Slider

മുഖമില്ലാത്ത ഇടങ്ങളിൽ സ്നേഹം തിരയുന്നവർ

0
മുഖമില്ലാത്ത ഇടങ്ങളിൽ സ്നേഹം തിരയുന്നവർ
ആരതി ഒന്നുകൂടി 'സറാഹ ' കൊടുത്ത കത്ത് വായിച്ചു :
"ഓ... ആരതി.. കണ്ട നാൾ മുതൽ എന്റെ സ്വപനങ്ങളിൽ മുഴുവൻ നീ മാത്രമാണ്. നിന്റെ ചിരിയിൽ, കണ്ണുകളിൽ, കവിതകളിൽ മാത്രമായി എന്റെ ലോകം ചുരുങ്ങിപ്പോയിരിക്കുന്നു. നീ വരില്ലേ.."
'സറാഹ' സോഷ്യൽ നെറ്റ് വർക്കിൽ അവൾ ജോയിൻ ചെയ്തത് പലരെപ്പോലെയും ഒരു തമാശക്ക് വേണ്ടി മാത്രമായിരുന്നു. ഇത് ആരെങ്കിലും വെറുതെ കളിയായി എഴുതിയതാണെന്ന് അവൾ വിശ്വസിക്കുമായിരുന്നു. പക്ഷെ ഇത് മൂന്നാമത്തെ തവണയാണ് ഇതേ രീതിയിലുള്ള മെസ്സേജ് കിട്ടുന്നത്. ഒരാൾ എഴുതിയതാണെന്ന് വ്യക്തം. കോളജിൽ പഠിക്കുന്ന കാലത്ത് ഒരു പ്രണയമൊക്കെ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ വല്ലാത്ത അസ്വസ്ഥത? ആരായിരിക്കും അത്? എന്തായാലും ഒന്ന് കണ്ടെത്തണം? മെസ്സേജ് അവളുടെ വാളിൽ ഇട്ടു. തുടരെത്തുടരെ സമാനമായ മെസ്സേജുകൾ...എല്ലാം അവൾ പബ്ലിക്കായി പോസ്റ്റ് ചെയ്തു...കാണണം അവനെ... ..ആയിരത്തിലധികം സുഹൃത്തുക്കളുള്ള അവൾക്ക് മുന്നോറോളം ആളുകൾ കമന്റുകൾ നൽകി. അവൾ ചില കമന്റുകൾ ഇഴ കീറി നോക്കി....എന്നിട്ടും ഉറപ്പിക്കാൻ പറ്റിയില്ല... പക്ഷെ അപ്പോഴേക്കും മറ്റൊന്ന് സംഭവിച്ചിരുന്നു. നേരം ഇരുട്ടുമ്പോൾ അവളുടെ പച്ച വെളിച്ചത്തിനു ചുറ്റും വണ്ടുകൾ മൂളിപ്പറന്നു. അവൾ എല്ലാവരെയും സ്വീകരിച്ചു ...മറ്റൊന്നിനുമല്ല, അവനെ കണ്ടെത്തണം. അത്രമാത്രം
ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൻ വെളിയിൽ വന്നു. അവൾ ശരിക്കും അതിശയിച്ചുപോയി. സത്യത്തിൽ അവളുടെ അടുത്ത സുഹൃത്ത് പോലുമല്ല അവൻ. വല്ലപ്പോഴും എഴുത്തുകൾ കാണാറുണ്ട് അവന്റെ. സാരോപദേശം പോലുള്ളവ. പക്ഷെ പച്ച വെളിച്ചത്തിൽ അവൻ കത്തിക്കയറിയപ്പോൾ ആരതി അടിയറവു പറഞ്ഞു.. അവന്റെ തോളിലേക്ക് മെല്ലെ അവൾ ചാഞ്ഞു വീണു
22 കാരിയായ ആരതി ഇപ്പോൾ ഒരു ഡി-അഡിക്ഷൻ സെന്ററിൽ ആണ്. ശരീരവും മനസ്സും നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് അവൾക്ക് തന്റെ സ്ത്രീത്വത്തിന്റെ മൂല്യം മനസ്സിലായത്.
പറയുന്നത് സൗഹൃദത്തെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ അല്ല - മുഖമില്ലാത്ത ഇടങ്ങളിൽ സ്നേഹം തിരയുന്ന ഭ്രാന്തുകളെ കുറിച്ചാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എല്ലാവര്ക്കും ഇഷ്ടം. സ്നേഹം അല്ലെങ്കിൽ പ്രണയം മൂശയിലിട്ട് വാർത്ത് ഉണ്ടാക്കാൻ പറ്റില്ല. നിലാവുള്ള രാത്രിയിൽ പൊടുന്നനെ പെയ്തിറങ്ങുന്ന മഴത്തുള്ളി പോലെയാണത്. എവിടെ, എപ്പോൾ, എങ്ങിനെ - ഒന്നും പറയാൻ പറ്റില്ല.
പലപ്പോഴും ആളുകൾ പറയുന്നതാണ് - എന്നെ ആരും സ്നേഹിക്കുന്നില്ല എന്ന്. അല്ലെങ്കിൽ ഞാൻ എത്ര സ്നേഹിച്ചിട്ടും തിരിച്ചൊന്നും കിട്ടുന്നില്ല എന്ന്. ഇവിടെത്തന്നെ തെറ്റ് പറ്റുന്നു. സ്നേഹം ഒരു വിനിമയ ചരക്കാക്കി മനസ്സിലാക്കുമ്പോഴാണ് ഈ ചിന്ത മനസ്സിലേക്ക് വരുന്നത്. സ്വാർത്ഥതയാണ് പലപ്പോഴും ഇക്കാര്യത്തിൽ നമുക്ക്. എനിക്ക് അവന്റെ/അവളുടെ സ്നേഹം വേണം - എന്റെ സന്തോഷത്തിന്. പക്ഷെ അവനോ/അവൾക്കോ തിരിച്ചും അതാവശ്യമാണ് എന്ന് ഓർക്കാറില്ല.
വരൂ....നമുക്കൊരിത്തിരി നടക്കാം.. ആ മൊബൈൽ ഫോണിലെ നെറ്റ് ഓഫാക്കി ഇട്ടോളൂ..ആ പാർക്കിലേക്ക്, ആ പൂന്തോട്ടത്തിന്റെ ചാരെ അല്പം വെറുതെ ഇരിക്കാം...അല്ലെങ്കിൽ ചളിയിലൂടെ കാലുകൾ പൂഴ്ത്തി നടന്നു ആ പുഴക്കരയിൽ എത്തി വെറുതെ വെള്ളത്തിലേക്ക് വെള്ളാരം കല്ലുകൾ എറിയാം..... കടലിനടുത്തേക്ക് പോയി തിരയുടെ കണ്ണുകളിലേക്ക് വിരലുകൾ ചേർക്കാം ....മനസ്സ് തരളിതമാവുന്നുണ്ടോ ? അനുഭവിക്കുന്നുണ്ടോ സ്നേഹം, പ്രണയം ?
...ഇനിയും വരൂ...ആ പ്രീ-പ്രൈമറി സ്‌കൂൾ വിടുന്ന സമയത്ത് മരച്ചോട്ടിൽ ചാരി നിന്ന് പുറത്തേക്ക് ഓടി വരുന്ന ഓരോ കുരുന്നേയും വെറുതെ നോക്കാം ... നൂറായിരം ഭാവങ്ങൾ കാണുന്നുണ്ടോ ? പോരാ ..അവരുടെ കൂടെ നമുക്ക് പോകാനുണ്ട് അവരുടെ വീടുകളിലേക്ക്. വീടുകളിലേക്ക് ഓടിക്കയറുമ്പോൾ കവിളുകളിൽ സൂര്യൻ പൂക്കുന്നുണ്ടോ ? ..ചേർത്ത് പിടിക്കുന്ന അമ്മയുടെ/അച്ഛന്റെ/ചേച്ചിയുടെ കണ്ണുകളിൽ നോക്കണം അപ്പോൾ - കാണുന്നുണ്ടോ അവിടെ സ്നേഹം??
നമുക്ക് പോകാറായിട്ടില്ല...ദാ, അവിടെ ആ റയിൽവേ സ്റ്റേഷന്റെ പരിസരത്ത്, ഫ്ലൈ ഓവറിനു അടിയിൽ അല്ലെങ്കിൽ സിറ്റി മാളിന് തൊട്ട് പിറകിലുള്ള വൃത്തികെട്ട കോളനിയിൽ ഒന്ന് കറങ്ങി വരാം...എന്താണ് കാണുന്നത് ? അവർ വരച്ചിടുന്ന ചിത്രങ്ങൾക്ക് നാം എന്ത് പേരിട്ടു വിളിക്കും? വേഗം നടക്കൂ...ഇരുട്ടിനു മുൻപ് ഇനിയും പോകാനുണ്ട് ചില സ്ഥലങ്ങളിൽ ...ആദ്യം കയറേണ്ടത് ജില്ലാ ആശുപത്രിയിലാണ്...ഇതാ ഈ അറ്റത്തു നിന്നുള്ള ജനറൽ വാർഡിൽ തുടങ്ങാം....ഓരോ കാഴചയും കാണേണ്ടത് കണ്ണ് കൊണ്ടല്ല, സ്നേഹമറിയില്ല എന്ന് പറയുന്ന നമ്മുടെ ഹൃദയം കൊണ്ടാണ്....എന്ത് ? രണ്ടു വാർഡുകളിൽ കയറി ഇറങ്ങുമ്പോഴേക്കും എനിക്കും നിനക്കും മടുത്തോ ? ഇരുട്ടുന്നതിനു മുൻപ് പോകേണ്ടിയിരുന്ന വേറെയും ചില സ്ഥലങ്ങൾ ഉണ്ടായിരുന്നു.. അധികം അകലെയല്ലാത്ത അനാഥാലയവും പാലിയേറ്റീവ് കെയർ യൂണിറ്റും.
ശരി...ഇന്നത്തെ ഈ യാത്ര കഴിഞ്ഞിട്ടും നമുക്ക് സ്നേഹത്തിന്റെ ഒരു താളെങ്കിലും തുറക്കാൻ പറ്റിയില്ലെങ്കിൽ പോകാൻ ഒരിടം ബാക്കിയുണ്ട് : .
നീല തിമിംഗലത്തിന്റെ വായയിലേക്ക്, അതാണ് നല്ലത് - കാരണം ഈ ഭൂമിക്ക് നമ്മെ കൊണ്ട് ഒരു ഉപകാരവും ഇല്ല തന്നെ !
(ഹാരിസ് )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo