Slider

മെമ്മറീസ് ഓഫ് മര്‍ഡര്‍ -ഭാഗം 2

0
മെമ്മറീസ് ഓഫ് മര്‍ഡര്‍ -ഭാഗം 2
“പറയു വിവേക് എത്ര വെള്ളിക്കാശിനാണ് നീ ഒറ്റികൊടുത്തത് ? “ വിവേക് വാതില്‍ തുറന്ന് പുറത്തേയ്ക്ക് ഓടാന്‍ നോക്കിയതും അയാളുടെ കയ്യിലുണ്ടായിരുന്ന ചങ്ങല വിവേകിന്‍റെ കഴുത്തില്‍ ചുറ്റപ്പെട്ടു
“ഞാന്‍ ആരാണ് എന്ന് ചോദിച്ചില്ലേ ….ഗോസ്റ്റ് “ വിവേകിന്‍റെ ചെവിയില്‍ അയാള്‍ പതിയെ മന്ത്രിച്ചു
“ഇപ്പോ പറ ...ആര്‍ക്ക് വേണ്ടി ? എന്തിന് ? “
---------------------
3rd ജനുവരി 2017,വിവേകിന്‍റെ വീട്
ജനം കൂട്ടം കൂടി നില്‍ക്കുന്ന ആ വീടിന് മുന്നില്‍ ആളുകള്‍ക്കിടയിലൂടെ ജീവനും മാധവന്‍ സാറും മരിച്ചു കിടക്കുന്ന വിവേകിന്‍റെ അടുത്തേയ്ക്ക് നടന്നുവന്നു .മരിച്ചു കിടക്കുന്ന വിവേകിന് ചുറ്റം പോലീസ് റിബണ്‍ തീര്‍ത്തിട്ടുണ്ട് .ഒരു വശത്തെ റിബണ്‍ പൊക്കിക്കൊണ്ട് ജീവന്‍ വിവേകിന്‍റെ ശരീരത്തിന്‍റെ വളരെ അടുത്തേക്ക് ചെന്നു .തളം കെട്ടിയ ചോരയില്‍ കുളിച്ച് കിടക്കുന്ന വിവേകിന്‍റെ ദേഹത്ത് ഇട്ടിരിക്കുന്ന തുണി ജീവന്‍ പതിയെ മാറ്റുകയും പെട്ടന്ന് മൂക്ക് പൊത്തുകയും ചെയ്തു
“കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു” മാധവന്‍ സാര്‍ ജീവനോട്‌ പറഞ്ഞു
“മം .സ്പാനര്‍ ഷിബുവിന്‍റെ മരണം പോലെ “
“അതെ സാര്‍ ”
“വിവേക് ഒറ്റയ്ക്കാണോ ഇവിടെ താമസം ?”
“അതെ സാര്‍ .വിവേകിന്‍റെ ഓഫീസ് ഇവിടെ അടുത്തായതുകൊണ്ട് നാട്ടില്‍ നിന്ന് മാറി വിവേക് ഇവിടെ ഒറ്റയ്ക്കാണ് താമസം “ പെട്ടന്ന്‍ എന്തോ ഓര്‍മ്മ വന്നപ്പോലെ ജീവന്‍ വിവേകിന്‍റെ ദേഹത്ത് നിന്ന് തുണി എടുത്തുമാറ്റി .ഇരുകൈകളിലും കാലുകളിലും അയാള്‍ എന്തോ തിരഞ്ഞു .ഓരോ ഭാഗത്തും കത്തികൊണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍ വരച്ചിരിക്കുന്നു .
“സി..സെയിം ഗയ്..സെയിം ലെറ്റര്‍സ് THGOS” അക്ഷരങ്ങള്‍ കാണിച്ചുകൊണ്ട് ജീവന്‍ മാധവന്‍ സാറിനോട് പറഞ്ഞു
“മൃഗിയമായി കഴുത്തറുത്ത് കൊന്നതിന് ശേഷം കൊല്ലപ്പെട്ടവന്‍റെ ശരീരത്തില്‍ കത്തികൊണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍ വരച്ചുകൊണ്ട്‌ നമുക്ക് ക്ലൂ തരുന്നു,നമ്മളെ വെല്ലുവിളിക്കുന്നു അയാള്‍ . അപകടകാരിയാണ് അയാള്‍,എത്രയും പെട്ടന്ന് അയാളെ പിടിക്കണം മാധവന്‍ സാര്‍ അല്ലെങ്കില്‍ ഇനിയും പലരും കൊല്ലപ്പെടും “ അക്ഷരങ്ങളില്‍ നോക്കികൊണ്ട്‌ ജീവന്‍ മാധവന്‍ സാറിനോട് പറഞ്ഞു
--------------------------
ഫോണിന്‍റെ റിസിവര്‍ ഫോണിന് അരികിലായി വെച്ചുകൊണ്ട് അവള്‍ മുന്‍വശത്തെ ഡോറിന്‍റെ അടുത്തേയ്ക്ക് നടന്നു .ഡോറിന്‍റെ പീപ്പ് ഹോളിലൂടെ നോക്കിയ അവള്‍ ,വീടിന്‌ പുറത്ത് വന്നു നിന്ന രണ്ടു കാറുകളില്‍ നിന്ന് കുറച്ചുപേര്‍ അവളുടെ വീടിനെ ലക്ഷ്യമാക്കി നടന്നു വരുന്നത് കണ്ടു.അവള്‍ പേടിച്ചുകൊണ്ട് അതില്‍ നിന്ന് കണ്ണുകളെടുത്തു.വീടിന് പുറത്ത് നിന്നവര്‍ തെളിച്ച ടോര്‍ച്ചിന്‍റെ വെളിച്ചം ജനലിന്‍റെ ഗ്ലാസ് വഴി അകത്തേക്ക് വന്നു.പെട്ടന്ന് പുറത്ത് നിന്നോരോ ഡോറില്‍ ശക്തമായി ഇടിയ്ക്കാന്‍ തുടങ്ങി.അവള്‍ ഭയത്തോടെ ഫോണിന്‍റെ അടുത്തേക്ക് ഓടി
“നിക്ക്സന്‍ ..ആരൊക്കെയോ വാതിലില്‍ ഇടിക്കുന്നുണ്ട് നിക്ക്സന്‍ “ അവള്‍ ഭയത്തോടെ ഫോണിലൂടെ പറഞ്ഞു .ഡോറില്‍ ഇടിക്കുന്നതിന്‍റെ ശബ്ദത്തിന്‍റെ ആവൃത്തി പതിയെ പതിയെ കൂടി വന്നു
“അത് അവരാണ് നിക്ക്സന്‍ ..ഞാന്‍ പറഞ്ഞില്ലേ ..അവര് എന്നെ കൊല്ലും നിക്ക്സന്‍ “ അവള്‍ കരഞ്ഞുകൊണ്ട്‌ ഫോണിലൂടെ പറഞ്ഞു .പെട്ടന്ന് ഡോര്‍ ഇടിച്ചുപൊളിച്ച് കുറച്ചാളുകള്‍ വീടിന് അകത്തേക്ക്‌ കയറി വന്നു .അവളുടെ കയ്യില്‍ നിന്ന് ഫോണിന്‍റെ റിസിവര്‍ നിലത്തേയ്ക്ക് വീണു .അയാള്‍ പെട്ടന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റു.“അത് അവരാണ് നിക്ക്സന്‍ ..ഞാന്‍ പറഞ്ഞില്ലേ ..അവര് എന്നെ കൊല്ലും നിക്ക്സന്‍ “ അയാളുടെ ചെവിയില്‍ അവളുടെ ആ ശബ്ദം വീണ്ടും വീണ്ടും ധ്വനിച്ചു .കട്ടിലിന് അരികിലുണ്ടായിരുന്ന അയാളുടെ വിവാഹ ഫോട്ടോ അയാള്‍ പതിയെ കയ്യിലെടുത്തു .അയാളുടെ കണ്ണില്‍ നിന്ന്‍ ഒരിറ്റ് കണ്ണീര്‍ ആ ഫോട്ടോയില്‍ പതിച്ചു
“ആലീസ്..ആലീസ് “ ഒരു തേങ്ങലിനിടയിലും അയാള്‍ ആലീസ് എന്നൊരു പേര് ഉച്ചരിക്കുന്നുണ്ടായിരുന്നു
----------------------
4th ജൂണ്‍ 2016
“ആലീസ് “ ഹസ്തദാനം നല്‍കി ഒന്ന് ചിരിച്ചുക്കൊണ്ട് അവള്‍ അവളുടെ പേര് നിക്ക്സനോട് പറഞ്ഞു
“നിക്ക്സന്‍ “ ഹസ്തദാനം സ്വീകരിച്ചശേഷം അവനും മറുപടി നല്‍കി
“നിക്ക്സന്‍ ..മം “ അവള്‍ ഒന്നാലോചിച്ചശേഷം തുടര്‍ന്നു
“നിക്ക്സന്‍ എന്തോ ഓള്‍ഡ്‌ നെയിം പോലെ ..ഞാന്‍ നിക്ക് എന്ന് വിളിച്ചോട്ടെ “ അവളുടെ നുണക്കുഴിയില്‍ അല്പം കുസൃതി ദൃശ്യമാക്കി ഒരു പുഞ്ചിരിയോടെ അവള്‍ ചോദിച്ചു
“നിക്ക് ? “ നിക്ക്സന്‍ ഒരു സംശത്തോടെ ചോദിച്ചു.അവള്‍ അതിന് അതെയെന്ന്‌ തലയാട്ടി
“ഓക്കേ ..നോ പ്രോബ്ലം ..ആലീസ് നിക്ക് എന്ന് വിളിച്ചോളു”
“ഒക്കെ നിക്ക് ..വീട്ടില്‍ എല്ലാവര്‍ക്കും നിക്കിനെ ഇഷ്ടായി ..ബട്ട്‌ അവര്‍ അല്ലല്ലോ നിക്കിന്‍റെ കൂടെ ജീവിക്കുന്നെ..അത് ഞാന്‍ അല്ലേ ? “
“യെസ് ..തീര്‍ച്ചയായും “
“അതുകൊണ്ടാണ് വീട്ടുക്കാര്‍ അറിയാതെ നിക്കിനോട് പേഴ്സണല്‍ ആയി കാണണം എന്ന് പറഞ്ഞത് “
“ശരി ..ആലീസിന് എന്താണ് എന്നോട് പറയാനുള്ളത്..ആലീസ് ഇനി ആരെങ്കിലുമായി പ്രണയത്തിലാണോ ? “
“ഹേയ് അതൊന്നുമല്ല ..എന്നെക്കുറിച്ച് ചെറുതായിട്ടൊന്ന് പറയാന്‍ വേണ്ടി മാത്രമാണ് കാണണം എന്ന് പറഞ്ഞത് “
“ശരി .എന്നാല്‍ ആലീസിനെ പറ്റി ചെറുതായിട്ടൊന്ന് പറ ..ഞാന്‍ കേള്‍ക്കാം “
“ഓഡിറ്റിംഗ് ആണ് എന്‍റെ ജോലി ..ചിലപ്പോഴോക്കെ എനിയ്ക്ക് പലയിടത്തേയ്ക്കും യാത്ര ചെയ്യേണ്ടി വരും ..ചിലപ്പോഴൊക്കെ വീട്ടില്‍ നേരം വൈകി വരേണ്ടി വരും ..അപ്പോഴൊക്കെ എന്നോട് നൂറ്റൊന്ന് ചോദ്യങ്ങള്‍ ചോദിച്ച് എന്നെ അവിശ്വസിക്കരുത് “
“ശരി “ അവന്‍ തലയാട്ടിക്കൊണ്ട് പറഞ്ഞു
“എനിയ്ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ എന്നെ അനുവദിക്കണം “
“എന്ന് വെച്ചാല്‍ ? “ നിക്ക്സന്‍ ഒരു സംശത്തോടെ ചോദിച്ചു
“മറക്കേണ്ട ഭാഗങ്ങള്‍ മറച്ചുകൊണ്ടുള്ള വസ്ത്രങ്ങള്‍ തന്നെയായിരിക്കും നിക്ക് “ അവള്‍ നിക്ക്സന്റെ സംശയം തീര്‍ക്കുന്ന പോലെ മറുപടി നല്‍കി
“ഓ ..ശരി ..ശരി “
“ഭക്ഷണം ഉണ്ടാക്കാന്‍ എനിയ്ക്ക് അത്ര പിടുത്തമില്ല ..പക്ഷേ ഞാന്‍ പഠിക്കും..പക്ഷെ ചായ ഉണ്ടാക്കാന്‍ അറിയാട്ടോ “ ചെറിയ ചമ്മലോടെ അവള്‍ അത് പറയുമ്പോള്‍ അവളുടെ നുണക്കുഴിയുടെ ആഴം കൂടുന്നുണ്ടോ എന്നൊരു തോന്നല്‍ അവനുണ്ടായി
“ന്യൂജെന്‍ ആണല്ലേ ? ശരി “ അവള്‍ ചിരിച്ചുകൊണ്ട് തലയാട്ടി
“പിന്നെ ഒരു കാര്യം “ അവള്‍ ഒന്ന് നിറുത്തി
“കഴിഞ്ഞില്ലേ ..ഇനിയും ഉണ്ടോ ? “ ഇനി എന്താണാവോ അവള്‍ പറയാന്‍ പോകുന്നത് എന്നറിയാതെ അവന്‍ തിരിച്ചു ചോദിച്ചു
“എന്‍റെ ചില വട്ടുകളെയും ഭ്രാന്തുകളെയും ആ ഒരു രീതിയില്‍ എടുക്കുന്ന ഒരാളായിരിക്കണം എന്‍റെ ഭര്‍ത്താവ് എന്നൊരു ആഗ്രഹം ഉണ്ട് ..സപ്പോസ്.. എനിയ്ക്ക് മഴ ഇഷ്ടാണ് ..അതുപോലെ മഴയില്‍ നനയാന്‍ അതിലേറെ ഇഷ്ടാണ് ..മഴ എങ്ങാനും ഞാന്‍ കണ്ടാല്‍ ..തീര്‍ച്ചയായും ഞാന്‍ അതില്‍ നനയും ..മഴകൊണ്ട് പനി പിടിയ്ക്കുമ്പോള്‍ അരികില്‍ നിന്ന് പരിചരച്ചില്ലെങ്കിലും എന്നെ ശകാരിക്കരുത്‌ ..മഴ വെറുമൊരു ഉദാഹരണം മാത്രമാണ്..അതുപോലെ വേറെ ചിലതും ഉണ്ട്..ഈ ഭ്രാന്തുകളെ സഹിക്കാന്‍ പറ്റുന്ന ഒരു ഭ്രാന്തന്‍ ഭര്‍ത്താവിനെയാണ് എനിയ്ക്ക് ആവശ്യം നിക്ക് “
ഒന്നാലോചിച്ച ശേഷം നിക്ക്സന്‍ മറുപടി പറഞ്ഞു
“കല്യാണം എന്നത്തേയ്ക്ക് വെയ്ക്കാം ആലീസ് ?” അത് കേട്ടപ്പോള്‍ അവള്‍ ഒന്നു ചിരിച്ചു
“അത് നമുക്ക് തീരുമാനിക്കാം നിക്ക് ..അല്ല നിക്ക് ആര്‍മിയില്‍ ആണന്നല്ലേ പറഞ്ഞത് ? ആര്‍മിയില്‍ അതിന് താടി വെയ്ക്കാന്‍ പറ്റുമോ ? “ അവന്‍റെ നീണ്ട താടിയിലെയ്ക്ക് നോക്കികൊണ്ട്‌ അവള്‍ ചോദിച്ചു
“ഹാ ഹാ ..ഞാന്‍ സ്പെഷ്യല്‍‍ ഫോഴ്സിലാണ് ഞങ്ങള്‍ക്ക് വെക്കാം “ അവന്‍ ചിരിച്ചുക്കൊണ്ടു മറുപടി പറഞ്ഞു
“ഹാവൂ സമാധാനമായി ..അവസാനം ചിരിച്ചല്ലോ..എന്തൊരു ഗൗരവമായിരുന്നു ഇത്രനേരം ഈ മുഖത്ത്..ഞാന്‍ കരുതി പട്ടാളക്കാര്‍ ചിരിക്കില്ലെന്ന്..സ്പെഷ്യല്‍‍ ഫോഴ്സ് എന്ന് പറഞ്ഞാല്‍ എന്താ ? നമ്മുടെ മേജര്‍ മഹാദേവനെ പോലെ യുദ്ധത്തിന് പോകുന്ന വകുപ്പാണോ ? “ അവള്‍ ഒരു സംശത്തോടെ ചോദിച്ചു
“മറൈന്‍ കമാന്‍ഡോ.. അത് പുറത്ത് പറയാന്‍ പാടില്ല..ക്ലാസ്സിഫൈഡ് ആണ് ..അല്ല ആരാണ് ഈ മേജര്‍ മഹാദേവന്‍ ? “
“മേജര്‍ മഹാദേവനെ അറിയില്ലേ ? എന്‍റെ കര്‍ത്താവേ ..ലാലേട്ടന്‍റെ ചെയ്യ്ത ഒരു കഥാപാത്രമാണ് നിക്ക് ..ഈ മിലിട്ടറിക്കാര് സിനിമകള്‍ ഒന്നും കാണില്ലേ ? “
“കുറവാണ് ..ആലീസിന് സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു ? “
“ഇഷ്ടമാണ് പക്ഷെ അതിനേക്കാളെറെ ഇഷ്ടം വായനയാണ് ..നിക്ക് വായിക്കുമോ ? “
“വായിച്ചിരുന്നു ..ഇപ്പോ വായന കുറവാണ്.. എ അയ്യപ്പനും പെരുമ്പടവം ശ്രീധരനും ഇഷ്ട എഴുത്തുക്കാരാണ് “
“പക്ഷെ ഞാന്‍ നിക്കോളാസ് സ്പാര്‍ക്ക്സിന്‍റെ കടുത്ത ആരാധികയാണ്”
“വായിച്ചിട്ടുണ്ട് അദ്ദേഹത്തിന്‍റെയും ..അദ്ദേഹത്തിന്‍റെ ദ ലോങ്ങേസ്റ്റ് റൈഡ് എനിക്കിഷ്ടമായൊരു നോവലാണ്‌ “
“പക്ഷെ എനിക്കിഷ്ടമായാത് നോട്ട്ബുക്ക് ആണ് ..അത് എത്രവട്ടം വായിച്ചെന്നോ ..ഒരോവട്ടവും വായിക്കുമ്പോഴും അതിലെ നോആയും ഏലിയും,അവരുടെ തീവ്രമായ പ്രണയവും മനസ്സില്‍ തങ്ങി നില്‍ക്കുകയാണ് ..അങ്ങനെയൊക്കെ ഒരു പ്രണയം ഉണ്ടാകുമോ എന്ന് ആലോചിക്കാറുണ്ട്..നിക്കിന്‍റെ ഈ താടിയ്ക്ക് പിന്നിലും ഏതെങ്കിലും ഒരു റുത്തോ ഏലിയോ ഉണ്ടായിരുന്നോ ? “ അവളൊരു കള്ള ചിരിയോടെ ചോദിച്ചു
“ഹ ഹ “ നിക്ക്സന്‍ അതിന്‍റെ മറുപടി ഒരു ചിരിയില്‍ ഒതുക്കാന്‍ ശ്രമം നടത്തി
“അപ്പൊ ആരോ ഉണ്ടായിരുന്നു..പറ മാഷേ “അവള്‍ വിടാന്‍ ഭാവമില്ലായിരുന്നു
“പറ പറ “ അത് കേള്‍ക്കാനായിട്ട് അവളുടെ കണ്ണുകള്‍ ആകാംക്ഷകൊണ്ട് പുറത്തേയ്ക്ക് ചാടി
“ഉണ്ടായിരുന്നു ഒരുവള്‍ ..ഇപ്പോഴല്ല ..ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ..കഥാനായകന്‍റെ സാഹചര്യങ്ങള്‍ ആവാം കാരണം..അവളെ നഷ്ടപ്പെടുത്തേണ്ടി വന്നു നമ്മുടെ നായകന്”
“എന്നിട്ട് “
“എന്നിട്ട് എന്താ വേറെ ഒരുത്തനെ കെട്ടി സുഖമായി ജീവിക്കുന്നു..ഞാന്‍ ആര്‍മിയില്‍ ചേരുകയും ചെയ്തു “
“ഓ ..ഇതെന്താ വരണം ആയിരത്തിന്റെ കഥയോ അതോ ജബ് തക് ഹെ ജാനോ ..അല്ല അറിയാന്‍ പാടില്ലാത്തത് കൊണ്ട് ചോദിക്കാ ..നിങ്ങള്‍ ഈ ആണുങ്ങള്‍ പ്രണയിച്ചവളേ നഷ്ടമായാല്‍ നേരെ പോയി എന്തിനാ ആര്‍മിയില്‍ ജോയിന്‍ ചെയ്യുന്നേ “ അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു എന്നിട്ട് അവള്‍ അവളുടെ ബാഗില്‍ നിന്നൊരു ബുക്ക്‌ എടുത്ത് അവന്‍റെ കയ്യില്‍ കൊടുത്തു .
“ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ് “ ബുക്കിന്റെ പേര് വായിച്ചു കൊണ്ട് അവള്‍ അവനോട് പറഞ്ഞു
“നിക്കിന് ഇഷ്ടമാവോ എന്നറിയില്ല ..വായിച്ചു നോക്ക് ..ഏലിയും റൂത്തും പോവട്ടെ ..ഇനി ആലീസ് ഉണ്ട് നിക്കിന്‍റെ കൂടെ ..നിക്കിന്‍റെ ഒപ്പം “ നിക്ക്സന്റെ കയ്യില്‍ പിടിച്ചുകൊണ്ട് അവന്‍റെ ചെവിയില്‍ അവള്‍ പറഞ്ഞു
----------------
4th ജനുവരി 2017
എന്തോ ഫയല്‍ മറിച്ചു നോക്കുന്നതിനിടയിലാണ് ജീവന്‍റെ മുറിയിലേക്ക് മാധവന്‍ സാര്‍ കടന്നു വരുന്നത് കയ്യിലുണ്ടായിരുന്ന ഒരു കവര്‍ ജീവനെ ഏല്‍പ്പിച്ചുകൊണ്ട് മാധവന്‍ സാര്‍ ജീവനോട്‌ പറഞ്ഞു
“പ്രകാശന്‍ പറഞ്ഞതനുസരിച്ച് കൊലയാളിയുടെ മുഖം രേഖാചിത്ര വിദഗ്ധന്‍ വരച്ചതാണ് ഇത് “
ജീവന്‍ കവറില്‍ നിന്ന് ആ ചിത്രം പുറത്തേയ്ക്ക് എടുത്തു .ഒരു നിമിഷം ആ ഫോട്ടോയിലേയ്ക്ക് നോക്കികൊണ്ട് ഒരു സംശത്തോടെ ജീവന്‍ മാധവന്‍ സാറിനോട് പറഞ്ഞു
“ഇയാളെ മുന്‍പ് എവിടെയോ കണ്ടിട്ടുണ്ട് “ എന്തോ ഓര്‍മിച്ചുകൊണ്ട്‌ ജീവന്‍ തുടര്‍ന്നു
“അതെ ഫാദര്‍ ഡേവിഡിന്‍റെ വിധി പറയുന്ന അന്ന് ..കോടതി വരാന്തയില്‍ ഇയാളെയും അവിടെ കണ്ടിരുന്നു..ഇയാളുടെ ഭാര്യയെ ആരോ കൊന്നെന്നും കൊലയാളികളെ തെളിവുകള്‍ ഇല്ലാത്തതുകൊണ്ട് കോടതി വെറുതെ വിട്ടെന്നും പറഞ്ഞ് അയാള്‍ കോടതിയ്ക്ക് അകത്ത് ബഹളം ഉണ്ടാക്കുകയും പോലീസുകാര്‍ അയാളെ കോടതി വരാന്തയിലൂടെ വലിച്ചു കൊണ്ടുപോകുന്ന രംഗവും ഞാന്‍ കണ്ടിരുന്നു..അന്ന് ആ കേസ് അന്വേഷിച്ചത് സബ് ഇന്‍സ്പെക്ടര്‍ ഹരീഷാണ്..ബട്ട്‌ ഇയാള്‍ക്ക് സ്പാനര്‍ ഷിബുവും വിവേകും ആയിട്ട് എന്ത് ബന്ധം ? ഇനി ഇയാളുടെ ഭാര്യയുടെ മരണത്തിന് ഇവര്‍ കാരണക്കാരാണോ ? അതിന്‍റെ പ്രതികാരമാണോ ഈ കൊലപാതകങ്ങള്‍ ? എന്നാലും സ്പാനര്‍ ഷിബുവും വിവേകും തമ്മില്‍ എന്ത് ബന്ധം ? ഇതൊരു പ്രതികാരമാണെങ്കില്‍ ആരായിരിക്കും അയാളുടെ അടുത്ത ഇര ? എവിടെയാണ് മിസ്റ്റര്‍ ദ ഫ്യു ദ ഫിയര്‍ലെസ്സ് ? “ ജീവന്‍ അയാളുടെ ചിത്രം നോക്കികൊണ്ട്‌ പറഞ്ഞു
------------------------
അതെ ദിവസം രാത്രി,സബ് ഇന്‍സ്പെക്ടര്‍ ഹരിഷിന്റെ ക്വാര്‍ട്ടെഴ്സ്
പുറത്ത് നല്ല മഴ പെയ്യുന്നുണ്ട് .റെയിന്‍ കോട്ടിട്ട ഒരാള്‍ ഹരിഷിന്‍റെ ക്വാര്‍ട്ടെഴ്സിന്‍റെ മുന്നില്‍ വന്നതിനുശേഷം കോളിംഗ് ബെല്ലില്‍ ഒന്നമര്‍ത്തി .വാതില്‍ തുറന്ന് കൊണ്ട് ഹരീഷ് പുറത്തേയ്ക്ക് വന്നു .പുറത്ത് ഇരുട്ടായതിനാലും റെയിന്‍ കോട്ടിന്റെ ഒരു ഭാഗം അയാളുടെ മുഖം മറച്ചതിനാലും ഹരീഷിന് അയാളുടെ മുഖം വ്യക്തമായി കാണാന്‍ പറ്റിയില്ല
“ആരാ എന്ത് വേണം ? “ ഹരീഷ് അയാളോട് ചോദിച്ചു
“സാര്‍ എന്നെ രക്ഷിക്കണം ..എനിയ്ക്ക് ഒരാളെ കൊല്ലേണ്ടി വന്നു .ഒരു കൈയബദ്ധം പറ്റിയതാണ് ..സാര്‍ എങ്ങനെയെങ്കിലും രക്ഷിക്കണം ..എത്ര കാശ് വേണമെങ്കിലും തരാം എന്നെ രക്ഷിക്കണം സാര്‍ “
ഹരീഷ് പുറത്തേയ്ക്ക് ഒന്ന് നോക്കിയ ശേഷം അടുത്ത് വേറെയാരും ഇല്ലെന്ന് ഉറപ്പുവരുത്തി അയാള്‍ക്ക് വാതില്‍ തുറന്നുകൊടുത്തു
“വാ ..അകത്തിരുന്നു സംസാരിക്കാം “ ഹരീഷ് അയാളെ അകത്തേയ്ക്ക് വിളിച്ചു .ഇരിയ്ക്കാന്‍ കസേര കാണിച്ചുകൊണ്ട് ഹരീഷ് അയാളോട് ചോദിച്ചു
“പറയു എന്താണ് സംഭവിച്ചത് ? “
“സാര്‍ എനിയ്ക്ക് ഒരു ഗ്ലാസ്സ് വെള്ളം കിട്ടുമോ ? “
ഹരീഷ് അയാള്‍ക്ക് ഒരു ഗ്ലാസില്‍ വെള്ളം കൊടുത്തു
“ഇനി പറയു എന്താണ് സംഭവിച്ചത് “
അയാള്‍ പോക്കറ്റില്‍ നിന്ന് ഒരു ഫോട്ടോ എടുത്ത് ഹരീഷിന്റെ കയ്യിലേയ്ക്ക് കൊടുക്കുകയും റെയിന്‍ കോട്ടിന്റെ ഭാഗം മുഖത്ത് നിന്ന് മാറ്റുകയും ചെയ്യ്തു.ഹരീഷ് ഫോട്ടോയിലുള്ള ആളെ കണ്ടു ഞെട്ടി അയാളെ നോക്കി.അയാളുടെ കൈവെള്ളയിലൂടെ ഒരായുധം ഇറങ്ങി വരുന്നത് ഹരീഷ് വ്യക്തമായി കണ്ടു
(തുടരും )

Lijin
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo