രണ്ടാമൂഴം........
പതിവ് പോലെ അവൾ തന്ന ചായയും കുടിച്ച് കൊണ്ടാണ് അന്നും പത്രവായന തുടങ്ങിയത്. ആ വാർത്ത കണ്ടിട്ട് ഞാനൊന്ന് ഞെട്ടി, അതെ ചരമക്കോളത്തിൽ എന്റെ പടം. ഇനി കൂട്ടുകാർ ആരെങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്തതാകുമോ....?. വഴിയില്ല.... എന്നാലും വർഷങ്ങളായി ഞാൻ വിശ്വസിക്കുന്ന പത്രമല്ലേ....
ഒന്ന് നില്ക്കൂ..
ശരിയാണ്. ഇന്നലെ രാത്രിയിൽ എന്റെ നെഞ്ചിൽ ചെറിയൊരു വേദന അനുഭവപ്പെട്ടിരുന്നു, വല്ലാതെ വിയർത്തിരുന്നു ഞാൻ. പിന്നീട്........ പിന്നീട് ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. എന്നാൽ ജീവിതത്തിൽ ഇത്ര സുഖമായി ഇന്നലെ ഉറങ്ങിയത് പോലെ ഒരിക്കലും ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.
ദൈവമേ...... രാവിലെ സമയം എട്ട് മണിയായിരിക്കുന്നു. ഓഫീസിൽ എത്തുവാൻ എന്നും പോലെ ഇന്നും വൈകിയേക്കാം. ആ മുഷടൻ ബോസിന്റെ വഴക്കിന്നും കേൾക്കണമായിരിക്കും. പക്ഷെ എന്റെ വീടിന്റെ മുന്നിൽ എന്തിനാണാവോ ഈ ചെറിയ പന്തലൊരുങ്ങിയിരിക്കുന്നത്. ഗേറ്റിനോട് ചേർന്നൊരു കറുത്ത കൊടിയും. തിരികെ വീടിനകത്തേക്ക് കയറിയ ഞാൻ ഞെട്ടി പോയി. ഒരു ബ്രാന്റിന്റെയും പ്രിൻറ്നെയിം ഇല്ലാത്ത ഒരു സാധാരണ വെള്ളത്തുണിയിൽ പൊന്നു പോലെ ഞാൻ കാത്ത് സൂക്ഷിക്കുന്ന എന്റെ ശരീരത്തെ പൊതിഞ്ഞ് നിലത്ത് കിടത്തിയിരിക്കുന്നു. അതിന് ചുറ്റുമായ് എന്റെ കുടുംബവും, ചില ബന്ധുക്കളും, അയൽവാസികളും ഇരിപ്പുണ്ട്.....
"ആരെങ്കിലുമൊന്ന് നോക്കൂ. നിങ്ങൾ എന്ത് ഭ്രാന്താണീ കാണിക്കുന്നത്. " എന്റെ ശബ്ദം കേട്ടാൽ വിറകൊണ്ടിരുന്ന ആരും തന്നെ എന്നെയൊന്ന് നോക്കി കൂടിയില്ല. പിന്നെയും ഉറക്കെ വിളിച്ചൂ. ഒരു രക്ഷയും കണ്ടില്ല. നിറഞ്ഞ കണ്ണുകളോടെ എല്ലാവരും എന്റെ ശരീരത്തിൽ നോക്കി വിലപിച്ചു കൊണ്ടേയിരുന്നു.
എന്റെ ഭാര്യ അവളുടെ ഭർത്താവ് മരിച്ചു പോയത് പോലെ കിടന്ന് അലറി വിളിക്കുന്നു. എന്റെ മകനും, മകളും തേങ്ങി തേങ്ങി കരയുന്നു. എന്റെ മാതാപിതാക്കൾ മോഹാലസ്യരായി കിടക്കുന്നു. ഇനിയെങ്ങാനും ഞാൻ മരിച്ചുവോ........?????
അതെങ്ങനെ ഇത്ര പെട്ടെന്നെങ്ങനാണ് ഞാൻ മരിക്കുക.
എന്റെ മക്കളോട്, അവരെ ഞാൻ വല്ലാതെ സ്നേഹിക്കുന്നുവെന്നും, അവർക്കായാണ് ഞാൻ ജീവിക്കുന്നതെന്നും പറയാതെ എങ്ങനെയാണെനിക്ക് മരിക്കാനാവുക.
വിവാഹം കഴിഞ്ഞ നാൾ മുതൽ എന്നെയും സേവിച്ച് , എന്നെ മാത്രം സ്നേഹിച്ച്, എന്റെ മക്കൾക്ക് ജന്മം നല്കിയ എന്റെ സ്വന്തം ഭാര്യ. അവളോട് സ്നേഹത്തോടെ ഒരു വാക്ക് പറഞ്ഞിട്ട് എത്ര നാളുകളായി. ഒരു മുത്തം നല്കിയിട്ട് എത്ര നാളുകളായി. പാവം ഒരു അടിമയെ പോലെ എന്റെ കൂടെ കഴിയുന്ന അവളെ ഒന്ന് പ്രണയിക്കാൻ കൂടി ഒരുങ്ങാതെ എങ്ങനെയാണെനിക്ക് മരിക്കാനാവുക.
എന്നെ വളർത്തി വലുതാക്കിയ എന്റെ മാതാപിതാക്കൾ. അവരില്ലാതെ ഞാനില്ലന്ന് പറയാതെ എങ്ങനെയാണെനിക്ക് മരിക്കാനാവുക....
എന്റെ എല്ലാ ഉയർച്ചയിലും താഴ്ച്ചയിലും എന്നോടൊപ്പം നിന്ന എന്റെ കൂട്ടുകാർ. പക്ഷെ അവർക്കൊരിക്കലും ഒരു നന്മ ചെയ്യുവാനെനിക്ക് കഴിഞ്ഞിട്ടില്ല. അവരോടൊരു നന്ദി പറയാതെ എങ്ങനെയാണെനിക്ക് മരിക്കാനാവുക...
ഹോ..... എനിക്ക് വല്ലാത്ത ദേഷ്യം തോന്നുന്നു. ഇവരാരും എന്നെയൊന്ന് നോക്കുന്നു കൂടിയില്ലല്ലോ ദൈവമേ.......
സമാധാനമായി.. ആ നില്ക്കുന്നത് എന്റെ അനുജനല്ലേ. അവന്റെ അടുത്തേക്ക് ചെല്ലാം.
എന്ത് ????
അവനും അവന്റെ കണ്ണുനീർ മറച്ചു വെക്കുവാനുള്ള ശ്രമത്തിലാണല്ലോ......
അവനും അവന്റെ കണ്ണുനീർ മറച്ചു വെക്കുവാനുള്ള ശ്രമത്തിലാണല്ലോ......
ചെറുപ്പം മുതൽ ഞങ്ങൾ മിത്രങ്ങൾ മാത്രമല്ലായിരുന്നു. ഒരൊളിവും മറയും ഇടയിൽ ഇല്ലാതിരുന്ന ഉറ്റ സുഹൃത്തുക്കൾ കൂടിയായിരുന്നു. ഒരു ചെറിയ തെറ്റിദ്ധാരണയുടെ ഫലമായി ഞങ്ങൾ വല്ലാതെ അകന്നു. ഈഗോ കയറി കൂടിയ മനസ്സുകളുടെ ഉടമകളായ ഞങ്ങൾ അന്ന് മുതൽ ഏറെ അകന്ന് തുടങ്ങി.പരസ്പരം മാപ്പ് പറയാൻ മറന്നു പോയവർ.
എന്തായാലും ഞാൻ പറയുന്നത് മറ്റാരെക്കാളും നല്ല പോലെ മനസ്സിലാക്കുവാൻ അവന് കഴിയുമെന്ന കാര്യത്തിൽ എനിക്കുറപ്പാണ്. അവന്റെ അരികിലേക്ക് പോകാം. കഴിഞ്ഞു പോയ തെറ്റുകൾക്കൊക്കെ അവനോട് ക്ഷമയും ചോദിക്കാമല്ലോ. അങ്ങനെ അവന്റെ അരികിലുമെത്തി ഞാൻ..
ഇവിടെ നടക്കുന്നതൊക്കെ വെറും മായാജാലങ്ങളാണെന്ന് എത്ര എളിമയോടെ പറഞ്ഞിട്ടും, അവനും എന്നെയൊന്ന് നോക്കുവാൻ കൂടി കൂട്ടാക്കിയില്ല. ഇപോഴും അഹങ്കാരത്തിനൊരു കുറവുമില്ലെന്ന് തോന്നുന്നു. ഇനി ഞാനേതു ഭാഷയിലാണ് ക്ഷമ പറയുക. അവസാനം അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ വാർന്നതു കണ്ടപ്പോൾ ഞാനും അറിയാതെ കരഞ്ഞു പോയ്. അവൻ എന്നെ ഇത്രക്ക് സ്നേഹിക്കുന്നുണ്ടോ.....?
"ഇനിയെങ്ങാനും സത്യത്തിൽ ഞാൻ മരിച്ചുവോ....?????"
വീട്ടിൽ തിരക്ക് കൂടിയിരിക്കുന്നു. ഇന്നിതുവരെ ഞാനെന്ന വ്യക്തിയെക്കൊണ്ട് നാടിനോ, നാട്ടുകാർക്കോ ഒരു പ്രയോജനവുമുണ്ടായിട്ടില്ല. അവരെയൊക്കെ ഞാൻ വളരെ തരംതാഴ്ത്തിയാണ് കണ്ടിട്ടുള്ളതും. എന്നിട്ടും വരുന്നവരും പോകുന്നവരുമൊക്കെ ഞാനെത്ര നല്ല മനുഷ്യനായിരുന്നുവെന്ന് കള്ളം പറയുന്നു. അവരിൽ നിന്നു പോലും ആർക്കും എന്നെ കാണാൻ കഴിയുന്നില്ലല്ലോ ദൈവമേ.....
നിലത്തു കിടത്തിയിരിക്കുന്ന എന്റെ ശരീരത്തിന്റെ അടുക്കൽ അല്പനേരമൊന്നിരുന്നു....
എന്ത് ചെയ്യാം......?
എങ്ങനെ ചെയ്യാം.....?
എങ്ങനെ ചെയ്യാം.....?
*************************
"ആരും എന്നെ മനസ്സിലാക്കുന്നില്ലല്ലോ ദൈവമേ.
ഇനിയെങ്ങാനും ഞാൻ മരിച്ചുവെങ്കിൽ......കുറച്ച് സമയം കൂടി എനിക്ക് തരുവാൻ കഴിയുമോ......?"
ഇനിയെങ്ങാനും ഞാൻ മരിച്ചുവെങ്കിൽ......കുറച്ച് സമയം കൂടി എനിക്ക് തരുവാൻ കഴിയുമോ......?"
എന്റെ മക്കളോടും, മാതാപിതാക്കളോടും, ഭാര്യയോടും അവസാനമായി ഒരു യാത്രയെങ്കിലും പറയാതെ എങ്ങനെയാണ് ഞാനവരെ വിട്ടു പിരിഞ്ഞു പോവുക.....
ഒരിക്കൽ പോലും സ്നേഹത്തിന്റെ ഭാഷ എന്റെ ഭാര്യ കേട്ടിട്ടില്ല. കാരണം ഞാനവളോട് ആ ഭാഷയിൽ ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഇനിയൊരിക്കലും അതിനെനിക്ക് കഴിയില്ലെന്നാണോ.
ഏറ്റവും പ്രിയപ്പെട്ട എന്റെ മക്കളെ ഒരു നല്ല നിലയിൽ എത്തിക്കാനാകില്ലെന്നാണോ.
ചിരി തൂകി എനിക്കായ് കാത്തിരിക്കുന്ന അമ്മയെ ഇനിയും കാണാൻ കഴിയില്ലെന്നാണോ. എന്റെ പേരിൽ അഹങ്കരിക്കുന്ന അച്ചന്റെ ഒരു നല്ല മകനാകുവാൻ ഒരിക്കലും കഴിയില്ലെന്നാണോ.
ഏറ്റവും പ്രിയപ്പെട്ട എന്റെ മക്കളെ ഒരു നല്ല നിലയിൽ എത്തിക്കാനാകില്ലെന്നാണോ.
ചിരി തൂകി എനിക്കായ് കാത്തിരിക്കുന്ന അമ്മയെ ഇനിയും കാണാൻ കഴിയില്ലെന്നാണോ. എന്റെ പേരിൽ അഹങ്കരിക്കുന്ന അച്ചന്റെ ഒരു നല്ല മകനാകുവാൻ ഒരിക്കലും കഴിയില്ലെന്നാണോ.
അതിനായ് ഒരല്പം സമയം കൂടി വേണം. ഇവർക്കായ് ഒരിക്കലും സമയം കണ്ടെത്തുവാനായില്ലെനിക്ക്. നേട്ടങ്ങളുടെ പിറകിനുള്ള ഓട്ടത്തിനിടയിൽ ഞാനെല്ലാം മറന്നു പോയ്.... മാപ്പ്.
അങ്ങനെ ഞാനും പൊട്ടിക്കരഞ്ഞുപോയ്.....
അപ്പോഴാണ് ആരോ എന്നെ തട്ടി വിളിച്ചത്.
ഞാൻ കണ്ണുകൾ തുറന്നു.
" ചേട്ടാ... എഴുന്നേൽക്കൂ. സമയമേറെയായി. ഇന്ന് ഓഫീസിൽ പോകേണ്ടതല്ലിയോ....."
കുട്ടികൾ സ്കൂളിൽ പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു..
അടുത്ത മുറിയിൽ നിന്ന് അമ്മയുടെ നാമജപവും കേൾക്കാമായിരുന്നു....
അടുത്ത മുറിയിൽ നിന്ന് അമ്മയുടെ നാമജപവും കേൾക്കാമായിരുന്നു....
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളെ ഞാൻ വാരിപ്പുണർന്നു. കവിളിലും, നെറുകയിലും ചുംബനങ്ങൾ കൊണ്ടുള്ളൊരു തുലാഭാരം ഞാൻ നടത്തി.
" പെണ്ണേ നീയെത്ര സുന്ദരിയാണ്.... സത്യത്തിൽ നിന്നെപ്പോലൊരു ഭാര്യയെ കിട്ടിയ ഞാനെത്ര ഭാഗ്യവാനാണെന്നോ. കഴിഞ്ഞതിനൊക്കെ നീയെന്നോട് ക്ഷമിക്കൂ..."
അവൾക്ക് ഒന്നും തന്നെ മനസ്സിലാക്കുവാനായില്ല. ആ പാവത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. കവിളുകൾ സ്നേഹത്തിന്റെ ചുവപ്പിൽ തുടുത്തതായി തോന്നി. അന്ന് വരെ ചിരിക്കാൻ മറന്നു പോയവൾ ചിരിച്ചു കണ്ടു..... അതെ അവൾ ശരിക്കും സുന്ദരിയാണ്.
ഇതെനിക്കൊരു രണ്ടാമൂഴമാണ്....
( നിയാസ് അബൂബേക്കർ )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക