Slider

രാമേട്ടൻ

0
രാമേട്ടൻ
**********
.
ഓണത്തിന് ഉച്ചസദ്യ കൊട്ടിക്കയറി, രാത്രിയിലെ,കലാശപെരുക്കത്തിന്റെ ആലസ്യം തീർക്കാൻ ചിദംബര സ്മരണയുമെടുത്തു കിടക്കയിലേയ്ക്ക് ചായ്ഞ്ഞപ്പോൾ ആണ് അടുക്കളയിൽ നിന്ന് 'കവിത പാടുന്നത്'....
.
"മാഷേ ഒന്നിങ്ങട്ടു വരൂ"
.
കണ്ണു നീരിന്റെ കരിങ്കടൽ കടഞ്ഞ് സർപ്പ കേശിനിയും രക്ത നേത്രയുമായ കാവ്യദേവത കാകോള കുംഭവുമായി ഉയർന്നുവരുന്ന നേരത്ത് എന്തിനായിരിക്കും ആ വിളി !
.
"ദേ വടക്കേപ്പുറത്ത് ഒരു കരച്ചിൽ,ഒന്ന് പോയി നോക്ക്യേ"
.
ഇരുട്ടാണ്. ഞാൻ ടോർച്ചുമെടുത്ത് റോഡിലേക്ക് നടന്നു.
.
റോഡിനിരുവശത്തും കുറ്റിച്ചെടികൾ ആണ്.ചെടികൾക്കിടയിൽ മറഞ്ഞുകിടക്കുന്ന കാനയും.കാനയിൽ ആരോ വീണിട്ടുണ്ട്.ആരായിരിക്കും?
.
"എണീക്കാൻ പറ്റണില്ല.ഒന്ന് കൈപിടിക്കു"
.
പരിചിത സ്വരം .ഞാൻ ശബ്‍ദം കേട്ട ഭാഗത്തേക്ക് വെളിച്ചം തെളിച്ചു .
താഴേ വീട്ടിലെ ബലരാമേട്ടൻ,കാരമുള്ള് നിറഞ്ഞ കാനയിൽ എഴുന്നേൽക്കാൻ യാതൊരു തരത്തിലുള്ള ബലവുമില്ലാതെ കിടക്കുന്നു.ഷർട്ടിൽ കോർത്തു കിടന്ന മുള്ളെടുത്തു കളഞ്ഞ് ഞാൻ രാമേട്ടനെ കൈപിടിച്ചു കയറ്റി.മുള്ളുകൊണ്ട മുറിവുകളിൽ നിന്ന് ചോരപൊടിയുന്നുണ്ട് .
.
" നീ എന്ന് വന്നു"
.
അഴിഞ്ഞുപോയ മുണ്ട് മുറുക്കിക്കുത്തുന്നതിനിടയിൽ രാമേട്ടൻ എന്നെ നോക്കി.
.
"ഇന്നലെ"
.
"ഹും,എന്റെ കാര്യൊക്കെ അറിഞ്ഞിരിക്കുംലോ"
.
ഇടറിയ ആ ശബ്ദത്തെ നനച്ചു കൊണ്ട് മഴ ചാറുവാൻ തുടങ്ങി.ഞങ്ങൾ വീട്ടിലേക്ക് നടന്നു.
.
" ഹാ,അറിഞ്ഞു.കവിത പറഞ്ഞിരുന്നു"
.
എന്തായിരുന്നു രാമേട്ടന്റെ കാര്യം? ആരായിരുന്നു രാമേട്ടൻ.
.
സ്വതേ ഗൗരവക്കാരനായ താഴത്തെ വീട്ടിലെ ബലരാമൻ.മുതിർന്നവരോട് തട്ടിക്കയറി സംസാരിക്കുന്ന,കുട്ടികളെ കണ്ണുരുട്ടി പേടിപ്പിക്കുന്ന,അറക്കവാൾ ശബ്ദം ഉള്ള ബലരാമൻ.എന്തോ,ഇതുകൊണ്ടൊക്കെയാകാം പലർക്കും ഇഷ്ടമായിരുന്നില്ല രാമേട്ടനെ.
.
ഞാൻ കാണുമ്പോൾ മുതൽ രാമേട്ടന് ഒരു ഓട്ടോറിക്ഷ ഉണ്ട്.വീട്ടിൽ നിന്നിടക്കൊക്കെ ആളെ എവിടേക്കെങ്കിലും യാത്രക്കായി വിളിക്കും.ചെല്ലുമ്പോഴേക്കും രാമേട്ടൻ തിരികെപ്പോരാൻ തിരക്ക് കൂട്ടും.നമ്മൾ അൽപ്പമൊന്നു വൈകിയാൽ ചീത്ത വിളിക്കും.മറ്റു ഓട്ടോക്കാരെക്കാൾ കൂടുതൽ കൂലി വാങ്ങിക്കും.രാത്രിയിൽ രാമേട്ടൻ മദ്യപിക്കും.ദിവസവും മദ്യപിക്കും.അങ്ങിനെ മദ്യപിച്ച് മദ്യപിച്ചാണ് രാമേട്ടന് ലിവർ സിറോസിസ് വന്നത് എന്നായിരുന്നു നാട്ടുകാർ പറഞ്ഞിരുന്നത് .ഇതായിരുന്നു രാമേട്ടനും അദ്ദേഹത്തെ സംബന്ധിക്കുന്ന ആ സ്വ'കാര്യവും'.
.
"മഴയാണ് രാമേട്ടാ,കുട കൊണ്ടുപോയ്‌ക്കോളൂ"
.
ഞാൻ കുടയെടുക്കാനായി അകത്തേക്ക് നടന്നു.
.
"കള്ളുകുടിച്ചിട്ടു വീണതാകും,കുടിക്കരുത് ന്ന് ഡോക്ടർ പറഞ്ഞാലും കേൾക്കില്ല."
ശബ്ദം താഴ്ത്തി അമ്മയാണത് പറഞ്ഞത്.
കവിത ഒരു ഗ്ലാസ് വെള്ളമെടുത്ത് രാമേട്ടന് കൊടുത്തു.
.
മഴക്ക് ശക്തികൂടി.മുറ്റത്തെ ജാതിമരത്തെ വലം വച്ചൊരു കാറ്റ് തെക്കോട്ടു പോയി.
.
" കുടിച്ചിട്ട് വീണതല്ലാട്ടാ.പ്രഷർ ഒന്നു കുറഞ്ഞു ന്ന് തോന്നണു.അധികം വൈകാതെ മണ്ണൂര് പോകേണ്ടി വരും എന്നാണു ഡോക്ടർ പറഞ്ഞിരിക്കുന്നത്.കുടിക്കണം ന്ന് ആഗ്രഹം ഒക്കെ ഉണ്ട്.പക്ഷെ പെട്ടെന്ന് മരിച്ചുപോയാലോ നു പേടി.രണ്ടുപെൺപിള്ളേരല്ലേ.ഒരെണ്ണത്തിന്റെയെങ്കിലും കെട്ടുകണ്ടിട്ടുവേണം മുകളിലോട്ടു കെട്ടിയെടുക്കാൻ ന്നു വിചാരിക്കണു"
.
ആ ശബ്ദം ചുണ്ടുകൾക്കിടയിലൂടെ നേർത്തു നേർത്തു പുറത്തു വന്നു.വൈകാതെ മരിക്കുമെന്നു ബോധ്യമുള്ള ഒരു വ്യക്തിയാണ് എനിക്കുമുൻപിൽ ഈ നിൽക്കുന്നത്. എല്ലാവരെയും വെറുപ്പിച്ചിരുന്ന,കുറ്റപ്പെടുത്തിയിരുന്ന ഒരാൾ.രാമേട്ടന് മുന്നിൽ വാക്കുകൾ കിട്ടാതെ ഞാനിരുന്നു.
.
"കുറെ പേരെങ്കിലും മനസ്സുകൊണ്ട് ശപിച്ചിട്ടുണ്ടാകും ലെ.ഉണ്ടാകും,അത്രയ്ക്ക് വെറുപ്പിച്ചിട്ടുണ്ടല്ലോ എല്ലാവരെയും."
.
ജീവനില്ലാത്ത,കുഴിയിലേക്കാണ്ടുപോയ ആ കണ്ണുകളിലേക്ക് ഞാൻ നോക്കി.എന്തൊക്കെയോ ആഗ്രഹങ്ങൾ ആ കണ്ണുകളിൽ ഉണ്ട്.
ആഗ്രഹങ്ങൾ അവസാനിക്കുമ്പോളാണ് മനുഷ്യൻ മരണത്തിലേക്കടുക്കുന്നതെന്ന് ആരോ പറഞ്ഞിട്ടുണ്ട്.ഇതാ ആശകൾ അവസാനിക്ക്യാത്ത ഒരാൾ എനിക്കുമുൻപിൽ നിൽക്കുന്നു.
.
"എല്ലാം ശെരിയാകും രാമേട്ടാ"
ഞാൻ ആ കൈപിടിച്ചു.തണുത്തു പരുപരുത്ത വിരലുകൾ വിറകൊള്ളുന്നു.
.
മനസ്സും ശരീരവും ചേര്‍ന്നുള്ള ഒരൊത്തുകളി കാരണം, പല കാര്യങ്ങളും “ഇതാണ്‌ ശരി” എന്നു നമുക്ക് ആ സമയത്തുതോന്നും. പിന്നീട്‌ തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാവും ആ ധാരണ അത്ര ശരിയായിരുന്നില്ല എന്ന്.
.
"അപ്പോൾ പിന്നെ കാണാം,വീണപ്പോൾ കൈപിടിക്കാൻ ഒരാൾ ഉണ്ടായല്ലോ.ആശ്വാസം.പൂർവികന്മാർ ചെയ്ത പുണ്യത്തിന്റെയാകും.''
.
''ഞാൻ വീട്ടിൽ കൊണ്ടാക്കാം''
.
''വേണ്ട,വീണെന്നറിഞ്ഞാൽ വീട്ടിൽ കരച്ചിൽ ആകും''
.
രാമേട്ടൻ കുടനിവർത്തി മുറ്റത്തേക്ക് നടന്നു.മഴച്ചാറ്റലിൽ ഗേറ്റ് കടന്നുപോകുന്ന അവ്യക്ത രൂപം.
.
ജീവിതത്തിലെ ഓരോ നിമിഷവും വാക്കുകൾകൊണ്ട് നോവിക്കാൻ ശ്രമിക്കാതെ സ്നേഹിക്കാൻ സാധിച്ചിരുന്നെങ്കിൽ.ചുറ്റുമുള്ളവരെ സ്നേഹിക്കുക,മണ്ണിനെ സ്നേഹിക്കുക, മരങ്ങളെ സ്നേഹിക്കുക.ഓരോ നിമിഷവും,ഓരോ കോശങ്ങളിലും സ്നേഹം നിറച്ചു ജീവിക്കുക.നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ മാറി മാറി വന്നുകൊണ്ടിരിക്കും. അതൊന്നും സാരമാക്കേണ്ടതില്ല.നമ്മുടെ കണ്ണുകള്‍ അതിനൊക്കെ അപ്പുറത്തേക്കു നീളട്ടെ. അതാണ്‌ സ്നേഹസ്വാതന്ത്ര്യത്തിലേക്കുള്ള വഴി.
ഞാൻ ചിദംബര സ്മരണ കയ്യിലെടുത്തു.താളുകൾ മറയുമ്പോൾ മനസ്സ് ശൂന്യമായിരിക്കുന്നു.

Vivek
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo