കബന്ധങ്ങളുടെ പരമ്പര
പുരാവൃത്തം
പുരാവൃത്തം
ആ കാട്ടിലെ രാജാവിന് കഴുത്തിനു മുകളില്‍ വലിയ ഗുഹാമുഖം പോലുള്ള ഒരു വായ മാത്രമാണുണ്ടായിരുന്നത്. വലിയ വലിയ അറകളുള്ള അയാളുടെ വയറിലേക്ക് തുറന്ന് കിടക്കുന്ന ആ വക്രമുഖത്തേക്ക് തന്റെ ബലിഷ്ഠവും നീണ്ടു നീണ്ടു പോകുന്നതുമായ കരങ്ങള്‍ അനവരതം തീറ്റ കോരിയിട്ടുകൊണ്ടിരുന്നു. കടിച്ചു ചവച്ചും കടിക്കാതെ വീഴുങ്ങിയും ആ വദനകുഹരം എപ്പോഴും ഇളകിക്കൊണ്ടിരുന്നു. തീറ്റ കിട്ടാത്ത ഇടവേളകളില്‍ അയാളുടെ അനുചരന്മാര്‍ക്ക് മാത്രം മനസ്സിലാവുന്ന ചില ശബ്ദങ്ങള്‍ ആ ഗുഹാമുഖത്തുനിന്ന് ഒരലര്‍ച്ച പോലെ കേട്ടു പോന്നു. അതു കേട്ട അനുചരന്മാര്‍ രാജാവിനു വേണ്ട ഇരകളെ ത്വരിതഗതിയില്‍ ഗുഹാമുഗത്തേക്ക് തെളിച്ചോടിച്ചുകൊണ്ടിരുന്നു.
'' എന്താണീ കാണുന്നത്. ഇയാള്‍ ഇങ്ങനെ തലയില്ലാതെ വായമാത്രമുള്ളവനായതെന്തുകൊണ്ടാണ്?'' പ്രാകൃതമായ ആ രൂപവും അതിന്റെ പ്രാകൃത ചെയ്തികളും കണ്ട് അത്ഭുത പരതന്ത്രനായ ലക്ഷ്‌മണന്റെ ചോദ്യം കേട്ട് രാമന്‍ രാമന്‍ പറഞ്ഞു--
''കബന്ധനാണയാള്‍. തിന്നുക മാത്രം ജീവിത ലക്ഷ്യമായവന്‍.. ചിന്തിക്കാന്‍ മസ്തിഷ്കം അവനാവശ്യമില്ല, ഇര പിടിക്കാന്‍ കെെകളും,വയറിലേക്ക് തുറന്നു പിടിച്ച ഒരു വലിയ വായയും മാത്രമാണ് അവനാവശ്യം.അതുകൊണ്ടാണ് ഇയാള്‍ തലയറ്റുപോയ കബന്ധമായത് .ഇവര്‍ ചിരഞ്ജീവികളാണ്. ഏതു ദേശത്തും ഏതുകാലത്തും ഇവരുണ്ടാവും. അതുകൊണ്ടുതന്നെയാണ് ലക്ഷ്മണാ, നാം വീണ്ടും വീണ്ടും അടവികളില്‍ നിയോഗിക്കപ്പെടുന്നത്.. എത്ര ജന്മമെടുത്താലും നമുക്ക് ഇവരുടെ പരമ്പര ഇല്ലാതാക്കാനാവില്ല.
നീണ്ടു വരുന്ന ഈ കെെകള്‍ വെട്ടി മാറ്റിയതുകൊണ്ടൂ മാത്രം നമ്മുടെ നിയോഗം പൂര്‍ണ്ണമാകുന്നില്ല.എത്ര വട്ടം മുറിച്ചു വീഴ്ത്തിയാലും വീണ്ടും ഉയരുന്ന അഹംകാരത്തിന്റെ തലകളുള്ള ദശാനനന്മാരും ഈ ചിരം ജീവികളുടെ വംശജരായി ഉണ്ട്.
രാജഭോഗങ്ങളും കുടുംബ സുഖവും ഉപേക്ഷിച്ച് ഇവരോട് പൊരുതാന്‍ നിയോഗിക്കപ്പെട്ടവരാണ് നീയും ഞാനും.നമ്മുടേത് അവതാരമാണെന്ന് പാടി നടക്കുന്ന കവികള്‍ സൂത്രശാലികളാണ്. ഈ നിയോഗത്തില്‍ നിന്ന് പിന്‍തിരിയാനാവാത്തവിധം ഘോരമായ വനാന്തരങ്ങളിലേക്ക് അവര്‍ നമ്മളെ നയിച്ചു കഴിഞ്ഞിരിക്കുന്നു. വരൂ, നടക്കാം.''
paduthol

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക