Slider

പൊരുത്തം

0
പൊരുത്തം
***********
ഒരു ജോലി കിട്ടാൻ കാത്തിരിക്കുകയായിരുന്നു കല്യാണ ആലോചന തുടങ്ങാൻ..
അങ്ങനെ ഒരു ജോലി കിട്ടി മാസങ്ങൾ കടന്നു.. പക്ഷേ അച്ഛനും അമ്മയും എൻ്റെ കല്യാണക്കാര്യത്തിൽ ഒരു മുൻഗണനയും എടുത്തില്ല..
അവർക്ക് താല്പര്യം ഇല്ലെങ്കിലും എനിക്ക് വെറുതെയിരിക്കാൻ കഴിയില്ലല്ലോ.. അതിനായി ഉള്ള എല്ലാം മാട്രിമോണിയൽ സൈറ്റിലും രജിസ്റ്റർ ചെയ്തു..
പിന്നീടങ്ങോട്ട് 24 മണിക്കൂറും ഒരു പെൺകുട്ടിയെ കണ്ടെത്താൻ ഉള്ള ശ്രമം തുടങ്ങി.. എല്ലാ പ്രൊഫൈലുകളും കുത്തിയിരുന്നു പരിശോധിച്ചു.. കുറേ പേർക്ക് റിക്വസ്റ്റുകളും അയച്ചു... മറുപടിക്കായി കാത്തിരുന്നു..
പതിവുപോലെ ഒരു ദിവസം രാവിലെ പ്രൊഫൈൽ തുറന്നു നോക്കിയപ്പോൾ പുതുതായി ചേർന്ന ഒരു പ്രൊഫൈൽ കണ്ടു.. കണ്ടുടനെ എന്തോ ഒരു ഫീലിംഗ് മനസ്സിലൂടെ കടന്നു പോയി.. പേര് നോക്കി രേവതി.. ബാക്കി ഫോട്ടോകൾ നോക്കി.. അപ്പോൾ തന്നെ റിക്വസ്റ്റ് അയച്ചു.. പിന്നീട് പല പ്രൊഫൈലുകൾ നോക്കിയെങ്കിലും അവളുടെ മുഖം മനസ്സിൽ തന്നെ തങ്ങി നിന്നു..
അവളോട് പ്രേമമാണോ തോന്നിയത് എന്നറിയില്ല.. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഒരു പെൺകുട്ടിയെ കണ്ടപ്പോൾ അവളെ സ്വന്തമാക്കണം എന്ന് തോന്നിയത്..
അങ്ങനെ ഓരോ ദിവസവും അവൾ റിക്വസ്റ്റ് സ്വീകരിക്കുന്നതും കാത്തിരുന്നു.. പക്ഷേ ആഴ്ചകൾ കഴിഞ്ഞിട്ടും അതുണ്ടായില്ല..
അങ്ങനെ വീണ്ടും പഴയതിലും ഊർജ്ജിതമായി പെൺകുട്ടിയെ കണ്ടുപിടിക്കൽ തുടങ്ങി.. എന്നെ ഇഷ്ടപ്പെട്ടവരെ എനിക്ക് ഇഷ്ടമായില്ല.. എനിക്ക് ഇഷ്ടമായവർക്ക് എന്നേയും ഇഷ്ടപ്പെട്ടില്ല..
അങ്ങനെയിരിക്കെ ഒരു ദിവസം നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് എടുത്തു നോക്കിയതും എനിക്ക് സന്തോഷമായി... അവൾ റിക്വസ്റ്റ് സ്വീകരിച്ചതിന്റെ ആയിരുന്നു..
അപ്പോൾ തന്നെ പ്രൊഫൈൽ ഉള്ള മൊബൈൽ നമ്പറിൽ വിളിച്ചു.. അവളുടെ നമ്പർ ആയിരിക്കും എന്ന് കരുതിയ എന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ഒരു മുരടൻ സൗണ്ട് കേട്ടു.. ഞാൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.. വീണ്ടും വിളിക്കാനുള്ള ധൈര്യം വന്നില്ല..
ഞാൻ നേരെ ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു.. ഫോട്ടോ കണ്ടപ്പോൾ തന്നെ ചേച്ചിക്ക് ഇഷ്ടമായി... ചേച്ചി അടുത്ത ദിവസം തന്നെ വീട്ടിൽ വന്നു അച്ഛനോടും അമ്മയോടും ഇത് അവതരിപ്പിച്ചു... അത് കേട്ടതും അമ്മ പറഞ്ഞു.. "അവൻ കുഞ്ഞല്ലേ ഇപ്പോഴേ കല്യാണം എന്തിനാ.."
അച്ഛനും അത് ശരിവച്ചു..
എൻ്റെ എല്ലാ പ്രതീക്ഷയും പോയി.. ഞാൻ ഇടക്ക് കയറി പറഞ്ഞു.. ഞാൻ മുതിർന്നു.. കല്യാണപ്രായമൊക്കെയായി.. അച്ഛൻ കടുപ്പിച്ച് ഒന്ന് നോക്കി.. അത് കണ്ടാൽ അറിയാം ഇവനെന്താ ഇത്ര ആക്രാന്തം എന്നാണ്.. നോക്കുന്നതിൻ്റെ അർത്ഥം എന്ന്.. പെട്ടെന്ന് ചേച്ചി രക്ഷകയായി ഇടപെട്ടു..
"ചേട്ടന്റെ കുടുംബ വീടിന്റെ കുറച്ചു അടുത്താണ് പെൺകുട്ടിയുടെ വീട്.. നല്ല ബന്ധം ആണ്.. അച്ഛൻ ഒന്ന് അവരെ വിളിക്ക്.." ചേച്ചി പറഞ്ഞു..
അത് കേട്ട് അച്ഛൻ സമ്മതിച്ചു.. അച്ഛൻ അപ്പോൾ തന്നെ അവരെ വിളിച്ചു.. വരുന്ന ഞായറാഴ്ച രാവിലെ പെണ്ണ് കാണാമെന്നും പറഞ്ഞു...
എന്തായാലും എനിക്ക് സന്തോഷമായി.. പക്ഷേ ഇനിയും മൂന്നാലു ദിവസം കാത്തിരിക്കണം.. അങ്ങനെ ഓരോ ദിവസവും അവളുടെ ഫോട്ടോയും നോക്കി ഇരുപ്പായി.. കാത്തിരിക്കാൻ വയ്യാതെ ഞാൻ അച്ഛനോട് ചോദിച്ചു..
"അവളുടെ നമ്പർ വേടിച്ച് ഒന്ന് സംസാരിച്ചാലോ.."
"ഓടിക്കോണം ഇവിടുന്ന്.. മനുഷ്യൻ്റെ വില കളയാൻ.. ഇതെന്താ നീ പെൺകുട്ടികളെ കണ്ടിട്ടില്ലേ.." അച്ഛൻ ദേഷ്യപ്പെട്ട കാരണം ഞാനും ഒന്നും മിണ്ടിയില്ല.. കാത്തിരിക്കാം അല്ലാതെ എന്ത് ചെയ്യാനാണ്.. പഴഞ്ചനായ അച്ഛന് യൂത്തിൻ്റെ വിഷമം മനസ്സിലാകില്ലല്ലോ..
അങ്ങനെ ഞായറാഴ്ച എത്തി ഞാൻ വെളുപ്പിന് തന്നെ കുളിച്ചൊരുങ്ങി മുൻവശത്ത് വന്നിരുന്നു.. അപ്പോൾ അമ്മ ഒരു ചോദ്യം.. " നീ രാവിലെ എവിടെ പോകുന്നു.."
"എവിടെ പോകുന്നു എന്നോ.. അമ്മ എല്ലാം മറന്നോ.. ഒരു മകൻ്റെ കാര്യത്തിൽ ഉത്തരവാധിത്വം ഇല്ലാത്ത അമ്മ..." ഞാൻ ചോദിച്ചു..
"മണി ഏഴ് അല്ലേ ആയുള്ളൂ.. പത്ത് പതിനൊന്നു മണിയൊക്കെ ആകുമ്പോൾ ഇറങ്ങാം.." അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി.. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ റൂമിലേക്ക് പോയി.. ഓരോന്ന് ആലോചിച്ചു കിടന്നുറങ്ങി.. പെട്ടെന്ന് അമ്മ വിളിച്ചുണർത്തി.." ടാ പത്ത് മണിയായി പോകണ്ടേ.. " ഞാൻ അമ്മയേ ഒന്ന് നോക്കി "ഇപ്പോൾ ഞാൻ കുറ്റക്കാരൻ ആയല്ലേ.."
ഞങ്ങൾ അങ്ങനെ അവളുടെ വീട് ലക്ഷ്യമാക്കി യാത്രയായി.. വണ്ടിയിൽ വച്ചു ഞാൻ അച്ഛനോട് പറഞ്ഞു.. "അച്ഛാ.. നമ്മൾക്ക് ഇന്ന് തന്നെ കല്യാണ തീയതിയും നിശ്ചയിക്കണം.. വേറെ ആരെങ്കിലും ഇടക്ക് കയറി ഉറപ്പിച്ചാലോ.."
"തീയതി ഒന്നും നോക്കണ്ട.. വരുമ്പോൾ നമ്മൾക്ക് അവളേയും കൊണ്ട് വരാം.." അച്ഛൻ പറഞ്ഞു..
"ഒന്ന് പോ അച്ഛാ... അത് അവർ സമ്മതിച്ചില്ലെങ്കിലോ.." ഞാൻ പറഞ്ഞു..
"ഒന്ന് മിണ്ടാതിരിക്കെടാ.. ഓരോന്നിനും ഓരോ ചുറ്റുവട്ടങ്ങൾ ഒക്കെ ഉണ്ട്.. അതനുസരിച്ചേ കാര്യങ്ങൾ നടക്കു.."അച്ഛൻ പറഞ്ഞു..
അങ്ങനെ അവളുടെ വീട്ടിൽ എത്തി.. മുറ്റം നിറയെ ചെടികളും പൂക്കളുമൊക്കെയായി അലങ്കരിച്ചിട്ടുള്ള ഭംഗിയുള്ള ഒരു ചെറിയ ഓടിട്ട വീട്.. അവളുടെ അച്ഛൻ പറഞ്ഞു.. " ഇതൊക്കെ അവളുടെ കലാപരിപാടി ആണ്.. എവിടെ ചെടി കണ്ടാലും വാങ്ങി കൊണ്ട് വന്നു ഇവിടെ നടും.."
അകത്ത് കയറി ഇരുന്നു കുറച്ചു കഴിഞ്ഞു ചായയുമായി അവൾ വന്നു.. ഫോട്ടോയിൽ കണ്ടതിനേക്കാൾ സുന്ദരിയായിരുന്നു അവൾ.. അവളുടെ അച്ഛൻ പറഞ്ഞു പിള്ളേർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം.. അതുകേട്ട് ഞാൻ അവളുടെ കൂടെ റൂമിൽ പോയി..
അവളോട് ഫോട്ടോ കണ്ടയുടൻ ഇഷ്ടമായതും പറഞ്ഞു അവളെ പ്രപ്പോസ് ചെയ്തു.. ഒരു പക്ഷെ പെണ്ണ് കാണാൻ വന്ന പെണ്ണിനെ പ്രപ്പോസ് ചെയ്യുന്ന ആദ്യ വ്യക്തി ഞാനായിരിക്കും.. കാരണം വീട്ട്കാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും നമ്മുടെ സൈഡ് പറയാൻ ഒരാൾ ആകുമല്ലോ... പക്ഷേ അവൾ പറഞ്ഞു "അച്ഛനും അമ്മയ്ക്കും താല്പര്യമാണെങ്കിൽ എനിക്കും ഇഷ്ടമാണെന്ന്..." ഫോൺ നമ്പർ കൂടി തന്നില്ല അവൾ... ദുഷ്ട..
അങ്ങനെ പെണ്ണ്കാണൽ കഴിഞ്ഞു വീട്ടിലേക്ക് വന്നു.. വരും മുൻപ് അവളുടെ അച്ഛൻ എൻ്റെ ജാതകം വേടിച്ചു പൊരുത്തം നോക്കിയിട്ട് പറയാം എന്ന് പറഞ്ഞു..
വീട്ടിൽ എത്തിയിട്ടും അവളുടെ മുഖം മാത്രമായിരുന്നു മനസ്സിൽ നിറയെ.. ഒരു പെൺകുട്ടിയെ കണ്ടുടൻ ഇത്രയും ഇഷ്ടം തോന്നുമോ.. എന്തായിരിക്കും അതിനുള്ള കാരണം.. ഇനി ജീവിതത്തിൽ എനിക്കായി പിറന്നതായിരിക്കുമോ അവൾ അങ്ങനെ ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി ഞാൻ കിടന്നുറങ്ങി..
രാവിലെ ആയതും അച്ഛനോട് അവരെ വിളിച്ചോ എന്ന് ചോദിച്ചു.. അച്ഛൻ തപ്പിതടഞ്ഞു എന്തോക്കെയോ പറഞ്ഞു.. "ഞാൻ പറഞ്ഞു അവരെ ഒന്ന് വിളിച്ചാലോ.." അച്ഛൻ വീണ്ടും കടുപ്പിച്ച് നോക്കി അത്കാരണം ഞാൻ മിണ്ടിയില്ല...
ഓഫീസ് പോയിട്ട് വന്നയുടൻ അച്ഛനെ ചുറ്റിപ്പറ്റി നിന്നു.. പക്ഷെ അച്ഛൻ ഒന്നും മിണ്ടുന്നില്ല.. എന്തായിരിക്കും കാരണം.. ഞാൻ കുറേ നേരം കാത്തിരുന്നു അച്ഛൻ്റെ മറുപടിയ്ക്കായിട്ട്.. അവസാനം ക്ഷമ കെട്ട് ഞാൻ ചോദിച്ചു... അപ്പോൾ അച്ഛൻ പറഞ്ഞു..
" രാവിലെ തന്നെ അവർ വിളിച്ചു.. അവളുടെ അച്ഛൻ പറഞ്ഞു.. നിങ്ങളുടെ ജാതകങ്ങൾ തമ്മിൽ ചേരില്ല.. അത് കാരണം ഈ കല്യാണം നടക്കില്ല.."
അത് കേട്ടതും ഞാൻ ആകെ തകർന്നു.. അച്ഛൻ എൻ്റെ കൈയിൽ പിടിച്ചിട്ടു പറഞ്ഞു..
"അവൾ നിനക്ക് വിധിച്ചിട്ടില്ല.. എനിക്ക് ജാതകം ഒന്നും വിഷയമല്ല.. പക്ഷെ എത്ര പറഞ്ഞിട്ടും അവളുടെ അച്ഛന് താല്പര്യമില്ല.. മോൻ ഇത് മറന്നേക്ക്.."
പക്ഷേ അത്ര പെട്ടെന്ന് അവളെ മറക്കാൻ എനിക്ക് കഴിയുമായിരുന്നില്ല... അവളുടെ സ്വഭാവമോ ചുറ്റുപാടോ ഒന്നും അറിയാതെ ഒരു ഫോട്ടോ മാത്രം കണ്ടിട്ടാണ് ഞാൻ സ്നേഹിച്ചു തുടങ്ങിയത്.. പലരും എന്നെ കളിയാക്കി.. എനിക്ക് വട്ടാണെന്നും ഇന്നലെ കണ്ട ഒരു പെണ്ണിനെ ഓർത്ത് വിഷമിച്ച് നടക്കുന്നുവെന്നും.. പക്ഷേ ഒരാളോട് പ്രണയം തോന്നാൽ ഒരുപാട് സമയം ഒന്നും വേണ്ടല്ലോ..
അങ്ങനെ മാസങ്ങൾ കടന്നു പോയി.. ഓരോ ദിവസവും അവളുടെ പ്രൊഫൈൽ എടുത്തു നോക്കി കൊണ്ടിരുന്നു ഞാൻ.. പക്ഷെ ഒരിക്കൽ നോക്കിയപ്പോൾ പ്രൊഫൈൽ റിമൂവ് ചെയ്തിരിക്കുന്നു.. അപ്പോഴേ എനിക്ക് മനസ്സിലായി അവളുടെ കല്യാണം കഴിഞ്ഞു കാണും എന്ന്..
പിന്നീട് അവളെ കുറിച്ച് ഒരു വിവരവും അറിഞ്ഞിട്ടില്ല.. പക്ഷേ വേറെ പ്രൊഫൈൽ നോക്കാൻ മാട്രിമോണിയൽ സൈറ്റ് തുറക്കുമ്പോഴേക്കും അവളുടെ ഓർമ്മകൾ വരും അത്കൊണ്ട് എല്ലാം ഒഴിവാക്കി..
അങ്ങനെയിരിക്കെ ഒരു ദിവസം ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അവളെ കണ്ടുമുട്ടി.. അവൾക്ക് എന്നെ കണ്ടതും മനസ്സിലായി.. ഞാൻ സൂക്ഷിച്ചു നോക്കി താലിയും നെറ്റിയിൽ സിന്ദൂരവും കണ്ടില്ല.. ഞാൻ ചോദിച്ചു.. "കല്യാണം കഴിഞ്ഞില്ലേ..?"
"ഇല്ല.." അവൾ പറഞ്ഞു
അപ്പോൾ പ്രൊഫൈൽ ഡിലീറ്റ്‌ ചെയ്തതോ..? നിശ്ചയം കഴിഞ്ഞോ..? ഞാൻ ചോദിച്ചു..
അത് കേട്ടതും അവളുടെ മുഖത്ത് അത്ഭുതം കണ്ടു.. അവൾ ചോദിച്ചു.. ഇപ്പോഴും പ്രൊഫൈൽ നോക്കാറുണ്ടോ..?
ഞാൻ ചിരിച്ചു.. അവൾ എൻ്റെ കല്യാണം കഴിഞ്ഞോ എന്ന് ചോദിച്ചു.. ഞാൻ പറഞ്ഞു.. "തനിക്ക് പകരം വേറെ ഒരു പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.."
അവൾ എന്ത് പറയണമെന്നറിയാതെ പതറി.. ഞാൻ വീണ്ടും കല്യാണത്തെ കുറിച്ച് ചോദിച്ചപ്പോൾ അവൾ പറഞ്ഞു..
"കല്യാണം ഉറപ്പിച്ചു നിശ്ചയവും കഴിഞ്ഞതാണ്.. അതാണ് പ്രൊഫൈൽ റിമൂവ് ചെയ്തത്.. പക്ഷേ കല്യാണത്തിന് മുൻപ് അവർ ചോദിച്ച സ്ത്രീധനം കൊടുക്കാൻ കഴിയാഞ്ഞതിനാൽ അവർ കല്യാണത്തിൽ നിന്നും പിൻമാറി... അവർ അച്ഛനെ എല്ലാവരുടേയും മുന്നിൽ നാണം കെടുത്തി.. അത് കാരണം കല്യാണം മുടങ്ങി.. "
"വേറെ ആലോചനകൾ നോക്കിയില്ലേ.." ഞാൻ ചോദിച്ചു..
അവൾ പറഞ്ഞു..
" വരുന്ന എല്ലാവർക്കും കാശും പണവുമാണ് മുഖ്യം.. അതിനായി എൻ്റെ അച്ഛൻ കഷ്ടപ്പെടുന്നത് കാണാൻ വയ്യ അത് കൊണ്ട് നല്ല ഒരു ജോലി നേടിയിട്ടേ ഇനി കല്യാണത്തെക്കുറിച്ച് ചിന്തിക്കൂ.."
ഞാൻ പറഞ്ഞു.. " ആ പഴയ ഇഷ്ടം ഇപ്പോഴും എൻ്റെ മനസ്സിലുണ്ട്.. പണവും സ്റ്റാറ്റസും നോക്കിയല്ല ഞാൻ തന്നെ സ്നേഹിച്ചത്.."
"ജാതകം ചേരാത്തതിനാൽ അച്ഛന് നമ്മുടെ കല്യാണത്തിൽ താല്പര്യമില്ല അതുകൊണ്ട് എനിക്ക് സമ്മതിക്കാൻ കഴിയില്ല.." അവൾ പറഞ്ഞു..
ഞാൻ ചോദിച്ചു.. " താൻ അതിലൊക്കെ വിശ്വസിക്കുന്നുണ്ടോ.. നമ്മുടെ ആളുകൾ മാത്രമല്ലേ ഇതൊക്കെ നോക്കുന്നുള്ളു.. ?"
"എനിക്ക് അങ്ങനെ വലിയ വിശ്വാസം ഒന്നുമില്ല പക്ഷെ അച്ഛനും അമ്മയും പഴയ ആളുകൾ അല്ലേ.. അവരെ എതിർത്തു ഒന്നും ചെയ്യാൻ കഴിയില്ല.. പിന്നെ എനിക്ക് ഇഷ്ടമായിരുന്നു തന്നെ... കാരണം വഴിയിൽ വച്ചു ഒന്നും പ്രപ്പോസ് ചെയ്യാതെ വീട്ടിൽ വന്ന് എല്ലാവരും ഉള്ളപ്പോൾ ചോദിച്ചില്ലേ അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്.. ജാതകം ചേരില്ല എന്നറിഞ്ഞപ്പോൾ എനിക്ക് ഭയങ്കര വിഷമമായിരുന്നു.. പക്ഷെ ഇഷ്ടമുള്ളതെല്ലാം സ്വന്തമാക്കാൻ നമ്മുക്ക് കഴിയില്ലല്ലോ അത് കൊണ്ട് എല്ലാം മറന്നു.." അവൾ പറഞ്ഞു..
അങ്ങനെ അവളോട് യാത്ര പറഞ്ഞു വീട്ടിൽ പോയി.. മനസ്സ് മുഴുവൻ ഒരു ചിന്തയായിരുന്നു.. ശരിക്കും അവൾ എനിക്കുള്ളതാണ് അല്ലെങ്കിൽ പിന്നെ എന്തിനാണ് വീണ്ടും കണ്ടുമുട്ടിയത് അവളുടെ കല്യാണം മുടങ്ങിയത്.. ഇനി ഒരു വഴിയെ ഉള്ളൂ... അവളുടെ അച്ഛനെ എങ്ങനെയെങ്കിലും ചാക്കിലാക്കുക...
അതിനായുള്ള പദ്ധതികൾ തയ്യാറാക്കി.. ആദ്യം നേരെ ചെന്നു അവളുടെ അച്ഛനോട് കാര്യം പറഞ്ഞു.. പക്ഷേ പുള്ളി ജാതകത്തിൻ്റെ കാര്യം പറഞ്ഞു നിന്നു.. എത്ര പറഞ്ഞിട്ടും പുള്ളി സമ്മതിച്ചില്ല..
ഞാൻ അവളുടെ അച്ഛനേയും വിളിച്ചു നേരെ അടുത്തുള്ള കുടുംബ കോടതിയിൽ എത്തി.. പുറത്ത് നിറയെ ആൾക്കൂട്ടം.. എന്നിട്ട് ഞാൻ അവിടെ നിന്ന ഒരാളോട് ചോദിച്ചു.. "നിങ്ങൾ വിവാഹബന്ധം വേർപെടുത്താനാണോ വന്നത്.."
അയാൾ അതെ എന്ന് പറഞ്ഞു..
ഞാൻ വീണ്ടും ചോദിച്ചു
"നിങ്ങൾ ജാതക പൊരുത്തം നോക്കിയിട്ടാണോ കല്യാണം കഴിച്ചത്..?"
അയാൾ ദേഷ്യപ്പെട്ട് പറഞ്ഞു.. "തനിക്ക് ഇപ്പോൾ എന്താ വേണ്ടത്.. എൻ്റെ വീട്ടുകാരും അവളുടെ വീട്ട്കാരും പല ജ്യോത്സ്യമാരോട് നോക്കിയിട്ട് നല്ല പൊരുത്തം ഉണ്ട് എന്ന് പറഞ്ഞു വിവാഹം കഴിച്ചതാണ് ഇവിടെ വരെ എത്തി നിൽക്കുന്നത്.. "
ഇത് കേട്ടുകൊണ്ട് നിന്ന അവളുടെ അച്ഛനോട് ഞാൻ പറഞ്ഞു.. "ഇവിടെ കൂടി നിൽക്കുന്നവരിൽ പലരും പൊരുത്തം നോക്കി കല്യാണം കഴിഞ്ഞവരാണ്... എന്നിട്ട് അവരുടെ ജീവിതം വിജയിച്ചോ.. ഇല്ലല്ലോ.. എനിക്ക് അവളെ ഇഷ്ടമാണ് അവൾക്ക് എന്നേയും.. അതിൽ കൂടുതൽ എന്ത് പൊരുത്തമാണ് വേണ്ടത്.."
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും അവളുടെ അച്ഛൻ്റെ മനസ്സ് പൂർണ്ണമായി സമ്മതിച്ചില്ല... അത് കാരണം ഞാൻ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പുള്ളി പറഞ്ഞ ഒരു ജ്യോൽസ്യൻ്റെ അടുത്ത് പോയി..
അവളുടെ അച്ഛൻ്റെ മുന്നിൽ വച്ചു ജ്യോൽസ്യനോട് ചോദിച്ചു.. " ഒരു കുട്ടി ഭൂമിയിലേക്ക് ജനിച്ചു വീഴുന്ന സമയം നോക്കിയല്ലേ ജാതകം എഴുതുന്നത്.."
അതെ ജ്യോൽസ്യൻ പറഞ്ഞു
"എങ്കിൽ നമ്മൾ സിസേറിയൻ ചെയ്തു കുട്ടിയെ പുറത്തെടുക്കുമ്പോൾ നമ്മൾ പ്രകൃതിയുടെ പ്രവർത്തനത്തിൽ വ്യത്യാസം വരുത്തുകയല്ലേ.." ഞാൻ ചോദിച്ചു..
അപ്പോൾ ജ്യോൽസ്യൻ പറഞ്ഞു.. "അത് ശരിയാണ്.. പണ്ട് സർജറി ഒന്നും കൂടാതെ ആയിരുന്നു കുട്ടികൾ ജനിക്കുന്നത്.. ഇപ്പോൾ ആളുകൾ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നല്ല നക്ഷത്രമൊക്കെ നോക്കിയാണ് ഡെലിവറി ചെയ്യുന്നത്.. അത് കൊണ്ട് ജാതകം നൂറ് ശതമാനം സത്യം എന്ന് പറയാൻ കഴിയില്ല.."
ഞാൻ പറഞ്ഞു "എന്നേയും സിസേറിയൻ ചെയ്താണ് എടുത്തത്..അപ്പോൾ എൻ്റെ ജാതകം ശരിയാണ് എന്ന് എങ്ങനെ പറയും..?"
അത് കേട്ട് അവളുടെ അച്ഛൻ ജ്യോൽസ്യനോട് നടന്ന കാര്യങ്ങൾ പറഞ്ഞു.. അപ്പോൾ ജ്യോൽസ്യൻ പറഞ്ഞു.. "വിവാഹത്തിൽ മനപ്പൊരുത്തം ആണ് എല്ലാത്തിലും വലുത് അവർ തമ്മിൽ ഇഷ്ടമാണെങ്കിൽ കല്യാണം നടത്തി കൊടുക്കുക.. നമ്മൾ എന്ത് വിചാരിച്ചാലും ദൈവം വിധിച്ചതല്ലെ നടക്കൂ.."
അങ്ങനെ അവസാനം അവളുടെ അച്ഛനും അമ്മയും വിവാഹത്തിന് സമ്മതിച്ചു...
" വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ഭാഗ്യത്തിന് ഇതു വരെ കുടുംബ കോടതി കയറേണ്ടി വന്നിട്ടില്ല... ഇനി എന്ത് ആകുമോ എന്തോ....?"   
---------------------------------------------------------
© MUCHESH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo