Slider

....പൂക്കൾ..

0
.....പൂക്കൾ..
രാവിലെ ഒരു തണുത്ത കാറ്റിന്റെ കൈകളിൽ തട്ടിയാണ് ഞാൻ കണ്ണു തുറന്നത്. ഇന്നലെ വരെ പച്ചപ്പുകൾക്കിടയിൽ കണ്ണു തുറക്കാത്ത ഒരു പൂമൊട്ടായിരുന്നു ഞാൻ . മുറ്റത്തെ ഞെരിഞ്ഞിലിന്റെ കമ്പുകളിൽ ചുറ്റി പടർന്ന മുല്ലവള്ളികളിൽ എന്നെ പോലെ കുറേയേറെ പേർ ഇന്നു കണ്ണു തുറന്നു ചിരിച്ചു നിന്നു. കാറ്റിൽ തലയാട്ടുന്ന കൃഷ്ണ തുളസിയും , ചെടിച്ചട്ടിയിലെ വലിയ ചുവന്ന റോസാ പൂക്കളും മതിലിനടുത്തു നിൽക്കുന്ന ചുവന്ന ചെത്തിപ്പൂക്കളും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. 
അമ്മിണി പശുവിനെ തീറ്റാൻ കൊണ്ടുവന്ന അമ്പിളിയാണ് ഞങ്ങളെ ആദ്യം കണ്ടത്.മുല്ലവള്ളികളിൽ വിരിയുന്ന ഞങ്ങളുടെ ആദ്യത്തെ പാൽ പുഞ്ചിരികൾ കണ്ടു അമ്പിളി ഉറക്കെ വിളിച്ചു പറഞ്ഞു.
ചേച്ചി.. മുല്ല പൂത്തു വിരിഞ്ഞൂട്ടോ. നല്ല മണമുണ്ട്..
ഞങ്ങളെ പുകഴ്ത്തുന്നതു കേട്ട ബന്ദി പൂക്കൾ മുഖം തരാതെ തല തിരിച്ചു നിന്നു. ആടിയാടി ചിരിച്ചു ഞങ്ങൾ സന്തോഷിച്ചു നിന്നു.
വൈകിട്ടു അമ്പലത്തിൽ കൊടുക്കണം അമ്പിളി. അകത്തുനിന്നു ആരോ വിളിച്ചു പറഞ്ഞു..
വള്ളികളിൽ നിന്നു വേർപെടുന്ന വേദനയുടെ ഓർമ്മകളിൽ ഞാൻ അനങ്ങാതെ നിന്നു.
ഈയൊരു പകലേ നമ്മളിവിടെയുള്ളൂ അല്ലേ.?
എന്റെ ചോദ്യത്തെ തട്ടിപറിച്ചു വേറോരു കാറ്റ് ഏഴിലംപാലമരക്കൊമ്പിലേക്കു പറന്നു പോയി. മരക്കൊമ്പിലെവിടെയോ ഉത്തരം കിട്ടാതെ ആ ചോദ്യം അലഞ്ഞു തിരിഞ്ഞു നടന്നു.
ഇല പടർപ്പിലൂടെ വന്ന ചെറിയ വെളിച്ചങ്ങൾ കനത്തു വന്നു. ചുവന്ന മുഖവുമായി സൂര്യൻ കത്തുന്ന നോട്ടമെറിഞ്ഞു.. ഉച്ചവെയിലിൽ ഞങ്ങൾ തളർന്നു മയങ്ങി. ഒടുവിൽ പകലും തീരാറായി.. തളർച്ച മാറി ഞങ്ങൾ വീണ്ടും പുഞ്ചിരി തൂകി.
ചുവന്ന ചെത്തിപ്പൂക്കളോടൊപ്പം ഒരിലക്കുമ്പിളിൽ ഞങ്ങളും വള്ളികൾ വിട്ടു യാത്രയായി.. അമ്പലനടയിലേക്ക്.. ഒരു കൈയുയർത്തിയ ദ്വാരപാലകരുടെ ചിരികൾക്കരികിലൂടെ നടപന്തലിൽ ഇത്തിരി നേരം. പിന്നെ പുഞ്ചിരിച്ചു നിന്ന ദേവിയുടെ കാൽച്ചുവട്ടിലേക്കു ഞങ്ങൾ വീണു. പിന്നെ അവിടെ വച്ചു പല ഇലകീറുകളിൽ ഞങ്ങൾ വേർപിരിഞ്ഞു..
ചുവന്ന പാവാടയും സ്വർണ്ണ നിറമുള്ള ബ്ലൗസും ധരിച്ച ആ കറുത്ത പെൺകുട്ടി എന്തിനാണ് കരയുന്നത്?
ഞാൻ കണ്ടു. നിറഞ്ഞു നിന്ന കണ്ണുകൾ.. വിതുമ്പുന്ന ചുണ്ടുകൾ...
അമ്മേ.. ആരുമില്ലേ..രക്ഷിക്കണേ.!!
എപ്പോളോ ഞാനാ കുട്ടിയുടെ കൈകളിലെത്തി. ആ മുഖത്തു പ്രാർത്ഥനകൾ മാത്രം.
ഇല കീറിലെ ചുവന്ന സിന്ദൂരം നെറ്റിയിൽ തൊട്ടവൾ കുറച്ചു പൂക്കൾ തലയിൽ തിരുകി. തോളിലൂടെ മുന്നിലേക്കു വീണു കിടന്ന മുടിയിഴകളിലേക്കു മിടിക്കുന്ന ഹൃദയസ്പന്ദനങ്ങൾ കേട്ട് അവളറിയാതെ ഒരു മുല്ലപൂവുടക്കി കിടന്നിരുന്നു.
ആ പൂവ് ഞാനായിരുന്നു.
... പ്രേം..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo