Slider

#ലൈക്ക്

0
'എഫ്ബിയിൽ പോസ്റ്റ്‌ ചെയ്ത പുതിയ ഫോട്ടോയ്ക്ക് വൺ കെ ലൈക്കായി ആര്യേ..'
ഇൻജെക്ഷൻ ട്രേയിലേക്ക് ലോഡ് ചെയ്ത സിറിഞ്ച് വെക്കുന്നതിനിടെ നയന പറഞ്ഞു.
'അമ്മേ വൺ കെ എന്ന് പറഞ്ഞാലെന്താ ?'
അവരുടെ സംസാരം ശ്രദ്ധിച്ചു കിടക്കുകയായിരുന്ന കുട്ടി അരികിലിരുന്ന അമ്മയോട് ശബ്ദം താഴ്ത്തി ചോദിച്ചു.
'ആ... ആർക്കറിയാം. '
അമ്മ വിദൂരതയിലേക്ക് നോക്കി അലക്ഷ്യമായി പറഞ്ഞു.
അല്പം മുൻപ് എന്റെ മോളെ ഓപ്പറേഷൻ ചെയ്യാൻ ഞാൻ സമ്മതിക്കില്ല എന്ന് ഡോക്ടറുടെ നേരെ അലറി വിളിച്ചു വാർഡ് ശബ്ദമുഖരിതമാക്കിയ അവരുടെ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കി. തികച്ചും നിസംഗമായ ഒരു ഭാവം മാത്രമേ അവരുടെ മുഖത്ത് ഇപ്പോഴുണ്ടായിരുന്നുള്ളൂ.
സർജറി ചെയ്താലും രക്ഷപെടാൻ സാധ്യത കുറവാ എന്ന് ഡോക്‌ടേഴ്‌സ് മാറി നിന്ന് സംസാരിച്ചത് അവർ കേട്ടിരിക്കുമോ എന്നൊരു സന്ദേഹം എനിക്കപ്പോഴുണ്ടായി.
കുറച്ചു മു൯പത്തേത് പോലെ അവർ ഒന്നു കൂടി നിലവിളിക്കുകയോ കരയുകയോ ചെയ്തിരുന്നുവെങ്കിൽ എന്ന് എനിക്ക് ആ നിമിഷം തോന്നി.
നിസംഗതയേക്കാൾ ഭംഗികെട്ട മറ്റൊരു വികാരമില്ലെന്നു അവരുടെ മുഖത്തു നിന്നും ഒരു പക്ഷേ എനിക്ക് മനസിലായിട്ടുണ്ടാവണം !
'അമ്മേ.. വെള്ളം. '
കുട്ടി അമ്മയെ തോണ്ടി വിളിച്ചു.
അമ്മ എന്തെങ്കിലും സംസാരിച്ചിരുന്നുവെങ്കിൽ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് എനിക്കപ്പോൾ തിരിച്ചറിയാമായിരുന്നു.
പതിയെ ബെഡിനടുത്തു ചെന്ന് കേസ് ഫയലെടുത്തു ഞാൻ മറിച്ചു നോക്കി.
ആശ, 7 വയസ്.
വെറുതെ പേജുകൾ തിരിച്ചു കൊണ്ടിരിക്കുമ്പോൾ അവർ കയ്യിൽത്തൊട്ടു വിളിച്ചു.
'എന്റെ മോള് രക്ഷപെടുവോ...?'
ഒരു നിമിഷം ഞങ്ങൾക്കിടയിൽ നിറഞ്ഞ നിശബ്ദത പെരുകിപ്പെരുകി ഭൂമിയോളം വ്യാപിച്ചു.
മറുപടിയൊന്നും പറയാനില്ലാതെ ഞാൻ എന്നിലേക്ക്‌ തന്നെ ചുരുങ്ങിച്ചുരുങ്ങി ഒടുവിൽ അവരുടെ തണുത്ത കൈ തൊട്ടുണ്ടായ ഒരു നേർത്ത പാട് മാത്രമായി അവശേഷിച്ചു.
വേദനിക്കുന്ന ഒരു മനുഷ്യജീവി തൊട്ടുണ്ടായ ആ വിരൽപ്പാടാണ് യഥാ൪ത്ഥജീവിതത്തിലെ ലൈക്കെന്ന് എനിക്ക് അപ്പോൾ മാത്രം തിരിച്ചറിവുണ്ടായി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo