Slider

മഹാബലി ഓൺലൈൻ

0
മഹാബലി ഓൺലൈൻ
---------------------------------
മൊബൈലിലെ അലാറം നീട്ടിയടിക്കുന്നത് കേട്ടാണ് മഹാബലി തമ്പുരാൻ ഉറക്കം ഉണർന്നത്. ഒന്നു കണ്ണു തിരുമ്മി അദ്ദേഹം മൊബൈലിലേക്ക് നോക്കി.
'ശെടാ... ഇന്ന് നേരത്തെ ആണല്ലോ.."
പെട്ടെന്നാണ് അദ്ദേഹം ഇന്ന് തിരുവോണമാണെന്ന കാര്യം ഓർത്തത്.
നേരത്തെ എഴുന്നേൽക്കാനായി താൻ തന്നെയാണല്ലോ അലാറം നേരത്തെ സെറ്റ് ചെയ്തത് . ഈയിടെയായി അല്പം മറവി കൂടിയിട്ടുണ്ട്. ആഹ്... പ്രായം കുറെയായില്ലേ.. അദ്ദേഹം ആത്മഗതം നടത്തി..
ഒരു വർഷത്തിനിപ്പുറം വീണ്ടും മലയാള നാട്ടിലെ പ്രജകളെ കാണാൻ ഉള്ള അവസരം വന്നെന്ന കാര്യം ഓർത്തപ്പോൾ അദേഹത്തിന്റെ മുഖത്ത് പതിവില്ലാത്ത വിധം പ്രസരിപ്പും ഉന്മേഷവും നിറഞ്ഞു.
തന്റെ കൊമ്പൻ മീശയിൽ ഒന്നു തലോടി കുടവയറിൽ ഒന്നു തഴുകി അദ്ദേഹം എഴുന്നേറ്റു. ഹീറ്റർ ഓണാക്കാൻ തുടങ്ങിയയപ്പോഴേക്കും കറന്റ് പോയി.
ആ പുലർച്ചക്ക് തണുപ്പ് വക വെക്കാതെ കുളിച്ച് കുട്ടപ്പനായി.
ഇത്തവണ ആ എം എം മണിയെ പ്രത്യേകം ഒന്നു കാണണം അദ്ദേഹം മനസ്സിൽ കരുതി.
മേക്കപ്പും ഭക്ഷണവും ഒക്കെ കഴിഞ്ഞപ്പോഴേക്കും സമയം കുറച്ച് വൈകി.
പെട്ടെന്ന് തന്നെ ഓലക്കുട പൊടി തട്ടി എടുത്ത് യാത്രക്കായി ഭൃത്യൻ തയ്യാറാക്കിയ കാറിനടുത്തേക്ക് നീങ്ങി.
"പെട്രോൾ ഫുൾ ടാങ്ക് അല്ലെ ?"
"അതേ പ്രഭോ, പക്ഷെ പെട്രോളിന് കഴിഞ്ഞ തവണത്തേക്കാളും 10 രൂപയോളം വില കൂടി. ഇങ്ങനെ പോകുകയാണെങ്കിൽ....."
"ആഹ്... അടുത്ത തവണ നമുക്കു യാത്ര വല്ല സൈക്കിളിലും ആക്കാം. നമ്മുടെ ആരോഗ്യത്തിനും അതാ നല്ലത് "
കുടവയർ തഴുകി കൊണ്ട് അദ്ദേഹം പറഞ്ഞു.
"നമ്മുടെ പ്രജകൾ ഒക്കെ എങ്ങനെ ജീവിക്കുന്നോ ആവോ..."
പെട്ടെന്നാണ് മൊബൈൽ എടുക്കാൻ മറന്നെന്ന കാര്യം അദ്ദേഹം ഓർത്തത്.
റൂമിലേക്ക് പോയി മൊബൈൽ എടുത്തപ്പോഴാണ് ഒന്നു വാർത്ത വായിച്ചേക്കാം എന്നു കരുതിയത്.
അഥവാ ഇന്നിനി വല്ല ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലോ. പ്രജകളാണെങ്കിലും പഹയന്മാരാണ്. നട്ടപ്പാതിരക്കൊക്കെ കേറി ഹർത്താൽ പ്രഖ്യാപിച്ച് കളയും.ഹർത്താൽ ആണെങ്കി പിന്നെ അവർക്കെന്ത് മാവേലിയും വാമനനും.
മഹാബലി ഫോണിലെ നെറ്റ് ഓണാക്കി.
നെറ്റ് ഓണക്കാൻ കാത്ത് നിൽക്കുകയായിരുന്നു വാട്‌സ്ആപ്പ്, ടെലിഗ്രാം, മെസ്സെഞ്ചർ, ട്വിറ്റര് , ഫേസ്ബുക എന്നിവർ. അവർ കേറിയങ്ങ് അപ്‌ഡേറ്റ് ആകാൻ തുടങ്ങി.. ചറ പറ മെസ്സേജുകൾ...
ഫോൺ, നോട്ടിഫിക്കേഷൻ ടോണുകളാൽ സവിശേഷ താളം പുറപ്പെടുവിച്ച് തുടങ്ങി.
ഒടുവിൽ ആ പ്രമുഖ ഫോൺ തനി സ്വഭാവം കാട്ടി..
സ്റ്റക്ക് !!!!!
"ശെടാ.. ഇത്രേം മെസേജുകളോ.. എന്നാൽ കാര്യം എന്താണെന്നൊന്നറിയണമല്ലോ..."
പണ്ടേ പാതാളത്തോളം താഴ്ന്നതിനാൽ ക്ഷമയേറെ ഉണ്ടെന്നതിനാൽ അദ്ദേഹം കാത്തിരുന്നു.
കോഫി മേക്കറിൽ നിന്നും ഒരു കോഫിയുണ്ടാക്കി കുടിച്ച് കഴിഞ്ഞപ്പോഴേക്കും ഭാഗ്യവശാൽ ഫോൺ പൂർവ സ്ഥിതി പ്രാപിച്ചു.
അദ്ദേഹം വാട്‌സ്ആപ്പ് തുറന്നു നോക്കി..
Happy onam.. Welcome to kerala...
"ഓഹ്.. ഓണം വിഷസ് ആണ്.. ഈ പ്രജകളുടെ ഒരു കാര്യം"
അദ്ദേഹം മെസേജുകൾ ഒന്നൊന്നായി വായിച്ച് മറുപടി കൊടുക്കാൻ ആരംഭിച്ചു.
ഹാപ്പി ഓണം
ഹൃദയം നിറഞ്ഞ ഓണാശംസകൾ
ഐശ്വര്യവും സന്തോഷവും നിറഞ്ഞ പോന്നോണാശംസകൾ
പിന്നെ അസംഖ്യം പിക്ച്ചർ,GIF, വീഡിയോ മെസേജുകൾ...
അങ്ങനെ മെസേജുകൾ നീണ്ടു കിടന്നു.
ഇടക്ക് ഒരു മെസേജ് കണ്ണിലുടക്കി നിന്നു
"Happy and safe journey Broii.
Make dis onam an ever memrble one"
"
ഒരു unknown നമ്പർ ആണ്. അദ്ദേഹം ആ DP യിലേക്ക് സൂക്ഷിച്ച് നോക്കി.
അപ്പോഴാണ് ആളെ പിടികിട്ടിയത്.
വാമനൻ !!
ഓർമ്മകൾ കുറെ പുറകിലേക്ക് പോയി. ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
Thanks Broii
അപ്പോൾ തന്നെ റിപ്ലൈ അയച്ചു.
പിന്നെ മെസേജുകളിലൂടെ ഒരു സഞ്ചാരമായിരുന്നു.. എല്ലാവർക്കും മറുപടിയും ആശംസയും അയച്ച് കഴിഞ്ഞപ്പോഴേക്കും കഴുത്തിന്റെയും കണ്ണിന്റെയും കയ്യിന്റെയും പരിപ്പിളകി.
വീണ്ടും ഓലക്കുടയുമായി പിറത്തേക്ക്.
പുറത്തിറങ്ങിയ മഹാബലി ഞെട്ടി..
ചുറ്റും ഇരുട്ട്...
"ഭൃത്യാ.. ഇതെന്ത് പറ്റി, ഇത്ര പെട്ടെന്ന് ഇരുട്ടായോ ?"
"എന്ത് പറ്റാനാണ് പ്രഭോ. രാത്രിയായാൽ ഇരുട്ടാകുമല്ലോ"
"രാത്രിയോ ???? !!!"
"അങ്ങ് കാലത്ത് മുറിയിലേക്ക് തിരിച്ച് പോയപ്പോൾ ഞങ്ങൾ കരുതി ഈ കൊല്ലം കേരളത്തിലേക്ക് പോകുന്നില്ലെന്ന്.. അല്ലെങ്കിലും എല്ലാവരും ഓണ്ലൈനിൽ ഒക്കെ ഉള്ളപ്പോ എന്തിനാണ് വെറുതെ ഒരു യാത്ര. കേരളത്തിലെ മന്ത്രിമാർ വരെ ഇപ്പോ ഓണ്ലൈനിലാണ് പ്രജകൾക്ക് എല്ല കാര്യങ്ങളും ചെയ്ത് കൊടുക്കുന്നത്"
മെസേജിന് മറുപടി കൊടുത്ത് ആ തിരുവോണ ദിനം കടന്നു പോയെന്നു അപ്പോഴാണ് മഹാബലിക്ക് മനസ്സിലായത്.
എന്തായാലും എല്ലാവർക്കും മറുപടി കൊടുത്തല്ലോ എന്ന സമാധാനത്തിൽ അദ്ദേഹം മൊബൈൽ സ്ക്രീനിലേക്ക് നോക്കി. ആശംസ മെസേജുകൾ അപ്പോഴും അതിൽ വന്നു നിറയുന്നുണ്ടായിരുന്നു..

Rahul Raj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo