ഭാര്യയും മീനും ചില സത്യങ്ങളും
*******************************
*******************************
അന്ന് ഞങ്ങളുടെ വിവാഹ വാർഷികമായിരുന്നു. ഒരു ദുർബ്ബല നിമിഷത്തിൽ ചെയ്ത തെറ്റിന് ആ ദിവസം എന്റെ ബോഡിയും പേഴ്സും പൊതുദർശനത്തിന് നേരത്തേ തന്നെ വിട്ടുകൊടുത്തിരുന്നു. അങ്ങനെ വൈകിട്ട് ഒന്നുല്ലസിക്കാൻ "വിജയാസ്" എന്ന ഹോട്ടൽ കം ബേക്കറിയിൽ ഞങ്ങൾ എത്തി. പറഞ്ഞ ഓർഡർ വരാനെടുക്കുന്ന ഗ്യാപ്പിൽ "മഫിൻസ്'' എന്ന ചെറിയ കേക്കിൽ ഞങ്ങൾ കൈവച്ചു.
രണ്ടെണ്ണം വീതം കഴിച്ചിട്ടും കൊതിയടങ്ങാതെ അങ്ങനെയിരിക്കെയാണ് ലവന്റെ രംഗപ്രവേശം. വന്നപാടെ "അളിയാ എന്തുണ്ട് ?" എന്നു പറഞ്ഞ് എനിക്കൊരടിയും തന്ന് അവൻ ഞങ്ങളുടെ അടുത്തു വന്നിരുന്നു.
രണ്ടെണ്ണം വീതം കഴിച്ചിട്ടും കൊതിയടങ്ങാതെ അങ്ങനെയിരിക്കെയാണ് ലവന്റെ രംഗപ്രവേശം. വന്നപാടെ "അളിയാ എന്തുണ്ട് ?" എന്നു പറഞ്ഞ് എനിക്കൊരടിയും തന്ന് അവൻ ഞങ്ങളുടെ അടുത്തു വന്നിരുന്നു.
"ഇവനാണ് സിബി - എന്റെ ഓൾഡ് ഫ്രണ്ട്" ഞാൻ ഭാര്യയെ പരിചയപ്പെടുത്തി. നിമിഷ നേരം കൊണ്ട് എന്നെ വെറും കിളിയാക്കി മാറ്റി ഡ്രൈവിംഗ് സീറ്റിൽ കയറിയ അവൻ ഭാര്യയോടായി "ഈ ഹോട്ടലിലെ ചീഫ് ഷെഫ് ഞാനാ... അവർ ഒരു പാട് നിർബ്ബന്ധിച്ചു... നല്ല കാശ് തന്നപ്പൊ ഞാനും ഗൾഫീന്നിങ്ങ് പോന്നു.... അല്ല നിങ്ങൾ എന്താ ഓർഡർ കൊടുത്തത് ?....ശ്ശൊ.! എടാ പൊട്ടാ ... പിശുക്കാ.....ഓർഡർ ഞാൻ കൊടുക്കാം.... ഈ മഫിൻസ് എങ്ങനെയുണ്ട്? ''മഫിൻസിബി'' എന്നാരുന്നു ഗൾഫിൽ എന്റെ പേര്... ഹ...ഹ... നിങ്ങൾ ഇന്ന് ഗ്രിൽഡ് ഫിഷ് കഴിക്ക്." എന്നു തുടങ്ങി FM റേഡിയോ ജോക്കിയെപ്പോലെ ഞങ്ങളെ രണ്ടായി അറുത്ത് ഗ്രില്ല് ചെയ്യാൻ തുടങ്ങി.
എന്റെ നോട്ടവും ഭാവവും കണ്ട്, വെഡ്ഡിംഗ് ആനിവേഴ്സറിയിൽത്തന്നെ തമ്മിൽ പിരിയുന്ന കാര്യമോർത്തും, ലവന്റെ കത്തി സഹിക്കാനാവാഞ്ഞും മുന്നിൽ നിരന്ന കരിഞ്ഞ് പൊരിഞ്ഞ ആഹാരത്തിൽ നിന്ന് ഭാര്യയും മക്കളും പിന്നെ കണ്ണെടുത്തതേയില്ല. ഒരു ചുരിദാറിനു വേണ്ടി കരുതിയിരുന്ന കാശു കൂടി ബില്ലിനത്തിൽ ഒടുക്കിയാണ് അവന്റെ ആ തന്തൂരി അടുപ്പിൽ നിന്ന് ഒടുവിൽ രക്ഷനേടിയത്.
ഭാര്യയ്ക്ക് ഒരു സർപ്രൈസ് പോലെ പിറ്റേന്ന് ഒരു മൈക്രോവേവ് ഓവ്നു മായാണ് ഞാൻ അവതരിച്ചത്. ഹോട്ടലിൽ വച്ച് കേക്കിന്റേയും ഗ്രിൽഡ് ഫിഷ്, ചിക്കൻ ഐറ്റത്തിന്റേയും സങ്കേതികവിദ്യ ലവൻ കൈമാറിയപ്പൊ "ഞങ്ങളുടെ വീട്ടിലിതൊന്നുമില്ല" എന്ന് പറഞ്ഞു കൊണ്ട് അവൾ നോക്കിയ ഒരു നോട്ടവും ലവന്റെ ഒരു സൈഡ് കോട്ടിയ ചിരിയും എന്നെക്കൊണ്ടാ കടുംകൈ ചെയ്യിച്ചു എന്നു പറയുന്നതാവും സത്യം.
മഫിൻസും ഗ്രിൽഡ് ഫിഷും എന്തായാലും ഉണ്ടാക്കണമെന്ന അനാവശ്യ വാശിയാൽ ബേക്കിംഗ് സാധനങ്ങൾക്കൊപ്പം മീനും ഞാൻ വാങ്ങിയിരുന്നു. ഖുശ്ബുവിന്റെ അഴകളവുകളുള്ള, ചെമ്പല്ലിക്കോര എന്ന ശാസ്ത്രനാമത്താലറിയപ്പെടുന്ന അതിസുന്ദരിയായ ചുവന്ന സുന്ദരിയെയാണ് ഗ്രിൽഡ് ഫിഷ് ആക്കാൻ കൊണ്ടുവന്നത്.
അന്നത്തെ പ്രത്യേക സാഹചര്യവും ഭാര്യയോടുള്ള കറകളഞ്ഞ സ്നേഹവും, ഒരു ഫുൾ ഗ്രിൽഡ് മീൻ ആർക്കും കൊടുക്കാതെ തിന്നാനുള്ള ആക്രാന്തവും കൊണ്ട് ഞാൻ തന്നെയാണ് അവളെ വെട്ടിക്കഴുകി വൃത്തിയാക്കിയത്. "ഏഴിമലപ്പൂഞ്ചോല" എന്ന പാട്ടിൽ സ്മിതേച്ചി ലാലേട്ടന് എണ്ണതേച്ചു കൊടുക്കും പോലെ അരപ്പ് പുരട്ടിക്കൊടുത്തപ്പൊൾ അവളൊന്നു പുളഞ്ഞു, എന്നാലും ആ ആകാരവടിവിന് യാതൊരും കോട്ടവും വരാതെ മനസ്സിനെ കടിഞ്ഞാണിട്ട് നിർത്തിയ ഞാൻ ഒരു ഗ്ലാസ് പ്ലേറ്റിൽ അവളെ മെല്ലെ കിടത്തി.
നോക്കി നിൽക്കുന്തോറും അവളിൽ നിന്നു വന്ന വെളുത്തുള്ളിയുടേയും കുരുമുളകിന്റേയും മനം മയക്കുന്ന ഗന്ധവും അരപ്പ് പുരണ്ട് ചെങ്കല്ല് നിറത്തിലുള്ള സുന്ദരരൂപവും എന്നെ ഒരു ടി.ജി.രവിയാക്കിമാറ്റി. ഭാര്യയാകട്ടെ എന്റെ ഈ വികാരത്തള്ളിച്ചയെ ഗൗനിക്കാതെ ടോഷ്മ ബിജു വർഗ്ഗീസിന്റെ റെസീപ്പീ ബുക്കിലേക്ക് ഊളയിട്ടു. സമയം കഴിയുന്തോറും ടി.ജി.രവിയിൽ നിന്ന് ഒരു വേട്ടപ്പട്ടിയിലേക്ക് ഞാനറിയാതെ രൂപമാറ്റം സംഭവിക്കാനും വിശക്കുന്നു എന്ന മട്ടിൽ അവളെ മാന്താനും ചെറുതായി മുരളാനും തുടങ്ങി.
"അര മണിക്കൂറെങ്കിലും അരപ്പ് പുരട്ടി വയ്ക്കണമെന്നാ ടോഷ്മാ പറഞ്ഞിട്ടുള്ളത്"
"ഏതവളാടീ ഈ ടോഷ്മ?'' എന്നാണ് ചോദിക്കാൻ തുനിഞ്ഞതെങ്കിലും ആ സമയം ഗ്രന്ഥിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടോഷ്മ യുടെ "ഷ്" നൊപ്പം ചെടികളിലേക്ക് വെള്ളം ചീറ്റും മട്ടിൽ ഉമിനീരാണ് ഭാര്യയുടെ മുഖത്തേക്ക് തെറിച്ചത്. ഒന്നമർത്തി മൂളിക്കൊണ്ട് ഓവ്ൻ സ്പോൺസർ ചെയ്ത ആ വേട്ടപ്പട്ടിയെ അവൾ അടുക്കളയിൽ നിന്ന് നിഷ്കരുണം പുറത്താക്കി.
"ഏതവളാടീ ഈ ടോഷ്മ?'' എന്നാണ് ചോദിക്കാൻ തുനിഞ്ഞതെങ്കിലും ആ സമയം ഗ്രന്ഥിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടോഷ്മ യുടെ "ഷ്" നൊപ്പം ചെടികളിലേക്ക് വെള്ളം ചീറ്റും മട്ടിൽ ഉമിനീരാണ് ഭാര്യയുടെ മുഖത്തേക്ക് തെറിച്ചത്. ഒന്നമർത്തി മൂളിക്കൊണ്ട് ഓവ്ൻ സ്പോൺസർ ചെയ്ത ആ വേട്ടപ്പട്ടിയെ അവൾ അടുക്കളയിൽ നിന്ന് നിഷ്കരുണം പുറത്താക്കി.
പത്തു മിനിട്ട് പുറത്ത് കറങ്ങി നടന്നെങ്കിലും ഉദ്ദേശിച്ച കോൺസൻട്രേഷൻ കിട്ടാതെ ഞാൻ വീണ്ടും അടുക്കളയിലേക്ക് കയറി. അവിടെയതാ നമ്മുടെ ഖുശ്ബു മൈക്രോ വേവ് ഓവ്നുള്ളിൽ "എന്നെ രക്ഷിക്കൂ" എന്ന മട്ടിൽ കറങ്ങുന്നുണ്ടായിരുന്നു. ഭാര്യയാകട്ടെ ഖുശ്ബുവിനേയും വേട്ടപ്പട്ടിയേയും ശ്രദ്ധിക്കാതെ ഫോണിൽ സംസാരിച്ചുകൊണ്ട് ഓവ്ന്റെ ഏതൊക്കെയോ സ്വിച്ചുകളിൽ സിസേറിയൻ ചെയ്യുന്ന ഡോക്ടറുടെ മുഖഭാവത്തോടെ പിടിച്ച് തിരിക്കുകയും ഞെക്കുകയും ചെയ്തു കൊണ്ടിരുന്നു.
അവളുടെ കൈകളിലിരുന്ന ടോഷ്മ എന്നെ നോക്കി "എന്തോന്നെടേ ഇത്" എന്ന് പറയും പോലെ തോന്നി.
അവളുടെ കൈകളിലിരുന്ന ടോഷ്മ എന്നെ നോക്കി "എന്തോന്നെടേ ഇത്" എന്ന് പറയും പോലെ തോന്നി.
ഓവ്ൻ തുറന്നു കണ്ട ഞാൻ ഞെട്ടിപ്പോയി.. നമ്മുടെ ഖുഷ്ബു അതാ കറുത്ത് കരുവാളിച്ച് ഒരു ഉണക്ക മീനായി മാറിയിരിക്കുന്നു. ഓവ്നിലെ പ്ലേറ്റിൽ നിന്ന് പുറത്തിറക്കിയ അവളുടെ തുറിച്ച കണ്ണുകൾ അന്ത്യഘട്ടത്തിലെത്തിയ ഒരു എയ്ഡ്സ് രോഗിയെ അനുസ്മരിപ്പിച്ചു. അരപ്പ് തേച്ചപ്പോൾ മനസ്സിൽ തോന്നിയ മൃദുല വികാരങ്ങളെ അടക്കി നിർത്തിയ ഞാൻ ജലാംശം നഷ്ടപ്പെട്ട അവളുടെ അൽപ്പമെങ്കിലും മാംസമുള്ള നടുഭാഗത്ത് ആർത്തിയോടെ ഒന്നു തൊട്ടു. ഉണങ്ങിയ പുളിവിറകിൽ നിന്ന് തൊലി ഉരിഞ്ഞു വരുംപോലെ എന്തോ ഒന്ന് എന്റെ കൈയിൽ കിട്ടി. ടോഷ്മാ ബിജു വർഗ്ഗീസ് അപ്പോഴും ആ മറ്റേ നോട്ടത്തിൽത്തന്നെയായിരുന്നു.
ഇടക്കാലത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ പോലെ ഗ്രിൽഡ് ഫിഷും തുടർന്ന് മഫിൻസും മറ്റ് ഫ്യൂച്ചർ ഗ്രിൽഡ്-ബേക്കിംഗ് പ്രോജക്ടുകളും എട്ടു നിലയിൽ പരാജയപ്പെട്ട എന്റെ പ്രിയ ഭാര്യ കട്ടൻ ചായയ്ക്കും കരിങ്ങാലി വെള്ളത്തിനും അടിമയായി മാറി. ഓവ്നിൽ നിന്ന് കിട്ടിയ ചുള്ളിക്കമ്പ് വീശിയെറിഞ്ഞപ്പോൾ ആർത്തിയോടെ കഴിക്കാൻ ശ്രമിച്ച അയൽക്കാരുടെ പട്ടിയും അവനിൽ നിന്ന് അത് തട്ടിയെടുത്ത പൂച്ചയും അതിൽപിന്നെ ഞങ്ങളെ കണ്ടാൽ മൈന്റ് പോലും ചെയ്യാതെയായി. അതോടൊപ്പം ഫോണിലൂടെ ഓവ്ൻ പ്രവർത്തനം ഇത്ര കാര്യക്ഷമമായി നടപ്പിലാക്കിയ കൂട്ടുകാരിയെ അവൾ പിന്നീട് വിളിക്കാതെയുമായി. എലികൾക്ക് സ്റ്റുഡിയോ അപ്പാർട്ട്മെന്റ് ഒരുക്കി ഓവ്ൻ പതുക്കെ വിസ്മൃതിയിലാണ്ടു.
മീൻ വറുത്തരച്ചത്, പുളിയും മുളകും ചേർത്ത് വച്ചത്, ചിക്കൻ ടോഷ്മ പറയാത്തത് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ഭാര്യ വീണ്ടും ലൈംലൈറ്റിലെത്തിയ ഈയിടെയാണ് അത് സംഭവിച്ചത്. മക്കളുടെ യൂണിഫോം കഴുകി ഉണക്കിയില്ല എന്നതിനെച്ചൊല്ലി അവളുടെ ഉറക്കെയുള്ള വഴക്ക് കേട്ടാണ് അന്ന് ഞാൻ ഞെട്ടിയുണർന്നത്. കടുത്ത തലവേദന മൂലം അവൾ കിടന്നപ്പോൾ കഴുകിയ തുണി വിരിച്ചിടാമെന്ന് വാക്ക് കൊടുത്തതും, തുടർന്ന് കൂട്ടുകാർ വിളിച്ചതും ബിയർ പതഞ്ഞതും ഒരു ബ്ലാക്ക് & വൈറ്റ് ചിത്രം പോലെ ഓർമ്മയിൽ പതിയെ തെളിഞ്ഞ് വന്നു. ഇക്കുറി മക്കളാണ് ടോഷ്മ നോക്കും പോലെ എന്നേ നോക്കിയത്.
ഫ്രീസറിൽ നിന്നെടുത്ത ബിയർ ബോട്ടിൽ പോലെ നനഞ്ഞിരിക്കുന്ന യൂണിഫോം എന്നെ ഒന്ന് നോക്കി. സ്വന്തം തലവേദനയേയും, സ്വന്തം ഭർത്താവിനേയും, അന്യരെപ്പറയും പോലെ വഴക്ക് പറഞ്ഞ് അവൾ തെക്കുവടക്ക് നടന്നു. മക്കളാകട്ടെ ഒരാഴ്ച സ്കൂൾ അവധിയായ പോലെ ടിവി ഓണാക്കി. കൊച്ചു ടിവിയിലെ ബാലവീർ പോലും എന്നെ ഒരു മാതിരി ആക്കിയ നോട്ടമാണ് നോക്കുന്നതെന്ന് തോന്നി.
പെട്ടെന്നാണ് ഒരു ഐഡിയ കിട്ടിയത്. ഒരു മിലിട്ടറി ഓപ്പറേഷൻ പോലെ സ്റ്റുഡിയോ ഫ്ലാറ്റിൽ നിന്ന് എലികളെ ഒഴിപ്പിച്ച് ആ നനഞ്ഞ യൂണിഫോം നേരേ ഒവ്നിൽ കയറ്റി. ആദ്യമായി സിസേറിയൻ ചെയ്യുന്ന ഡോക്ടറെപ്പോലെ ഞാൻ ഓവ്നിലെ സ്വിച്ചുകൾ ഏതിലൊക്കെയോ തിരിച്ചു. യൂണിഫോമുമായി ഓവ്ൻ കറങ്ങാൻ തുടങ്ങി.
അൽഭുതം !! അതാ ഓവ്ൻ തുറക്കപെടുന്നു ...നല്ല ചൂട് യൂണിഫോം പുറത്ത് വരുന്നു... ഭാര്യയുടെ വായടയുന്നു.... അഭിമാനത്താൽ അവളുടെ മുഖം വിടരുന്നു....ഈ പെട്ടി കൊണ്ട് ഇങ്ങനെയൊരുപയോഗമോ എന്നു ചോദിച്ചു കൊണ്ട് അമ്മ അന്നത്തെ കല്യാണത്തിന് ഉടുക്കാൻ ഒരു നനഞ്ഞ പാവാടയും ബ്ലൗസുമായി പ്രത്യക്ഷപ്പെടുന്നു.... ടി.വി.അണയ്ക്കപ്പെടുന്നു.... മക്കളുടെ മുഖം ഇഞ്ചിക്കറി കൂട്ടിയ പോലെയാകുന്നു.... ടിവിയിലെ ബാലവീറിനൊപ്പം അലമാരയിരുന്ന് ടോഷ്മയും ആരാധനയോടെ എന്നേ നോക്കുന്നു....
എന്നാൽ ''ഇതൊക്കെ എന്ത്?" എന്ന ഭാവത്തിൽ കുബേരൻ സിനിമയിൽ ഓവ്നിൽ അണ്ടർവെയർ ഉണക്കുന്ന ദിലീപിനേയും സംവിധായകൻ സുന്ദർ ദാസിനേയും ഓർത്തുകൊണ്ട് ഭാര്യയിൽ നിന്ന് ചൂട് ചായയും ഒരുമ്മയും വാങ്ങി ഞാനും പോയി ഓഫീസിലേക്ക്.....
- ഗണേശ് -

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക