
എന്താണ് നിനക്കന്നോട് പറയാനുള്ളത്.?
ഒന്നും പറയാതെ പിന്നെന്തിന് പോയി നീ.?
ചിതലരിച്ചു തുടങ്ങിയ ഈ കുഴിമാടത്തിൽ
നിന്നെ കാത്തിരുന്നു ഞാൻ മടുത്തു പെണ്ണേ
എന്നോടൊപ്പം അലിഞ്ഞു ചേരാനായ്
നീ വരുമെന്ന വാക്കുകൾ ഞാൻ വിശ്വസിച്ചു
അതിനാലല്ലേ ഞാനാദ്യം എത്തിയത്.?
മണ്ണപ്പവും,മൺചോറും കൈവിട്ടുപോയ
ബാല്യവും കൗമാരവും പോയി മറഞ്ഞിട്ടും
മറയാതെ നിന്ന നമ്മളെ നാമാക്കാനായ്
നമുക്ക് കഴിയാതെ പോയതാണോ സഖീ
നമുക്കിടയിൽ തിരിച്ചറിയാതെ പോയ
പ്രണയാതുരമായ പ്രയാണനിമിഷങ്ങൾ.?
വഴികളൊന്നും തിരയാതെ നടന്നവഴിയിൽ
വഴി പിഴച്ച ചിന്തകൾ വഴികാട്ടിയായപ്പോൾ
പഴിയേറെ കേട്ടവൻ ഞാൻ മാത്രമല്ലേ.?
അരുതാത്ത വേഷങ്ങളാടീയരങ്ങത്ത്,
തിരശ്ശീലയില്ലാതെ ജീവിച്ചവനാണ് ഞാൻ.!
ആ ഞാനാണ് നിന്നെയുംകാത്ത് തിരശ്ശീല
ക്കകത്ത് കാത്തിരിക്കുന്നത് ഇന്നും.!
വലിച്ചെറിഞ്ഞ മുഖംമൂടിയിൽ ഇപ്പോഴും
ചോര ഉണങ്ങാതിരിക്കുന്നു. കാണുക നീ.
കണ്ണിനത് കുളിർമ്മയേകുമെങ്കിലതെടുത്തണിയൂ.
എന്നിട്ടൊരുനാൾ നീയും കടന്നു വാ...
ഈ വാതിലിനിടയിലെ വിടവിലൂടെ
ഞാനത് നോക്കിയിരിക്കുന്നത് അറിയുക.
പുച്ഛംപുരണ്ട നോട്ടമെറിയാതെ അരികിൽ
ഇത്തിരി നേരം ഇരുന്നേച്ചു പോകുക.!!
*************************
അസീസ് അറക്കൽ.
ചാവക്കാട്. 5 * 7* 2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക