Slider

എന്റെ ഉമ്മ

0

നീ എന്ന ഈ ഇരുപത്തിനാല് മണിക്കൂറും ഫോണിലും കിള്ളിക്കോണ്ടിരിക്കുന്നേ....വേറെ പണിയൊന്നുമില്ലെ...
ഉമ്മാക്കെന്ത.പഠിച്ച് കൊണ്ടിരുന്നപ്പോള്‍ പഠക്കാത്തതിനായിരുന്നു.ഇപ്പോള്‍ പഠിച്ച് ജോലിയും വാങ്ങിയില്ലെ.ഇനിയൊന്ന് ഫോണില്‍ തൊട്ടാലെന്ത.
വേണ്ട.കല്ല്യാണം കഴിയാത്തവര്‍ ഫോണില്‍ കിള്ളുന്നത് നല്ലതല്ല.ആ നേരം കൊണ്ട് രണ്ട് വാഴ വെക്ക്...പഴമെങ്കിലും തിന്നാം...
(പടച്ചോനെ ട്രോളി ട്രോളി ഉമ്മയും ട്രോളി തുടങ്ങിയോ...?)
ഞാന്‍ ഫോണില്‍ കുറച്ച് വാഴ വെച്ചിട്ടുണ്ട്.പഴമാകുമ്പോള്‍ പറയാം.അപ്പോള്‍ കൊല പറക്കാന്‍ വന്നേരെ..ഇപ്പോള്‍ ഉമ്മ അടുക്കളയില്‍ പോയ് അരി അടുപ്പത്തിട്.
ഞാന്‍ അരി അടുപ്പത്തോ ഉരളീലോ ഇട്ടോളാം അത് നീ നോക്കണ്ട.ആ ഫോണ്‍ എടുത്ത് കളഞ്ഞിട്ട് എന്തെങ്കിലും പണി എടുക്ക്...വാഴയും തൈയ്യുമൊക്കെ കുറച്ച് കൂടി മൂത്തിട്ട് വാപ്പാനോട് പറഞ്ഞ് നമുക്ക് നടാം...
എന്റെ ഉമ്മ ഞാന്‍ ഇതിനാത്ത് വാഴ നടോം ആട് മേക്കാനൊന്നും പോകുന്നില്ല.ചുമ്മ ഇരിക്കുമ്പോള്‍ ഫെയ്സ്ബുക്കില്‍ എഴുതുന്നു അത്രയുള്ളു.ഇതില്‍ കുറച്ച് സ്നേഹമുള്ള ഇത്തമാരും ഇക്കമാരുമുണ്ട്.
പിന്നെ ഫെയ്സ്ബുക്ക്...കുറേ മുഖങ്ങളില്ലാത്തവരുടെയും മുഖംമൂടി അണിഞ്ഞവരുടേയും കുന്ത്രാണ്ടമല്ലെ...അതില്‍ നിനക്ക് ഇത്താത്തയും ഇക്കാക്കമാരും...എന്റെ വയറ്റില്‍ ജനിച്ച നിന്റെ ഇക്കാടെ കുഞ്ഞിനെ കാണാന്‍ നീ ഒന്ന് പോയോ ഇത് വരെ...പിന്നെ ഇത്താത്തമാര്...എന്റെ വയറ്റില്‍ നിനക്ക് ഒരു പെങ്ങളെ പടച്ചവന്‍ തന്നില്ല പിന്നെ എന്തിനാണ് നീ വെല്ലവരുടേയും ഗര്‍ഭം ചുമക്കാന്‍ പോകുന്നത്...
ഈ ഉമ്മാനോട് പറഞ്ഞാലും മനസ്സിലാവില്ല.വെല്ലപ്പോഴും എന്തെങ്കിലും വായിക്കാന്‍ വേണ്ടിയാണ് ഇതില്‍ കയറുന്നത്...
പിന്നെ എനിക്കറിയാം നിന്റെ വായന.വായിക്കാന്‍ പുസ്തകം വാങ്ങാനാന്നും പറഞ്ഞ് എന്റെ അരി പാത്രത്തിലെ പൈസ നീ എടുത്ത് കൊണ്ട് പോയി എന്താ ചെയ്തത്...മുഴലിനെ വാങ്ങിച്ചു...അതല്ലെ നിന്റെ വായന...ഇവിടെ മനുഷ്യന് തിന്നാനില്ല.അവന്റൊരു മുഴല്‍...
ഓഹ്...!ഞാന്‍ വെല്ല കമലാ സുരയ്യയുടേയോ സുഗത കുമാരിയുടേയോ വയറ്റില്‍ പിറന്നാള്‍ മതിയായിരുന്നു.ആ ദീപനിശാന്തിന്റെ അനിയനായിട്ടെങ്കിലും ജനിക്കേണ്ടതായിരുന്നു.
അല്ലേലും പഠിപ്പും വിവരോമില്ലാത്ത നിന്റെ ഉമ്മക്ക് പ്രായമായപ്പോള്‍ ഇപ്പോള്‍ എന്റെ മകനായ് ജനിച്ചതില്‍ നാണക്കേടുണ്ടല്ലെ...?
ഉമ്മ...ഞാന്‍ ഒരു പഞ്ചിന് പറഞ്ഞതല്ലെ...ഉമ്മാടെ മോനായിട്ടല്ലാതെ എനിക്ക് ജനിക്കാന്‍ പറ്റോ...?ഉമ്മാക്ക് എന്നെയല്ലാതെ വേറെ ആരെയെങ്കിലും എന്റെ സ്ഥാനത്ത് ആ വയറ്റില്‍ കിടത്താന്‍ പറ്റോ...?പറ.ഇനി അങ്ങനെ ജനിച്ചാല്‍ എനിക്ക് ജീവിക്കാന്‍ പറ്റോ നിങ്ങളെ കാണാതെ...ഞാന്‍ ശ്വാസം മുട്ടി മരിച്ച് പോവൂലെ.(സെന്റി നമ്മടെ വീക്നെസ്സാണ്.)
പിന്നെ...ഒത്തിരി പുന്നാരിക്കല്ലെ.നീയെങ്ങാനും കമലയുടെ വയറ്റില്‍ ജനിച്ചിരുന്നെങ്കില്‍ പിന്നെ അവരേയും ലോകം അറിയപ്പെടാതെ പോയേനെ...എന്നെ പോലെ ഏതെങ്കിലും അടുക്കളയിലെ ചിമ്മിണിയുടെ കൂട്ടുകാരിയായ് മാറിയേനെ....
ഉമ്മാ...വീണ്ടും ഉമ്മ നൈസായിട്ട് എനിക്കിട്ട് താങ്ങുന്നു.ഒന്ന് താഴ്ന്ന് തന്നപ്പോള്‍ തല വെട്ടുന്നോ...?
നീ ഉണ്ടാകാന്‍ വേണ്ടി മമ്പുറം പള്ളിയില്‍ പോയി ഒരു ആടിനെ അറുത്ത് കൊടുത്ത് കണ്ണില് എണ്ണയും ഒഴിച്ചിരുന്നതാണ്.നിന്നെ പ്രസവിക്കാന്‍ പറ്റാതെ നീയെന്റെ കൊക്കോകുടിയില്‍ കുടുങ്ങി കിടന്നപ്പോള്‍ ഡോക്ട്ടര്‍ പറഞ്ഞതായിരുന്നു.ഉമ്മയല്ലെങ്കില്‍ കുഞ്ഞ് മരിക്കൂന്ന്..അപ്പഴും ഞാന്‍ പ്രാര്‍ത്ഥിച്ചത് എനിക്ക് എന്ത് പറ്റിയാലും എന്റെ മോന്‍ രക്ഷപ്പെടണേന്നായിരുന്നു...എന്നിട്ടിപ്പോള്‍ നീ വെല്ല്യ സാറായപ്പോള്‍ പഠിത്തോല്ലാത്ത എന്നെ ഉമ്മാന്ന് വിളിക്കാന്‍ നാണമുണ്ടല്ലേ...
ഉമ്മ ഞാന്‍ ആ ഉദ്ദേശത്തിലല്ലല്ലോ പറഞ്ഞത്.ചുമ്മാ എഴുതാപ്പുറം വായിക്കണ്ട...
ചെക്കാ കുണ്ടിക്ക് ഞാന്‍ ചട്ടുകം വെച്ച് തരും.മിണ്ടാതിരുന്നോ...ഒത്തിരി എഴുതാപ്പുറങ്ങള്‍ വായിച്ചപ്പോഴാണ് നീയൊക്കെ ഈ നിലയില്‍ എത്തിയത്.നീ എത്ര വലിയ സാറായാലും....നിന്നെ ആരൊക്കെ ബഹുമാനിച്ചാലും എനിക്ക് നീ എന്നും തൂറി മെഴുകി വെച്ചിരുന്ന ആ പൊടിക്കുഞ്ഞാണ്.എന്റെ കണ്ണില്‍ അത്രയുള്ളു നീ...
ഉമ്മാ...ഈ അണ്‍പാര്‍ലമെന്ററീ പദങ്ങള്‍ ഉപയോഗിക്കല്ലെ...നാട്ടാരും കേള്‍ക്കൂലെ...
അണ്‍പാര്‍ലമെന്ററീ വാക്ക്...നീ എന്നാണ് വെല്ല്യ മാന്യനായത്.നീ സംസാരിക്കാന്‍ പഠിച്ച് തുടങ്ങിയത് ഇത് പോലത്തെ അണ്‍പാര്‍ലമെന്ററീ വാക്കുകള്‍ പറഞ്ഞായിരുന്നു.നീ അഞ്ചില്‍ പഠിക്കുമ്പോള്‍ ചാക്കോ മാഷിന്റെ മോത്ത് നോക്കി ഒരു അണ്‍പാര്‍ലമെന്റീ വാക്ക് പറഞ്ഞതിന് നിന്നെ മൂന്ന് ദിവസം സ്കൂളീന്ന് പുറത്താക്കീത് ഓര്‍ക്കണ്ടോ...പിന്നെ എഴുത്തില്‍ അവാര്‍ഡ് വാങ്ങിയ ബഷീറിക്കയും കുണ്ടീന്നും ചന്തീന്നും തന്നെയല്ലെ എഴുതിയത്.
ഉമ്മ പ്ലീസ്...ഇങ്ങളീ പഴം പുരാണത്തിന്റെ ഭാണ്ഡക്കെട്ടൊന്ന് വെല്ല മച്ചും പുറത്ത് കയറ്റി വെക്ക്...ഉമ്മാടെ മുമ്പില്‍ ഞാന്‍ തോറ്റു.
തോക്കും...നീയെന്നല്ല ഒരു മക്കളും മാതാവിന്റെ അടുത്ത് ജയിക്കൂല.ഇനി ജയിച്ചാല്‍ തന്നെ തന്റെ മക്കള്‍ അവിടെയു തോക്കുന്നത് കാണാതിരിക്കാന്‍ തോറ്റ് കൊടുക്കുന്നതാണ്.
നിങ്ങള്‍ പുസ്തകം നോക്കി പഠിച്ച പഠിപ്പല്ല ജീവിതം.അത് വിജയിക്കണമെങ്കില്‍ ക്ഷമ വേണം.എന്തും സഹിക്കാനുള്ള കഴിവ് വേണം.ജീവിതത്തിന്റെ എല്ലാ പരീക്ഷയിലും ഈ ഉമ്മ പാസ്സായത് കൊണ്ടാണ് നീയൊക്കെ ഈ ഞെളിഞ്ഞ് നിക്കണേ.
ഉമ്മ എവിടെന്നാ ബഷീറിക്കാടെ കഥകള്‍ വായിച്ചത്.
എടാ പൊട്ടാ...നിന്റെ ഉമ്മയും ഒരു എഴുത്ത്കാരി ആയിരുന്നു.ഒത്തിരി എഴുതീട്ടുമുണ്ട്.പക്ഷെ അന്നൊന്നും ഈ മോന്ത ഏടില്ലാത്തോണ്ട് എന്നെ ആരും അറിഞ്ഞിട്ടുമില്ല.എന്റെ എഴുത്തൊന്നും വെളിച്ചോം കണ്ടിട്ടില്ല.പിന്നെ നിന്റെ വാപ്പാക്കും അതൊന്നും ഇഷ്ട്ടോല്ലാത്തോണ്ട് ഞാന്‍ ആ കുറിപ്പുകളും പേനയുമെല്ലാം മച്ചിന്റെ മുകളിലേക്കിട്ടു.കൂട്ടത്തില്‍ എഴുത്തെന്ന ആഗ്രഹത്തേയും കഴുത്ത് ഞെരിച്ച് കൊന്നു...അല്ലെങ്കില്‍ ചിലപ്പോള്‍ നീയും ഒരു എഴുത്തുകാരീടെ വയറില്‍ പിറന്നേനെ.കമലാ സുറയ്യ ആയില്ലെങ്കിലും നീ പറഞ്ഞ ഏതോ ടീച്ചറില്ലെ...അത്രയെങ്കിലും ആയേനെ.
ഉമ്മാ...ഇങ്ങള് മുത്താണുമ്മ...ഞാന്‍ ഇങ്ങക്ക് ഒരു മുത്തം തരട്ടെ...
നീ തന്നോട...നീയെന്റെ കുഞ്ഞല്ലെ.പിന്നെ നിന്റെ ഉമ്മ മാത്രല്ലാട്ടോ...പണ്ടത്തെ എല്ലാ ഉമ്മമാരും എന്തെങ്കിലും കഴിവുള്ളവരായിരുന്നു.കെട്ടിയോനും മക്കള്‍ക്കും വേണ്ടി അവര്‍ അവരുടെ കഴിവുകളെ മനഃപ്പൂര്‍വ്വം കൊന്നൊടുക്കുന്നതാണ്.അത് ഇന്നത്തെ ഫെമിനിച്ചികളോട് പറഞ്ഞാല്‍ മനസ്സിലാവില്ല.അവര്‍ക്ക് ഞങ്ങള്‍ പറയുന്നതും മനസ്സിലാവില്ല.
ഉമ്മാടെ കഴിവിനെ കൊന്നൂന്ന് ആരാ പറഞ്ഞത്.ആ കഴിവ് ചത്തിട്ടില്ല.ഉമ്മാടെ കൂടെ തന്നെയുണ്ട്.ഉമ്മാക്ക് കാണാന്‍ പറ്റാത്തോണ്ട.അതില്‍ കുടുങ്ങിയല്ലെ ഞാന്‍ വയറ്റില്‍ കിടന്നത്.
പോടാ....കുഞ്ഞൂസേ...
സത്യം പറഞ്ഞാല്‍ ഉമ്മാനോട് ഇങ്ങനെ അടുക്കളയില്‍ വന്ന് സംസാരിക്കാന്‍ നല്ല രസോണ്ട്.ദീപ ടീച്ചര്‍ന്റെ ഭൂതക്കാലക്കുളിര്‍ വായിക്കുന്ന സുഖം...
അതിന് ഇപ്പോഴത്തെ പിള്ളേര്‍ക്ക് അടുത്തുള്ള ഉമ്മയേയും വാപ്പയേയും വേണ്ടല്ലെ.മുഖമില്ലാത്ത കുറേ ബന്ധങ്ങളാണല്ലോ...
എനിക്ക് ഇനി മുതല്‍ വേണം എന്റെ ഈ ഉമ്മാനെ...
നിനക്ക് വേണ്ടെങ്കിലും എനിക്ക് കളയാന്‍ പറ്റോ നിന്നെ.ഞാന്‍ നൊന്ത് പെറ്റതല്ലെ.നിന്റെ മുഖമൊന്ന് കാണാന്‍ വേണ്ടിയാണ് ഉമ്മ ഫോണില്‍ കളിക്കല്ലേന്ന് പറഞ്ഞത്.എപ്പോള്‍ നോക്കിയാലും കുനിച്ച് പിടിച്ചിരിക്കുവല്ലെ.നാട്ട്കാര്‍ക്ക് കാണാന്‍ വേണ്ടി എന്നും നീ ആ മോന്ത ഏടില്‍ പടം ഇടൂലെ.ഇത്ര അടുത്തുണ്ടായ്ട്ട് നിന്റെ ഉമ്മാനെ കാണാന്‍ ആ തലയൊന്ന് നീ ഉയര്‍ത്താറുണ്ടോ.എനിക്കെങ്കിലും ഒന്ന് കാണാന്‍.നിന്നെ കാണാന്‍ ഇനി ഈ വയസ്സാം കാലത്ത് എനിക്ക് ആ കുന്ത്രാണ്ടം വാങ്ങാന്‍ പറ്റോ..!
ഇനി എന്റെ ഉമ്മാനെ ഞാന്‍ എന്നും കാണോം ചെയ്യും.കവിളിലൊരു ഉമ്മ തരോം ചെയ്യും.പിന്നെ ഉമ്മ അതിന്റെ പേര് മോന്ത ഏട് എന്നല്ല.ഫെയ്സ് ബുക്ക് എന്നാട്ടോ...
നീ എന്റേന്ന് ചട്ടകത്തിന് മേടിക്കും പൊയ്ക്കോ...
Amal Hafiz Nasim Noori
Muvattupuzha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo