Slider

ശരത്കാലപുഷ്പങ്ങൾ

0
Image may contain: 1 person

നീറുന്ന ഹൃദയവും പേറി,
യുദ്ധകാഹളം മുഴങ്ങിയ സായാഹ്നത്തിൽ
താഴ്വാരങ്ങളിലേക്കിറങ്ങി,
എൻ പ്രിയപുഷ്പങ്ങൾ തേടിയലഞ്ഞു
കണ്ടില്ലതാനും.
ദംഷ്ട്രകൾ കാട്ടിയാട്ടിടയർ ചോദിച്ചു,
"മനുഷ്യാ! ഹരിതാഭമാം ഇലകൾ
മൃതിയടഞ്ഞു,
പ്രകൃതിയും മിഴിയടച്ചു,
നീ വൃഥാ ശരത്കാലപുഷ്പങ്ങൾ
തേടുന്നുവോ?"
"കുടിലതകൾ മനസ്സിലണിഞ്ഞവരെ
പറയുക
ഞാൻ സ്നേഹിച്ചൊരാ
ജനാധിപത്യത്തിന്റെ
മലർവള്ളികളെവിടെ?
സ്വപ്നാടനം നടത്തിയ സ്വാതന്ത്രത്തിന്റെ
നിത്യപുഷ്പങ്ങളെവിടെ?"
"ഹും പുഷ്പങ്ങൾ! കടന്നുപോകന്യദേശത്തേക്ക്!!"
" അന്യനാട്ടിൽ പോകാൻ ഞാനാര്?
എന്റെ ഭാരംചുമക്കുവാനവരാര്?
ആട്ടിപ്പായിക്കുവാൻ നീയാര്?
ഫാസിസത്തിന്റെ രണഭേരി
മുഴക്കുന്നവരെ നോക്കുക
ഇതെന്റെ സമതലഭൂമി,
ബാല്യകൗമാരങ്ങളിൽ പാറിപ്പറന്ന
പുണ്യഭൂമി.
സമാധാനപ്പതാകയേന്തി
എൻ തലമുറകളിവിടെ
സ്വാതന്ത്രത്തിന്റെ വിപഞ്ചിക മീട്ടും.
അലതല്ലുമാ വീണാനാദങ്ങളിലലിഞ്ഞൊരുനാൾ
ഞാൻ ആഹ്ളാദചിത്തനായി
മിഴിയടക്കും."
സഹസ്രാബ്ദങ്ങൾക്കുമപ്പുറം
കാലിബാന്റെ ശബ്ദം മുഴങ്ങുന്നു;
"മാന്ത്രിക ദണ്ഡിനാൽ മനസ്സിനെ
മലിനപ്പെടുത്തിയ പ്രൊസ്പെറോ
എൻ ജനനിതന്നാത്മാവിനെ
ചിതറിത്തെറിപ്പിച്ച്
മമ പ്രയാണങ്ങളിലട്ടഹസിച്ചവനെ
നശിച്ചൊടുങ്ങി പോകാ!"
യുഗാന്തരങ്ങളിൽ കാലിബാനായി
പിറവികൊള്ളുന്നു ഞാൻ,
കിരാതന്റെ വേഷമണിയിച്ച് നീയെൻ
ഹൃദയത്തിൽ അടിമത്തത്തിൻ ചിന്തേര്
തറക്കുന്നു.
താഴ്വാരമാകെയലഞ്ഞു വിഷണ്ണനായ്,
മണ്ണിലാകെ വികലമാം
മൃതിയടഞ്ഞ പുഷ്പങ്ങൾ...
തകർന്ന ഹൃദയവുമായി നടക്കുമ്പോൾ
മൗനമായിപ്പറഞ്ഞു;
"അഗ്നിയിൽ നിന്നെന്നവണ്ണമുണരണം
ജനാധിപത്യത്തിന്റെ സ്വച്ഛ
സൗഗന്ധികങ്ങളെ നട്ടു നനക്കണം,
സ്വാതന്ത്രത്തിന്റെ സുഗന്ധപ്പൂക്കൾ
നേടണം,
ആ പ്രക്രിയ തുടരണമെനിക്കന്ത്യനാൾ
വരേയും.
ശരത്കാലപുഷ്പങ്ങൾ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo