എനിക്ക് ഈ ലോകത്തു പലരോടും, പലതിനും അസൂയ കുശുമ്പ് എന്നി വികാരങ്ങൾ പല പല അവസരങ്ങളിൽ തോന്നിയിട്ടുണ്ട്. അല്ല തോന്നാതിരിക്കാൻ ഞാൻ മനുഷ്യൻ തന്നെ അല്ലേ.
ആണെന്ന് ആണെന്റെ വിശ്വാസം. അച്ഛനോടും അമ്മയോടും ചോദിക്കരുത് "കാരണം ഇടക്കിടക്ക് നീ മനുഷ്യൻ ആണോടാ " എന്ന ചോദ്യം വരാറുണ്ട്
ചെലപ്പോ അവർക്കു സംശയം കാണും, !!
പക്ഷേ എനിക്കി ലോകത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കുശുമ്പ് എന്റളിയനോടാ !!!ഞെട്ടരുത്
കാരണം എനിക്കാകെ ഉള്ള പെങ്ങളെ തട്ടി എടുത്തവൻ ആണ്.. കാര്യം ഞാൻ തന്നെ കെട്ടിച്ചു കൊടുത്തതാണേലും
കലപിലാന്ന് പറഞ്ഞോണ്ട് എൻറെ പിറകെ നടന്നവൾ ആണ്. ഇപ്പോൾ എന്നെ ഓർമ ഉണ്ടോ എന്തോ
എൻറെ കൈ ചുമ്മാ തരിക്കുമ്പോൾ ഞാൻ അവളുടെ മണ്ടയിൽ ആണ് അത് തീർത്തു കൊണ്ടിരുന്നത്. എന്നു കരുതി ഞാൻ മാത്രം ആണ് ഉപദ്രവകാരി എന്നു നിങ്ങൾ ഓർക്കരുത്
കൂർക്കം വലിച്ചു ഉറങ്ങുമ്പോൾ വന്നു കിക്കിളി ഇടുക. മൂക്ക് മുട്ടെ തിന്നിട്ടിരിക്കുമ്പോ വന്നു വയറ്റത്ത് കുത്തുക,
കൊടും തണുപ്പിൽ കുളിക്കാൻ മടി പിടിച്ചിരിക്കുമ്പോ ദേഹത്ത് വെള്ളം കോരി ഒഴിക്കുക
വല്ല സുന്ദരികളെയും കണ്ടു ഞാൻ ഒന്നു കണ്ണെറിഞ്ഞാൽ ഉടനെ എനിക്കും അവൾക്കും ഇടയിൽ കയറി നിന്നു എൻറെ അന്നം മുടക്കി ആകുക
ഇങ്ങനെ ഒക്കെ കാണിക്കുമ്പോൾ എൻറെ കൈ അറിയാതെ തരിച്ചു പോകുന്നതാണ്
പിന്നെ എൻറെ കൈ എത്ര തരിച്ചാലും, കാറിയോ കൂവിയോ അച്ഛന്റേം അമ്മേടേം കൈ തരിപ്പിക്കാൻ അവൾക്കു പ്രത്യേക കഴിവുമാണ് !
പക്ഷേ ഇനി അവൾക്കിട്ട് രണ്ടു കൊട്ടണേൽ അവനോടു ചോദിക്കണം.
പിന്നെ എൻറെ പുറകെ നടന്ന വായാടി ഇപ്പോ മസിലു പിടിച്ചു വന്നു എടാ ചേട്ടാ നിനക്ക് സുഖമാണോ എന്നൊരു ചോദ്യവും ചോദിച്ചു പോകുമ്പോൾ എവിടെയൊക്കെയോ ഒര് വേദന
എന്തൊക്കെ ആണേലും അവളുണ്ടാക്കുന്നതു തിന്നേണ്ടി വരുന്ന അളിയനെ ഓർത്തെനിക്ക് സഹതാപമുണ്ട്
എന്നാലും അളിയാ എനിക്ക് നിങ്ങളോട് കുശുമ്പ് തന്നെ ആണ്. എനിക്ക് അഞ്ചു വയസുള്ളപ്പോൾ കിട്ടിയ കളിപ്പാട്ടം ആണ് അവൾ. ഉടയാതെ, നുറുങ്ങാതെ ഞാൻ കൊണ്ട് നടന്ന കളിപ്പാട്ടം
അവളെയും കൊണ്ട് പോയ നിങ്ങളോടെനിക്ക് അഞ്ചു വയസുകാരന്റെ കളിപ്പാട്ടം തട്ടി എടുത്തവനോട് തോന്നുന്ന അതേ വികാരമാണ്
എൻറെ മനസ്സിൽ ഇന്നും അവൾക്കു ഒര് വയസും എനികാറും.. ഇതൊരു കുറ്റമാണോ അളിയാ. . ആണെങ്കിൽ നിങ്ങൾ ഒന്ന് ക്ഷമീര്
എൻറെ കുശുമ്പ് മാറുകയിലല്ല എന്റളിയ
Sabaries

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക