Slider

ഞങ്ങൾ കുടിയന്മാരുടെ ഭാര്യമാരുടെ ഓണം

0


അന്തിക്ക് ചെത്തി വരുന്ന കെട്ട്യോന്
അന്തവുമില്ലൊരു കുന്തവുമില്ല 
ആടിയും പാടിയുമിഴഞ്ഞും നിരങ്ങിയു-
മങ്ങിനെയിങ്ങിനെ വീട്ടിലെത്തി.
അഞ്ചാറ് മിട്ടായി അപ്പുന്റെ കീശേലും
നെയ്യപ്പം ഒന്നെന്റെ വായിലും വെച്ചിട്ടു
അമ്പമ്പോ എന്തൊരുത്സാഹത്തോടാളന്ന്
അത്താഴമുണ്ണാൻ ഇരുന്നു പൊന്നേ ...
അയിലക്കറിക്ക് പുളിയില്ലയെന്നും
അച്ചിങ്ങ തോരന് ഉപ്പൊട്ടുമില്ലെന്നും
ചട്ടിയും കലവും പൊട്ടിച്ചു കൊണ്ട്
ഉച്ചത്തിലങ്ങിനെ കൂവുന്നു പൊന്നേ ...
" അയ്യോ മനുഷ്യ നാണക്കേടല്ലേ ?
നാട്ടുകാരെല്ലാം ഉറങ്ങിക്കോട്ടെ "
ചൊല്ലിയതിത്രയും മാത്രം ഞാൻ പൊന്നേ
പല്ലൊന്നു മുറ്റത്ത് തെറിച്ചുവീണു.
"വാളൊന്നു" വെച്ചത് തുടച്ചങ്ങു നീക്കി
പൊട്ടിയ പാത്രങ്ങളെടുത്തു വെച്ചു
അപ്പുനെ ഉറക്കി അടുക്കള പൂട്ടി
അയ്യയ്യോ കേൾക്കാം പൂരപ്പാട്ട്!
മൂലയ്ക്ക് കുത്തിയിരുന്നു കരഞ്ഞയെൻറെ
മുതുകത്തു തന്നെ തൊഴിച്ചു കാലൻ !
മൂക്കും പിഴിഞ്ഞും കണ്ണ് തുടച്ചും ഞാൻ
മുക്കിയും മൂളിയും കിടന്ന നേരം
ഒറ്റയ്ക്ക് കിടക്കുവാനാവതില്ലാതെ
കെട്ടിപിടിച്ചു, വട്ടത്തില്ലെന്നെ
മൂക്ക് തുളയ്ക്കുന്ന ദുർഗന്ധം വന്നിട്ടും
മിണ്ടാതിരുന്നു ഞാൻ പെണ്ണായി പോയില്ലേ?
അന്തമില്ലാത്തയീ ജീവിതമോർത്തു
അന്തംവിട്ടങ്ങിനെ ചിന്തിച്ചിരിക്കെ
അല്ലലൊന്നുമില്ലാതെയാളുറങ്ങുന്നു
അമ്പമ്പോ കേൾക്കാം കൂർക്കം വലി...
രാവേറെ ചെന്നിട്ടുമുറക്കം വരാതെ
കണ്ണും തുടച്ചു കിടന്ന നേരം
ഓണം വന്നാലുമുണ്ണി പിറന്നാലും
കുടിയന്റെ ഭാര്യക്കിതു തന്നെ യോഗം!
(ഇന്നലെ ഹരി സാർ പോസ്റ്റിയ "ഞങ്ങൾ കുടിയന്മാരുടെ ഓണം "എന്ന കവിത വായിച്ചു ഞാൻ ഒരു ചെറിയ കവിത കമന്റ് ആയി ഇട്ടിരുന്നു.. അതിനെ വിപുലീകരിച്ചു എഴുതിയതാണ്..) Sanee John
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo