Slider

°°°°°എന്റെ ഭാര്യ°°°°°

0
°°°°°എന്റെ ഭാര്യ°°°°°
================
"ആഷീ.......ഞാൻ പിടിച്ചിരുത്തി തരാം, എന്നിട്ട് ഈ വെള്ളമൊന്ന് കുടിച്ചേ........"
അവളെന്നെ പിടിച്ചിരുത്താനുള്ള ശ്രമത്തിലാണ്,നല്ല പ്രായത്തിൽ അവളെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൂട്ടുമ്പോൾ ഒരുപക്ഷേ ഇങ്ങനൊരു ജീവിതം അവൾ പ്രതീക്ഷിച്ചില്ലായിരിക്കും.
വെള്ളമൊഴിഞ്ഞ ഗ്ലാസ്സെടുത്ത് തിരികെ നടക്കാൻ ഒരുങ്ങുമ്പോഴും അവളുടെ മുഖത്ത് ചെറിയൊരു ചിരി മാത്രമാണ് ബാക്കി.
തിരികെ നടക്കാൻ ഒരുങ്ങിയ അവളുടെ കൈകളിൽ എന്റെ പിടുത്തം വീണപ്പോഴാണ് എന്നെ തിരിഞ്ഞൊന്ന് അവൾ നോക്കിയത്.
"എനിക്കൊപ്പം കുറച്ച് നേരം ഒന്നിരിക്കെടോ......."
അവൾക്ക് അറിയാം അവളുടെ മടിയിൽ തല വെച്ചുറങ്ങാൻ വേണ്ടിയാണ് ഞാൻ ഈ പറയുന്നതെന്ന്.
കട്ടിലിൽ അവളുടെ മടിയിൽ തലവെച്ച് കിടക്കുമ്പോഴും അവളുടെ കൈ വിരലുകൾ എൻ്റെ നെറ്റിതടത്തെ വല്ലാതെ പ്രണയിക്കുന്നുണ്ടായിരുന്നു.
ആദ്യമായി കണ്ടൊരു പെണ്ണ്,കാഴ്ചയിൽ എന്ന പോലെ മനസ്സിൽ വല്ലാത്തൊരു ഇഷ്ടം.
വീട്ടുകാർക്കും സമ്മതം പിന്നെ വൈകിച്ചില്ല.എളുപ്പം തന്നെ വിവാഹം നടന്നു. കയ്യിലെ മൈലാഞ്ചി പോലെ തന്നെ ആരിലും വല്ലാതെ ശോഭിച്ച് നിൽക്കാൻ കഴിയുന്നൊരുത്തി.
ഇവൾക്കൊപ്പം ഈ ജന്മം തികയാതെ വരും എന്ന് ചിന്തിച്ച ഒരുപാട് നിമിഷങ്ങൾ.
സ്നേഹമാകാൻ,സന്തോഷമാകാൻ,ആശ്വാസമാകാൻ,പകലിലെന്ന പോലെ രാവിലും എനിക്ക് കൂട്ടാകാൻ......
അങ്ങനെ ഞാൻ ഈ ജന്മം ആസ്വദിച്ച എല്ലാത്തിലും എന്റെ പാതിയാകാൻ കഴിയുന്നൊരുവൾ......
കയ്യിലെ മൈലാഞ്ചി ചോപ്പിനെക്കാൾ മൊഞ്ച് നെറ്റിയിലെ സിന്ദൂരത്തിനാണെന്ന് കൊച്ചു കുട്ടിയെ പോലെ ചിണുങ്ങി പറഞ്ഞപ്പോൾ,രാത്രിയിൽ എല്ലാരും ഉറങ്ങിയ നേരം നെറ്റിയിൽ ഞാൻ ഇട്ട് കൊടുത്ത സിന്ദൂരവുമായ് വെളുക്കുവോളം ഉമ്മറത്ത് എനിക്കൊപ്പം സൊറ പറഞ്ഞിരുന്നവൾ.
ചെറിയൊരു പനി എനിക്ക് വന്നപ്പോൾ പോലും ഉണ്ണാതെയും ഉറങ്ങാതെയും നെറ്റിയിൽ തുണി നനച്ച് ഇട്ട് തന്ന് കൂട്ടിരുന്നവൾ.
പക്ഷേ,പിന്നീടാണ് അറിയുന്നത് മരണത്തിന്റെ മാലാഖ എന്നെ കൂട്ടാൻ വരുന്നതിന്റെ ആദ്യ അറിയിപ്പ് ആയിരുന്നു ആ പനിയെന്ന്.
ദൈവം ഇട്ട് തന്ന ആയുസ്സിന്‌ പരിധി ഉണ്ടെങ്കിൽ പിന്നെ ചികിത്സകൾക്കും ഇല്ലേ പരിധി.ഇനിയൊരു തിരിച്ചുവരവ് ഇല്ല,എന്നറിഞ്ഞ നിമിഷം മുതൽ ഒരു പ്രാര്ഥനയേ എന്റെ ഉള്ളിൽ ജന്മം കൊണ്ടുള്ളൂ.
'ഇവൾക്കൊപ്പമുള്ള ഈ ജീവിതം നന്നായൊന്ന് ആസ്വദിക്കും മുൻപേ എന്നിലെ ആത്മാവിനെ ഉയർത്തിയാലും,ഇവൾ ആഗ്രഹിച്ചൊരു ജീവിതം ഇവൾക്ക് തിരികെ നൽകണേ" എന്ന്
അതിനുള്ള ആദ്യ പടി എന്ന പോലെയാണ് അവളെ അവളുടെ വീട്ടുകാർക്കൊപ്പം തിരിച്ചയാക്കാൻ ശ്രമിച്ചത്.പക്ഷേ,എന്നെ എന്നല്ല എനിക്ക് ജന്മം നലികയവരെ പോലും ഞെട്ടിച്ച് കൊണ്ട് തിരികെ പോവില്ലെന്ന വാശിയിൽ മുറിയിൽ കയറി കതകടച്ചു അവൾ.
അന്നറിഞ്ഞു ഞാൻ ഭാര്യ എന്നത് ഒരു സൃഷ്ടിയേക്കാൾ ഉപരി വലിയൊരു പുണ്യമാണെന്ന്.
രാത്രി ഏറെ വൈകുമ്പോൾ നെഞ്ചിൽ തല വെച്ചുറങ്ങുന്ന അവൾ പറയാൻ ബാക്കി വെച്ച സ്വപ്നങ്ങൾ വീണ്ടും പറഞ്ഞ് തുടങ്ങും,എന്തിനെന്നോ ഏതിനെന്നോ ഇല്ലാതെ.
വല്ലാതെ ആഗ്രഹിക്കുമ്പോഴും,കൊതിക്കുമ്പോഴും അതിനെല്ലാം അൽപായുസ് ആണെന്ന് അറിഞ്ഞില്ല ഞാൻ.....
ഇനിയൊരു ജന്മം കൂടെ എന്നിലേക്ക് ഇട്ട് തന്നാൽ ഇവളുടെ കണ്പീലിയിൽ ഒരുവനായെങ്കിലും ജന്മമെടുക്കണം എനിക്ക്.....
അത് വഴി ഇവളുടെ അഞ്ജന മിഴിയിൽ കൂട്ടാകണം എനിക്ക്......
പ്രണയിക്കണമിനിയും ഇവളെ,തളർന്ന വാർധക്യത്തിലും തികഞ്ഞ യൗവ്വനത്തോടെ തന്നെ പ്രണയിക്കണം.....
അവളിൽ നിന്നുള്ള ആശ്വാസ വാക്കുകൾ അത് എന്നിൽ വല്ലാത്തൊരു സമാധാനമാണ് ഇട്ട് തരുന്നത്.പക്ഷേ എല്ലാത്തിനും അവസാനമായെന്നൊരു തോന്നൽ.
എന്റെ കണ്ണുകൾ പതിവിൽ അധികമായി കൂടുതൽ തുറന്നു. എനിക്ക് ചുറ്റും ഒരുപാട് പേർ ഉള്ള പോലെ.അവരെന്ന ക്ഷണിക്കുകയാണ്.
അകലങ്ങളിലേക്ക് നീളുന്ന അവരുടെ കൈകളുടെ അവസാനത്തിൽ ഒരു മേഘക്കൂട് കാണാം എനിക്ക്,എന്റെ തൊണ്ട വല്ലാതെ വരണ്ടിരിക്കുന്നു.
കടലോളം വെള്ളം കിട്ടിയാലും ശമിക്കാത്ത ദാഹം.ഒരു വെളുത്ത പഞ്ഞിക്കെട്ട് പോലെ ഞാൻ മുകളിലേക്ക് ഉയർന്നു.
പിന്നീട് ഞാൻ കേട്ടത് വലിയൊരു നിലവിളി ആയിരുന്നു.
അതേ ഇതവളാണ് ഞാൻ എന്റെ മനസ്സിനെ മഹറായി കൊടുത്ത എന്റെ പാതി, എന്റെ ഭാര്യ!!!!
ഞാൻ മരിച്ചിരിക്കുന്നു, അതവളുടെ മനസ്സിനേയും ശരീരത്തേയും ഒരുപോലെ മരവിപ്പിച്ചിരിക്കുന്നു.
ആരൊക്കെയോ ചേർന്ന് അവളെ എടുത്ത് മാറ്റാൻ നേരം ഒരിക്കൽ കൂടെ അവളുടെ ചുണ്ടുകൾ എന്നെ ലക്ഷ്യമാക്കി വന്നു.
അവളുടെ ചുംബനം എന്റെ ശരീരത്തെ രുചിച്ച ആ നിമിഷം അറിയാതെ ഞാൻ ദൈവത്തോട് അപേക്ഷിച്ച് പോയി.
"ഒരു നിമിഷം എങ്കിലും എന്റെ ആയുസ്സിനെ എന്നിലേക്ക് തിരികെ തന്നൂടെ!!!!!!"
സ്നേഹത്തോടെ,
Aashiee elevenz
(ഒരു തൃശൂര്ക്കാരൻ ഗെഡി)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo