Slider

ഡെൽമയിലേക്ക് ഒരു യാത്ര

0
ഡെൽമയിലേക്ക് ഒരു യാത്ര
------------------------------------------
നാസർക്ക പതിവ് പോലെ ഉറങ്ങാൻ കിടന്നു. കിടന്നാൽ പത്തു മിനുറ്റുകൾക്കകം നാസർക്ക ഉറക്കത്തിലേക്കു വഴുതി വീഴും. ഉറക്കത്തിലേക്കു ആണ്ടിറങ്ങിയാൽ പിന്നെ രാവിലെയുള്ള അലാറം ശബ്‍ദത്തിൽ ഉണരാറുള്ളു.
ആരോ തന്നെ തോണ്ടുന്നതും, പതിയെ വിളിക്കുന്നതും നാസർക്ക ഉറക്കത്തിൽ അറിഞ്ഞു. പതിയെ കണ്ണ് തുറന്നു നോക്കുമ്പോൾ താടിയുള്ള ഒരു മുഖം അടുത്തേക്ക് വരുന്നതായി കണ്ടു. ഇതൊരു സ്വപ്നമാണോ, യാഥാർഥ്യമാണോ തിരിച്ചറിയാനാവാതെ ഭയന്ന് നാസർക്ക കണ്ണുകൾ അടച്ചു തുറന്ന്, തിരുമ്പി നോക്കി, അതെ താടി മുഖം. തലയിണക്കു അടുത്തിരുന്ന മൊബൈൽ എടുത്ത് ഓൺ ചെയ്ത് നോക്കി.
ജോണിന്റെ ദയനീയ മുഖം. പതിയെ ചോദിച്ചു.
''നാസർക്കാ ഉറങ്ങിയോ....''
എന്തൊങ്കിലും സംഭവിച്ചെന്ന ആധിയിൽ നാസർ തന്റെ ഉടലിലുണ്ടായിരുന്ന പുതപ്പു വലിച്ചെടുത്തു ചാടി എഴുന്നേറ്റു വെപ്രാളത്തോടെ ചോദിച്ചു.
''എന്താ... ജോണെ എന്ത് പറ്റി...''
ജോൺ ദയനീയമായി തല ചൊറിഞ്ഞു പറഞ്ഞു.
''ഫൈസൽക്ക ഇതുവരെ വന്നിട്ടില്ല... നാളെ ഡെൽമയിലേക്കു എങ്ങനെ പോകും .. ആലോചിച്ചിട്ട് ഉറക്കം വരുന്നില്ല.''
നാസർക്കാക്ക് തന്റെ ഉറക്കം ഭംഗം വന്നതിൽ പെട്ടന്ന് ഉള്ളിൽ ദേഷ്യം വന്നെങ്കിലും, ദേഷ്യത്തെ സ്വയം അടക്കി പറഞ്ഞു.
''എന്റെ പൊന്നു ജോണെ...നീ സമാധാനമായി ഉറങ്ങിക്കോ... ഫൈസൽ വന്നില്ലെങ്കിലും നിന്നെ ഞാൻ കൊണ്ട് പോകും...''
ജോൺ തന്റെ കട്ടിലിൽ പോയി കിടന്നു. പുതപ്പു പുതക്കാതെ, മുകളിലേക്ക് നോക്കി കിടക്കുന്ന ജോണിനെ ഒരു നിമിഷം നാസർക്ക നോക്കി നിന്നു, പിന്നെ കിടന്നു.
ഗൾഫിലെ പെരുന്നാൾ അവധികളിൽ യാത്രകൾ ചെയ്യുന്നത് ബാച്ചിലേഴ്‌സുകാരുടെ ഒരു ഇഷ്ട വിനോദമാണ്. ആഴച്ചകൾക്കു മുൻപേ ആലോചനകൾക്കും, ചർച്ചകൾക്കും തുടക്കമാവും. വ്യത്യസ്‍ത കമ്പനികളിൽ ജോലി ചെയ്യുന്നവർ അവരവരുടെ കമ്പനികളിലെ ലീവുകൾ അംഗീകരിച്ചെന്നു ഉറപ്പാക്കും, പിന്നീട് പോകേണ്ട സഥലത്തെ കുറിച്ചുള്ള, എങ്ങനെ പോകണമെന്നുള്ള ചർച്ചകൾ വൈകുന്നേരം ജോലി കഴിഞ്ഞു വന്നത് മുതൽ ഉറങ്ങുന്നത് വരെ നടക്കും.
അങ്ങനെ ആയിരത്തി എഴുന്നൂറ്റി രണ്ടിലെ ആ മുറിയിലും ചർച്ചകൾ നടന്നു. ആ മുറിയിൽ ആറ് അംഗങ്ങൾ നാസർ, ഫൈസൽ, ജോൺ, അനിൽ, ബഷീർ, പിന്നെ ഞാനും.
ചർച്ചകളിൽ ഉരുത്തിരിഞ്ഞ വിഷയം, പുതിയൊരു സ്ഥലത്തേക്ക് ആകണം യാത്ര. അങ്ങനെ ഗൂഗിളേട്ടന്റെ സഹായത്തോടെ യൂ.എ.യിലെ ഇന്നുവരെ കാണാത്ത സ്ഥലങ്ങളെ പരതി. അവസാനം കിട്ടി. ഡെൽമാ ഐലന്റ്.
അബുദാബിയിൽ നിന്ന് താരിഫ് റോഡ്‌ വഴി മിർഫയും കടന്നു റുവൈസിലൂടെ മുന്നൂറ്റി നാല് കിലോമീറ്ററാണ് ഡെൽമ ഐലന്റിലേക്ക്. നാലര മണിക്കൂർ യാത്ര. ഗൂഗ്‌ളിലൂടെയുള്ള ചിത്രങ്ങൾ കണ്ടപ്പോൾ എല്ലാവർക്കും പോയി കാണുവാനുള്ള ആർത്തിയായി. വേറെ ചില സ്ഥലങ്ങൾ ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്നെങ്കിലും ഡെൽമയുടെ ഭംഗി എല്ലാവരെയും മനസ്സിനെ അത്യന്തം ആകർഷിച്ചു.
ബലിപെരുന്നാളിന് മൂന്ന് ദിവസത്തെ ഒഴിവ് കിട്ടി. വ്യാഴം, വെള്ളി, ശനി. വ്യാഴം, വെള്ളി ദിവസങ്ങൾ ബന്ധു ജനങ്ങളെയും, കൂട്ടുകാരെയും കാണുവാനും, ശനിയാഴ്ച പുലർച്ചെ യാത്ര പോകാനും ആരുടെ വാഹനം ഉപയോഗിക്കണമെന്നുള്ള ചർച്ചകൾക്ക് തീരുമാനവും ആയി.
വെള്ളിയാഴ്ച പെരുന്നാൾ ഭക്ഷണ ശേഷം റൂം കാലിയായി. എല്ലാവരും അവരവർക്കു വേണ്ടപ്പെട്ടവരെ കാണുവാനുള്ള തിടുക്കത്തിൽ പുറത്ത് പോയി.
എല്ലാവരും വൈകുന്നേരം തിരികെ വന്നു. എന്നാൽ ദുബൈയിൽ അനിയനെ കാണുവാൻ പോയ ഫൈസൽ ഒഴികെ.
നാസർക്ക തല പൊക്കി ജോണിന്റെ കട്ടിലിലേക്ക് നോക്കി. ജോൺ ഉറങ്ങി കാണുമെന്നു വിചാരിച്ചു തന്റെ പുതപ്പു തല വഴി മൂടി.
രാവിലെ ഫൈസൽക്കാടെ ശബ്ദം കേട്ടാണ് എല്ലാവരും ഞെട്ടി ഉണർന്നത്. ഫൈസൽക്കാ എല്ലാവരെയും ചീത്ത വിളിച്ചു, നേരത്തെ ഉണരാത്തതിൽ. ഫൈസൽക്കാനെ കണ്ട നിമിഷം ജോൺ കൊച്ചു കുഞ്ഞിനെ പോലെ തുള്ളി കളിച്ചു. എല്ലാവരും ഉത്സാഹത്തോടെ ഒരുങ്ങാനായി തിരക്ക് കൂട്ടി ആരാദ്യം ബാത്റൂമിലേക്കു പോകുമെന്ന് പരസ്പരം ചോദിച്ചു നിൽക്കുന്നിടക്കിലൂടെ ജോൺ ബാത്റൂമിലേക്കായി ഓടി. എല്ലാവരും ചിരിച്ചു കൊണ്ട് പ്രാതൽ തയ്യാറാകാൻ അടുക്കളയിലേക്കു തിരിച്ചു.
കൃത്യം ആറു മണിക്ക് എല്ലാവരും ഒരുങ്ങി പ്രാതലും കഴിച്ചു പുറത്തിറങ്ങി. ലിഫ്റ്റിൽ പുതുതായി കല്യാണം കഴിഞ്ഞു വന്ന ബഷീറിനെ കളിയാക്കി എല്ലാവരും പറഞ്ഞു ചിരിച്ചു 'ഭാര്യയോട് വാക്ക് കൊടുത്തിരുന്നത്രെ മൂന്ന് ദിവസത്തെ ലീവാണ്, മൂന്ന് ദിവസവും വീഡിയോ കോൾ വിളിക്കാം അതിനു കഴിയാത്തതിൽ ഇനി വഴക്ക് കാണാം'.
അത്യാവശ്യം വേണ്ട വെള്ളത്തിന്റെ ബോട്ടിൽ, കൊറിക്കാനുള്ളത് വാങ്ങി. ജോണിനെയാണ് പർച്ചേയ്‌സറാക്കിയിരുന്നത്. നേരത്തെ പറഞ്ഞുറപ്പിച്ചത് പോലെ അനിലിന്റെ പജീറോയിൽ കയറി യാത്ര തുടങ്ങി.
പൊതു അവധി ആയതു കാരണം റോഡിൽ തിരക്ക് കുറവായിരുന്നു. റേഡിയോ സ്റ്റേഷനുകൾ മാറ്റി ഗാനങ്ങൾ ആസ്വദിച്ചും, തമാശകൾ പറഞ്ഞും യാത്ര തുടർന്നു.
താരിഫിൽ നിന്നും റുവൈസിലേക്കുള്ള റോഡിന്റെ ഇരുവശത്തും ഒഴിഞ്ഞു കിടക്കുന്ന മരുഭൂമി ഇടയ്ക്കു കാണുന്ന ഈന്തപ്പന തോട്ടങ്ങൾ,റോഡിലൂടെ ഇടവിട്ട് പോയി കൊണ്ടിരിക്കുന്ന വാഹനങ്ങൾ അല്ലാതെ ഒരു ബിൽഡിങ്ങുകളോ, വില്ലകളോ, മനുഷ്യരോ കാണാൻ കഴിഞ്ഞില്ല.
എല്ലാവർക്കും ലൈസൻസ് ഉള്ളത് കാരണം പലരും മാറി വാഹനം ഓടിച്ചു.
ദീർഘ ദൂര യാത്രക്ക് ശേഷം പത്തേ മുപ്പതിന് അൽ ധാന ജെട്ടിയിൽ എത്തിച്ചേർന്നു. ഡെൽമയിലേക്കുള്ള അപ്പുറത്തു നിന്നുള്ള ജങ്കാറിന്റെ വരവിനായി കാത്തു നിന്നു. വരിയായി നിൽക്കുന്ന കുറച്ചു വാഹങ്ങൾ.
അര മണിക്കൂറിന്റെ കാത്തിരിപ്പിന് ശേഷം ജങ്കാർ അടുത്ത് വരുന്നത് എല്ലാവരും കൗതുകത്തോടെ വാഹങ്ങളിൽ നിന്ന് പുറത്തിറങ്ങി കാത്തു നിന്നു. ഫാമിലിയായി വന്നവരും, ബാലിച്ചിലർമാരും.
കരക്കടുത്ത ജങ്കാറിലേക്കു വാഹങ്ങൾ പതിയെ കയറി. വാഹങ്ങൾ കയറ്റി പാർക്ക് ചെയ്തതിനു ശേഷം എല്ലാവരും മുകൾ തട്ടിലേക്ക് കയറി. ഒന്നര മണിക്കൂർ യാത്രയാണ് ഡെൽമയിലേക്ക്.
ജങ്കാറിന്റെ മുകൾ തട്ടിൽ നിരനിരയായി ഇട്ട കസേരകൾ. ശെരിക്കും ഒരു കപ്പലിൽ യാത്ര ചെയ്യുന്ന പ്രതീതി.
ചെറിയ തോതിൽ ചൂടുണ്ടങ്കിലും എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടൽ. അന്തരീക്ഷം ചൂട് കാറ്റാണെങ്കിലും ജങ്കാറിന്റെ ഇരുവശത്തേക്കും തെറിക്കുന്ന വെള്ളത്തിൽ തട്ടി തണുത്ത കാറ്റ് വരുമ്പോൾ ചൂടിൽ ഒരു സുഖമായിരുന്നു.
ഒന്നര മണിക്കൂർ യാത്രക്ക് ഒടുവിൽ ജങ്കാർ ഡെൽമ തീരത്ത് അടുത്തു.
ചെറിയൊരു ദ്വീപ്. അതി സുന്ദരമായ കടൽ തീരം. പരദേശികളും, വിദേശികളും കടലിൽ കുളിച്ചും, കരയിൽ വെയിൽ കാഞ്ഞും കിടക്കുന്നു.
യൂ.എ.യിയുടെ ഭരണി ശില്പിയായ ഷെയ്ക്ക് സാഹിദിന്റെ ഉപയോഗിച്ചിരുന്നെന്നു പറയപ്പെടുന്ന വസ്തുക്കളും, അദ്ദേഹത്തിന്റെ ഭരണ കാലത്തുള്ള ചിത്രങ്ങളും അടങ്ങിയ പുരാവസ്തുക്കളുടെ മ്യൂസിയവും, വർഷങ്ങൾക്കു മുൻപ് സ്വദേശി താമസിച്ചിരുന്ന മിറൈഖി എന്നറിയപ്പെടുന്ന ചെറു ഭാവനമായിരുന്നു ആകർഷണം. പുരാതനമായ ഒരു പള്ളിയും ഉണ്ടായിരുന്നു. പുരാതന അറബ് വംശീയതയുടെ സാംസ്കാരികതയുടെ എല്ലാം രൂപങ്ങളിൽ നിർമ്മിതമാക്കി വെച്ചിരുന്നു. യാത്ര സൗകര്യത്തിനായി ജങ്കാറിനെ കൂടാതെ ഒരു എയർ പോർട്ടും ആ കൊച്ചു ദ്വീപിൽ ഉണ്ട്.
ഫോട്ടോ എടുക്കലുകൾക്കു ശേഷം തിരികെ മടങ്ങി. കൂടുതൽ സമയം ചിലവഴിച്ചാൽ ജങ്കാർ പിന്നെ കിട്ടില്ലന്നും അവിടെ താമസിക്കേണ്ടി വരുമെന്ന നാസർക്കാന്റെ മുന്നറിയിപ്പ് കിട്ടിയപ്പോൾ തിരികെ പോകുവാൻ മടിയായങ്കിലും എല്ലാവരും തിരികെ പോകുവാൻ തയ്യാറായി.
വീണ്ടും ജങ്കാറിലൂടെയുള്ള യാത്ര. വൈകുന്നേരത്തെ അന്തരീക്ഷത്തിലെ ഹ്യൂമിഡിറ്റിയും സൂര്യന്റെ ചൂടിന് കുറവ് അനുഭവപ്പെട്ടത് പോലെ. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടൽ.
ജങ്കാറിലിൽ നിന്ന് കാർ കരയിലേക്ക് ഇറങ്ങി യാത്ര തുടർന്നു.
തിരികെ പോകുമ്പോൾ എല്ലാവരും ക്ഷീണിതനായിരുന്നു. തമാശകൾ വെടിഞ്ഞു എല്ലാവരും മൂകരായി ഇരുന്നു. ചെറു ശബ്ദത്തിൽ റേഡിയോ പാടി കൊണ്ടിരുന്നു.
നാസർക്കാ ഡ്രൈവ് ചെയ്യുന്നതിനിടക്ക് തല ചെരിച്ചു തന്റെ തൊട്ടടുത്ത് ഇരിക്കുന്ന ജോണിനോട് ചോദിച്ചു.
''ജോണെ... എങ്ങനെയുണ്ട്...''
ജോൺ മൃദുവായി പുഞ്ചിരിച്ചു പറഞ്ഞു ''നാസർക്കാ സൂപ്പർ സ്ഥലം... ഇതുപോലെ ലീവ് കിട്ടുമ്പോൾ നമുക്ക് ഇനിയും പോകണം...''
നാസർക്കായും പുഞ്ചിരിച്ചു. അടുത്ത പൊതു അവധി എപ്പോഴെന്നു അവർ കണക്കു കൂട്ടി നോക്കി. അടുത്ത സ്ഥലത്തേക്കുള്ള യാത്രക്കായി.
--------------------------
നിഷാദ് മുഹമ്മദ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo