Slider

നീലത്തിമിംഗലം.

0
Image may contain: one or more people

നാട്ടാരൊക്കെയറിഞ്ഞൊരു കാര്യം
ചാക്യാരൊന്നു പറഞ്ഞോട്ടിവിടെ
നമ്മുടെ നാട്ടിലെ പിള്ളേരാരോ
തിമിംഗലവായിലകപ്പെട്ടെന്ന്
നാരായണന:മ നാരായണന:മ
നാട്ടിൽ നടക്കണതെന്തൊരു കഥ ന:മ
ചാക്യാർക്കുണ്ടൊരു സംശയമിപ്പോൾ
തെറ്റാണെങ്കിൽ ക്ഷമിക്കുക സദയം
കടലിൽ വസിക്കണ തിമിംഗലമെങ്ങനെ
കരയിൽ വന്നീവീടുകൾ കയറി ?
പഠിക്കാൻ പോകണ കുട്ടികളെങ്ങനെ
പിടിക്കാൻ പാകമകപ്പെട്ടവിടെ ?
പിന്നാ ചാക്യാരോർത്തത് കേട്ടോ
പഠിക്കാൻ പോകണ കുഞ്ഞുങ്ങൾക്ക്
ഗൂഗിൾ നോക്കാതെന്തു പഠിത്തം ?
ചാറ്റിംങ്ങില്ലാതെങ്ങനുറങ്ങും ?
അവിടുന്നെവിടോ കിട്ടിയതാണീ
ജീവനെടുക്കും കളിയുടെ രീതി
നാരായണന:മ നാരായണന:മ
നാട്ടിൽ നടക്കണതെന്തൊരു കഥ ന:മ
തറയും പറയും പഠിച്ചൊരു ഞങ്ങൾക്ക-
റിയാം ചില ചെറു നാടൻകളികൾ
വട്ടുകളിക്കും പന്ത് കളിക്കും പിന്നോ..?
തമ്മിൽ തമ്മിൽ ഗുസ്തി പിടിക്കും
സാറ്റ് കളിക്കും ഞൊണ്ടി കളിക്കും
പുഴയിൽ ചാടി മറിഞ്ഞു കളിക്കും
ഇക്കളിയൊന്നും അറിയില്ലിന്നീ
എ ഫോർ ആപ്പിൾ പഠിച്ചോർക്കൊന്നും
അക്കളിയൊക്കെ പോയി മറഞ്ഞു
കാൻണ്ടി ക്രാഷുകൾ വന്നു നിറഞ്ഞു
നാരായണന:മ നാരായണന:മ
നാട്ടിൽ നടക്കണതെന്തൊരു കഥ ന:മ
കൂട്ടില്ലാതെ ചീട്ടുകളിക്കാം
തോക്കില്ലാതെ വെടിവെച്ചീടാം
വീട്ടിലിരുന്നും സിനിമാ കാണാം
സിനിമാക്കൊട്ടകെലെത്തും മുമ്പേ
കാശു കൊടുത്താൽ ചിത്രം കാണാം
അതോ.......?
സുന്ദരിമാരുടെ ചൂടൻ ചിത്രം
കാശെവിടെന്നത് ആർക്കറിയാം..?
അറിയില്ലേലത് ചാക്യാർക്കറിയാം
ഡാഡീം മമ്മീം കഷ്ടപ്പെട്ടത്
മൊത്തം മക്കടെ പേരിൽ നൽകും
അങ്ങേ വീട്ടിലെ ചെക്കൻ മാത്രം
അങ്ങനെ അങ്ങ് സുഹിക്കെണ്ടാന്നും
ഞങ്ങള് കഷ്ടപ്പെട്ടത് മൊത്തം
ഞങ്ങടെ കുഞ്ഞിന് വേണ്ടിയതാന്നും
അങ്ങനെ പല പല പൊങ്ങച്ചങ്ങള്
തള്ളിവിടുന്നത് സാഡീം മമ്മീം
നാരായണന:മ നാരായണന:മ
നാട്ടിൽ നടക്കണതെന്തൊരു കഥ ന:മ
തനിയൊരു മുറിയിൽ തന്നെത്താനവൻ
ഗൂഗിളിനൊപ്പം ഉലകം ചുറ്റി
ഡാഡീം മമ്മീം കരുതിയതെന്താ...?
എന്താ........?
നമ്മുടെ കുഞ്ഞ് പഠിക്കുക തന്നെ
ഉറക്കമഴിച്ച് പഠിക്കുക തന്നെ
ഒരു നാൾ ചാക്യാർ കണ്ടൊരു ഡാഡിയെ
കുശലം ചോദിച്ചിരികിൽ ചെന്നു
ചൊന്നാൽ ഞാനൊരു കാര്യം പക്ഷേ
നീരസമൊന്നും തോന്നില്ലല്ലോ...?
എന്തായാലും ചാക്യാർ ചൊല്ലുക
നീരസമെന്തിന് തോന്നണമതില് ...?
തുള്ളിയ ക്ഷീണം മാറ്റാനൊരുനാൾ
ചാക്യാരൊരു ചെറു ഷാപ്പിൽ കയറി
നിങ്ങടെ മോനും ചങ്ങായികളും
ഉണ്ടൊരു പടയവിടാദിനമപ്പോൾ
പേരിന് വാങ്ങി കള്ളൊരു കുപ്പി
പോരിന് കയ്യിൽ സ്കോച്ചൊരു കുപ്പി
നീയീക്കാട്ടണതെന്താ കുഞ്ഞേ..?
എന്നൊരു ചോദ്യം ചാക്യാരിട്ടു
നാരായണന:മ നാരായണന:മ
നാട്ടിൽ നടക്കണതെന്തൊരു കഥ ന:മ
തുള്ളൽക്കാർക്കിവിടെന്താ കാര്യം...?
നിങ്ങള് നിങ്ങടെ കാര്യം നോക്കാൻ
പരിഹാസങ്ങള് പലതും തന്നു
പരിമിതിയില്ലാതത് ഞാൻ വാങ്ങി
ഗുണദോഷിക്കാൻ ചെന്നൊരു ചാക്യാർ
പലദോഷങ്ങൾ കേട്ടുനടുങ്ങി
കഥകൾ കേട്ടൊരു കുഞ്ഞിൻ ഡാഡി
ചീറിയടുത്തു ചാക്യാർക്കരികിൽ
അന്തസ്സുള്ളൊരു കുഞ്ഞിനെപ്പറ്റി
അപവാദങ്ങള് പറയുന്നോടോ....?
എന്താ ലഹരീന്നെന്നത് പോലും
അവനറിയില്ലെന്നിവനുരചെയ്തു
നാരായണന:മ നാരായണന:മ
നാട്ടിൽ നടക്കണതെന്തൊരു കഥ ന:മ
അങ്ങനെ പലതും കേട്ടുമടുത്തു
ചാക്യാരവിടുന്നോടിമറഞ്ഞു
ഇങ്ങനെയുള്ളൊരു സാഡീം മമ്മീം
എങ്ങനെ മക്കളെ നേരേവളർത്തും...?
അങ്ങനെയുള്ളൊരു മക്കളെയാകും
തിമിംഗലമെങ്ങോ പിടിച്ച് കടിച്ചത്
ചാക്യാർക്കൊന്നേ പറയാനുള്ളു
ഒന്നേയുള്ളു എങ്കിലുമുള്ളത്
ചോറു കൊടുത്താൽ മാത്രം പോരാ
ചൊല്ലു കൊടുത്തു വളർത്തിയെടുത്താൽ
നിങ്ങടെ കൂടവരെന്നും കാണും.......
നാരായണന:മ നാരായണന:മ
നാട്ടിൽ നടക്കണതെന്തൊരു കഥ ന:മ.......
നൂറനാട് ജയപ്രകാശ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo