= ഓക്ക് മരവും കുരുവിയും =
കുരുവീ....നീ പറയുന്നത് ഞാൻ കേൾക്കുന്നില്ല, നിന്‍റെ മൃദുലമായ കൊക്ക് ഒന്നുകൂടെ എന്‍റെ ചെവിയോട് ചേർത്ത് വെക്കൂ.. നിനക്കറിയാമല്ലോ വസന്തങ്ങൾ സ്വപ്നങ്ങളില്‍ മാത്രം കാണുന്നൊരു ഓക്ക് മരമാണ് ഞാനെന്ന്.
നീ കാണുന്നില്ലേ, ഉണങ്ങാൻ പോകുന്ന എന്‍റെ ചില്ലകൾ, വീണടിയുന്ന ഇലകൾ. മനുഷ്യന്‍റെ മണം ഇഷ്ടമില്ലാത്തൊരു ഓക്ക് മരം. എന്നിട്ടും നീ എന്തിനു കൂടു കൂട്ടാൻ ഇവിടെ തന്നെ വന്നു ?
ഈ കുന്നിൻ ചെരുവിൽ ഞാൻ ഒരൊറ്റ മരമായി നിൽക്കുന്നത് തന്നെ മനുഷ്യ മണം ഏൽക്കാതെ വെറുതെ സ്വപ്നം കാണാനാണ്... എന്‍റെ ബാല്യവും, കൗമാരവും, യൗവനവും തിരിച്ചൊന്നു പിടിക്കാൻ എനിക്ക് കഴിയില്ലല്ലോ.. ശിശിരവും ശൈത്യവും മാത്രമാണെനിക്ക് ബാക്കിയുള്ളത്. ഏതോ പച്ചയിലേക്ക് പറക്കുന്ന നീ വെറുമൊരു കൗതകത്തിന്, കുസൃതിക്ക് കയറി വന്നതാണോ ? ഒരു ഇടത്താവളം പോലെ? നീ വന്നപ്പോൾ മനുഷ്യരുടെ ഗന്ധവും കൂടെ കൊണ്ടുവന്നു. എനിക്കത് അന്യമായിരുന്നു.
ഈ കുന്നിൻ ചെരുവിൽ ഞാൻ ഒരൊറ്റ മരമായി നിൽക്കുന്നത് തന്നെ മനുഷ്യ മണം ഏൽക്കാതെ വെറുതെ സ്വപ്നം കാണാനാണ്... എന്‍റെ ബാല്യവും, കൗമാരവും, യൗവനവും തിരിച്ചൊന്നു പിടിക്കാൻ എനിക്ക് കഴിയില്ലല്ലോ.. ശിശിരവും ശൈത്യവും മാത്രമാണെനിക്ക് ബാക്കിയുള്ളത്. ഏതോ പച്ചയിലേക്ക് പറക്കുന്ന നീ വെറുമൊരു കൗതകത്തിന്, കുസൃതിക്ക് കയറി വന്നതാണോ ? ഒരു ഇടത്താവളം പോലെ? നീ വന്നപ്പോൾ മനുഷ്യരുടെ ഗന്ധവും കൂടെ കൊണ്ടുവന്നു. എനിക്കത് അന്യമായിരുന്നു.
കുരുവീ...എനിക്കധികം സ്വപ്‌നങ്ങൾ ഒന്നും ഇല്ല. ഈ കുന്നിൽ നിന്ന് നോക്കുമ്പോൾ കാണുന്ന ദൂരമുണ്ടല്ലോ - അത്രയേ എന്‍റെ സ്വപ്നങ്ങളും ഉള്ളൂ. പക്ഷെ നീ കൂട് കൂട്ടിയപ്പോള്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക് ആകാശത്തിന്‍റെ നീല നിറമായി.
എന്താണ് നീ പറഞ്ഞത്? വഴി തെറ്റി വന്നതല്ല എന്നോ? കൂടു കൂട്ടാൻ ഉറപ്പിച്ചു വന്നതാണെന്നോ? ഞാൻ നിന്നെ അവിശ്വസിക്കുന്നില്ല, നീ കളവ് പറയാറില്ലല്ലോ..
നോക്കൂ കുരുവീ...നിന്‍റെ ചിറകുകൾക്ക് ഇനിയും ഒരുപാട് ദൂരം പറക്കാൻ കഴിയും...നിന്‍റെ കുസൃതി എന്തിനാണ് എന്‍റെ ചില്ലയിൽ ഉടച്ചു തീർക്കുന്നത്? ദാ...ഇങ്ങോട്ട് എന്‍റെ കണ്ണിനു അടുത്ത് വരൂ...ഞാൻ നിനക്ക് ചില കാഴ്ചകൾ കാണിച്ചു തരാം....ആ മേഘങ്ങളുടെ ഇടയിലൂടെ നോക്കൂ....നല്ല പച്ചപ്പുള്ള സിഡാർ മരങ്ങളുടെ തോപ്പാണത്..സിഡാർ മരങ്ങൾക്ക് മേലെ മഞ്ഞു പെയ്യുന്നത് നീ കണ്ടിട്ടുണ്ടോ? അവിടെ നിനക്ക് പറന്നു പോയാൽ ആകർഷണീയമായ ഒരു പാട് ചില്ലകൾ കാണാം. അതിൽ ഒന്നിൽ നിനക്ക് കൂടു കൂട്ടാം...അല്ലെങ്കിൽ വേണ്ട, ഇങ്ങോട്ട് ഇവിടെ കിഴക്കോട്ട് നോക്കൂ... ഒലിവു മരങ്ങളുള്ള ഒരു താഴ്‌വര കാണുന്നില്ലേ? ഇപ്പോൾ ഒലീവ് പിഴിഞ്ഞെടുക്കുന്ന സമയമാണ് ... നറുമണം നീ അനുഭവിക്കുന്നുണ്ടോ? മനുഷ്യന്‍റെ മണം കൂടിയുള്ളതിനാൽ എനിക്ക് അതത്ര രുചിക്കുന്നില്ല. നിനക്ക് അവിടേക്ക് പറക്കാം.. ഇടവിളയായി മുന്തിരി വള്ളികൾ നീ കാണുന്നില്ലേ ? അതിനിടയിൽ ഒഴുകുന്ന ചെറിയോരു അരുവിയും. എത്ര മനോഹരമാണ് അവിടം....
നീ പറന്നു പോകൂ
നീ പറന്നു പോകൂ
നോക്കൂ...കുരുവീ....നീ പറന്നുപോകുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം തന്നെയാണ്. പക്ഷെ നിന്‍റെ സ്വപ്നവും എന്‍റെ സ്വപ്നവും ഒന്നാകുകയില്ലല്ലോ, നിന്‍റെ കാഴ്ചകളും എന്‍റെ കാഴ്ച്ചകളും കൂട്ടിമുട്ടുകയും ഇല്ല. .
നീ എന്തെങ്കിലും ഒന്ന് പറയൂ കുരുവീ.... നീ വീണ്ടും എന്നോട് ചേർന്ന് ചേർന്ന് നിൽക്കുകയാണല്ലോ......
മനുഷ്യർ ഈ കുന്നും താണ്ടി എന്നരികിലേക്ക് വരുന്നതിനു മുൻപ് എനിക്ക് നീ ഒരു ഉപകാരം ചെയ്യണം. .ഈ കുന്നിൻ ചെരുവിനു താഴെ, ദാ, ആ കാണുന്ന ചുവന്ന മേപ്പിൾ മരങ്ങൾക്കിടയിലൂടെ ഒരു വഴി കാണുന്നില്ലേ...അതിലൂടെ ഇറങ്ങിയാൽ എത്തുന്നത് ഒരു സത്രത്തിലാണ്. അവിടെ വെളുപ്പും കറുപ്പും കലർന്ന ഒരു കുതിരയെയും തവിട്ടു നിറമുള്ള ഒരു കോവർ കഴുതയെയും കാണാം. നീ കോവർ കഴുതയുടെ ഉടമസ്ഥനെ തേടിപ്പിടിക്കണം. അയാൾ ഒരു മരം വെട്ടുകാരനാണ്.
അയാളോട് പറയണം എന്നെ വെട്ടിയിടാൻ. എനിക്കറിയാം നിനക്കത് താങ്ങാൻ പറ്റില്ല എന്ന്. അയാൾക്ക് ചില നിർദേശങ്ങൾ കൊടുക്കേണ്ടതുണ്ട്. ഒന്നാമതായി മഴുവിനും വാളിനും നന്നായി മൂർച്ച കൂട്ടണം. വെട്ടാൻ തുടങ്ങിയാൽ ഞാൻ വീഴുന്നത് വരെ നിർത്തരുത്. നീ ഇവിടെ എന്‍റെ അരികിൽ തന്നെ ഉണ്ടായിരിക്കണം - എനിക്ക് വേദന അറിയാതിരിക്കാൻ. നീ നന്നായി കണ്ണടച്ചോളൂ....
അങ്ങിനെ ഈ ഓക്ക് മരം നിലം പതിച്ചാൽ, നീ പറന്നു പോകണം - ഒന്നുകിൽ മഞ്ഞു പെയ്തിറങ്ങുന്ന സിഡാർ മരങ്ങളുടെ അടുത്ത്, അല്ലെങ്കിൽ നറുമണം പേറുന്ന ഒലീവ് തോട്ടത്തിൽ, അതുമല്ലെങ്കിൽ ആകാശത്തിന്‍റെ അതിരുകൾക്കപ്പുറത്തേക്ക്....
(ഹാരിസ്)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക