Slider

"ഹായ് ഗുഡ് മോർണിംഗ്.."

0

"ഹായ് ഗുഡ് മോർണിംഗ്.."
പതിവു ജോലിയൊക്കെ തീർത്തു ഫേസ്ബുക്ക് തുറന്ന തങ്കമണിക്കു ഗുഡ്മോർണിംഗ് കണ്ടപാടെ കലിയിളകി..
എന്നുമിതു തന്നെയാണവസ്ഥ..
കാലത്താണ് നോക്കുന്നതെങ്കിൽ ഗുഡ് മോർണിംഗ് കൊണ്ടു പാലഭിഷേകമായിരിക്കും..
അവഗണിക്കാമെന്നു വെച്ചാലും ഒരു നാണവുമില്ലാതെ വീണ്ടും വീണ്ടും അയച്ചുകൊണ്ടേയിരിക്കും..
കെട്ടിയോനോട് പറയാമെന്നു വെച്ചാ "എന്തിനാ ഫേസ്ബുക്കും
വാട്സാപ്പുമൊക്കെ..
നിനക്കു വീട്ടുകാര്യം നോക്കിയിരുന്നാൽ പോരെ"ന്നാവും തിരികെയുള്ള ചോദ്യം..
അല്ലാതെ കൂടെനിന്നു പ്രശ്നത്തിന് പരിഹാരം കാണാനൊന്നും അങ്ങേരെ കിട്ടില്ല..
അതിപ്പോ ഫേസ്ബുക്കിലെ കാര്യം മാത്രല്ല ജീവിതത്തിലും അങ്ങനെ തന്നെയാ..
മുമ്പൊരിക്കൽ ബസിൽ വെച്ചൊരുത്തൻ ഒരു പെണ്ണിനെ അപമാനിക്കാൻ ശ്രമിച്ചപ്പോ ഇടപെട്ടു പിന്നീടതു വലിയ പ്രശ്നമായി..
വീട്ടിലറിഞ്ഞപ്പോ 'നീ ചെയ്തതു നന്നായി അങ്ങനെ വേണം പ്രതികരിക്കാൻ' എന്നുപറഞ്ഞു കൂടി നിക്കേണ്ടയാൾ എന്താ പറഞ്ഞെന്നറിയോ..
"വെറുതെ ഓരോ ഏടാകൂടത്തിൽ ചെന്നു തലയിടാൻ നിക്കണ്ട..
നിന്റെ കാര്യം നോക്കി
നടന്നാൽ മതിയെന്ന്.."
അങ്ങേർക്കെന്റെ കാര്യത്തിലുള്ള ആശങ്ക കൊണ്ടാവും അങ്ങനെ പറഞ്ഞിട്ടുണ്ടാവുക എന്നാശ്വസിച്ചു മിണ്ടാതിരിക്കാനേ നിവൃത്തിയുണ്ടാരുന്നുള്ളൂ..
എന്തു തന്നെയായാലും അന്നത്തോടെ ഇത്തരം കാര്യങ്ങൾ അങ്ങേരോടു ഷെയർ ചെയ്യാതായി..
അല്ലെങ്കിലും ഇന്നത്തെക്കാലത്തു പെണ്ണിന്റെ കാര്യം നോക്കാൻ പെണ്ണുതന്നെ പഠിക്കണം..
കൂടെനിക്കാൻ ആരുമില്ലേലും കുറ്റപ്പെടുത്താൻ ആയിരം പട്ടികളുണ്ടാവും..
ഓർത്തോർത്തു ചിന്തകൾ വയനാട് ചുരം കയറുന്നതിനിടെയാണ് ഹോംപേജിൽ ഒരു പോസ്റ്റ് കണ്ടതു..
മിനിയാന്ന് വരെ പതിവായി രാവിലെയും വൈകീട്ടും ഗുഡ്മോർണിംഗും ഗുഡ് ഈവനിംഗും പോരാത്തതിന് ഉറങ്ങിയോന്ന് ഉറപ്പു വരുത്താൻ രാത്രി അഞ്ചും ആറാംതവണ ഹായ് വിടുകയും ചെയ്യുമാരുന്ന സുഗുണൻ തെക്കേപ്പറമ്പിൽ ഭാര്യയും മക്കളുമൊത്തുള്ള സെൽഫി പോസ്റ്റിയേക്കുന്നു..
അമ്പടാ..
വേഗം ചെന്നു പുള്ളിക്കാരന്റെ വാൾ നോക്കി..
'നാട്ടിലേക്ക് പോവാണ് കൂട്ടുകാരെ' എന്നൊക്കെ പറഞ്ഞൊരു പോസ്റ്റുണ്ട് അവിടെയും..
അമ്പട കള്ളാ..
അപ്പോ അതാണു രണ്ടുദിവസമായി പൂജയും പുഷ്പാർച്ചനയും മുടങ്ങിക്കിടക്കുന്നെ..
തനിയെ ഇരിക്കുമ്പോ കണ്ണീക്കണ്ട പെണ്ണുങ്ങൾക്കൊക്കെ മെസ്സേജ്‌..
സ്വന്തം ഭാര്യയുടെ അടുത്തെത്തിയപ്പോൾ ചാറ്റുമില്ല ഫേസ്ബുക്കുമില്ല..
ഇവനിട്ടൊരു പണികൊടുക്കണമല്ലോ..
അവളാലോചിച്ചു..
അന്നു രാത്രി കിടക്കുന്നതിനു മുന്നെ തങ്കമണി സുഗുണന് ഒരു ഗുഡ് നൈറ്റും ഒപ്പം കുറേ ഉമ്മകളും കൊടുത്തയച്ചു..
പിറ്റേന്നു നാവിലെ ഉണർന്നു ഫേസ്ബുക്ക് നോക്കിയപ്പോ മെസ്സേജ്‌ റീഡായിക്കാണിക്കുന്നുണ്ട്..
അപ്പോത്തന്നെ ഒരു ഗുഡ് മോർണിംഗും ഒപ്പം 'എവിടാ കുട്ടാ$യെന്നൊരു മെസ്സേജും അയച്ചു..
അതു ക്ലിക്കായി..
എകദേശം പത്തുമണി ആയപ്പോഴേക്കും 'നീയിതെന്തു ഭാവിച്ചാ' എന്നും ചോദിച്ചുകൊണ്ട് സുഗുണൻ ഓൺലൈൻ വന്നു..
'എന്തേ..'?
തങ്കമണി ഒന്നുമറിയാത്ത പോലേ മറുപടിയും അയച്ചു..
"എടീ ദയവു ചെയ്തു എന്റെ കുടുംബം കലക്കരുത്..
ഇന്നലെ രാത്രി നിന്റെ മെസ്സേജ്‌ വായിച്ചതു അവളായിരുന്നു..
ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല നീയെനിക്കങ്ങിനെ മെസ്സേജ്‌ അയക്കുമെന്ന്.."
"ആഹാ ഇപ്പൊ നിനക്കു മനസ്സിലായോടാ ഭർത്താവും കുടുംബവുമൊക്കെ ആയി താമസിക്കുന്ന ഒരു പെണ്ണിനു ഇതുപൊലുള്ള മെസ്സേജുകൾ വരുമ്പോഴുള്ള ബുദ്ധിമുട്ട്..
അതും ഒരു പരിചയവുമില്ലാത്ത ആളുകളുടെ അടുത്തൂന്നു..
ഭാര്യയും മക്കളുമൊന്നും കൂടെയില്ലാതെ തനിച്ചു കഴിയുന്ന സമയത്തു നീയൊക്കെ അയക്കുന്ന ഇത്തരം മെസ്സേജുകൾ നിനക്കൊക്കെ വെറും നേരമ്പോക്കായിരിക്കും..
പക്ഷേ ഇതു എന്നെപ്പോലുള്ളവരിൽ ഉണ്ടാക്കുന്ന അസ്വസ്ഥതയും ബുദ്ധിമുട്ടും നിന്നെയൊന്നു അറിയിക്കാൻ മാത്രമാണ് ഞാനുമിതു ചെയ്തതു..
ഇനിയെങ്കിലും നന്നായിക്കൂടെ.."
അത്രയും ടൈപ്പ് ചെയ്തു സെന്റിയതിനു ശേഷം അവന്റെ മറുപടിക്കു കാത്തുനിക്കാതെയവൾ ആശ്വസത്തോടെ ഫേസ്ബുക്ക് ലോഗൗട്ട് ചെയ്തു.
വാൽക്കഷണം.
ഇതൊക്കെ നടക്കുമോ..
സുഗുണന് തങ്കമണിയെ ബ്ലോക്ക് ചെയ്താ പോരെ ..അല്ലെങ്കി ഡാറ്റ ഓഫ്‌ ചെയ്തുവെച്ചാൽ പോരേയെന്നൊക്കെ ചോദിച്ചു എന്നെ വട്ടം കറക്കരുത്..
സിനിമയിൽ എട്ടുനില കെട്ടിടത്തിന്റെ മുകളീന്ന് താഴേക്കു എടുത്തുചാടി വില്ലന്മാരെ അടിച്ചു നിലംപരിശാക്കുന്ന നായകനെ കാണുമ്പൊൾ നമ്മള് കയ്യടിക്കാറില്ലെ..
അല്ലാതെ അതിലെ ലോജിക് ആലോചിച്ചു തലപുണ്ണാക്കാറില്ലാലോ..
അതുപോലാ ഇതും..
കഥയിലെന്തെങ്കിലും ഗുണപാഠം ഉണ്ടോന്നു നോക്കിയാൽ മതിയെന്നേ..
അതല്ലെ വേണ്ടതും.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo