ങിനെ ഒരു കോർട്ടിൽ ഞാനും ദുർബലരായ ചാളക്കുട്ടികളും മറുകോർട്ടിൽ ഭാര്യവും പിള്ളേരും പരിഷ്കാരിയും സുന്ദരിയുമായ ചിക്കെൻ റോസ്റ്റും അങ്കത്തിനായി അണി നിരന്നു.
പതിനഞ്ചു മത്തികൾ അടുക്കി വെച്ച കൊച്ചു തളിക (മത്തിയായത് കൊണ്ട് കൂടെ ഒരു അലങ്കാരവും ഇല്ല - അയക്കൂറയോ ചെമ്മീനോ ആണെങ്കിലോ ?) ഞാൻ കെട്ട്യോളുടെ നേരെ നീട്ടി. ഒരെണ്ണം എടുത്ത് പതിനാല് എണ്ണവും സ്നേഹത്തോടെ തിരിച്ചു തന്നു.
പ്രണയിക്കുമ്പോൾ വിവിധ ഭാവങ്ങളിൽ പ്രണയിക്കണം എന്ന്‍ അനുഭവസ്ഥർ പറയുന്നത് കേട്ടിട്ടുണ്ട് ...അത് വെച്ച് ഞാൻ ആദ്യത്തെ അഞ്ചു മത്തിയെ മുളളടക്കം ചവച്ചു തിന്നു - മുള്ളു കൈ കൊണ്ട് വായിൽ നിന്ന് എടുത്തു പുറത്തിട്ടു. പക്ഷെ അപ്പോഴേക്കും അവിടെ കലാപം തുടങ്ങി കഴിഞ്ഞിരുന്നു.
"”ഉപ്പാ...നിങ്ങൾ ഇനിയും ഡൈനിംഗ് മാനേർസ് പഠിച്ചിട്ടില്ലേ.. കയ്യും വായും ഒക്കെ നോക്കിയേ ! "
പ്ലസ് ടുവിന് പഠിക്കുന്ന മൂത്ത മകൻ ആണ്
ഞാൻ അവനെ നോക്കി നോക്കി. ശരിയാണ്...അവൻ ഫോർക് കൊണ്ട് എത്ര ഭംഗിയായാണ് ചിക്കൻ കഴിക്കുന്നത്..ഇടക്ക് പത്തിരി കൈ കൊണ്ട് എടുത്തു കറിയിലൊന്നു മുക്കുന്നുണ്ടെന്നു മാത്രം. പോപെയ്സും കോസ്‌റ്റാ കോഫിയും കഴിക്കുന്ന അതേ ലാഘവത്തിൽ തന്നെ. ഇത് ഇപ്പോഴും എനിക്ക് മനസ്സിയായിട്ടില്ല.. ചക്കയും കപ്പയും കഴിക്കുമ്പോഴും KFC കഴിക്കുമ്പോഴും ഒരേ രീതിയിൽ ആയിരിക്കണമെന്ന് ..എന്തായായും ഞാൻ തീറ്റ നിർത്തി. ബാക്കിയായ ഏഴ് മത്തിയും പ്രണയ പരവശരായി എന്നെ നോക്കുന്നു. ഉത്തരം ഉടൻ വീടിന്റെ മുതലാളിയിൽ നിന്ന് വന്നു :
"ബാക്കിയുള്ള മത്തിക്കുട്ടികളെ വേഗം തിന്നു തീർക്കണം .നാളേക്കൊന്നും വെക്കാൻ പറ്റില്ല..ഞങ്ങൾ എഴുന്നേൽക്കുകയാ".
ബാക്കിയുള്ള ചാളകളെ മുള്ളൊക്കെ എടുത്തു മാറ്റി മോൻ പറഞ്ഞതു പോലെ "മാന്യമായി" കഴിച്ചു...എന്തോ ആദ്യത്തെ രുചിയൊന്നും തോന്നിയില്ല.
കയ്യും വായും സോപ്പിട്ടു കഴുകി വന്നു മൂന്നു വയസ്സുള്ള ഇളയ മോളെ വാരിയെടുത്തു ഉമ്മ വെക്കാൻ തുനിഞ്ഞതും അവൾ മുഖം തിരിച്ചു താഴെയിറങ്ങി.
"..യ്യീ...ഉപ്പാനെ വല്ലാതെ മണം..”
മുന്നിൽ കള്ളച്ചിരിയുമായി കെട്ട്യോൾ. കയ്യിൽ മൗത് വാഷ്, പുതിയ യാര്‍ഡ് ലി ലണ്ടന്‍ ബ്യൂട്ടി സോപ്പ്, (ഞാൻ വിക്കോ പേസ്റ്റും ചന്ദ്രിക സോപ്പുമാണ് കാലങ്ങളായി ഉപയോഗിക്കുന്നതെന്ന് അവൾക്കറിയാം)
”ഈ കേട്ട മണം പോകണമെങ്കിൽ ഇതൊക്കെ ഉപയോഗിച്ച് കുളിച്ചു വൃത്തിയായി വരണം”
ഇന്ന് രണ്ടു നേരം കുളിച്ചതാണല്ലോ. കുഞ്ഞുമോളെ എടുത്തു ഉമ്മ വെക്കേണ്ട കാര്യം ഓർത്തപ്പോൾ പിന്നെ ഒരങ്കത്തിന് നിന്നില്ല.
കുളിയും കഴിഞ്ഞു പുറത്തു വന്നപ്പോൾ മോനും കെട്ട്യോളും ഫോണും പിടിച്ചു കുലുങ്ങി ചിരിച്ചു കൊണ്ട് നിൽക്കുന്നു. മോൻ ഫോൺ എനിക്ക് തന്നു.
ഞാൻ മത്തിയെ ആർത്തി പൂണ്ട് നോക്കുന്ന ഫോട്ടോ അവൻ വാട്ട്സാപ്പിലെ കുടുംബ ഗ്രൂപ്പിൽ ഇട്ടിരിക്കുന്നു -” "ഉപ്പ ഇനി നന്നാവുന്ന് തോന്നുന്നില്ല" - എന്ന അടിക്കുറിപ്പോടെ. അതിനു വരുന്ന കമന്റ് വായിച്ചു ചിരിക്കുകയാണ് അവര്‍.
ചാളെ....പ്രിയപ്പെട്ടവളെ.......എല്ലാം നിനക്ക് വേണ്ടി.
(ഹാരിസ്)

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo