Slider

ഓണത്തിനൊരുമുറം

0
ഓണത്തിനൊരുമുറം
*************************
കുറേ കാലം മുൻപ് :സുഹൃത്തിന്റെ ഒരു sms..
"ഞങ്ങടെ ക്ലബ്ബിന്റെ ഒരു ഡോക്യൂമെന്ററിയാ, കാണെന്നേ.... " എന്നൊരു കാപ്ഷ്യനോട്‌ കൂടി വന്നൊരു ലിങ്കിന്റെ കൂടെ യൂട്യൂബിലേക്ക് പോയ ഞാൻ... അവിടെ വെച്ചു യാദൃശ്ചികമായി മറ്റൊരു ഡോക്യുമെന്ററി കാണാനിടയായി.. " Documentary on the terrace vegetable garden "... കുറച്ചധികം കാലം മുൻപ് അപ്‌ലോഡ് ചെയ്ത ഒന്ന്..
ഞാൻ വെറുതെ അതിലൊന്ന് ക്ലിക്ക് ചെയ്തു... അബദ്ധത്തിൽ എന്നും പറയാം.. "കൃഷിദീപം" എന്ന കാർഷിക പരിപാടിക്ക് വേണ്ടി എടുത്ത ഒരു ഡോക്യുമെന്ററി..അതിൽ... ഇവിടൊന്നുമല്ലാ.. ആലപ്പുഴയിൽ ആണേ... മാവേലിക്കര മഹാദേവ ക്ഷേത്രവും പരിസരവും... മഹാദേവനാണോ ഒന്നുകണ്ടു നോക്കാം എന്നുകരുതി, കണ്ടപ്പോൾ അമ്പലത്തിന്റെ മുന്നിലെ ഒരു വീട്ടിലെ വിശേഷമാണ് അവർക്ക് പറയാനുണ്ടായിരുന്നത്... അവിടെ... ടെറസിലെ പച്ചക്കറിക്കൃഷി കാഴ്ച...
ഉദ്യോഗസ്ഥകൂടിയായ വീട്ടമ്മ പ്രതീക്ഷ ആന്തൂറിയം കൃഷിക്കായി ഒരുക്കിയ സജ്ജീകരണങ്ങൾ..
അത് പരാജയപ്പെട്ടതിനെ തുടർന്ന് ബാക്കിയപ്പോൾ കൃഷി ഓഫീസർ കൂടി ആയ ഭർത്താവ് ഹരികുമാർ... ഈ ചട്ടിയിലൊക്കെ വീട്ടിലേക്കായി കുറച്ചു പച്ചക്കറി നട്ടാലോ എന്ന് ചിന്തിച്ചു.. അങ്ങനെ അല്പം കൃഷി ചെയ്തു... അത്യാവശ്യം തെറ്റില്ലാത്ത വിളവ് കിട്ടിയപ്പോൾ അടുത്തതവണ അൽപ്പം കാര്യമായിത്തന്നെ ഒരുങ്ങി ഇറങ്ങി ഒപ്പം പ്രതീക്ഷയോടെ പ്രതീക്ഷചേച്ചിയും...
കിട്ടാവുന്നിടത്തുനിന്നെല്ലാം അരിച്ചാക്ക്, പലവ്യഞ്ജനച്ചാക്ക് എന്നിവ സംഘടിപ്പിച്ചു.. അതിൽ മണ്ണ്, മണൽ, ചാണകപ്പൊടി, കമ്പോസ്റ് എല്ലാം തുല്യമായി മിക്സ് ചെയ്തു നിറച്ചു..എല്ലാം മുകളിലെ അല്പം ടെറസ്സിൽ (500Sqft, ബാക്കി ഓട് മേൽക്കൂര )ഭംഗിയായി ക്രമീകരിച്ചു.. മുളപ്പിച്ച പച്ചക്കറികൾ അതിലേക്ക് പറിച്ചു നട്ടു.. പടർന്നുകയറുന്നവയായ മത്തൻ, കുമ്പളം, വെള്ളരി എല്ലാം ഓടിനുമുകളിൽ പടർത്താൻ പാകത്തിൽ അവിടെ നിരത്തി വെച്ചു..
പന്തലിടാനുള്ളത്, കൂടുതൽ വെയില് വേണ്ടത് അങ്ങനെ ഭംഗിയായി, വെടിപ്പായി ക്രമീകരിച്ചു... നനയും വളവും പരിചരണവും സ്നേഹവും കൂടി ആയപ്പോൾ അവയെല്ലാം പൂത്തുലഞ്ഞു.. കായ് വിരിഞ്ഞു... ഇതാണ് പശ്ചാത്തലം !!
(2002 ലൊ മറ്റോ ആണത്. ഇപ്പൊ നാലു വർഷമായി സ്ഥിരം മട്ടുപ്പാവിൽ കൃഷിയുണ്ട്..)
വീഡിയോ കോണിപ്പടികഴിഞ്ഞു ടെറസിലെത്തി യപ്പോ... നയന മനോഹരമായൊരു തോട്ടം !!! ആരും മോഹിച്ചുപോവും അങ്ങനൊന്ന്...
പച്ചയും ചുവപ്പും ചീരകൾ, ഇടകലർന്നങ്ങനെ കരുത്തോടെ തലയുയർത്തി..
ഓടിട്ട മേൽക്കൂരയ്ക്ക് മുകളിലേക്ക് പടർന്നുകയറിയ നെയ്ക്കുമ്പളവും, മത്തനും, വെള്ളരിയും കായ് കളോടെ ഉഷാറായി നിൽക്കുന്നു..
വശങ്ങളോട് ചേർന്ന് തലങ്ങും വിലങ്ങുമായി ഭംഗിയിൽ ചൂടിക്കയർ കെട്ടിയ ചെറു ചെറു കയറുപന്തലുകളിൽ പന്തലിൽ പടർന്നുകയറി, പയർ, കയ്പ്പ, പടവലം എല്ലാരും മത്സരിച്ചു കായ്ച്ചു കിടക്കുന്നു.. വലിയ കണ്ണി വല വലിച്ചുകെട്ടിയതിൽ തുരു തുരാ ഇത്തിരിക്കുഞ്ഞൻ കോവക്കയും...
ചാക്കിലെ തക്കാളി, മുളക്, വെണ്ട എന്നിവ തങ്ങളാൽ കഴിയും വിധം തലയെടുപ്പോടെ,വിളഞ്ഞു നിൽക്കുന്നു!!
അപ്പുറത്ത് വരിയായും, പാരപ്പെറ്റിലും ചാക്കുകളിൽ ഇഞ്ചി,മഞ്ഞൾ, ചേമ്പ്, മാങ്ങായിഞ്ചി, കാച്ചിൽ... എന്നിവയും
പന്തലിന്റെ കുളിർമയിൽ മയങ്ങി... കാബേജും, കോളിഫ്ളവറും..
ഹരിസാറും, പ്രതീക്ഷചേച്ചിയും നനക്കുന്നു, വിളവെടുക്കുന്നു, കൂടെ അഞ്ജലിമോളും, കുഞ്ഞ് ആദിത്യനും അവർക്ക് പറ്റുന്നപോലെ നനക്കുന്നു.. കള നുള്ളുന്നു.. പരിചരിക്കുന്നു.. ജോലിയും യാത്രയും കഴിഞ്ഞു തളർന്ന് വീട്ടിലെത്തുന്ന അവർ തളരാത്ത മനസ്സുമായി അവർ തോട്ടത്തിലെത്തും.... പിന്നെ എന്ത് ക്ഷീണം ? ജോലിസ്ഥലത്തെ ടെൻഷനും, തലവേദനകൾക്കും പിന്നെ അവധിയാണ്.. എല്ലാ ചെടികളോടും വിളകളോടും കുശലം ചോദിച്ചു, നനയും പരിചരണവും.. ശേഷം അത്താഴത്തിനും പിറ്റേന്നേക്കുമുള്ള വിളവെടുപ്പും കഴിഞ്ഞു താഴേക്ക്.....
വീഡിയോ ഞാൻ എത്രവട്ടം ആവർത്തിച്ചു കണ്ടു എന്നെനിക്കറിയില്ല, ഫേവറേറ്റ് ലിസ്റ്റിലും, ലൈക്‌ഡ്‌ വീഡിയോ ലിസ്റ്റിലും എല്ലാം ഇട്ടു വെച്ചു. ഫ്രണ്ട്സനൊക്കെ ഷെയർ ചെയ്തു.. എനിക്കത് വല്ലാത്തൊരു ഇൻസ്പിരേഷൻ ആയിരുന്നു..
കുറച്ചു ദിവസം കഴിഞ്ഞു വീണ്ടും നോക്കിയപ്പോ വേറൊരു വീഡിയോ.. വെറുതെ കണ്ടതാ... നല്ല പരിചയമുള്ള വീട്.. പക്ഷേ കുറച്ചു വലിയ കുട്ടികൾ... മനസ്സിലായില്ല.. അപ്പഴതാ കഥാനായകനും നായികയും പഴയ ആൾക്കാര് തന്നെ... ഹരിസാറും പ്രതീക്ഷചേച്ചിയും !!!
വളരെ സന്തോഷം തോന്നി... ഇതിപ്പോ 2014 ലെയോ മറ്റോ ആണ്. കുട്ടികളൊക്കെ വലിയ പിള്ളേരായി...
വീണ്ടും വീഡിയോ തോട്ടത്തിലേക്ക് കുറച്ചുകൂടി പ്രൗഢിയും സാങ്കേതിക സംവിധാനങ്ങളും കൂടി എന്നല്ലാതെ ഒരു മാറ്റവുമില്ല.. വിളകളെല്ലാം ഉഷാറാണ്.. ഒരു ചെറിയ ടെറാക്കോട്ട മണ്ണിര കമ്പോസ്റ്റ് വെച്ചിട്ടുണ്ട്.. പഴുത്ത ഇലകൾ , വാടിയതും കേടായതുമായ ഫലങ്ങൾ.. എന്നിവ കയ്യോടെ പിഴുത് കമ്പോസ്റ്റിലിടുന്നതിനാൽ വളവും റെഡി.. തോട്ടം ക്ലീനോട് ക്ലീൻ !!!
ഇത്തവണ താഴെ പുരയിടത്തിലും നിറയെ കൃഷിക്കാഴ്ചകളാണ്.. നിറയെ വാഴ, വരിവരിയായി ചേന, കപ്പ, ചേമ്പ്, കാച്ചിൽ...
അടുക്കള മുറ്റത്ത് നെറ്റുകെട്ടി നിറയെ നാടൻ കോഴികൾ, ഒരു ടാങ്കിൽ വെള്ളം നിറച്ച് അതിൽ കോഴിക്ക് തീറ്റയായും, കൃഷിക്കുവളമായും ഉപയോഗിക്കാവുന്ന അസോള വളർത്തുന്നു..
പിന്നെ കോണിച്ചോടിലെ കൂട്ടിൽ ലൗബേർഡ്‌സ്... പറമ്പിൽ പലയിടത്തും, ടെറസിലും തേനീച്ചക്കൂടുകൾ..
രണ്ട് റിങ് വാർത്തതിൽ മണ്ണിര കമ്പോസ്റ്റാണ്... പറമ്പിലെ വാഴ വെട്ടിക്കഴിഞ്ഞാൽ വേസ്റ്റ് ആവുന്ന ഇലയും, പിണ്ടിയും കുഞ്ഞുകുഞ്ഞായ് വെട്ടിയിട്ട് കൊടുത്താൽ ആഫ്രിക്കൻ മണ്ണിരകൾ ബംഗാളികളെപ്പോലെ പണിയെടുത്ത് ദിവസങ്ങൾ കൊണ്ട് വളമാക്കിക്കോളും..
ഇവിടെ രണ്ട് റിങ്ങുകളിൽ മണ്ണിരയാണെങ്കിൽ അപ്പുറത്തുറപ്പിച്ച രണ്ട് റിങ്ങുകളിൽ മണ്ണില്ലാകൃഷിയാണ്... ഹൈഡ്രോപോണിക്സ്... മീൻവളർത്തലും, റിങ്ങിനുമുകളിലെ നടുപിളർന്ന പഴയ ഡ്രമ്മിൽ മെറ്റൽ നിറച്ച് അതിൽ നിറഞ്ഞു നിൽക്കുന്ന പച്ചക്കറികളും... മീനിന്റെ വിസർജ്യം കലർന്ന വെള്ളം ഒരു മോട്ടോർ ഉപയോഗിച്ച് ഡ്രമ്മിലെ മെറ്റലിലൂടെ സദാഒഴുകിക്കൊണ്ടിരിക്കും.. ഡ്രമ്മിന് അടിവശത്തെ ദ്വാരങ്ങൾ വഴി വെള്ളം താഴോട്ട് വീഴുന്നു. ഇവിടെ മോട്ടോർ സോളാറിൽ പ്രവർത്തിക്കുന്നോണ്ട് കറന്റും ലാഭം..മണ്ണില്ലാത്തോണ്ട് ചെടികൾക്ക് രോഗങ്ങളും കുറവ്..
വിളകൾക്കെല്ലാം സാറുനിർമ്മിക്കുന്ന ജൈവ കീടനാശിനിയും, ജൈവ വളങ്ങളും..
ശനിയും, ഞായറും ഇവർക്ക് വിശ്രമമേ ഇല്ല.. നേരത്തെ പണികളൊതുക്കി രണ്ടാളും തോട്ടത്തിലേക്കിറങ്ങും.. പുതിയ ബാഗൊരുക്കലും, കള പറിക്കലും, വളമിടലും എല്ലാം അന്നാണ്..
ഏത് കൃഷി കഴിഞ്ഞാലും അതിൽനിന്നും കുറേ വിത്ത് അവർ കരുതിവെക്കും... അടുത്തവിളയിറക്കാനും സുഹൃത്തുക്കൾക്ക് നൽകാനും..
അദ്ദേഹം 'വിഷുവിനൊരു മുറം പച്ചക്കറി' എന്ന പേരില് ഒരു ഫേസ്ബുക്ക് പേജ് ആരംഭിച്ചു.. അതിന്റെ ഫോളോവെഴ്‌സ്‌ കുറേ കൃഷി സ്നേഹികൾ.... എല്ലാവരും സാറിനൊപ്പം ഒരേ ദിവസം വിത്തിട്ടു, പറിച്ചു നട്ടു, വളമിട്ടു.. സംശയങ്ങൾക്കൊക്കെ പരിഹാരം പറഞ്ഞുകൊടുത്തും, ഉപദേശം കൊടുത്തും ആള് എല്ലാരേയും കൂടെക്കൂട്ടി... അതൊരു വൻവിജയമായിരുന്നു..ഓണത്തിനൊരുമുറം പച്ചക്കറി എന്ന അദ്ദേഹത്തിന്റെ സംരംഭവും അങ്ങനെത്തന്നെ.. രണ്ടുവർഷമായി അത് നടന്നുവരുന്നു..
ഇതൊക്കെക്കണ്ട് പ്രചോദനം കിട്ടിയ ഞാനും തുടങ്ങി അല്പം കൃഷി (എന്റെ കുട്ടിക്കാലത്ത് ... അച്ഛനും, അമ്മയും ഞങ്ങളുടെ വീടിനോട് ചേർന്നുതന്നെയുള്ള പാടത്ത് വേനൽക്കാലത്ത് പച്ചക്കറി കൃഷി ചെയ്യാറുണ്ട്.. വെണ്ട, ചീര, തക്കാളി, പടവലം, കുമ്പളം, മത്തൻ, വെള്ളരി, കയ്പ്പ, പയർ, മുളക് എല്ലാം അവിടെ സമൃദ്ധമായിരുന്നു. എല്ലാവരും കൂടി കൃഷിപ്പണിയും, നനയും, പരിചരണവും, കളിചിരികളും, വിളവെടുപ്പും ഒക്കെ നല്ല രസായിരുന്നു.. )
അങ്ങനെ ഞാനും കുറച്ചു കൃഷി ആരംഭിച്ചു.. ഇടക്ക് ചില സംശയങ്ങൾക്ക് എന്റെ പുതിയ സുഹൃത്ത് ബിൻസി യും, ഹരിസാറും പരിഹാരം പറഞ്ഞു തന്നു.. ഇടക്കൊക്കെ അവർ എന്നോട് കൃഷി വിശേഷങ്ങൾ പറഞ്ഞു..
കൃഷി ചെയ്യുമ്പോ കീടങ്ങളും രോഗങ്ങളും അങ്ങനെ പല പ്രശ്നങ്ങള്... ഞാൻ play store ലൊന്നു പോയി നോക്കി നോക്കുമ്പോ... ദാ കിടക്കുന്നു ഒരു ആപ്പ്.. Krishi app.. 9 Mb യെ ഉള്ളൂ. നടുന്നത് മുതൽ എല്ലാ പരിപാലന,ജൈവ കീട നിയന്ത്രണ മാർഗങ്ങൾ മുതൽ വിളവെടുപ്പ് വരെ എല്ലാം ഇനം തിരിച്ചു മാതൃഭാഷയിൽ കൊടുത്തിട്ടുണ്ട്... ഞാനവനേം തൂക്കിയെടുത്തു കൊണ്ടു പോന്നു..
കുറച്ചു ബാലാരിഷ്ടതകളൊഴിച്ചാൽ ചീര, വെണ്ട, മുളക്, പയർ, മല്ലിയില, അതിന്റെ കൂടെ ഇത്തിരി അഭിമാനോം സന്തോഷോം കൂടി ഞാൻ വിളവെടുത്തു...
മണ്ണിരകമ്പോസ്റ്റില്ലെങ്കിലും പിവിസി പൈപ്പ് കമ്പോസ്റ്റിൽ ഞാനും അടുക്കള മാലിന്യത്തെ വരുതിയിലാക്കി..
കുറച്ചുനാൾ മുൻപ് ഒരു കൃഷി സ്നേഹിയും, ഹോപ്പ് എന്നപ്രസ്ഥാനത്തിന്റെ (ഉദ്യമത്തിന്റെ സ്ഥാപകനുമായ )ബാപ്പൂട്ടിക്ക തൃശ്ശൂരിൽ വെച്ച് നടത്തിയ മീറ്റിൽ ഹരിസാറിനെയും, ബിൻസി യെയും അതുപോലെ വീട്ടുവളപ്പിൽ വിജയകരമായി ജൈവകൃഷി ചെയ്യുന്ന കുറച്ചു പേരെയും ആദരിക്കുകയുണ്ടായി. അവിടെ ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥിയായി വന്ന ബഹു. കൃഷിവകുപ്പ് മന്ത്രി ശ്രീ വി. എസ്. സുനിൽകുമാർ ഹരിസാറിന്റെ പദ്ധതിയെപ്പറ്റി അറിയുകയും.. അതിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് സംസ്ഥാന വ്യാപകമായി "ഓണത്തിനൊരുമുറം പച്ചക്കറി "എന്ന പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു.
എനിക്കും കിട്ടിയിട്ടുണ്ട് ഒരു പാക്കറ്റ് വിത്ത്... ഞാനും കാത്തിരിക്കുന്നു വിഷമില്ലാത്ത ഒരോണസദ്യക്കായ്... എന്റെ കുട്ടിക്കാലത്ത് ഞാൻ കഴിച്ചിരുന്ന പോലെ വീട്ടിലുണ്ടായ ... വിഷമില്ലാത്ത പച്ചക്കറികൾ കൊണ്ടൊരു ഓണസദ്യ...
.. ഞാനിപ്പോ സ്വപ്നം കാണുകയാണ്.. വരും തലമുറക്കായ്..
# ബിനി ഭരതൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo