Slider

... അറബിപ്പൊന്ന്

0
... അറബിപ്പൊന്ന്
..............................
‘ചേച്ചീ. ഇവിടുത്തെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം’
‘ജീവിതത്തിലെ ഒരു വലിയ അദ്ധ്യായം കഴിഞ്ഞെന്ന്‍ കരുതിയാല്‍ മതി.
‘ഇനി വൈകിക്കണ്ട’
‘ഫ്ലൈറ്റിന് സമയമായി’
‘പുറപ്പെട്ടോളൂ,’
അവള്‍ ഒരിക്കല്‍ക്കൂടി ആ പ്രവാസി സുഹൃത്തുക്കളെ നോക്കി കൈകള്‍ കൂപ്പി....
.
ഇരുന്നൂറു യാത്രക്കാരെയും കൊണ്ടുള്ള ആ ഫ്ലൈറ്റ് പറന്നുയര്‍ന്നു.....
ഫ്ലൈറ്റിന്‍റെ വേഗതത്തിനൊപ്പം അവളുടെ ചിന്തകളും കുതിച്ചുകൊണ്ടിരുന്നു
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് താന്‍ വിടിനടുത്തുള്ള ഒരു ടെക്റ്റയില്‍സില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്നു അതില്‍നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജീവിത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ പ്രയാസപ്പെട്ടിരുന്നുവെങ്കിലും കടബാദ്ധ്യതകള്‍ ഉണ്ടായിരുന്നില്ല ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞിരുന്ന നാളുകള്‍
അങ്ങനെയിരിക്കെ ഒരിക്കല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള ബസ്സ്‌ കാത്ത് നില്‍ക്കുകയായിരുന്നു അപ്പോഴായിരുന്നു തന്‍റെ സമീപത്തായ് വിലകൂടിയ ഒരു കാര്‍ വന്ന് നിന്നത്. അതില്‍ നിന്നിറങ്ങിയ ആളെ കണ്ടപ്പോള്‍ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല .
തന്നോടൊപ്പം ജോലി ചെയ്തിരുന്ന സെലിന്‍...!
കാണുന്നത് സ്വപ്നമല്ലന്ന് ഉറപ്പുവരുത്തുവാന്‍ മിഴികള്‍ ചിമ്മി തുറന്നു
‘എന്താടി തുറിച്ചു നോക്കുന്നത്’
‘ഞാന്‍ ആ പഴയ സെലിന്‍ തന്നെയാ,’
ഹാവൂ ആശ്വാസമായി താന്‍ സ്വപ്നം കണ്ടതല്ല.
രണ്ട് വര്‍ഷം മുമ്പ് ഹൌസ് മെയ്‌ഡിന്‍റെ ജോലിക്കായി ഗള്‍ഫിലേക്ക് പറന്ന അതേ സെലിന്‍ തന്നെ
ഒന്നിച്ച് ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഇല്ലായ്മയുടെ ആവലാതികള്‍ മാത്രം പറഞ്ഞിരുന്നു ആ കറുത്ത് മെല്ലിച്ച പെണ്‍കുട്ടി...
ഒത്തിരി മാറിയിരിക്കുന്നു,
ശരിക്കുമൊന്ന് തുടുത്തിരിക്കുന്നു കൈകളിലും കഴുത്തിലും നിറയേ സ്വര്‍ണ്ണാഭരണങ്ങള്‍ ഒപ്പം വിലകൂടിയ സുഗന്ധദ്രവ്യത്തിന്‍റെ പരിമളവും.....
കുശലാന്വേഷണത്തോടൊപ്പമുള്ള അവളുടെ സംഭാഷണങ്ങളില്‍ നിറഞ്ഞുനിന്നത് അറബിനാടിന്‍റെ വര്‍ണ്ണനകളും ഷേയ്ക്ക്മാരുടെ വിശാലമനസ്കതയുമായിരുന്നു...ആകര്‍ഷമായ ശമ്പളത്തോടൊപ്പം ഗള്‍ഫില്‍ വീട്ടുജോലിക്ക് നല്ല ഡിമാന്‍റെ ആണെന്നും മാസങ്ങള്‍ക്കൊണ്ട് ലക്ഷങ്ങള്‍ കൈയിലെത്തുമെന്നും പറഞ്ഞപ്പോള്‍ മനസ്സിലെ സ്വപ്നക്കൂട്ടില്‍ തന്‍റെ കൊച്ച് വീടിന്‍റെ സ്ഥാനത്ത് വലിയൊരു കൊട്ടാരം ഉയര്‍ന്നു പൊങ്ങി. അതിലെ റാണിയും സുല്‍ത്താനും രാജകുമാരന്‍മാരുമൊക്കെയായി താനും കുടുംബാഗങ്ങളും മാറി..
..പിന്നീട് പലയിടത്തും വെച്ച് തങ്ങള്‍ പരസ്പരം കണ്ടുമുട്ടി
അവളുടെ നിരന്തരമായ ബ്രെയിന്‍ വാഷിങ്ങില്‍ സ്വന്തം നാട്ടിലെ വിയര്‍പ്പ് നാറ്റവും ടെക്റ്റയില്‍സിലെ ജോലിയും അരോചകമായി
തോന്നി.
എങ്ങനെയെങ്കിലും ഗള്‍ഫില്‍ പോകണം...
സെലിനെപ്പോലെ തനിക്കും കാശുകാരിയാകണം
പിന്നീടുള്ള ചിന്ത അതുമാത്രമായി...
മനസ്സിലെ ആഗ്രഹം കുടുംബാഗങ്ങളുമായി പങ്കുവെച്ചു. രാജേട്ടന് ആദ്യം അതത്ര സ്വീകാര്യമായി തോന്നിയില്ല,....
‘എടാ രാജാ’
‘നിന്‍റെ കെട്ട്യോള്‍ക്ക് ഏന്തിന്‍റെ കേടാ’
‘മുറ്റത്ത് ഒരു പണിയുള്ളതല്ലേ’
‘കഞ്ഞി കുടിക്കാനുള്ള വക അതില്‍നിന്നും കിട്ടുന്നുണ്ട്’
‘പിന്നെ അവള്‍ ഏന്തിനാ അന്യ നാട്ടില്‍ പോയി കഷ്ടപ്പെടുന്നത്’
‘ചുമ്മാതെയല്ല പഴമക്കാര്‍ പറയുന്നത് മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന്....
‘ഉള്ളത് കൊണ്ട് മക്കളോടോപ്പം ഇവിടെ കഴിഞ്ഞാല്‍ പോരേ’
‘അദ്ദേഹത്തിന്‍റെ അമ്മയുടെ അഭിപ്രായം’
എന്നാല്‍ വളര്‍ന്നു വരുന്ന കുട്ടികള്‍, അവരുടെ വിദ്യാഭ്യാസം എങ്ങുമെത്താതെ കിടക്കുന്ന വീടുപണി. അങ്ങനെ സാമ്പത്തിക ബാദ്ധ്യതയുടെ നീണ്ട പട്ടികയ്ക്ക് മുന്നില്‍. ഒടുവിലവര്‍ സമ്മതം മൂളി....
.
പിന്നീട് സെലിന്‍ പരിചയപ്പെടുത്തിയ ഏജന്‍റിന്‍റെ നേതൃത്വത്തില്‍ ഗള്‍ഫ്‌ യാത്രക്കുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായി. അതിനായി പലരോടും പണം കടം മേടിച്ച്. അകെയുണ്ടായിരുന്ന താലിനൂലും വിറ്റു. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി തിരിച്ചു പിടിക്കാനാവുമെന്ന് സെലിന്‍ ഉറപ്പ് നല്‍കി...
വരാനിരിക്കുന്ന നാളെയെ കിനാവ് കണ്ടുകൊണ്ട് ഗള്‍ഫിലേക്ക്‌ യാത്ര തിരിച്ചു. ഫ്ലൈറ്റിറങ്ങിയപ്പോള്‍ തന്നെ കാത്ത് ഏജന്‍റിന്‍റെ ആള്‍ക്കാരുണ്ടായിരുന്നു. അവരോടൊപ്പം താന്‍ ജോലി ചെയ്യേണ്ട അറബി മുതലാളിയുടെ വീട്ടിലേക്ക് യാത്രയായി
' ദേ ഇതാണ്. നിങ്ങള്‍ ജോലി ചെയ്യേണ്ട അറബിയുടെ വീട്'
അവര്‍ ചൂണ്ടിക്കാണിച്ച വീട്ടിലെക്ക് നോക്കിയ അവളുടെ കണ്ണുകള്‍ അത്ഭുതത്താല്‍ വിടര്‍ന്നു
' ഈശ്വരാ ഇതെന്താ ഇവിടുത്തെ സുല്‍ത്താന്‍റെ കൊട്ടാരമോ
'
' ഇനി തന്നോടൊപ്പം വന്നവര്‍ക്ക് തെറ്റ് പറ്റിയതാകുമോ'
' ആകാന്‍ വഴിയില്ല'
' തന്‍റെ ഓരോരോ തോന്നലുകള്‍'
' അല്ലാതെന്താ'
അവള്‍ സ്വയം മനസ്സില്‍ മന്ത്രിച്ചു
തന്‍റെ സ്വപ്നങ്ങള്‍ക്ക് ചാരുതയേകുവാന്‍ പോകുന്ന ആ വലിയ കൊട്ടാരത്തിലേക്ക് അവള്‍ വലതുകാല്‍ വെച്ച് കയറി...
ഓരോ മുറികളില്‍ നിന്നും തന്നെ എത്തിനോക്കുന്ന സ്ത്രീകള്‍
അതില്‍ ഒരാള്‍ അതൃപ്തിയോടെ ചൂണ്ടിക്കാട്ടിയ മുറിയിലേക്ക് താന്‍ നടന്നു...
'ആ വലിയ വീട്ടില്‍ ഇത്രയും ഇടുങ്ങിയ മുറിയോ'
വിശ്വസിക്കാനായില്ല
തന്‍റെ കൈവശമുണ്ടായിരുന്ന ബാഗ് ചൂണ്ടി അറബിഭാഷയില്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവര്‍ സ്വന്തം മുറിയിലേക്ക് മടങ്ങി....
തനിക്ക് ലഭിച്ച ഇടുങ്ങിയ മുറിപോലെ തന്നെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു അവിടുത്തെ ജീവിതവും...
ജോലിയില്‍ പ്രവേശിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തനിക്കത് ബോദ്ധ്യമായി...
അറബിയില്‍ അശ്ലീലച്ചുവയുള്ള വാക്കുകള്‍ക്കൊപ്പം തുടര്‍ച്ചയായി അയാളുടെ ഇംഗിതത്തിന് തന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു
‘ദേ ഒരു കാര്യം പറഞ്ഞില്ലന്നുവേണ്ട’
അറബിയുടെ ഇഷ്ടത്തിനു നിന്നാല്‍ വിചാരിച്ചതിലും കൂടുതല്‍ സമ്പത്ത് കൈയില്‍ വന്നുചേരും’
പോരാന്‍ നേരം സെലിന്‍ ഉപദേശ രൂപേണ തന്‍റെ ചെവിയില്‍ മന്ത്രിച്ച വാക്കുകള്‍ ഓര്‍മ്മവന്നു...
.
ആ ഇഷ്ടത്തിന്‍റെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായത്...
അതിന് വഴങ്ങാതെ വന്നപ്പോള്‍ തനിക്ക് നേരിടേണ്ടി വന്നത് ശാരീരിക പീഡനങ്ങളുടെ പരമ്പരയായിരുന്നു,
നിരന്തരമായി തന്നെ പീഡിപ്പിക്കുവാന്‍ യജമാനന്‍ തന്‍റെ ഭാര്യമാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തുകൊണ്ടിരുന്നു. ഞാന്‍ ചെയ്യുന്ന ജോലികളില്‍ കുറ്റങ്ങള്‍ കണ്ടുപിടിച്ചുകൊണ്ട് കൈയില്‍ കിട്ടിയ വീട്ടുപകരണങ്ങള്‍ ഉപയോഗിച്ചു കൊണ്ട് മര്‍ദ്ദിക്കാന്‍ തുടങ്ങി
,
ഒരിക്കല്‍ തിളച്ച എണ്ണയില്‍ കൈവിരലുകള്‍ മുക്കിപ്പിടിച്ച്....
അസഹ്യമായ വേദനകൊണ്ട് പിടഞ്ഞ തന്നെ അയാള്‍ സ്വന്തം അരയില്‍ കെട്ടിയ ബെല്‍റ്റൂരി അടിച്ച് ഒപ്പം അറബിഭാഷയില്‍ പുളിച്ച തെറിയും..
.
.ശരീരമാസകലം പൊള്ളലിന്‍റെയും, അടിയുടെയും കരിവാളിച്ച പാടുകള്‍, നാട്ടിലുള്ള ബന്ധുക്കളുമായോ പുറം ലോകമായോ ബന്ധപ്പെടുവാന്‍ യാതൊരു പഴുതുകളുമില്ലായിരുന്നു. മിക്ക ദിവസങ്ങളിലും പട്ടിണിയായിരുന്നു ഫലം..
.രാവും പകലും കഠിനാദ്ധ്വാനം
ജോലിക്കുള്ള ശമ്പളവും ലഭിച്ചിരുന്നില്ല
മരണത്തെ നേരില്‍ കണ്ട നിമിഷങ്ങള്‍
അങ്ങനെയിരിക്കെയാണ് അറബിയുടെ പുതിയ ഡ്രൈവര്‍ ആയി അയാളെത്തിയത്
അയാളുടെ ഭാഷ ഏതെന്നോ ഏത് രാജ്യക്കാരനാണന്നോ അറിയില്ല പരസ്പരം സംസാരിച്ചിരുന്നില്ല എങ്കിലും ആ വീടിന്‍റെ ഉള്ളറകളില്‍ മരണത്തോട് നടന്നടുത്തുകൊണ്ടിരുന്ന ഒരാത്മാവിന്‍റെ രോദനം അയാള്‍ മനസ്സുകൊണ്ട് തൊട്ടറിഞ്ഞിരിക്കണം.....
എട്ട് മാസങ്ങള്‍ക്ക് ശേഷം എവിടുന്നോ വന്ന ഒരജ്ഞാത ഫോണ്‍ കോള്‍,,,,
അതിനെ തുടര്‍ന്നായിരുന്നു പ്രവാസി മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഏതാനും പേര്‍ താന്‍ ജോലി ചെയ്തിരുന്ന അറബിയുടെ ഭവനത്തിലെത്തിയത്
അവിടെയെത്തിയ അവര്‍ തരിച്ചിരുന്നു ഭയാനകവും വേദനാജനകവുമായ കാഴ്ച. പട്ടിണിക്കോലമായ ഒരു മലയാളി സ്ത്രീ രണ്ടു ദിവസമായി അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയിട്ട് ശരീരം മുഴുവന്‍ ക്രൂരമായ മര്‍ദ്ദനമേറ്റതിന്‍റെ ഫലമായി നീരു വെച്ചു വീര്‍ത്തിരിക്കുന്നു സംസാരിക്കുവാന്‍ വരെ ശേഷിയില്ലാതെ മുറിയുടെ ഒരു കോണില്‍ അവര്‍ ചുരുണ്ടുകൂടി കിടക്കുന്നു...
പിന്നെ അവിടെ നടന്നത് എന്താണന്ന് തനിക്ക് ഓര്‍മ്മയില്ല കണ്ണുതുറക്കുമ്പോള്‍ താന്‍ ഹോസ്പിറ്റലിലായിരുന്നു...
.ആരൊക്കെയോ തനിക്ക് ചുറ്റും കൂടിനിന്നുകൊണ്ട് മൊഴികള്‍, ശേഖരിക്കുന്നു
‘മാഡം ഡു യു നീഡ്‌ എനി ഹെല്‍പ്പ്’
എയര്‍ ഹോസ്റ്റസ് തോളില്‍ തട്ടിയപ്പോഴാണ് അവള്‍ ഞെട്ടി പിടഞ്ഞെഴുന്നേറ്റത് കണ്ണ് തുറന്ന് ചുറ്റും നോക്കി ഫ്ലൈറ്റ് ലാന്‍ഡ് ചെയ്തിട്ട് കുറച്ചുനേരമായിരിക്കുന്നു, താനും ഏതാനും ഫ്ലൈറ്റ് ജീവനക്കാരും മാത്രം...
അവള്‍ക്ക് വിശ്വസിക്കാനായില്ല ബന്ധനത്തിന്‍റെ മുള്ളുവേലി ഭേദിച്ചുകൊണ്ട് സ്വന്തം നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു...ഇതിനകം താന്‍ അനുഭവിച്ച ക്രൂരതയുടെ കഥകള്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു...
മോഹന വാഗ്ദാനങ്ങള്‍ നല്‍കി സ്ത്രീകളെ വീട്ട് ജോലിക്കായി കയറ്റി അയക്കുന്ന വ്യാജ സംഘത്തിലെ ഒരു പ്രധാന കണ്ണി..
അതായിരുന്നു സെലിന്‍
അതില്‍നിന്നും കിട്ടിയിരുന്ന വിഹിതമായിരുന്നു അവളുടെ ആര്‍ഭാടത്തിന്‍റെ സ്രോതസ്.......
ഫോര്‍മാലിറ്റീസ് കഴിഞ്ഞ് എയര്‍ പോര്‍ട്ടിനു വെളിയിലിറങ്ങിയപ്പോള്‍ കാണുന്നത് തന്‍റെ പ്രിയപ്പെട്ടവരോടൊപ്പം ഒരു ഗ്രാമം മുഴുവനും തന്നെ സ്വീകരിക്കുവാന്‍ കാത്തുനില്‍ക്കുന്നതായിരുന്നു... ഒരിക്കലും കാണില്ലന്നോര്‍ത്ത സ്വന്തം നാട്.... .അവളില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസമുതിര്‍ന്നു,
അവള്‍ മാനത്തേക്ക് നോക്കി
താന്‍ അനുഭവിച്ച കഷ്ടതകളില്‍ മനം നൊന്തവണ്ണം അങ്ങകലെ എരിഞ്ഞടങ്ങുവാന്‍ വെമ്പുന്ന അസ്തമയ സൂര്യന്‍...
ഒപ്പം അങ്ങ് ദൂരെ വാനില്‍ ഒരു നൂലഴിഞ്ഞ പട്ടം പാറിപറന്നകലുന്നു സ്വാതന്ത്ര്യത്തിന്‍റെ പ്രതീകം പോലെ.... അവളത്‌ ഇമ വെട്ടാതെ നോക്കിനിന്നു..
പിന്നെ മരണത്തിന്‍റെ ആ താഴ് വരയില്‍ നിന്നും തന്നെ രക്ഷിച്ച ആ അദൃശശക്തിക്ക് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് അവരോടപ്പം അവള്‍ യാത്രയായി വിയര്‍പ്പിന്‍റെ മണമുള്ള സ്വന്തം മണ്ണിലേക്ക്‌.....
സിബി നെടുംചിറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo