Slider

ഓണം - ഒരു നൊസ്റ്റു

0


ഓണത്തെ കുറിച്ചുള്ള ഏറ്റവും വലിയ നൊസ്റ്റു ഓണപ്പരീക്ഷയുടെ ഉത്തര കടലാസ് കിട്ടുന്ന ദിവസത്തെ ചുറ്റിപ്പറ്റിയാണ്. പ്രത്യേകിച്ചും കണക്കിന്റെ പേപ്പർ കിട്ടുന്നതിന്റെ അന്ന്. ഇരവഴിഞ്ഞി പുഴ അറബിക്കടലിനുള്ളതാണെങ്കിൽ , കണക്കു പരീക്ഷ എനിക്ക് തോൽക്കാൻ വേണ്ടിയുള്ളതായിരുന്നു. സിറ്റിയിൽ ജനിച്ചു വളർന്നത് കൊണ്ട് ,ഓണത്തല്ല് ഞാൻ കണ്ടിട്ടില്ല. പക്ഷേ, കണക്കിന്റെ മാർക്ക് കിട്ടുന്ന ദിവസം എന്റെ അമ്മ എനിക്കിട്ടു പെരുക്കുന്നതു പോലെ ഒരു ഓണത്തല്ല് നിങ്ങളാരും കണ്ടു കാണാൻ വഴിയില്ല . ഓണത്തല്ല്,ചവിട്ടുനാടകം,ഭരണിപ്പാട്ട് തുടങ്ങി കേരത്തിന്റെ തനതു പാരമ്പര്യ കലകളിൽ പ്രാവീണ്യം തെളിയിച്ച ഒരമ്മയുടെ മകളാണ് ഞാൻ.
അങ്ങനെ ഒരു സമാധാനവും ശ്വസ്തതയും ഇല്ലാത്ത , അമ്മ തെറി വിളിയും ,തല്ലും നിർത്താത്ത വീട്ടിൽ ,നിഷ്കളങ്കയായ ഒരു പിഞ്ചു ബാലിക മഹാബലിയേയും,വാമനനേയും ,ഓണപ്പരീക്ഷയിൽ തന്നെ തോൽപ്പിക്കുന്ന ടീച്ചറെയും അറിയാവുന്ന ചീത്ത ഒക്കെ ( എന്ന് വച്ചാ പട്ടി ,തെണ്ടി,അലവലാതി, അത്രെയൊക്കെയേ അറിയൂ...കുഞ്ഞല്ലേ , ഇന്നാണെങ്ങി ഞാൻ പൊളിച്ചടുക്കിയേനെ. ) വിളിച്ചു നാളുകൾ തള്ളി നീക്കി. ഹിന്ദുക്കൾ പിണങ്ങണ്ടാ. ക്രിസ്തുമസ് പരീക്ഷാ സമയത്തു യേശു ക്രിസ്തു ജനിക്കാനേ പാടില്ലായിരുന്നു എന്ന് എനിക്ക് തോന്നാറുണ്ടായിരുന്നു. 

ഓണവും ഓണപ്പരീക്ഷയും നമുക്കു മാറ്റാൻ പറ്റില്ല, പഠിച്ചു നന്നാവാൻ മനസ്സ് സമ്മതിക്കുന്നുമില്ല, അമ്മയാണെങ്കിൽ നാളുകൾ കഴിയുന്തോറും വഷളായി വരുന്നു. എന്നെ വല്ല അമേരിക്കയിലും ജനിപ്പിച്ചൂടായിരുന്നോ ദൈവത്തിനു? കുട്ടികളെ അഛനമ്മമാർ കൈ കൊണ്ട് തൊടില്ല. ഇത് എന്തോ എന്നോട് പ്രതികാരം ചെയ്യാൻ വേണ്ടി ദൈവം ,"ഒന്നായാലും ഉലക്ക കൊണ്ടടിക്കണം" എന്നൊക്കെ പറഞ്ഞോണ്ട് നടക്കുന്ന കൺട്രി ഫെൽലോസിന്‌ ജനിപ്പിച്ചത് കൊണ്ടല്ലേ ?🤦🏻ഈ ബോധം ഉണ്ടായ കാലത്തു നിർത്തിയതാണ് ഞാൻ അമ്പലത്തിൽ പോക്ക്. ഇപ്പൊ ഫ്രീ ഫുഡ് ഉള്ള അമ്പലങ്ങളിൽ മാത്രേ പോകാറുള്ളൂ. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു എന്ന് തോന്നുന്നു എനിക്ക് വാമനന്റെ ബാധ കൂടിയത്. രാത്രി കാലങ്ങളിൽ മുറിയുടെ തെക്ക് വടക്ക് ഞാൻ നടന്നാലോചിച്ചു .അമ്മേടെ തല്ലിൽ നിന്നും രക്ഷപ്പെടാൻ ഒരു ആറാം ക്ലാസ്സുകാരിയും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാൻ സഞ്ചരിച്ചു.എന്റെ തടി രക്ഷിക്കാൻ വേണ്ടി,അമ്മേടെ കൈക്കു നീരുവെക്കാതിരിക്കാൻ വേണ്ടി. മഹാബലിയെ പോലെ അതി ശക്തയായ എന്റെ അമ്മയെ പറ്റിക്കാൻ , വാമനൻ പണ്ട് കാണിച്ച തറ വേല പോലെ എന്തെങ്കിലും ചെയ്യാൻ മനസ്സ് കൊണ്ട് ഉറപ്പിച്ചു. അധര്മത്തിനെതിരെ പോരാടാൻ കുതികാൽ വെട്ടും ചതിയും ഒക്കെ ആകാല്ലോ. അതാണല്ലോ നമ്മൾ പഠിച്ചു വളർന്നത് .ഏതു ? . അങ്ങനെ ഒന്ന് രണ്ടു കണക്കു പരീക്ഷകളുടെ പേപ്പർ വഴി വക്കിൽ കീറി കളഞ്ഞു. ഒരിക്കൽ കീറിക്കളയാൻ മറന്ന പേപ്പർ ഏതോ മേശേടെ ഡ്രായിൽ ഒളിപ്പിച്ചു. വൈകിട്ട് സ്കൂൾ വിട്ടു വന്നപ്പോൾ income taxകാര് റെയ്‌ഡ്‌ ചെയ്ത വീട് പോലെ കിടക്കുന്നു മേശ. പിടിക്കപ്പെട്ടു . നല്ല അന്തസ്സായി അമ്മേടെ കയ്യിന്നു കിട്ടി ബോധിച്ചു. കലി അടങ്ങാത്ത 'അമ്മ അടുത്ത ദിവസം എന്നെ തല്ലാൻ ക്ലാസ് ടീച്ചർക്ക് കൊട്ടേഷൻ കൊടുത്തു . അങ്ങനെ വീട്ടുകാരും ,ടീച്ചർമാരും ,അപ്പുറത്തെ വീട്ടിലെ ചേച്ചിയും ,മാമനും എല്ലാരും ഉത്സാഹിച്ചു അടിച്ചും ,ഉപദേശിച്ചും നാടിന്റെ പൊന്നോമനയായ എന്നെ പത്താം ക്ലാസ് പാസ്സാക്കി . 
അവിടെ തീരുന്നില്ല എന്റെ ഓണം നൊസ്റ്റു. കോളേജിൽ ചേർന്നു. ഒരു പതിനേഴു പതിനേഴര വയസ്സുള്ളപ്പോൾ ഒരു തമാശക്ക് പ്രേമിച്ചു തുടങ്ങി. ആ തമാശ ഇന്നെന്റെ കൊച്ചിന്റെ അച്ഛനാണ്. തേപ്പിന്റെ ടൈമിംഗ് അങ്ങട് ശെരിയായില്ല. കോളേജിലെ ഓണാഘോഷങ്ങൾക്ക് നേര്യതു ഉടുത്തു പോകുമ്പോൾ , എന്നെ കാണാൻ വേണ്ടി മാത്രമായി ബസ് സ്റ്റോപ്പിൽ നിന്നിരുന്ന അവൻ. പുളിയിലക്കര പുടവ ചുറ്റി നിൽക്കുന്ന എന്നെ കുറിച്ചുള്ള അവന്റെ കത്തുകൾ. കുളിരു കോരി കോരി നടന്ന കാലം .ആ സാധനത്തിനെ തന്നെ കെട്ടി ആ കുളിരും ഞാൻ കളഞ്ഞു. സ്വന്തം ഭാര്യേടെ സൗന്ദര്യം കാണണമെങ്കിൽ അയലത്തെ ജനലിലൂടെ നോക്കണം എന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ അയലത്തെ പെണ്ണ് അതി സുന്ദരിയും , നമ്മടെ ആളിന്റെ കയ്യിലിരിപ്പ് നമുക്ക് നന്നായി അറിയാവുന്നതു കൊണ്ടും ആ ജനലിലോട്ടു പറഞ്ഞു വിടാതിരിക്കുന്നതാണ് നല്ലതു.
ഇനി വർത്തമാന കാലം. ഓണം ഞാൻ ശെരിക്കും ആഘോഷിച്ചു തുടങ്ങിയത് കേരളത്തിൽ നിന്നും സ്വയം നാടുകടത്തിയതിനു ശേഷമാണ്. കലാവാസന തൊട്ടു തീണ്ടിയിട്ടില്ലെങ്കിലും മുറ്റത്തു പൂക്കളം എന്ന പേരിൽ അതിക്രമം കാണിക്കും, കേരളത്തിന്റെ അവിയലും സാമ്പാറും പച്ചടിയും ഒന്നും അറിയാത്ത വല്ല ഹിന്ദിക്കാരെയോ , തെലുങ്കന്മാരെയോ സദ്യക്ക് ക്ഷണിക്കും. അതാവുമ്പോ ഞാൻ ചൂണ്ടി കാണിക്കുന്നതാണ് സാംബാർ , ഞാൻ തീരുമാനിക്കും അവിയൽ ഏതാണെന്നു.മലയാളികളെ സദ്യെടെ പരിസരത്തു അടുപ്പിക്കാറില്ല. അടുത്തിടെയായി ബംഗാളികളേയും. പിന്നെ മലയാളീ അസോസിയേഷന്റെ ഓണാഘോഷത്തിൽ പങ്കു ചേരും. കർട്ടൻ വലി,തിരുവാതിര, നാടകം,സംഘഗാനം എന്ന് വേണ്ട എനിക്ക് പുല ബന്ധം പോലുമില്ലാത്ത കാര്യങ്ങളൊക്കെ ആ സ്റ്റേജിൽ ചെയ്യും. കരക്കാരെ മുഴുവൻ വെറുപ്പിക്കും. അല്ലെങ്കിലും ഓണം തൊലിക്കട്ടിയുടെ ഓര്മപ്പെടുത്തലാണല്ലോ.സഹായിച്ചവനിട്ടു തന്നെ എട്ടിന്റെ പണി കൊടുത്ത തൊലിക്കട്ടി - അതാണ് എന്റെ ഇൻസ്പിറേഷൻ. അപ്പോ തൊലിക്കട്ടി കൂടട്ടെ എന്ന് സ്വയം ആശംസിക്കുന്നതിനോടൊപ്പം വായിച്ചു പണ്ടാരം അടങ്ങി ഇരിക്കുന്ന നിങ്ങൾക്കും ഒരു കൊട്ടക്ക് ഓണാശംസകൾ നേരുന്നു സൂർത്തുക്കളേ... 


Deepa K.Narayanan

Liverpool, Newyork 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo