ഇന്നത്തെ തലമുറക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നതും എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതുമായ ഫലമാണ് പേരക്കാമാങ്ങാ . അതിന്റെ ഒരു പുളിയും ചെറുമധുരവും ഒക്കെ ആർക്കാണ് ഇഷ്ടപ്പെടാത്തത് . അപ്പോപ്പിന്നെ ഞാൻ ആ പേരിലെങ്കിലും ഒരു കഥ എഴുതിയില്ലെങ്കിൽ എന്നിലെ എഴുത്തുകാരന് എന്തോ ഒരസ്വസ്ഥത . ഞാൻ പഠിച്ച പൊൻകുന്നം സർക്കാർ സ്‌കൂളിന്റെ മുറ്റത്ത് ഒരു വലിയ പേരക്കാമാവുണ്ടായിരുന്നു. മാമ്പഴക്കാലങ്ങളിൽ ഞാനും ജ്യേഷ്ടൻ ജോസഫും കൂടി കൂട്ടുകാരുമൊത്ത് വാരാന്ത്യങ്ങളിൽ ആ മാവിൽകയറാൻ പോകുമായിരുന്നു.കയറാൻ പറ്റാത്ത ചില്ലകളിൽനിന്ന് കമ്പു കൊണ്ട് ( കൊഴി
എന്നു ഞങ്ങൾ പറയും ) എറിഞ്ഞു വീഴ്‌ത്തുമായിരുന്നു . ഇന്നത്തെ കുട്ടികൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ആ മാങ്ങാ പറിക്കലിന്റെ മധുരിക്കുന്ന ഓർമ്മകളാണ് ഈ കഥ എഴുതാനുള്ള പ്രചോദനം ..
പേരക്കാ മാങ്ങാ ..
അഞ്ചു വർഷം മുൻപ് തോട്ടുംകര പഞ്ചായത്തു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചായുവുള്ള പുല്ലുംമല സൈതുമുഹമ്മത് വെറും ഒറ്റ വോട്ടിനാണ് തോറ്റത്. മൂന്നു പ്രാവശ്യം തിരിച്ചും മറിച്ചും എണ്ണിയിട്ടും ഫലത്തിൽ ഒരു വ്യത്യാസവും കണ്ടില്ല .അതും നിലവിൽ പഞ്ചായത്ത് മെംബർ ആയിരിക്കെതന്നെ. തോട്ടം മുതലാളി സ്വതന്ത്ര സ്ഥാനാർഥി മഞ്ഞുംമേൽ സണ്ണിക്കുട്ടിയോട് തോറ്റതിനു കാരണം കുടിയേറ്റക്കാരുടെയും ചേട്ടന്മാരുടെയും പണക്കൊഴുപ്പാണന്ന് ആ നാട്ടിലുള്ളവർക്കൊക്കെ അറിയാം.
ആ പരാജയത്തോടുകൂടിയാണ് പല്ലുംമല സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങിയത് . ഇപ്പോൾ പഞ്ചായത്ത് അംഗമല്ലെങ്കിലും ആർക്കും ഉപകാരിയായ മുഹമ്മദിനെ നാട്ടുകാർ സ്നേഹപൂർവ്വം സൈതുക്ക എന്നേ സംബോധന ചെയ്യു. അങ്ങനെ നാട്ടുകാരുടെ സമ്മതനും പരസഹായിയുമായ ആ മനുഷ്യൻ ഇപ്പോൾ ജയിലിലാണെന്നു പറഞ്ഞാൽ ആരും അത്ര പെട്ടെന്നു വിശ്വസിക്കുമെന്നു തോന്നുന്നില്ല. നല്ല കാര്യവിവരവും വിദ്യാഭ്യാസവും ഉള്ള ഉന്നതങ്ങളിൽ എത്തിയ ഒരു വ്യക്തിക്ക് എന്തു സംഭവിച്ചു. അതുതന്നെയാണ് നാട്ടുകാർ തമ്മിൽ കണ്ടുമുട്ടുമ്പോഴത്തെ പ്രധാന സംസാര വിഷയം .
എന്തിനു സൈതുക്കായെ മാത്രംപറയുന്നു .
ചില ആളുകൾ അങ്ങനെയാണ് എത്രയൊക്കെ നേടിയാലും പിന്നെയും പിന്നെയും പണത്തിനോട് ഒരു വല്ലാത്ത ആർത്തിയാണ് . ആർക്കുവേണ്ടി എന്നൊന്ന് സ്വയം ചോദിക്കാനൊന്നും അവർ മിനക്കെടാറില്ല . കാരണം അവർക്ക് അറിയാവുന്ന ഒരേ ഒരു കാര്യം പണം സമ്പാദിക്കാനുള്ള ഒരു നെട്ടോട്ടം മാത്രമാണ്. അടുത്ത കൂട്ടുകാർ ആരെങ്കിലും അതെപ്പറ്റി ചോദിച്ചാൽ അൽപ്പനേരം ഒന്നാലോചിച്ചിട്ട് ഒന്നു പുഞ്ചിരിച്ചുകൊണ്ടു സൈതുക്ക പറയും .
" യു ഗോട്ട് ദി പോയിൻറ"
എന്നിട്ട് പറയുന്ന ആളിനെ ഒന്നു സൂക്ഷിച്ചു നോക്കും . അതിൻറെ അർഥം എന്താണന്ന് പടച്ചോനുപോലും അറിയില്ല. അയാളോട് എന്തും ചോദിക്കാൻ ആ നാട്ടിൽ ധൈര്യമുള്ള ഒരേ ഒരാൾ കുന്നേൽ രാഘവൻ ആണ് .
മലയോരഗ്രാമമായ തോട്ടുംകരയിൽ അവർ ഒന്നിച്ചു കളിച്ചു വളർന്നതാണ് . കണ്ടാൽ നല്ല വലിപ്പമുള്ള തലയാണങ്കിലും രാഘവൻ പണ്ടേ പഠിക്കുന്ന കാര്യത്തിൽ ഇത്തിരി പിറകോട്ടായിരുന്നു . അതുകൊണ്ട് ക്ലാസ്സിൽ വന്നാൽ ഒരു പരിഭവുമില്ലാതെ എന്നും പിറകിലത്തെ ബെഞ്ചിലെ ഇരിക്കുമായിരുന്നുള്ളൂ . ക്ലാസ്സിൽ ഒരുത്തരവും പറയാത്ത വെറും മണ്ടന്മാരുടെ ഒരു ബെഞ്ചായിരുന്നു അത്.
ആരെങ്കിലും സൈദുക്കായുമായുള്ള സൗഹൃദത്തെപ്പറ്റി ചോദിച്ചാൽ അയാൾ പറയും ഞങ്ങൾ ഹൈസ്‌കൂൾ വരെ ഒന്നിച്ചായിരുന്നു എന്ന്. സത്യത്തിൽ രാഘവൻ അഞ്ചാം ക്ലാസ്സിൽ പഠിത്തം നിർത്തിയതാണ്.
ഹൈസ്‌കൂളിൽ ആകെ പോയിരിക്കുന്നത്, വാരാന്ത്യങ്ങളിൽ സ്കൂളിൻറെ മുറ്റത്തുള്ള പേരക്കാമാവേൽ കയറാൻ മാത്രമാണ്. അതും അന്നൊക്കെ ഒന്നാന്തരം മരംകേറ്റക്കാരനായ രാഘവനെ സൈതുക്ക വിളിച്ചോണ്ടു പോകുന്നതാണ്. അത്രക്കിഷ്ടമായിരുന്നു സേതുക്കായിക്ക് പേരക്കാമാങ്ങാ .
ആ പതിവ് ഇപ്പോഴും തുടരുന്നു.
പക്ഷെ ഇപ്പോൾ മാവേൽ കയറുന്നത് രാഘവൻറെ മകൻ ചന്ദുവാണ് എന്നൊരു വ്യത്യാസം മാത്രമേയുള്ളൂ. അവനും അപ്പൻറെ മകൻതന്നെ തിരുമാണ്ടാൻ.
തലക്ക് അത്രക്കു വലിപ്പമില്ല. എന്നാലും പൊക്കമുള്ള മാവേൽ കേറാൻ അപ്പനെ കടത്തിവെട്ടും. അവർ ബാല്യകാല സുഹൃത്തുക്കളായാതുകൊണ്ട് ഒരു വാടാ പോടാ ബന്ധമുണ്ടന്നുള്ള കാര്യം എല്ലാവർക്കും അറിയാം. അതൊക്കെ പഴയ കാര്യങ്ങൾ .
ഇനി നടന്ന സംഭവം പറയാം.
സെയിദുമുഹമ്മദ് ദുബായിൽ പതിവായി പല ബിസിനസ്സ് കാര്യത്തിനും പോകാറുണ്ടായിരുന്നു . ഒരിക്കൽ അവിടെവെച്ചാണ് എല്ലാവരെയും ഞെട്ടിച്ച ആ വാർത്ത പത്രങ്ങളിൽ വന്നത്.
അതറിഞ്ഞവർ പലതും ഊഹിച്ചു .
അയാളുടെ ബിസിനസ്സിൽപോലും എന്തൊക്കെയോ നിഗൂഢതകൾ ഉണ്ടെന്നാണ് ദുബായ് മലയാളികൾ പറഞ്ഞു പരത്തിയത് .
എന്തു ബിസിനെസ്സിനാണ് ഈ യാത്രകളെന്നു അയാളോടു ആരും ഒരിക്കലും ചോദിച്ചതുമില്ല.
അതൊക്കെ അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ. എങ്ങനെയൊക്കെ ആണങ്കിലും സൈതുക്ക ആര് എന്തു സഹായം ചോദിച്ചാലും കൈ അയച്ചു ചെയ്യും.
നാട്ടുകാർക്ക് അതുതന്നെ ധാരാളം മതി.
ഇതിപ്പോൾ ഒരു പോക്കുപോയിട്ട് വർഷം മൂന്നു കഴിഞ്ഞു. എന്നിട്ടും ആളിൻറെ പൊടിപോലുമില്ല. അതുകൊണ്ടുതന്നെ സഹായം കിട്ടിയിട്ടുള്ള കൂട്ടുകാരുപോലും കാലുമാറി. അതുപിന്നെ ആളുകളുടെ പൊതു സ്വഭാവം ആണല്ലോ. കിട്ടിക്കോണ്ടിരിക്കുന്നത് കിട്ടിയില്ലെങ്കിൽ പിന്നെ അതൊക്കെ അവരുടെ അവകാശം ആണന്ന് അവർ അങ്ങു വിശ്വസിക്കുന്നു.
"Repeated gift become a right" എന്ന് ഏതോ ഒരു മഹാൻ പറഞ്ഞത് വെറുതെയായിരിക്കാൻ
വഴിയില്ല.
കേട്ടവർ കേട്ടവർ സൗകര്യപൂർവം പൊടിപ്പും തൊങ്ങലും വെച്ച് കഥകളുണ്ടാക്കി. കാരണം വല്ല നാട്ടിലും ജയിലിൽ കിടക്കുന്ന ഒരു കുറ്റവാളിയെകൊണ്ട് ഇനി ആർക്ക് എന്ത് പ്രയോചനം. സൈദുക്കായിക്കു മാനസിക വിഭ്രാന്തി ആണന്നുവരെ പറഞ്ഞു രസിക്കുകയായിരുന്നു അവർ.
അതങ്ങനെയാണല്ലോ ആരാൻറെ അമ്മക്ക് ഭ്രാന്തുവന്നാൽ അതും ഒരു രസമല്ലേ. ഇനിയിപ്പം ജയിലിൽതന്നെയാണോ എന്നൊന്നും ആർക്കും അത്ര ഉറപ്പില്ല . എന്തുതന്നെയായാലും കഥകൾ പലതും പരദൂഷണക്കാരുടെ ഇടയിൽ സൂപ്പർ ഹിറ്റായി .മഞ്ഞുംമേൽ സണ്ണിക്കുട്ടിയും കൂട്ടുകാരും ആ പുതിയ കഥകൾ ഏറ്റെടുത്തു പ്രചരിപ്പിച്ചു . അല്ലെങ്കിൽ ഈ പല്ലുംമല മുഹമ്മദ് വീണ്ടും തിരിച്ചുവന്നു സ്ഥാനാർഥിയായി ജയിക്കാനുള്ള സാദ്ധ്യതയുണ്ട്.
അതു മുളയിലെ ഞുള്ളി കളയണമെല്ലോ. പഞ്ചായത്തു മുതൽ പർലമെൻറ്റുവരെ ഇത്തരത്തിലുള്ള കളികളാണല്ലോ എല്ലാ രാഷ്ട്രീയക്കാരും കളിക്കുന്നത്. അതും വെറും ഒറ്റ വോട്ടിനല്ലേ തോറ്റത്. അതിലും സണ്ണികുട്ടിയുടെ കർഷക പാർട്ടിയുടെ എന്തോ കള്ളക്കളി ഇല്ലേ എന്നും ചില സംശയങ്ങളൊക്കെ ഇപ്പോഴും നിലനില്ക്കുന്നുണ്ട് . എന്തായാലും ഒരു രണ്ടാം അങ്കത്തിനൊന്നും സൈതുക്കയെ കിട്ടില്ല എന്ന കാര്യം ഏതാണ്ട് ഉറപ്പാണ്.
ഭാര്യ പാത്തുമ്മ എൽ . എൽ .ബി കാരിയാനങ്കിലും വക്കീലുപണിക്കൊന്നും പോയിട്ടില്ല . സൈതുക്കയുടെ തിരോധനത്തിൽപോലും മനസാന്നിദ്ധ്യം വിടാതെ കുട്ടികളുടെ പഠിത്തക്കാര്യവും വീട്ടുകാര്യവും നോക്കി പിടിച്ചുനിൽക്കുന്നു .
വിവരമറിഞ്ഞപ്പോൾതന്നെ ഗൾഫ് മേഖലയിൽ ഉള്ള ഒരു മലയാളി പത്രത്തിൽ ഭർത്താവിനെ കാണ്മാനില്ല എന്നൊരു പരസ്യംവും കൊടുത്തു. അത് ദുബായിലുള്ള ആരോ ഉപദേശകർ പറഞ്ഞു ചെയിച്ചതാണ് എന്നും കേട്ടു. ദുബായിലോ മറ്റു ഗൾഫ് രാജ്യങ്ങളിലോ ആൾക്കാരെ കാണാതായാൽ മിക്കവാറും ജയിലിൽതന്നെയായിരിക്കും എന്നാണല്ലോ പൊതുവെ പറയപ്പെടുന്നത് . പ്രവാസ ലോകം എന്ന ടി. വി. പരിപാടി കാണുന്ന ഗൾഫ് മലയാളികളുടെ എല്ലാ ബന്ധുക്കൾക്കും അതറിയാം. .
എന്നാൽ സൈദുക്കായിക്ക് ദുബായിൽ ഏതോ പരസ്തീയുമായി ബന്ധമുണ്ടെന്ന കിംവദന്തി കേട്ടാണ് പത്രക്കാരും ,ചാനലുകാർ ഓടിയെത്തിയത്. അതൊക്കെ സണ്ണികുട്ടിയും പാര്ട്ടിയും മെനെഞ്ഞെടുത്ത കഥകളാണെന്നു ആർക്കാണ് അറിയാത്തത് .
ആത്മമിത്രമായ കുന്നേൽ രാഘവനും ആ കഥകൾ ഒരു പരിധിവരെ വിശ്വസിക്കാതിരിക്കുവാൻ പറ്റുമായിരുന്നില്ല. പക്ഷെ പാത്തുമ്മ അതൊക്കെ പുച്ഛിച്ചു തള്ളി പറഞ്ഞു. വന്നവർക്കൊക്കെ നല്ല ചുട്ട മറുപടി കൊടുത്തു. പള്ളിക്കമ്മറ്റിക്കാർ പറഞ്ഞിട്ടും തലേൽ തട്ടംപോലുമിടാത്ത പാത്തുമ്മ ആരാ മോള് . പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന മട്ടിലാണ്.അൽപ്പം വിവരവും വിപ്ലവ പാരമ്പര്യവുമുള്ള ഒരു പുലിയാണന്നു ആ നാട്ടിൽ എല്ലാവർക്കും അറിയാം.
"നല്ല കറകളഞ്ഞ കമ്മ്യൂണിസ്റ്റാ അവരുടെ കുടുബക്കാർ . പാത്തുമ്മയുടെ ഉപ്പാപ്പ പുന്നപ്ര വയലാർ സമരത്തിൽ വെടിയുണ്ടക്കു നേരെ വിരിമാറു കാട്ടിയത് ചരിത്രമാ" അത് കുന്നേൽ രാഘവാൻതന്നെ പലരോടും പറഞ്ഞിട്ടുണ്ട് .ഇനി പാത്തുമ്മ പത്രക്കാരോട് പറഞ്ഞതാണ് അതിലും രസകരം .
" അതുപിന്നെ ആണുങ്ങളായാൽ അങ്ങനെയല്ലേ
പല സ്ത്രീകളുമായും പരസ്ത്രീകളുമായും ബെന്തപ്പെടും. അയിന് ഇങ്ങൾക്കെന്താ ബേണ്ടത്. ഇങ്ങള് സദാചാരപോലീസോന്നുമാല്ലല്ലോ ഞങ്ങളെ ചോദ്യംചെയ്യാൻ "
അതോടുകൂടി ഒരു സെൻസിറ്റീവ് സ്റ്റോറി ഉണ്ടാക്കാൻ മിനക്കെട്ടു നടന്ന എല്ലാ മാദ്ധ്യമങ്ങളും നിരാശരായി . ചാനലുകാരും കുട്ടിപത്രക്കാരും തത്സമയംതന്നെ മുങ്ങി .
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പാത്തുമായിക്ക് ഇക്കയെ പെരുത്തു വിശ്വാസമാ . അതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ഇക്കയോടുപോലും ചോദിക്കാറില്ല .
പിന്നെയല്ലേ ഈ വാർത്താ മാധ്യമങ്ങൾ . മിക്കവാറും എന്തെങ്കിലും ചോദിക്കാൻ അർഹതയും ധൈര്യവുമുള്ളത് കുന്നേൽ രാഘവനാണ്. അയാൾ അത് തരംകിട്ടുബോഴൊക്കെ ഉപയോഗിക്കാറുമുണ്ട്. അപ്പോഴും അയാൾക്ക് ഉത്തരമില്ല .എന്തു ചോദിച്ചാലും വെറുതെ ചിരിച്ചുതള്ളും . അത് രാഘവന് നന്നായി അറിയാം. എന്നാലും ഇടെക്കും മുട്ടിനും ഓരോന്നൊക്കെ കൊള്ളിച്ചുപറയും. അങ്ങനെയെങ്കിലും അൽപ്പം സ്വബോധം ഉണ്ടാകട്ടെ എന്നാണ് രാഘവൻറെ നിലപാട് .
ഇപ്പോൾ അയാളുടെ കൊട്ടാരം പോലെയുള്ള ആ വീട്ടിൽ ആകെയുള്ളത് പാത്തുമ്മയും ഹൈസ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികൾ നബീസയും നജീബുംമാണ് . കൂട്ടുകിടക്കാനും സഹായത്തിനുമായി ഒരു വീട്ടു ജോലിക്കാരിയുമുണ്ട് .
പുറംപണിക്കു മറ്റൊരാൾ .
കൂടാതെ എപ്പോൾ വിളിച്ചാലും ഓടിയെത്തുന്ന ഡ്രൈവർ സുന്ദരൻ . പേര് സുന്ദരനാണങ്കിലും ആളൊരു ആളിത്തിരി മന്ദബുദ്ധിയും വിരൂപനുമാണ്. പാത്തുംമ്മായിക്കല്ല ഒരു സ്ത്രീയിക്കും സുന്ദരനെകാണുബോൾ ഒരു ചാഞ്ചാട്ടംപോലും ഉണ്ടാവില്ല. അത് സേതുക്കായിക്ക് നല്ല പോലെ അറിയാം. സൈതുക്ക ആരാ മോൻ. എന്തായാലും സെയിദു മുഹമ്മദിൻറെ ഈ നിലംതൊടാതെയുള്ള യാത്രക്ക് ഒരു കുറവുമില്ലായിരുന്നു.
ഇപ്പോൾ മൂന്നു വർഷമായി പാത്തുമ്മ ആ വലിയവീട്ടിൽ കുട്ടികളുമായി കഴിഞ്ഞുകൂടുന്നു. പാത്തുമ്മായുടെ വീട്ടുകാര് പലതവണ വന്നുവിളിച്ചിട്ടും അങ്ങോട്ടു പോയതുമില്ല. അതിനു പാത്തുമ്മ സെയിത് ഒന്നുകൂടി ജനിച്ചാലും നടക്കില്ല.
കാരണം കുടുംബപരമായി കിട്ടിയ ആ അഭിമാനമുണ്ടല്ലോ അതിന്റെ ബാക്കിപത്രമല്ലേ ഈ പാത്തുമ്മയും കുട്ടികളും.
അങ്ങനെ കാര്യങ്ങൾക്ക് ഒരു തീരുമാനമില്ലാതെ കാലം മുന്നോട്ടു ഇഴഞ്ഞുനീങ്ങവേ പെട്ടെന്നാണ് ആ ബ്രയിക്കിംഗ് ന്യൂസ് കേട്ടത് . കൂടെ പഠിച്ച കോഴിക്കോട്ടുള്ള കൂട്ടുകാരി അഡ്വക്കറ്റ് ദീപാ മേനോനാണ് ഫോണിൽ വിളിച്ചുപറഞ്ഞത് . സൈതുക്കായുടെ കേസ് ആദ്യം മുതലേ കൈകാര്യം ചെയിത്തതും ദീപയായിരുന്നു . കുറെ നാളായി പത്രക്കാരുടെ ശല്ല്യം കാരണം പാത്തുമ്മ ഫോൺപോലും എടുക്കാറില്ലായിരുന്നു.
സ്ക്രീനിൽ ദീപയുടെ പുഞ്ചിരിക്കുന്ന പടം തെളിഞ്ഞ കണ്ടിട്ടാണ് അപ്പോൾ ചാടിയെടുത്തത് അവൾ ആകെ ആവേശത്തിലായിരുന്നു .
എടീ നീ ആ ടി. വി. ഒന്നു ച്ചേ . ഒരു സന്തോഷവാർത്ത കാണുകയും കേൾക്കുകയും ചെയ്യാം . ദേ നിൻറെ സേതുക്ക തിരിച്ചുവരുന്നെന്ന് . നീ ഒന്നുകൊണ്ടും പേടിക്കണ്ട നിൻറെ ഇക്ക ചത്തുപോയിട്ടൊന്നുമില്ല ഞാൻ ദുബായ് ഇന്ത്യൻ എംബസ്സിയുമായി നിരന്തരം ബെന്ധപെടുന്നുണ്ട് "
പല്ലുംമല സേതുമുഹമ്മത് നീരപരാധിയാണ് എന്ന് തെളിഞ്ഞതുകൊണ്ട് ദുബായ് കോടതി വെറുതെവിട്ടു എന്നാണ് ഫ്ലാഷ് ന്യുസ് . എന്തു തെറ്റാണ് എന്നത് അപ്പോഴും ഒരു ദുരൂഹതയിലാണ്. ഇത്ര നാളും ജയിലിൽ ആയിരുന്ന എന്ന കാര്യംപോലും അപ്പോഴാണ് പാത്തുമ്മയും നാട്ടുകാരും അറിയുന്നത് . കൂട്ടുകാരാൻ കുന്നേൽ രാഘവനാണ് അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് .
വാർത്ത അറിഞ്ഞു വന്ന പത്രക്കാരോടും ചാനലുകാരോടും ഒക്കെ അയാൾ ഒന്നേ പറഞ്ഞുള്ളൂ.
"ഇത് ഞങ്ങളുടെ നാട്ടുകാര്യം. നിങ്ങളിതിൽ ഇടപെടണ്ടാ . ഇറാക്കിലും വിയറ്റ്നാമിലും ഒക്കെ പോയ അമേരിക്കയുടെ അനുഭവം അറിയാമെല്ലോ. എത്ര പത്രാസുണ്ടായിട്ടെന്താ കാര്യം. പട്ടി ചന്തക്കു പോയപോലെ ആയില്ലേ. ഒരെല്ലിൻകഷണംപോലും കിട്ടാതെ വെറുംകയ്യോടെ തിരുച്ചുപോയില്ലേ . ഒരു നാട്ടിലും മറുനാട്ടുകാർക്ക് ഒരു കാര്യവുമില്ല "
വലിയ ഒരു തത്ത്വ ശാസ്ത്രം പറഞ്ഞപോലെ കുന്നേൽ രാഘവൻ നെഞ്ചു വിരിച്ചുനിന്നു സ്വയം നെടുവീർപ്പിട്ടു.
" ഇനിയെങ്കിലും സൈദുക്ക നാട്ടിൽ വന്ന് സമാധാനമായി ജീവിക്കുമെല്ലൊ ഞങ്ങൾക്കതുമതി "
"അല്ലെങ്കിലും നമ്മുടെ നാട്ടിൽ കിട്ടുന്നതരം നല്ല പേരക്കമാങ്ങാ ഭൂലോകത്ത് എവിടെയെങ്കിലം കിട്ടുമോ. നമ്മുടെ സൈദുക്ക എവിടെപോയാലും റബ്ബർപന്തുപോലെ തിരിച്ചെത്തും"
അത്രമാത്രം അവസാനം പത്രക്കാരോട് പറഞ്ഞു നിർത്തിയ രാഘവാൻ അവസാനം ആ പല്ലുപോയ ആ മോണ കാട്ടി ഒന്നുപുഞ്ചിരിക്കുക മാത്രം ചെയിതു.. പക്ഷെ പാത്തുമ്മ പറഞ്ഞതുമാത്രം എല്ലാവരെയും അമ്പരപ്പിച്ചു.
"എവിടെയെങ്കിലും പോയിക്കോട്ടെ .മനുഷ്യന്മാര് പഠിച്ചതല്ലേ പാടു . എന്നാലും എൻറെ സൈദുക്ക ജീവിചിരിപ്പുണ്ടല്ലോ എനിക്കതുമതി."
അല്ലങ്കിലും മനുഷ്യന്മ്മാരായാൽ ഇത്തിരി സ്വാതന്ത്ര്യം ഒക്കെ വേണ്ടേ. അതിനല്ല്ലേ ഈ ജനാതിപത്യം, കമ്മ്യുണിസ്റ്റ് എന്നൊക്കെ പറയുന്നത് .
ചിലപ്പോൾ പാത്തുംമായിക്കും തോന്നും താൻമാത്രം വിപ്ലവകാരിയും കമ്മ്യുണിസ്റ്റും ഒക്കെ അയിട്ടെന്തുകാര്യം. പഞ്ചായത്ത് മെംബർ അല്ലെങ്കിലും സൈദുക്ക ഓരോന്തന്തരം കോണ്ഗ്രസ്കാരനല്ലേ. കുന്നേൽ രാഘവൻറെ മകൻ ചന്ദുവിനെപോലെയുള്ള പാവപെട്ടവരെ ഇപ്പോഴും പേരക്കമാവേൽ കയറ്റുന്ന ബൂർഷ്വാ. അങ്ങനെ തൊഴിലാളികളെ നിരന്തരം ചൂഷണം ചെയ്യുന്ന മൂരാച്ചി മുതലാളി . ഒക്കെ ശരി തന്നെയാ .
എന്നാലും ഞമ്മക്കിഷ്ടമാ ഞമ്മുടെ സുൽത്താനെ .
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക