Slider

നമ്മൾ ഈ പോളിടെക്‌നിക്കിലൊന്നും പഠിച്ചിട്ടില്ലാത്തതു കൊണ്ട്

0


2008 ലാണ് ഞാൻ  അമേരിക്കയിൽ എത്തിപ്പെടുന്നത്.   തിരുവനന്തപുരത്തെ  പുത്തരിക്കണ്ടം  മൈതാനം വരെ ഒറ്റയ്ക്ക് പോയിട്ടില്ലാത്ത  ഞാൻ ലണ്ടൻ വഴി അമേരിക്കയിലേക്കു 
4 മാസം മാത്രം പ്രായമുള്ള മകളെയും കൊണ്ട് വിമാനം കയറി. ഭർത്താവു നേരത്തെ തന്നെ അമേരിക്കയിൽ എത്തി വീടും മറ്റുംശെരിയാക്കിയിരുന്നു.  വസ്ത്രധാരണത്തെ കുറിച്ചൊന്നും വലിയ  പിടിയില്ലാത്ത കാലമായിരുന്നു.  ഇപ്പോഴും അത് തന്നെയല്ലേഅവസ്ഥ എന്നൊന്നും ചോദിക്കരുത് പ്ളീസ്. കുഞ്ഞിന് പാല് കൊടുക്കാൻ പാകത്തിൽ ,എന്റെ വീടിനടുത്തുള്ള "അബ്ദുല്ലടൈലേഴ്സ് ",പ്രത്യേകം രൂപകൽപന ചെയ്ത നീല ചൂരിദാർ  ഇട്ടാണ് എന്റെ അമേരിക്കൻ   യാത്ര.ലണ്ടനിൽ വിമാനം  മാറി കേറണം. ചുറ്റും അതിസുന്ദരികളായ മദാമ്മമാർ .അവരുടെ ഡ്രസിങ് കാണണം. ചുളുക്കു വീഴാത്ത ഉടുപ്പുകൾ,ചീകി  വെച്ചത്ഒരു അണുവിട  മാറാതെ അനുസരണയോടെ  നിൽക്കുന്ന അവരുടെ മുടിയിഴകൾ. എന്റെ നീല  ചൂരിദാറും,  സിഗ്നൽപിടിക്കാൻ നിൽക്കുന്ന അന്റീന പോലത്തെ മുടിയും!! കുറച്ചു കൂടി ഭംഗീല് വരാമായിരുന്നു എന്ന് നെടുവീർപ്പിട്ടുകൊണ്ടുഞാൻ അടുത്ത വിമാനം കയറി. 

ആദ്യത്തെ ഒരു വര്ഷം തടവറയായിരുന്നു എനിക്ക് അമേരിക്ക. 
 നടന്നു പോകാൻ ദൂരത്തിൽ ഒരു കട പോലുമില്ലാത്ത സിറ്റിയിലാണ് ഞാൻ എത്തിപ്പെട്ടത്. കുറച്ചു തേയിലപ്പൊടിവാങ്ങണമെങ്കിൽ പോലും കാറോടിച്ചു പോണം. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ വയ്യ. ഡ്രൈവിംഗ് അറിയാത്തതു വലിയ ഒരുവെല്ലുവിളിയായി മാറുകയായിരുന്നു. "ഓഫീസിൽ നിന്ന് വരുമ്പോൾ  കുറച്ചു പച്ചക്കറി,2  കിലോ പഞ്ചസാര" എന്നൊക്കെഭർത്താവിനോട് പറഞ്ഞു ഞാൻ മടുത്തു തുടങ്ങിയിരുന്നു. ഈ രാജ്യത്തു സ്വാശ്രയശീലം വളർത്തി എടുത്തേ മതിയാകൂ എന്നും,അതിന്റെ ആദ്യ പടിയായി ഡ്രൈവിംഗ് പഠിക്കണമെന്നും ഞാൻ വളരെ വേദനയോടെ മനസ്സിലാക്കി.  സൈക്കിൾ പോലുംഓടിക്കാൻ അറിയാത്ത വീരാംഗനയാണ് ഞാൻ. നടക്കുമ്പോൾ ബാലൻസ് തെറ്റി വീണു ,വഴിവക്കിൽ നിക്കണ ചെക്കന്മാർ"തോം തോം തോം " എന്ന് പാടി പുകഴ്ത്തിയ എനിക്ക് മര്യാദക്ക് വീഴാതെ നടക്കുന്നത് തന്നെ പ്രയാസമുള്ള കാര്യമായിരുന്നു.ഒരു രൂപ പോലും കൂട്ടി കൊടുക്കാൻ തയ്യാറാകാത്ത എന്നെ , തിരുവനന്തപുരത്തെ ഒട്ടു മിക്ക ഓട്ടോ ചേട്ടന്മാരും ചീത്തവിളിച്ചിട്ടുണ്ട്. അമേരിക്കയിൽ വീട്ടിൽ നിന്ന് പുറത്തോട്ടു പോകണമെങ്കിൽ വണ്ടിയോടിച്ചേ  പറ്റൂ. എല്ലാ ഓട്ടോ ചേട്ടന്മാരോടുംഞാൻ മനസ് കൊണ്ട് മാപ്പു പറഞ്ഞ  ദിവസങ്ങളായിരുന്നു ആ ഒരു വർഷത്തിൽ കൂടുതലും.
ഒരു ഓട്ടോ സ്റ്റാൻഡും ഓട്ടം പോകാൻ കത്ത് നിൽക്കുന്ന ചേട്ടന്മാരും അമേരിക്കൻ ജംഗ്ഷനിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്വെറുതെ ആശിച്ചു പോയി.
അങ്ങനെ ഡ്രൈവിംഗ് പഠിപ്പിക്കാൻ ഒരു സായിപ്പിനെ കണ്ടെത്തി. അയാൾ ഇപ്പോഴും ജീവനോടെ ഉണ്ടോ, മനം മടുത്തുആത്മഹത്യ ചെയ്തോ എന്നെനിക്കറിയില്ല. എന്തായാലും അയാളുടെയും,എന്റെ ഭർത്താവിന്റെയും പരിശ്രമത്തിന്റെഫലമായി ഞാൻ ഡ്രൈവിംഗ് പഠിച്ചു.ഭർത്താവിന്റെ പഠിപ്പീര് അതികഠിനമായിരുന്നു. വിധവാ പെൻഷൻ കിട്ടാൻ ഒരുസ്കോപ്പും ഇല്ലാത്തതു കൊണ്ടാണ് ഞാൻ അങ്ങേരെ കൊല്ലാതെ വിട്ടത്. 
ഒടുവിൽ ആ സുദിനം വന്നെത്തി. ലൈസൻസ് എടുക്കാൻ വേണ്ടി ഞാൻ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരായി. സകല വിനയവുംമുഖത്ത് വാരിക്കോരി പൂശി,ഞാൻ ഡ്രൈവിംഗ് ഇൻസ്‌പെക്ടറുടെ മുന്നിൽ ഇരുന്നു. കാണാൻ നല്ല സുന്ദരിയായ മദാമ്മ.എനിക്കേതോ ഇംഗ്ലീഷ് സിനിമാക്കകത്തു ഇരിക്കുന്നത് പോലെ ഒരു തോന്നൽ.  പേപ്പറുകൾ ഒക്കെ പരിശോധിച്ച്കഴിഞ്ഞപ്പോൾ, ഞാൻ അവരെ എന്റെ കാറിലേക്ക് ആനയിച്ചു. വണ്ടി സ്റ്റാർട്ട് ചെയ്തു . അവർ പറഞ്ഞ അഭ്യാസങ്ങൾ ഒക്കെകൃത്യമായി കാണിച്ചു. മദാമ്മ ചിരിക്കുന്നു. ഹാവൂ സമാധാനമായി. ഞാൻ പാസ്സാവും. ലൈസൻസ് കിട്ടിയാൽ ഉടൻകെട്ടിയോനെ ഓഫീസിൽ നിന്ന് വിളിക്കാൻ പോണം.ഡ്രൈവിംഗ് അറിയാത്ത ഇന്ത്യക്കാരികളോട് ഡ്രൈവിംഗ് പഠിക്കാൻആഹ്വനം ചെയ്യണം, അച്ഛനും അമ്മയും  വരുമ്പോൾ അവരേം കൊണ്ട് വണ്ടിയിൽ ഊരു ചുറ്റണം. സ്വപ്‌നങ്ങൾ ചിറകുവച്ചുപറക്കുകയാണ്. ഒരു അലർച്ച കേട്ടാണ് ഞാൻ സ്വപ്നലോകത്തിന്റെ പടിയിറങ്ങുന്നത്.
"വാട്ട് ദി ഹെൽ ആർ യു ഡൂയിങ്?" ഇൻസ്‌പെക്ടർ മദാമ്മ പേടിച്ചരണ്ട് നിലവിളിക്കുകയാണ്. വലത്തോട്ട് വണ്ടി തിരിച്ചുഅവരുടെ ഓഫീസിൽ പാർക്ക് ചെയ്യാൻ പറഞ്ഞത് സ്വപ്നം കാണുന്നതിനിടയിൽ ഞാൻ കേട്ടില്ല. വണ്ടി സ്വപ്നങ്ങൾക്കൊപ്പംനേരെ പറക്കുകയായിരുന്നു. എന്റെ ജന്മസിദ്ധമായ കള്ളലക്ഷണം കണ്ടിട്ടാവണം അവരെ ഞാൻ തട്ടിക്കൊണ്ടു പോകാൻശ്രമിക്കുകയാണെന്ന് ആ പാവം കരുതിയത്. "സോറി സോറി " എന്ന് മാത്രമേ  എനിക്ക് പറയാൻ കഴിഞ്ഞുള്ളു.ഓഫീസിനുള്ളിലേക്കു ഓടി കയറിയ മദാമ്മ ഒരു കുപ്പി വെള്ളം എടുത്തു വായിലേക്ക് കമഴ്‌ത്തി, എന്നെ ചൂണ്ടി കാണിച്ചുസഹപ്രവർത്തകരോട് എന്തൊക്കെയോ പറഞ്ഞു. പോൾ ബാർബറെ നോക്കുന്നത് പോലെ അവരെല്ലാരും  എന്നെ തുറിച്ചുനോക്കി. ആ ടെസ്റ്റ് തോറ്റു  എന്ന് പ്രത്യേകം പറയണ്ടല്ലോ. രണ്ടാഴ്‍ച കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ചെന്നു.അടുത്തപരിശ്രമത്തിനു. ഇത്തവണ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന വഴിയാത്രക്കാരന് ക്രോസ് ചെയ്യാൻ വേണ്ടി വണ്ടി നിർത്തിയില്ലഎന്ന കാരണം പറഞ്ഞു അവർ എന്നെ തോൽപ്പിച്ചു. റോഡിൽ സ്വന്തം അച്ഛൻ നിൽക്കുന്നത് കണ്ടാൽ പോലും വണ്ടിനിർത്താത്ത ടീമ്സ് ആണ് നമ്മൾ . ഇതൊക്കെ ഇത്ര വലിയ കുറ്റമാണെന്ന് അറിയില്ലായിരുന്നു. അമേരിക്കയിൽകാൽനടക്കാർക്കാണത്രെ മുൻഗണന. ഓരോ ആചാരങ്ങൾ. "ഒന്നിൽ പിഴച്ചാൽ മൂന്നു" എന്ന് പറയുന്നതൊക്കെ വെറുതെയാണ്എന്ന് തെളിയിച്ചു കൊണ്ട് മൂന്നാം തവണയും ഞാൻ അന്തസ്സായി തോറ്റു. ഒരു ഉളുപ്പുമില്ലാതെ നാലാം തവണ ടെസ്റ്റിന് ഹാജരായി.ആവശ്യക്കാരന് ഔചിത്യവും,ചമ്മലും ഒന്നും പാടില്ലല്ലോ. അങ്ങനെ എല്ലാ ആഴ്ചയും എന്റെ മോന്ത കണ്ടു മടുത്തിട്ടാവും ആതവണ അവർ എന്നെ പാസ്സാക്കി . പതുക്കെ പതുക്കെ ഞാൻ ഒറ്റയ്ക്ക് വണ്ടി ഓടിച്ചു തുടങ്ങി. 
ഒരിക്കൽ  റെഡ് സിഗ്നൽ കണ്ടിട്ടും നിർത്താതെ ഓടിച്ചു പോയതിനു പോലീസ് പിടിച്ചു. സാധാരണ പൊലീസുകാരെകാണുമ്പോൾ ,ബഹുമാനസൂചകമായി നമ്മൾ വണ്ടിയിൽ നിന്നും ഇറങ്ങുകയാണല്ലോ പതിവ്. ഞാനും വണ്ടിയിൽനിന്നിറങ്ങി,കൈക്കൂലി കൊടുക്കാൻ റെഡി ആയി. പെട്ടന്നയാൾ തോക്കു ചൂണ്ടി "ഗെറ്റ് ബാക് ഇൻ ദി കാർ റൈറ്റ് നൗ" എന്ന്ഒരലർച്ച. സത്യം പറഞ്ഞാൽ തോക്കു കണ്ടതോടെ എന്റെ നല്ല ജീവൻ പോയി. മരിച്ചു പോയ അപ്പൂപ്പനേം അമ്മൂമ്മയേയും വരെഞാൻ മുന്നിൽ കണ്ടു. പേടിച്ചു വിറച്ചു ഞാൻ വണ്ടിയിൽ കയറി. മരണമെത്തുന്ന നേരത്തു അരികിൽ ഒരു പട്ടി പോലുമില്ലല്ലോദൈവമേ .പോലീസുകാരൻ കാറിനരികിൽ വന്നു. "വൈ ഡിഡ് യു ഗെറ്റ് ഔട്ട്?" എന്ന അയാളുടെ ചോദ്യത്തിന് എന്തൊക്കെയോഞാൻ പറഞ്ഞൊപ്പിച്ചു. അയാൾ പറയുമ്പോഴാണ് അറിയുന്നത് പോലീസ് പിടിച്ചാൽ വണ്ടിയിൽ നിന്നും ഇറങ്ങരുതത്രെ.സ്റ്റിയറിങ്ങിൽ രണ്ടു കയ്യും വച്ച് അനങ്ങാതിരിക്കണം. തോക്കു പലരുടെയും കൈവശമുള്ളതിനാൽ പോലീസുകാരുടെസുരക്ഷക്കാണ് ആ നിയമം. അറിവില്ലായ്മ ഒരു കുറ്റമല്ലാത്തതു കൊണ്ട് സിഗ്നൽ ചാടിയതിനു മാത്രം ഫൈൻ അടിച്ചു, അയാൾഎന്നെ വെറുതെ വിട്ടു.
ഞാൻ അമേരിക്കയിൽ ലൈസൻസ് എടുക്കാൻ മൂക്ക് കൊണ്ട് ക്ഷ,ന്ന,ഇത്ത വരയ്ക്കുമ്പോൾ,അങ്ങകലെ ഹൈദരാബാദിൽഎന്റെ കൂട്ടുകാരി അവൾക്കു ലൈസൻസ് കിട്ടിയത് ഒരു മാമാങ്കമാക്കി മാറ്റുകയായിരുന്നു. H  എടുക്കുന്നതിനിടെ 5 പൂച്ചട്ടിആണ് ആ അലവലാതി പൊട്ടിച്ചു കളഞ്ഞത്. ടെസ്റ്റ് ചെയ്യാൻ നിന്ന ഇൻസ്‌പെക്ടർ കുഞ്ഞുകുട്ടി പരാധീനതകളും ,ജീവനിൽകൊതിയുള്ളവനുമായതു കൊണ്ട് ഇവളുടെ കാറിൽ നിന്ന് ഒരു സേഫ് ഡിസ്റ്റൻസ് വിട്ടു നിന്നു. വണ്ടിയിൽ നിന്നനിറങ്ങിയപെണ്ണ് എന്ത് കൂടോത്രം  ചെയ്തിട്ടാണാവോ  ,ആ സാധനത്തിനു ലൈസൻസ് കിട്ടി. ( കൂടോത്രം ഒന്നും ആയിരിക്കില്ല,അതിനേക്കാളും വല്ല ചീപ്പ് വേലയായിരിക്കും,അവളുടെ കയ്യിലിരിപ്പ് എനിക്ക് നന്നായറിയാം ) "നിനക്കിതു വരെ ലൈസൻസ്കിട്ടീല്ലേ?" ISD  കാശ് പോയാലും അവൾക്കു എനിക്കിട്ടു കുത്തണം. ഞാനാരാ മോൾ?  ഇന്ത്യയിൽ ലാൻഡ് ചെയ്തതും ലൈസൻസ്എടുക്കാൻ തീരുമാനിച്ചു .അവൾക്കു ഒരു ലൈസൻസ് എങ്കിൽ , എനിക്ക് രണ്ടെണ്ണം വേണം. American and Indian.കേരളത്തിൽ H  മാത്രമല്ല എല്ലാ അക്ഷരങ്ങളും വഴങ്ങിയാൽ മാത്രമേ ലൈസൻസ് കിട്ടൂ എന്നറിവായുന്നതു കൊണ്ട് നേരെ ബംഗലൂർക്കു വെച്ചു പിടിച്ചു.. അവളൊക്കെ ഹൈദരാബാദിൽ കഷ്ടപ്പെട്ട് പൂച്ചെട്ടി പൊട്ടിച്ചു കിട്ടിയ ലൈസെൻസിനേക്കാൾ വിലയുണ്ട് വണ്ടീടെഅടുത്തുപോലും പോകാതെ എനിക്ക് കിട്ടിയ പെടപെടക്കണ കർണാടക സർക്കാർ തന്ന ലൈസൻസിന്. കളി നമ്മളോടാ?ചുമ്മാതല്ല ബാലാ, നമ്മടെ നാട്ടിൽ ,’വീട്ടീന്നിറങ്ങിയാൽ തിരിച്ചെത്തിയാൽ എത്തീന്നു ‘പറയണത്. ഇമ്മാതിരി ലൈസൻസ്കിട്ടിയ ടീമ്സ് അല്ലേ വണ്ടിയോടിക്കണേ? 

By: deepa narayanan
Attachments area
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo