Slider

യാത്ര.

0
യാത്ര.
-----
സൗദി എയർലൈൻസിന്റെ എസ്‌ വി 755 വിമാനം ജിദ്ദ യിലെ കിങ്ങ് അബ്ദുൽ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ തയ്യാറായി. അറബിയിലും ഇംഗ്ലീഷിലുമുള്ള അറിയിപ്പുകള്‍ കഴിഞ്ഞു. പെട്ടെന്നാ മധുര ശബ്ദം എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചു.
"നമസ്കാരം. ഞാന്‍ ലൈല. "
"നമ്മള്‍ ജിദ്ദയിലേക്ക്‌ യാത്ര തിരിക്കുന്നു, മൂവായിരത്തി എണ്ണൂർ കിലോമീറ്റര്‍ നമ്മള്‍ നാലര മണിക്കൂര്‍ക്കൊണ്ട് പൂർത്തിയാക്കും. യാത്രയിലുടനീളം നിങ്ങളുടെ സഹായത്തിനു ഞങ്ങളുണ്ടാകും. സീറ്റ് ബെൽറ്റ് സൈൻ ഓൺ ആകുമ്പോഴെല്ലാം സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതാണു . യാത്രക്ക് സൗദി എയര്‍ലൈന്‍സ് തിരെഞ്ഞെടുത്തത്തില്‍ മുഖ്യ വൈമാനികന്‍ സാദിക്ക് ബിന്‍ അലാവുദ്ദീന്‍ അല്‍ സിദ്ദിക്കി യുടെ പേരിലും സൗദി എയര്‍ലൈന്‍‌സിന്റെ പേരിലും നന്ദി അറിയിച്ചുകൊള്ളുന്നു. നമസ്കാരം".
മലയാളത്തിലുള്ള അറിയിപ്പ് എന്നെയും സഹ യാത്രികരായ മലയാളികളെയും അമ്പരപ്പിച്ചു. ആ ശബ്ദത്തിനുടമയെ കാണുവാൻ മുന്നിലേക്ക് മെല്ലെ ഏന്തി വലിഞ്ഞു നോക്കി.
സൗദി എയർ ലൈൻസ്‌ എന്നെയും കൊണ്ട് റണ്‍‌വേയിലൂടെ കുതിച്ച് ആകാശത്തേക്ക് പറന്നുയര്‍ന്നു. ഉള്ളിലെ നീറ്റൽ ശക്തമായി. അകലെ എന്റെ നാട്. അതിൽ നിന്നും അകലങ്ങളിലേക്ക്‌. നിറഞ്ഞ കണ്ണും വിതുമ്പുന്ന അധരങ്ങളുമായി യാത്ര പറഞ്ഞ ഭാര്യയെ ഓർത്തു. പാവം ഇപ്പോഴും കരയുന്നുണ്ടാകും. 'അമ്മ ഇപ്പോൾ തിരക്കിലായിരിക്കും, പാത്രം കഴുകലും, മുറി വൃത്തിയാക്കലും ഒക്കെയായി ഒറ്റക്ക് സംസാരിക്കുന്നുണ്ടാകും . ഞാൻ യാത്ര പറഞ്ഞിറങ്ങിയാൽ ഈ തിരക്ക് പതിവാണ്. കരയാതിരിക്കാൻ സ്വയം കണ്ടെത്തിയ ഒരു വഴി. അച്ഛൻ ഇന്ന് വീട്ടിൽ വരുന്നത് വളരെ വൈകിയായിരിക്കും. ചിലപ്പോൾ ഒരല്പം മദ്യവും കൂട്ടിനുണ്ടാകും.
വർഷത്തിൽ ഒന്നോ രണ്ടോ തവണയുള്ള ഈ വിടപറച്ചിൽ, പലപ്പോഴും നാട്ടിലേക്കുള്ള യാത്ര വേണ്ടാന്നു തന്നെ തോന്നും. കണ്ട് പിരിയുന്ന അവസ്ഥ എത്ര സങ്കടകരമാണ്. നെഞ്ചിൽ വലിയൊരു കല്ലും ഏറി യാത്ര ചെയ്യുന്നത്‌ പോലെ. ഉമി നീര് പോലും ഇറക്കാൻ കഴിയാത്ത അവസ്ഥ. ജീവിത യാത്രയിൽ ഇതു പോലെ എത്ര യാത്രകളൊഴിഞ്ഞാൽ അവസാനയാത്രാക്ക് തയ്യാറാകും. യാത്രയിൽ കൂടെ കൂട്ടുന്നവർ ഇടക്ക് മുറിയുന്നവർ. അവസാനം വരെ കൂടെ യുള്ളവർ. എല്ലാവരും സഹയാത്രികർ.
വിവാഹം കഴിഞ്ഞുള്ള ആദ്യ യാത്ര. അത് കൊണ്ട് തന്നെ മുന്നെങ്ങുമില്ലാത്ത വിധം ഒരു അസ്വസ്ഥത. രണ്ട് ദിവസമായി അവൾ കരയുന്നു. നാട്ടിലൊരു ജോലി കിട്ടില്ലേ എന്ന് ഒരായിരം വട്ടം ചോദിച്ചു. വിട്ട് പോകാൻ ഇഷ്ടമുണ്ടായിട്ടല്ലല്ലോ, കിട്ടിയത്‌ സൗദിയിലാണെങ്കിലും നല്ലൊരു ജോലിയാണ്. കഴിഞ്ഞ മൂന്നു വർഷം കൊണ്ട്‌ കമ്പനിയിൽ നല്ലൊരു പേരും അത്യാവശ്യം തസ്തിക കയറ്റവും ശമ്പള വർദ്ധനവും ഉണ്ടായിട്ടുണ്ട്‌. വേണ്ടാന്നു വയ്ക്കാൻ എളുപ്പമാണു. പക്ഷെ ഇത്‌ പോലെ മറ്റൊന്നു കിട്ടാൻ ബുദ്ധിമുട്ടാണു. എന്നിട്ടും എയർ പോർട്ടിൽ നിന്നും തിരികെ പോയാലോ എന്ന് പോലും ചിന്തിച്ചു.
ജോലിയുടെ ഭാഗമായി സൗദിയിലെ പല ഭാഗങ്ങളിലും നിരന്തരം യാത്ര ചെയ്യേണ്ടി വരുന്നത്‌ കൊണ്ട്‌ ഫാമിലി വിസ തരാൻ മാനേജ്‌മന്റ്‌ മടിക്കും.
എങ്കിലും ശ്രമിക്കാം എന്ന പ്രതീക്ഷ നിറച്ച വാക്കിലാണു അവളെ സമാധാനിപ്പിച്ചത്‌. അവളുടെ സങ്കടവും കരച്ചിലും സഹിക്കാനാവാതെ ഒരു മാസത്തോളം അവധി നീട്ടിയെടുത്തു. ഒരു മാസം മുന്നെ അൽ-കോബാറിലെ ഹെഡ്‌ ഓഫീസിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതായിരുന്നു. തിരികെ വരാൻ താമസിച്ചത്‌ കൊണ്ടാണു നേരെ യാൻബു വിലെ പ്രോജക്റ്റ്‌ സൈറ്റിൽ റിപ്പോർട്ട്‌ ചെയ്യാൻ നിർദ്ദേശം കിട്ടിയത്‌.
മേഘപാളികളൊക്കെയും താണ്ടി വിമാനം അറബിക്കടലിനു കുറുകെ പറക്കാൻ തുടങ്ങി. മുപ്പത്തി ഏഴായിരം അടി താഴെ പരന്ന് കാണുന്ന നീല സാഗരം. ഞാൻ കണ്ണുകളെ പുറം കാഴ്ചയിൽ നിന്നും മനസ്സിനെ ഓർമ്മകളിൽ നിന്നും വിമാനത്തിനുള്ളിലേക്ക്‌ കൊണ്ടുവന്നു. യാത്രയിലെ മുഷിവ്‌ ഒഴിവാക്കാൻ നിലവിലെ സാഹചര്യവുമായി പൊരുത്തപ്പെടുക എന്നതൊരു ശീലമാക്കിയിട്ടുണ്ട്‌. അടുത്തിരുന്ന യത്രക്കാരനെ പരിചയപ്പെട്ടു. അദ്ദേഹവും യാൻബു വിലേക്കാണു, ജിദ്ദയിൽ നിന്നും അടുത്ത വിമാനത്തിൽ അര മണിക്കൂർ യാത്ര. യാൻബുവിൽ ഇതിനു മുന്നേയും രണ്ട്‌ തവണ പോയിട്ടുണ്ട്‌. ആറുമാസത്തോളം അവിടെയുണ്ടായിരുന്നു.
യാൻബുവിനെക്കുറിച്ചോർത്തപ്പോൾ ആദ്യം ഓർമ്മ വന്നത്‌ ജീന ജോൺസൺ എന്ന നഴ്സിനെയാണു. സ്റ്റാർ സൂപ്പർ മാർക്കറ്റിൽ വച്ച്‌ ട്രോളി മാറി എടുത്ത്‌ പേയ്‌മന്റ്‌ കൗണ്ടറിലുണ്ടായ ഒരു കുഞ്ഞു തർക്കം. മധ്യേഷ്യയിലെ മലയാളി നഴ്സമാർക്കുള്ള സ്വതസിദ്ധമായ അഹങ്കാരത്തിനനുസരിച്ച്‌ പ്രതികരിച്ചപ്പോൾ പിറന്നൊരു സൗഹൃദം.
സീറ്റ്‌ ബെൽറ്റ്‌ സൈൻ ഓഫായി. ക്യാബിൻ ക്രൂ ഫുഡ്‌ ട്രോളികളുമായി ആഹാര വിതരണമാരംഭിച്ചു. എന്റെ സീറ്റിനരുകിൽ ട്രോളി ലോക്ക്‌ ചെയ്ത്‌ വച്ചിട്ട്‌ സൗമ്യമായി ചോദിച്ചു
"സർ, വാട്ട്‌ വുഡ്‌ യു ലൈക്‌ റ്റു ഹാവ്‌? വെജ്‌ ഓർ നോൺ വെജ്‌"?
ഞാനവരുടെ മുഖത്തേക്ക്‌ നോക്കി. ഒരു മന്ദ സ്മിതത്തോടെ എന്റെ മറുപടിക്കായി കാത്ത്‌ നിൽക്കുന്നു. പെട്ടെന്നാണവരുടെ ഇടത്‌ നെഞ്ചിൽ കുത്തിയിരുന്ന നെയിം പ്ലേറ്റ്‌ എന്റെ കണ്ണിൽ പെട്ടത്‌- ലൈലാ എബ്രഹാം.
"എനിക്ക്‌ ഫുഡ്‌ വേണ്ട, ഒരു ഗ്ലാസ്സ്‌ ഓറഞ്ച്‌ ജ്യൂസ്‌ മതി"
മലയാളത്തിലുള്ള എന്റെ മറുപടി കേട്ട്‌ മന്ദസ്മിതം നല്ലൊരു ചിരിയായി വിടർന്നു.
ഓറഞ്ച്‌ ജ്യൂസ്‌ ഗ്ലാസ്സിലേക്ക്‌ പകരുന്ന നിമിഷം വിമാനമൊന്ന് ആടിയുലഞ്ഞ്‌ താഴേക്ക്‌ വീഴുന്ന പോലെ. എയർ പോക്കറ്റിൽ വീണതാകുമെന്ന് ആദ്യം കരുതി. പക്ഷെ വിമാനം താഴേക്ക്‌ പതിക്കുകയാണു. യാത്രക്കാർ മുഴുവൻ ഭയപ്പാടോടെ ബഹളം വയ്ക്കാനാരംഭിച്ചു. ഞാൻ ലൈല യോട്‌ വിവരം തിരക്കി. അവൾക്കും കൃത്യമായ ഒരു മറുപടി തരാൻ കഴിയാതെ ഫുഡ്‌ ട്രേയിൽ പിടിച്ച്‌ നിൽക്കുകയാണു, അവരുടെ മുഖത്തും പരിഭ്രാന്തി പകർന്നിരിക്കുന്നു.
ക്യാപ്റ്റൻ എമർജ്ജൻസി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി. ഒരായിരം ചിന്തകൾ, ഓർമ്മകൾ മനസ്സിലൂടെ കടന്ന് പോയി. ഉറ്റവരും ഉടയവരും എല്ലാം അവസാനിക്കാൻ പോകുന്നു. ദൈവത്തിനു മാത്രം രക്ഷിക്കാൻ കഴിയുന്നൊരവസ്ഥ.
ക്യാബിൻ ക്രൂ ഓടി നടന്ന് യാത്രക്കാരെ സാന്ത്വനിപ്പിക്കുന്നു, ബ്രെയ്സ്‌ പൊസിഷൻ പറഞ്ഞു കൊടുക്കുന്നു. ജീവിതം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം. എന്റെ ചിന്തകൾ ചെന്ന് നിന്നത്‌ നാഷണൽ ജിയോഗ്രാഫിക്‌ ചാനലിലെ എയർ ക്രാഷ്‌ ഇൻവെസ്റ്റിഗേഷൻ എന്ന പരമ്പരയിലെ ദ്രിശ്യങ്ങളിലായിരുന്നു. ഭീതിപ്പെടുത്തിയിരുന്ന ആ ദ്രിശ്യങ്ങൾ ഇപ്പോൾ കണ്മുന്നിൽ. മനസ്സിനു ധൈര്യം നൽകണം. മരണത്തിനു മുന്നിൽ തോൽക്കുന്നതിനു മുന്നെ പൊരുതി നോക്കണം.
വിമാനം ഒരു പട്ടം പോലെ ആടിയാടി താഴേക്ക്‌ പതിക്കുകയാണു. വിമാനത്തിനുള്ളിലെ പ്രധാന ലൈറ്റുകളെല്ലാം അണഞ്ഞു. നിലത്ത്‌, എമർജ്ജൻസി ഡോറിലേക്ക്‌ വഴി കാട്ടുന്ന ചെറിയ എൽ ഇ ഡി ലൈറ്റുകളുടെ വെളിച്ചം മാത്രമാണുള്ളത്‌.എന്റെ മുന്നിലൂടെ കടന്ന് പോയ ലൈലയെ പിടിച്ചു നിർത്തി കാര്യമന്വേഷിച്ചു- വിമാനത്തിന്റെ പ്രശ്നമെന്താണു? വിമാനത്തിന്റെ എഞ്ചിനിലേക്ക്‌ ഫ്യുൽ ട്രാൻഫർ ചെയ്യുന്ന പമ്പ്‌ വർക്ക്‌ ചെയ്യുന്നില്ല, രണ്ട്‌ എഞ്ചിന്റേയും പ്രവർത്തനം നിലച്ചു, ഗ്ലൈഡ്‌ ചെയ്ത്‌ വെള്ളത്തിൽ ലാൻഡ്‌ ചെയ്യാൻ ശ്രമിക്കുന്നു. അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട്‌ പിന്നിലേക്ക്‌ ഓടി.
ഞാൻ സീറ്റിനടിയിൽ നിന്നും ലൈഫ്‌ ജാക്കറ്റ്‌ വലിച്ചെടുത്തു ധരിച്ചു. ഗ്ലൈഡ്‌ ചെയ്ത്‌ വെള്ളത്തിൽ ഇറങ്ങാൻ സാധിച്ചാൽ ആദ്യം എമർജ്ജൻസി ഡോർ വഴി പുറത്തേക്ക്‌ ചാടണമെന്നുറപ്പിച്ചു, എമർജ്ജൻസി ഡോറിനരുകിലേക്ക്‌ പാഞ്ഞു.
പിന്നിൽ നിന്നും കപ്പും ട്രേയുമായി വന്ന ലൈല എന്നെ തടഞ്ഞു, സീറ്റിലിരിക്കാൻ നിർബന്ധിച്ചു. പക്ഷെ ഞാൻ അനുസരിക്കാൻ തയ്യാറായില്ല. ലൈല എന്നെ ബലമായി പിടിച്ച്‌ സീറ്റിലിരുത്താൻ ശ്രമിച്ചു. ഞാൻ കുതറിക്കൊണ്ട്‌ പറഞ്ഞു,
"എന്നെ വിടൂ ലൈല. പ്ലീസ്. എന്നെ വിടൂ.. ഞാന്‍ ഒന്നു ഇറങ്ങിക്കോട്ടെ. എന്നെ വിടൂ പ്ലീസ്, എന്നെ വിടൂ ലൈലാ.. പ്ലീസ് .. പ്ലീസ്..
പിടിവലിയിൽ ഞാൻ സീറ്റിൽ നിന്നും താഴെ വീണു. ലൈല യുടെ കയ്യിലിരുന്ന കപ്പും സോസറും നിലത്തു വീണുടഞ്ഞ ശബ്ദം കേട്ട് ഞാന്‍ കണ്ണു തുറന്നു. ഞാൻ വീണത്‌ സീറ്റിൽ നിന്നല്ല, കട്ടിലിൽ നിന്നാണു.
മുന്നില്‍ സ്വന്തം ഭാര്യ. കയ്യിലിരുന്ന ബെഡ് കോഫി നിലത്തെറിഞ്ഞുടച്ചിട്ട് ഒരു അങ്കത്തിന് തയ്യാറെടുക്കുന്നു.
"പറ മനുഷ്യാ, ഇപ്പോ പറയ്. ആരാ ലൈല? ഏത് അവളാ അവള്‍? അവള്‍ നിങ്ങളെ എവിടെയാണ് പിടിച്ച് വച്ചിരിക്കുന്നത്? എനിക്കിപ്പോ അറിയണം എല്ലാം. വെളുപ്പാങ്കാലത്ത് ഏതവളെയാണ് സ്വപ്നം കണ്ടു കിടക്കുന്നത്?
എനിക്കൊന്നും മനസ്സിലാകാതെ ഞാന്‍ എന്റെ അഴിഞ്ഞുപോയ മുണ്ടെടുത്ത് ഉടുത്തിട്ട് കട്ടിലില്‍ കയറിയിരുന്നു.
(അശോക്‌ വാമദേവൻ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo