Slider

തേങ്ങ

0


സ്കൂളിൽ നിന്ന് തറവാട്ടിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ.ചെമ്മൺ പാതയും,പാടവും,ഇടവഴിയും പിന്നിട്ട് ഞാൻ വീടിൻറെ പിന്നാമ്പുറത്തെത്തി.

പതിവിലും സങ്കടം ഉണ്ടായിരുന്നു അന്ന് ഉമ്മയുടെ മുഖത്ത്.
"നീ വേഗം പോയി ചായ കുടിക്ക്.നമ്മൾ ഇന്ന് പുതിയ വീട്ടിലേക്കു മാറും". മനസ്സിൽ ഒരു ഇടിവെട്ട് വീണു.ഞാൻ ചായ കുടിക്കാൻ നിന്നില്ല.വേഗം ഉമ്മറത്തേക്കോടി.കട്ടിലും,മേശയും ,മറ്റുസാധനങ്ങളും ഒരു പെട്ടി ഓട്ടോറിക്ഷയിൽ കയറ്റുന്നു.എളാപ്പമാർക്ക് എന്തെന്നില്ലാത്ത ആവേശം.ഞാൻ തളർന്നു പോയി.പണം ഇല്ലാതെ പാതിക്ക് വെച്ച് നിർത്തിയ തേപ്പ് പോലും കഴിയാത്ത ആ വീട്ടിലേക്ക് താമസം മാറാൻ പോകുന്നു.അതിനേക്കാൾ എന്നെ സങ്കടപെടുത്തിയത് ജനിച്ചു വളർന്ന ഈ വീടിനെപിരിയുന്നതായിരുന്നു. ഒരുപാട് മുറികളുണ്ട് തറവാടിന്.ഞാൻ ഇന്നേവരെ കണ്ടെത്താത്ത ഒളിഞ്ഞു കിടക്കുന്ന വല്ല മുറികളുമുണ്ടോ എന്ന് പോലും എനിക്ക് തോന്നാറുണ്ട്. പൊളിഞ്ഞു വീഴാറായ പഴയ മേലയിലെ കിഴക്കേ മുറിയിലാണ് ഞാനും ഉമ്മയും കിടന്നിരുന്നത്.ആ കോണിപ്പടി കയറാൻ എല്ലാവർക്കും പേടിയായിരുന്നു.ഞാനും,ഉമ്മയും പക്ഷേ പേടിച്ചില്ല.കാരണം ഭയത്തേക്കാൾ വലിയൊരു വികാരം ഉണ്ട്...'നിവൃത്തികേട്‌'! "ഇവിടെ എല്ലാവര്ക്കും കിടക്കാൻ സ്ഥലം വേണ്ടേ?" , വല്ലുമ്മ ഉമ്മയെ കുറ്റപ്പെടുത്തുമ്പോൾ ഞാൻ ഓർക്കും ; തറവാട്ടിൽ ആർക്കും അറിയാത്ത ഏതെങ്കിലും ഒരു മുറി എനിക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്. "ഒന്നിനും ഒരു മുട്ടും ഉണ്ടാവൂലാ.ഇവടെ കയ്യിനെ പോലെന്നെ അവിടേം കയ്യാ.ഇവിടത്തോര് തിന്നുണ പോലെന്നെ അങ്ങണ്ടും താരാ".വല്ലുമ്മ ഉമ്മറത്തിരുന്ന് എന്നത്തേയും പല്ലവി ആവർത്തിച്ചു."കിടക്കാൻ മാത്രം അങ്ങണ്ട് പോയാ മതി " എന്ന അവസാന വാചകം മാത്രം അന്ന് പറഞ്ഞില്ല.കാരണം വല്ലുമ്മയുടെ ആ പല്ലവി വിജയം കണ്ടിരിക്കുന്നു. ഞങ്ങൾ താമസം മാറുകയാണ്.ബാഗും,പുസ്തകങ്ങളും,കുപ്പായവും എടുത്തു വെക്കുമ്പൊ ഞാൻ ഉമ്മയോട് ചോദിച്ചു ,"ഉമ്മാ..ഞമ്മക്ക് ഇവിടെത്തന്നെ നിക്കാ".ഉമ്മ എന്തോ പിറുപിറുത്തു കൊണ്ട് നടന്നു, "ഒരുമണ്ടെങ്കി ഒലക്കേമേലും കെടക്കാ.അതില്ലെങ്കി...?" അങ്ങിനെ യാതൊരു മുന്നൊരുക്കവും ഇല്ലാതെ ഞങ്ങൾ തറവാട്ടിൽ നിന്നും താമസം മാറി.പോവുമ്പോൾ വല്ലുമ്മ ഉമ്മയുടെ അടുത്തു വന്നു ആവർത്തിച്ചു,"ഒന്നിനും ഒരു മുട്ടും ഉണ്ടാവൂല ".മുഖത്ത് സങ്കടം വരുത്താൻ എല്ലാവരും നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. പിന്നീടുള്ള കുറച്ചു ദിവസങ്ങൾ വളരെയധികം ബുദ്ധിമുട്ടുള്ളതായിരുന്നു.ഇടക്കെപ്പഴോ തേങ്ങ അരച്ച കറി കൂട്ടാൻ ഒരു ആഗ്രഹം.തറവാട്ടിൽ പോയി തേങ്ങ വാങ്ങി വരാം എന്ന് പറഞ്ഞത് ഞാൻ തന്നെയായിരുന്നു. "തേങ്ങയോ?" വല്ലുമ്മയുടെ മുഖം വികസിച്ചു. "ഇവിടത്തെ ആവശ്യത്തിനെന്നെ തേങ്ങ കിട്ടണില്ല". തറവാട്ടിനു മുന്നിലെ അഞ്ചേക്കർ തെങ്ങുംപറമ്പിലെ ആയിരക്കണക്കായ തെങ്ങുകളിലെ തെങ്ങോലകൾ അന്നേരം കാറ്റിനൊപ്പം കരഞ്ഞു.കയ്യാലപ്പുറത്ത് ടാർപായക്കകത്ത് കൂട്ടിയിട്ട തേങ്ങകൾ അന്നേരം പ്രായാധിക്യത്താൽ പൊങ്ങുകൾക്കു ജന്മം നൽകുകയായിരുന്നു. തറവാട്ടിൽ നിന്നും മടങ്ങുന്ന വഴിക്ക് പഞ്ചസാര വാങ്ങാൻ ഉമ്മ തന്നേൽപ്പിച്ച ഇരുപത് രൂപയുടെ മുഷിഞ്ഞ നോട്ടിന് വട്ടംകുളം അങ്ങാടിയിൽ തേങ്ങ വാങ്ങാൻ കിട്ടുന്ന കട വല്ലതുമുണ്ടോ എന്നോർത്തുകൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ വല്ലുമ്മ നീട്ടി വിളിച്ചു.ടാർപ്പായക്കകത്തുനിന്നു തേങ്ങകൾ കാതോർത്തു "എടാ ...ഇന്നലെ റേഷൻ പീട്യെക്ക് പോകുമ്പോ ഇവടന്നൊരു ചാക്കെടുത്ത് പോയില്ലേ.ഇനി വരുമ്പോ അതെയ്റ്റ് പോരെ.ചാക്കിനു നൂറാവിശ്യങ്ങളാ". ഞാൻ ഓർക്കുന്നു. കീറൽ വീണ പഴയൊരു ചാക്ക്."ശരി വല്ലുമ്മ.ഞാൻ കൊണ്ട് വരാം". പടി കടന്നു പോകുമ്പോൾ ഞാൻ പഴയൊരു പഴഞ്ചൊല്ല് ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു."വാക്കും...പഴയ ചാക്കും...ശെയ്..എന്തായിരുന്നത്...?"
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo