ചന്ദ്രേട്ടൻ ഡ്യൂട്ടികഴിഞ്ഞു റൂമിലെത്തി ധൃതിയിൽ കുളിച്ചൊരുങ്ങി പുറത്തേക്ക് പോയിട്ട് തിരിച്ചെത്തിയത് രണ്ടുമൂന്നു കവറിൽ നിറയെ സാധനവും വാങ്ങിയാണ്, ഉറക്കത്തിൽനിന്നും സഹമുറിയന്മാർ ഉണർന്നൂന്നുള്ള അറിയിപ്പ് കട്ടിലുകളുടെ കുലുക്കത്തിൽ മനസ്സിലായപ്പോൾ പിന്നെ കവറുകളുടെ ശബ്ദം വളരെ കുറച്ചേ കേട്ടുള്ളൂ... എന്നാലും കൊണ്ടുവന്ന സാധനങ്ങൾ മുറിയുടെ കോണിൽ ഒതുക്കിവെച്ചിരിക്കുന്ന ചെറിയ കാർട്ടൻബോക്സിൽ ചിട്ടയോടെ അടുക്കിവെച്ചിട്ടാണ് ചന്ദ്രേട്ടൻ ഉറങ്ങിയത്, ....
കാലത്ത് പണിക്കുപോകാൻ തയ്യാറെടുക്കുന്നതിനിടയിൽ ഒരുത്തൻ ചോദിച്ചു " അല്ല ചന്ദ്രേട്ടാ...ഞങ്ങളൊക്കെ പെട്ടിനിറയ്ക്കുമ്പോൾ രണ്ടു പെട്ടി തെകയാതെവന്നിട്ട് കാർഗോയിലും വിട്ട് എയർപോർട്ടിൽ ചെന്ന് കൊണ്ടുപോകുന്നതിന്റെ ഫൈനുമടച്ചാണ് നാട്ടിലേക്കു ചെന്നിറങ്ങുന്നത് . എന്നിട്ട് പരാതികൾക്ക് കുറവുണ്ടോ ?ഇതിപ്പോ നാളെ പോകാൻവേണ്ടി ഒറ്റ ദിവസത്തെ പർച്ചേസിംഗ്..... നിങ്ങളാ ശെരിക്കും ഭാഗ്യവാൻ ...
ഗുളികപ്പെട്ടി തുറന്ന് രാവിലത്തേക്കുള്ളതു വായിലിട്ടു വെള്ളംകുടിച്ചിട്ട് കട്ടിലിൽ പുറത്തേക്കു കാലുംനീട്ടിയിരുന്ന് ചന്ദ്രേട്ടൻ തുടർന്നു...
പണ്ട് നിങ്ങള്ടെയൊക്കെ പ്രായത്തിൽ ഇവിടുന്നു കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോയി വേണ്ടപ്പെട്ടവരെയൊക്കെ സുഖിപ്പിച്ച് ആ സന്തോഷം നേരിട്ടുകണ്ടു മനസ്സുനിറച്ചു മടങ്ങിവരാറുള്ള ഒരു ചന്ദ്രേട്ടനുണ്ടായിരുന്നു.....
നിങ്ങൾക്കതു മനസ്സിലാകണമെങ്കിൽ ഒന്നുമില്ലാത്തവനായി നാട്ടിൽ പോയി നിൽക്കണം...... സഹായമായി കൊടുത്ത പൈസ കടമായി ചോദിച്ചാൽപോലും ഒരു താൽപ്പര്യോം കാണിക്കാത്ത ബന്ധുക്കളെ കാണാം..... മൂടിതുറന്ന കുപ്പിക്കുമുൻപിൽ വട്ടംകൂടിയിരുന്ന് "എന്റെ ഹൃദയത്തിലാണ് നിന്റെ സ്ഥാന"മെന്ന് പറഞ്ഞ കൂട്ടുകാരുടെ തിരക്കു പിടിച്ച ഓട്ടം കാണാം...... അച്ഛൻ ഗൾഫിലല്ലെങ്കിൽ ഞങ്ങൾക്കൊരു ഗമയില്ലന്നു പറയുന്ന മക്കളെ കാണാം.......
കൂലിപ്പണിയാണെങ്കിലും കിട്ടുന്നതുകൊണ്ടു സന്തോഷമായിട്ട് അവൾക്കും പിള്ളാർക്കുമൊപ്പം ജീവിക്കണമെന്നു കണക്കുകൂട്ടി കുറച്ചുകാലം നാട്ടിൽനിന്നു. അന്നിതുപോലൊന്നുവല്ല എന്തു പണീംചെയ്യാനുള്ള ആരോഗ്യമുണ്ട്, പിള്ളേര് രണ്ടും നന്നായിട്ട് പഠിക്കുമായിരുന്നേ .... സ്കൂളിലൊക്കെ ചെന്നാൽ കണ്ണന്റെം ഉണ്ണീടേം അച്ഛനെന്ന ബഹുമാനത്തോടെ സാറുമ്മാരൊക്കെ അന്നെന്നെ കാണുമ്പോൾ മനസ്സങ്ങോട്ടു നിറഞ്ഞു തുളുമ്പും.....
കണ്ണൻ പള്ളിക്കൂടത്തിൽ ഏറ്റോംവല്ല്യ മാർക്കുവാങ്ങി പത്താംക്ലാസ്സു പാസ്സായി അവനെ അനുമോദിക്കുന്ന ചടങ്ങിൽ പഠിച്ച സ്കൂളിന്റെ സ്റ്റെജേൽ കേറി നിറകണ്ണുകളോടെ നിൽക്കുമ്പോൾ കുറുപ്പുമാഷ് തോളിൽ പിടിച്ചു ശക്തിയിലൊന്നു കുലുക്കിയിട്ടു പറഞ്ഞു "ചന്ദ്രാ പുണ്ണ്യം ചെയ്ത അച്ഛനാടാ നീയെന്ന്"
പിന്നെയവരുടെ വിദ്യാഭ്യാസം.... അച്ഛന്റേം അമ്മേടേം ആശുപത്രി ചെലവുകള്..... വീണ്ടും ചന്ദ്രേട്ടന് പ്രവാസിയുടെ വേഷമെടുത്തണിയേണ്ടിവന്നു ....
ജീവിതത്തിലിന്നും പത്തിന്റെ പൈസ കയ്യിലെടുക്കാനില്ലാതെ ഇട്ടെറിഞ്ഞു പോകാൻ പറ്റാത്ത അവസ്ഥയിൽ ചന്ദ്രേട്ടനേയും കടബാധ്യതകളേയും ഇപ്പോളും ബാക്കിനിർത്തിക്കൊണ്ട് മക്കൾ ഒരുപാടുവളർന്നു....
ആഗ്രഹിച്ചതെല്ലാം പഠിപ്പിച്ചു കഴിഞ്ഞപ്പോൾ അവർക്ക് അതിനർഹതപ്പെട്ട ജോലികിട്ടി..... കല്ല്യാണംകഴിപ്പിച്ചു.... മക്കളായി....
ഇന്നത്തെപ്പോലെയല്ല "അന്നുമിന്നും എന്റെ തീരുമാനങ്ങൾക്കു സമ്മതംമൂളുക" എന്നൊരു ജോലിയേ വീട്ടിലവൾക്കുള്ളൂ.... ഇപ്പോളത്തെ പെൺപിള്ളാരൊന്നും അങ്ങനെയല്ലല്ലോ? ജീവിതത്തിൽ പല തീരുമാനങ്ങളുമെടുക്കാൻ അവർക്കുകൂടി അവകാശമുണ്ട്, അതിനുള്ള അറിവുണ്ട്.....
പിന്നെയൊരു കുഴപ്പമുണ്ട്, അപ്പൂപ്പനും അമ്മൂമ്മേം എന്താ നമ്മുടെകൂടെ താമസിക്കാത്തത് ? എന്താ കാണാൻ പോകാത്തത് ? എന്ന ചോദ്യങ്ങൾക്ക് വളരെ ശ്രദ്ധയോടെ വേണം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികൊടുക്കാൻ..... ഇല്ലങ്കിൽ ആ കുഞ്ഞുങ്ങളും നാളെ അതനുകരിക്കാനുള്ള പ്രവണത വന്നുകൂടാഴികയില്ല......
പിന്നെ, ഒരു ദുഃഖം മാത്രമുണ്ട്, അതുംകൊണ്ടേ ഞങ്ങള് മടങ്ങൂ.....
കെട്ടുറപ്പുള്ള ഒരു കുടുംബജീവിതം മക്കൾക്കു സമ്മാനിച്ചു ഞങ്ങൾ മാത്രമുള്ള ആ പഴയ കാലത്തേക്ക് പിന്നെയും തിരിച്ചെത്തിയെങ്കിലും അന്ന് നഷ്ട്ടപ്പെടുത്തിയത് യൗവ്വനമെങ്കിൽ ഇന്ന് നഷ്ടപ്പെടുത്തുന്നത് വേച്ചു വീണുപോയെങ്കിൽ ഓടിവന്നു താങ്ങാനും മടിയിൽ കിടന്നു മരിക്കാനും ഭാഗ്യമില്ലാത്ത വാർദ്ധക്ക്യമാണ്.....
________________________________________
________________________________________
സ്വന്തം കണ്ണുകളിലെ നനവ് സഹമുറിയന്മാരിലേക്കു പടരുന്നൂന്ന് മനസ്സിലാക്കിയിട്ടാവണം-
`ചന്ദ്രേട്ടൻ ചിരിച്ചുകൊണ്ടു പറഞ്ഞു,"
" ഡാ മക്കളേ ..... ഇന്ന് പെട്ടികെട്ടാണ്, വൈകിട്ടെന്റെ വകയാ ഭക്ഷണം, പറഞ്ഞില്ലാന്നു വേണ്ട.... എന്തുവാന്നുവെച്ചാൽ പറഞ്ഞോണം"
:-)
-------------------------------
സന്തോഷ് നൂറനാട്
-------------------------------
സന്തോഷ് നൂറനാട്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക