മോക്ഷം
-------
-------
"കവലയിൽ നിന്നും ഒരു കിലോമീറ്റർ കിഴക്ക് മാറി ഉള്ളിലേക്ക് ഇരുന്നൂറു വാര നടക്കണം. വീടല്പം പഴയതാണ്. ഏഴര സെന്റ് വസ്തുവുണ്ട്, അതങ്ങ് തട്ടിയാൽ നല്ലൊരു കെട്ടിടം വയ്ക്കാം."
ബ്രോക്കറുടെ വാക്കുകൾക്ക് അശ്രദ്ധയോടെ തലയാട്ടി.
ചെമ്മൺ പാതയിലൂടെ ആദ്യ തിരിവ് കഴിഞ്ഞപ്പോൾ വീട് കണ്ണിൽപ്പെട്ടു. ഓട് മുഴുവാൻ പായല് പിടിച്ച് പച്ചയും കറുപ്പും നിറങ്ങളായിരിക്കുന്നു. ഒതുക്ക് കല്ലുകൾ ചവിട്ടി ബ്രോക്കർക്ക് പിന്നാലെ മുറ്റത്തേക്ക് കയറി. വൃദ്ധനായ കിളിച്ചുണ്ടൻ മാവ് മൂകമായി നില്പുണ്ട് . അതിന്റെ ഉണങ്ങിയ ഇലകളുംചുള്ളികളും മുറ്റത്തെ ഒരു പുതപ്പ് പോലെ പുതച്ചിട്ടുണ്ട്.
അഴികളിട്ടടച്ച വാരാന്തയിൽ തള്ളി നിൽക്കുന്ന കഴുക്കോലുകളിൽ മാറാല പിടിച്ചിരിക്കുന്നു, പല ഭാഗങ്ങളും ചിതലരിച്ച് തുടങ്ങി. ചുവരിൽ തേച്ച കുമ്മായം വട്ടത്തിൽ ഇളകി വീണ ഭാഗങ്ങളിലൊക്കെ ചെങ്കല്ല് ദൃശ്യമായിരുന്നു. ദ്രവിച്ച് തുടങ്ങിയ പ്രധാന വാതിൽ ബ്രോക്കർ ശ്രമപ്പെട്ടു തുറന്നു. വാരാന്തയുടെ വലത് ഭാഗത്തെ മുറിയുടെ വാതിൽ ബലം പ്രയോഗിച്ച് തള്ളി തുറന്നു. മച്ചിട്ട മുറി. ചിതലരിച്ചും ദ്രവിച്ചും മച്ചിന്റെ പലകകൾ മുറിക്കുള്ളിൽ വീണു കിടപ്പുണ്ട്. വാരാന്തയിൽ നിന്നും നേരെ പ്രധാന മുറിയിലേക്ക്. അല്പം വലിപ്പമുള്ള മുറിയാണ്. മേൽക്കൂരയിൽ നിന്നും ഓടുകൾ പൊട്ടിപോയ ഭാഗത്തൂടെ സൂര്യ പ്രകാശം അകത്തേക്ക് കടന്ന് വരുന്നു. അതിന്റെ വലത് ഭാഗത്തുള്ള മുറി തുറന്ന് കിടക്കുകയായിരുന്നു. അല്ല- കതക് ഇളകി വീണിരിക്കുന്നു. നേരെ നടന്നാൽ തീൻ മുറി. ഒടിഞ്ഞ ഒരു മേശയും ഒരു ബെഞ്ചിന്റെ പലകയും അവശേഷിച്ചിരിക്കുന്നു. അതിനു ശേഷം അടുക്കള. പൊകയറ പിടിച്ച് കറുത്ത ചുവരുകൾ. കിഴക്ക് വശത്തായി പൊളിഞ്ഞ് തുടങ്ങിയ അടുപ്പുകൾ. അടുക്കളയിലൂടെ പുറത്തേക്കിറങ്ങി.
കിണറിനു ചുറ്റും കാടും പടർപ്പുമാണു. കിണറിൽ നിന്നും രണ്ട് മീറ്ററോളം മാറിയുള്ള അതിർത്തി ബ്രോക്കർ കാണിച്ച് തന്നു. വീടിനു ചുറ്റും കുറ്റിച്ചെടികൾ വളർന്ന് കാട് പിടിച്ചു കിടക്കുന്നു. അതിനാൽ ദൂരെ നിന്ന് നോക്കുക മാത്രം ചെയ്തു.
"പത്തിരുപത് വർഷമായി സ്ഥിരമായിട്ട് ആരും താമസിക്കാറില്ല. ഒന്ന് രണ്ട് കൈമറിഞ്ഞ വസ്തുവാണ്. വിൽക്കാൻ വച്ചിട്ട് കാലം കുറെയായി".
ബ്രോക്കറുടെ വാക്കുകൾ ശ്രദ്ധിക്കാതെ അടുക്കളയിലേക്ക് തിരികെ കയറി.
അടുപ്പിലെ മൺകലത്തിൽ തിളച്ചു മറിയുന്ന ചോറു. ചോറ് പൊതിയാനുള്ള രണ്ട് വാഴയില വാട്ടി വച്ചിട്ടുണ്ട്. തേങ്ങ ചിരകുന്ന ശബ്ദം കേട്ടാണ് വലത്തേക്ക് നോക്കിയത്. നാല്പത് വയസ്സോളം പ്രായമുള്ള വെളുത്ത സുന്ദരിയായ ഒരമ്മയാണ് ധൃതിയിൽ തേങ്ങ ചിരകുന്നത്. ചിരവയിൽ നിന്നും എഴുന്നേറ്റ് അടുപ്പിലെ ചോറിന്റെ വേവ് നോക്കി. കോട്ടൺ സാരിയുടെ തുമ്പിൽ കൈ തുടച്ച് , തേങ്ങായും പുളിയും മുളകും ഉപ്പും എടുത്ത് ആ 'അമ്മ പുറത്തെ ഷെഡിലെ അരകല്ലിനരികിലേക്ക് പോയി.
തീൻ മുറിയിലെ മേശയിൽ പ്രാതലിനുള്ള വിഭവങ്ങൾ തയ്യാറാണു. ഗ്ലാസ്സിലൊഴിച്ച് വച്ച ചായ ആറി തണുത്തിരിക്കുന്നു. വലിപ്പമുള്ള മുറിയിലേക്ക് തിരികെ കടന്നു. മേശയും കസേരയും പിന്നെ ഒരു കട്ടിലും. ഒരു തലയണ പായയിൽ ചുരുട്ടി കട്ടിലിന്റെ ഓരം ചേർത്ത് സൂക്ഷിച്ചിട്ടുണ്ട്.
വലിപ്പമുള്ള മുറിയോട് ചേർന്നുള്ള കതക് ദ്രവിച്ചിളകിയ മുറിയിൽ നിന്നും ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് നോക്കിയത്. കതക് ദ്രവിച്ച് പോയിട്ടില്ല. പകുതി ചാരിയ നിലയിലാണ്. വെള്ള ഷർട്ടും നീല പാവാടയും ധരിച്ച പതിനഞ്ച് കാരി. ഏതോ സ്‌കൂളിലെ യൂണിഫോമാണ്. മുടി രണ്ടായി പിന്നി ചുവന്ന റിബൺ കൊണ്ട് കെട്ടിയിട്ടുണ്ട്. പാഠപുസ്തകവും ഉച്ചത്തിൽ വായിച്ച് മുറിയിലൂടെ നടക്കുകയാണ്. പത്താം തരത്തിലെ സാമുഹ്യ പാഠത്തിലെ വർഷങ്ങൾ മനഃപാഠമാക്കുന്നു.
വാരാന്തയിൽ ചേർന്നുള്ള മുറിയിലെ ആളനക്കം കേട്ടാണ് അവിടെ നോക്കിയത്. കാപ്പിപ്പൊടി നിറത്തിലുള്ള ഒരു പാൻസും, ഇസ്തിരിയിട്ട് ചുളിവ് മാറ്റിയ ഇളം ചന്ദന നിറത്തിലുള്ളൊരു ഷർട്ടും ധരിച്ച ഒരു പതിനേഴുകാരൻ. മുളച്ച് വന്ന പൊടി മീശയെ ചീകി മിനുക്കി കൊണ്ട് പൊതിച്ചോറ് വൈകിയതിൽ അമ്മയോട് കയർക്കുന്നുണ്ട്.
ധൃതിയിൽ പൊതിച്ചോറുമായി വാരാന്തയിലേക്ക് വന്ന അമ്മയിൽ നിന്നും ചോറ് വാങ്ങി പ്ലാസ്റ്റിക് കവറിലെ പുസ്തകങ്ങൾക്കൊപ്പം വച്ചു , വാരാന്തയിലെ ചുവരിലെ ദൈവങ്ങളുടെ ഫോട്ടോയ്ക്ക് താഴെ വച്ചിരുന്ന താലത്തിൽ നിന്നും ചന്ദനക്കുറി നെറ്റിയിൽ തൊട്ടു. മുറ്റത്തേക്കിറങ്ങി കഴുകി വെളുപ്പിച്ച് വച്ചിരുന്ന പാരഗൺ ചപ്പൽ കാലിലിട്ട് ഒതുക്ക് കല്ലുകളിറങ്ങി ചെമ്മൺ പാതയിലൂടെ റോഡിലേക്ക് ഓടി. ഓടുന്നത് പ്രീ-ഡിഗ്രിക്കാരന്റെ ബസ് കിട്ടാതിരിക്കുമെന്ന് കരുതിയിട്ടില്ല, മറ്റാരെയോ പ്രതീക്ഷിച്ചാണ്.
വാരാന്തയിൽ ചെറിയൊരു മേശയും പ്ലാസ്റ്റിക് വരിഞ്ഞ രണ്ട് കസേരകളും. ഒരു കസേരയിൽ വെള്ള ഷർട്ട് അഴിച്ചിട്ടുണ്ട്. മേശപ്പുറത്ത് പകുതിയായ പനാമ സിഗരറ്റിന്റെ കൂടും. രണ്ടും ആ വീട്ടിലെ അച്ഛന്റേതാണു.
മുറ്റത്തേക്കിറങ്ങി. ചുവരിനോട് ചേർത്ത് സ്റ്റാൻഡിൽ വച്ചിരിക്കുന്ന ഹെർക്കുലിസ് സൈക്കിൾ. വേലിക്കരുകിൽ ജമന്തിയും പനിനീർ ചെടികളും പൂവിട്ടു നിൽക്കുന്നു. കഴുക്കോലിൽ തൂക്കിയ പഴയ മൺചട്ടികളിൽ വളരുന്ന മുട്ടപായൽ. കിളിച്ചുണ്ടൻ മാവിനെ പുണർന്ന് തുടങ്ങിയ മുല്ല വള്ളികൾ.
കിണറ്റിൻ കരയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടാണ് അങ്ങോട്ട് നോക്കിയത്. അച്ഛൻ കുളിക്കുകയാണ്. ഒരു ചരുവത്തിൽ വെള്ളം കോരി കുടം വന്ന വാഴയുടെ ചുവട്ടിൽ നിന്ന്.
അകത്താരുടെയൊ തേങ്ങിക്കരച്ചിൽ. ആ കുടുംബത്തിലെ നാല് പേരും വലിപ്പമുള്ള മുറിയിൽ നിലത്ത് ആഹാരം കഴിക്കാനിരിക്കുന്നു. എല്ലാവരും കരയുകയാണ്. പതിനഞ്ച് കാരിയെ സഹോദരൻ ചേർത്ത് പിടിച്ചിട്ടുണ്ട്.അവളുടെ തേങ്ങലാണ് പുറത്ത് കേട്ടത്. അമ്മയുടെ കണ്ണു നീർ മുന്നിലെ ചോറിൽ ഇറ്റു വീഴുന്നു. അച്ഛൻ കണ്ണുകളടച്ച് ഇരിക്കുന്നെങ്കിലും കണ്ണുനീർ ചാല് കീറി താഴേക്കൊഴുകുന്നു. നിസ്സഹായതയല്ലാതെ മറ്റൊന്നും അച്ഛന്റെ മുഖത്തില്ലായിരുന്നു. അപ്പോഴാണ് അച്ഛന്റെ കയ്യിലിരിക്കുന്ന ചെറിയ കുപ്പി ശ്രദ്ധിച്ചത്. വിഷമാണത്. അവരുടെ മരണത്തിനും ജീവിതത്തിനും ഇടക്കുള്ള അവസാന നിമിഷങ്ങൾ.
അച്ഛന്റെ കയ്യിൽ നിന്നും കുപ്പി വാങ്ങി പുറത്തേക്കെറിഞ്ഞത് അവനായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് മറ്റു മൂന്നു പേരും അവന്റെ നെഞ്ചിലേക്ക് ചായുമ്പോൾ അവന്റെ തല ഉയർന്ന നിന്നിരുന്നു. അവൻ മാത്രം പിന്നെ കരഞ്ഞില്ല. കണ്ണുനീർ വറ്റിയ അവന്റെ കണ്ണുകളിൽ ചുവപ്പ് പടർന്നു. മൂവരെയും അവനിലേക്ക് ചേർത്ത് പിടിച്ച അവന്റെ കരങ്ങൾക്ക് വല്ലാതെ ശക്തി കൂടുന്നുണ്ടായിരുന്നു.
വാരിക്കെട്ടാനൊന്നും അധികമുണ്ടായിരുന്നില്ല. പുസ്തകങ്ങളൊക്കെയും ഒരു തുണിയിൽ വാരിക്കെട്ടി അനിയത്തിയെ ഏല്പിച്ചു. വസ്ത്രങ്ങളെല്ലാം രണ്ട് പുതപ്പുകൾ ചേർത്ത് വച്ച് പൊതിഞ്ഞെടുത്തു. അമ്മയുടെ കയ്യിൽ അത്യാവശ്യം വേണ്ട പാത്രങ്ങൾ മാത്രം. സന്ധ്യ മയങ്ങാൻ കാത്തിരുന്നു. ഈ യാത്രക്ക് ഇരുട്ടാണ് കൂട്ട്. സഹതാപം നിറഞ്ഞ കണ്ണുകളും ചോദ്യങ്ങളും ഒഴിവാക്കണം.
ഒരു പ്രാവ് ചിറകടിച്ച് പറന്ന് പോയി. കണ്മുന്നിൽ എല്ലാം മാഞ്ഞു. കൺതടങ്ങളിൽ ഉരുണ്ട് കൂടിയ കണ്ണുനീർ തുള്ളികൾ പൊട്ടിയ ഒട്ടിനിടയിലൂടെ കടന്നു വന്ന വെയിലേറ്റു തിളങ്ങി.
"ശാപം കിട്ടിയ ഒരിടമാണിത് സാർ. സാറിനു ഞാൻ മറ്റൊരിടം കാണിച്ച് തരാം. ഇവിടെ താമസിച്ചവരാരും രക്ഷപെട്ടിട്ടില്ല. ഇതിപ്പോൾ നാലാമത്തെ ആളാണ് വിൽക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ ആദ്യ അവകാശി പങ്ക് കച്ചവടത്തിൽ ചതിക്കപ്പെട്ട്, ബാധ്യതകളേൽക്കേണ്ടി വന്നപ്പോൾ കിട്ടിയ വിലക്ക് വിറ്റു ബാധ്യതകൾ തീർത്തു എവിടെക്കോ പോയി. അവരുടെ കണ്ണുനീരിന്റെ ശാപമാണ്. മറ്റാർക്കും ഇവിടെ താമസിക്കാൻ കൊള്ളില്ല."
തിരിച്ചുള്ള യാത്രയിൽ ബ്രോക്കർ പറഞ്ഞു നിർത്തി.
തിരിച്ചുള്ള യാത്രയിൽ ബ്രോക്കർ പറഞ്ഞു നിർത്തി.
"അവർ ചോദിച്ച വിലക്ക് കച്ചവടം ഉറപ്പിക്കാം."
മറുപടി കേട്ട് ബ്രോക്കർ ഒന്നമ്പരന്നു.
മറുപടി കേട്ട് ബ്രോക്കർ ഒന്നമ്പരന്നു.
ഒരു ചാറ്റൽ മഴ പെയ്തു, ഒപ്പം ഒരു ചെറിയ കാറ്റും വീശി. കാറ്റിൽ കിളിച്ചുണ്ടൻ മാവിന്റെ ചില്ലകൾ പഴയ ഇലകൾ കൊഴിച്ച് പുതിയ തളിരുകൾക്കായി തയ്യാറായി. ആ ചെറുമഴയിൽ വർഷങ്ങളായി മുറ്റത്തെ മണ്ണിനടിയിൽ മോക്ഷം കാത്ത് കിടന്ന ജമന്തി ചെടിയുടെ വിത്തുകളിൽ നനവ് പകർന്നു, വീണ്ടും മുളക്കാനായി വെമ്പൽ കൊണ്ടു.
(അശോക് വാമദേവൻ)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക