Slider

പച്ച ഞരമ്പ്

0
പച്ച ഞരമ്പ്
…………….
ഹൃദയത്തിനും തലച്ചോറിനുമിടയിലൂടെ കടന്നു പോവുന്ന
ഒരു അധിക നാഡി ഞരമ്പ്
എനിക്കുണ്ടെന്ന് തോന്നുന്നു.
മറ്റൊരാൾക്കും അവകാശപ്പെടാൻ വകയില്ലാത്ത
നനുത്ത തന്തുക്കൾ കൊണ്ട് തീർത്ത
ഒരു അഭിനവ ജീവനാഡി.
കണ്ണുകൾ കൊണ്ടല്ലാതെ
മനസ്സ് കൊണ്ട് കാണുന്ന കാഴ്ചകളെയെല്ലാം
അജ്ഞാതമായ ലിപിയിൽ ആലേഖനം ചെയ്ത
ഒരു തടിച്ച പച്ച ഞരമ്പാണത്.
പകുതി വച്ച് മുറിഞ്ഞ്
മൗനത്തിലേയ്ക്ക് വീണു പോകുന്ന
നനവുള്ള വാക്കുകൾ,
ഗൗരവം നിറഞ്ഞ കണ്ണുകളിൽ നിന്ന്
അറിയാതെ ഊർന്നു വീഴുന്ന
പ്രണയം മറഞ്ഞു കിടക്കുന്ന നോട്ടങ്ങൾ,
തിരിഞ്ഞു നോക്കാതെ നടക്കുമ്പോഴും
എനിക്കായി ബാക്കി വയ്ക്കുന്ന
ആ കാൽപ്പാടുകൾ,
അങ്ങനെ നിന്റേതായ ഓരോന്നും
ഞാനവിടെ മുദ്രണം ചെയ്തു വച്ചിരിക്കുന്നു.
ഞാൻ പ്രണയത്തിൽപ്പെടുന്നത് എന്തുകൊണ്ടെന്ന്
ഒരാൾ ചോദിക്കുകയാണെങ്കിൽ
അതിനുള്ള ഉത്തരം
ഒരു പക്ഷേ ഇത്തരത്തിലായിരിക്കാം;
“ഒരു നിമിഷത്തിലെ
ഹൃദയത്തുടിപ്പുകളുടെ എണ്ണത്തേക്കാൾ
ഒരു പാട് കൂടുതലാണ്
ഇന്ന് എന്റെ പച്ച ഞരമ്പിന്റെ സ്പന്ദനങ്ങൾ!”

resmi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo