Slider

നുറുങ്ങു സങ്കടം.

0


പതിവു പോലെ ഇന്നു രാവിലെയും ഞാൻ അല്ലുവിനോട് ഓരോ കാര്യത്തിനും ഒച്ചയിട്ടു കൊണ്ടിരുന്നു...
വേഗം കഴിക്കാനും യൂണിഫോം മാറ്റാനും ഷൂവിടാനുമെല്ലാം...
സ്കൂൾ ബസ് കയറുന്നിടത്തെക്ക് കുറച്ചു നടന്നു പോണം..
എടുത്താൽ പൊങ്ങാത്ത ഈ ബാഗും തൂക്കി നടക്കേണ്ടല്ലോ എന്നു കരുതി ഞാൻ അത്രയും ദൂരം കൊണ്ടു ചെല്ലും..ബസ് കയറ്റി വിട്ടിട്ടേ തിരിച്ചു വരൂ..
ഞാൻ ബാഗും ചുമന്ന് മുന്നിൽ നടക്കുമ്പോ അവൻ പിറകിൽ പതുക്കെ വരുന്നെയുള്ളൂ..
"ഒന്നു വേഗം നടക്ക് കുട്ടീ..ബസ് ഇപ്പൊ എത്തിയിട്ടുണ്ടാവും.. അയാളാണെങ്കി ഒരു മിനിറ്റു പോലും കാത്തു നിക്കില്ല.. ഇപ്പൊ പോവും.."
ഇതും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോഴുണ്ട് അവൻ വഴിയരികിലെ വള്ളിപടർപ്പിൽ അവന്റെ കുടയുടെ വളഞ്ഞ കാൽ കൊളുത്തി വലിച്ചോണ്ട് നിൽക്കുന്നു..
"നിന്നോടല്ലേ ഞാനീ പറയുന്നത് എന്നും പറഞ്ഞു പിറകോട്ട് ചെന്ന ഞാൻ കൈവീശി ഒറ്റയടിയായിരുന്നു..
എന്റെ കൈ തരിച്ചു പോയി..
അവൻ പകച്ചു എന്നെ നോക്കി കുടയും വലിച്ചെടുത്തു ഒന്നും മിണ്ടാതെ വേഗം നടന്നു...
നടക്കുന്നതിനിടയിൽ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ട്..
പരിഭവമോ സങ്കടമോ ഒക്കെയുണ്ട് കണ്ണുകളിൽ..
അത്രയും കടുത്ത അടി ഞാനും ഉദ്ദേശിച്ചതല്ല..അറിയാതെ ആയിപ്പോയി..മനസിൽ ഒരു വിങ്ങലുണ്ട്..എങ്കിലും പുറമെ കാണിച്ചില്ല.. ഗൗരവം നടിച്ചു മിണ്ടാതെ നടന്നു..
സ്റ്റോപ്പിൽ എത്തിയപ്പോ ബസ് വന്നിട്ടില്ല..
ഞാൻ ആ മുഖത്തേക്ക് നോക്കി..
'ഇപ്പഴോ എന്നെ വെറുതെ അടിച്ചില്ലേ ' എന്ന ഭാവത്തിൽ അവൻ എന്നെയും .. 
അവൻ ഒന്നു ദേഷ്യപ്പെട്ടു വല്ലതും പറഞ്ഞിരുന്നെങ്കിൽ എന്നു തോന്നിപ്പോയി..
അപ്പോഴേക്കും സ്കൂൾ വണ്ടിയുടെ ഹോൺ കേട്ടു..
പിന്നെ എനിക്കു പിടിച്ചു നിൽക്കാനായില്ല...
വേഗം അടുത്തേക്ക് ചെന്നു ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു..
"ഇനി ഇങ്ങനെ ചെയ്യരുത് ട്ടാ... നന്നായി വേദനിച്ചു ല്ലേ...സോറി പൊന്നൂ..".ഒപ്പം ഒരുമ്മയും.... അപ്പോഴേക്കും ബസ് വന്നു നിന്നു .ഡോർ തുറന്നു അവനെ കയറ്റി നിറഞ്ഞു വന്ന കണ്ണുകളോടെ നോക്കിയപ്പോ അതുവരെ അടക്കിപ്പിടിച്ച സങ്കടം കണ്ണീർ മുത്തുകളായി ആ കുഞ്ഞു കവിൾ നനച്ചിരുന്നു.....!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo