Slider

കാലന്മാർ

0

കുളിച്ചൊരുങ്ങി അത്തറും പൂശി റെഡി ആയി വന്ന് കാലൻ തന്റെ വാഹനമായ പോത്തിന്റെ പുറത്തു കയറി വടം വലിച്ചു .
പോത്തിന് പോകേണ്ട റൂട്ടിനെ കുറിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ല . സംശയം തീർക്കാനായി പോത്ത് തന്റെ യജമാനനോട് ചോദിച്ചു
'' എങ്ങോട്ടേക്കാ ... കാലൻ സാർ ''
'' ഹാ ഇന്ന് കേരളത്തിലേക്കാ ... ഇന്നലെ നമ്മൾ കേരളത്തിൽ നിന്നും യമലോകത്തേക്ക് കൊണ്ട് വന്ന ആളിന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രതികാരം ഇന്നുണ്ട് . ഒന്ന് രണ്ടെണ്ണം എങ്കിലും ഇന്ന് കൊണ്ട് വരാം .. ഡിക്കിയിൽ കുരുക്ക് വേറെ ഉണ്ടല്ലോ അല്ലെ പോത്തേ ? ''
'' എന്റെ പൊന്ന് കാലൻ സാർ ... അവിടെ ഇന്ന് ഹർത്താലാണ് .. വിമാനം ഒഴികെ എല്ലാ ഗതാഗതവും അവിടെ തടയും . മാത്രല്ല ഇന്നലെ ഒരു ലോങ്ങ് ട്രിപ്പ് പോയി വന്ന ക്ഷീണം മാറീട്ടില്ല .. എനിക്കും വേണ്ടേ ഒരു റസ്റ്റ് .. ''
'' നീ പിണങ്ങല്ലേ പോത്തേ .. ഞാനും ഓവർ ടൈം ജോലി ചെയ്താണ് ഇവറ്റകളെ യമലോകത്തേക്ക് കൊണ്ട് വരുന്നത് . അവിടെ ഫുട്ബോൾ മത്സരം പോലെയല്ലേ .. ഒരാൾ അടിച്ചാൽ രണ്ടെണ്ണം മറ്റവർ അടിക്കും . നീയൊന്ന് വേഗം വിട് .. ടാർഗറ്റ് അച്ചീവ് ചെയ്തില്ലേൽ എന്റെ പണി പോകും .''
'' ഹാ വല്ല ഊടു വഴിയും ഉണ്ടോന്ന് നോക്കാം .. നാളെ എനിക്ക് അവധി വേണം ... അതിപ്പഴേ പറഞ്ഞേക്കാം .. ''
കേരളം ലക്ഷ്യമാക്കി അവർ അവരുടെ യാത്ര ആരംഭിച്ചു . ഒരു വിധം അവർ കേരളത്തിലെ പ്രശ്ന ബാധിത പ്രദേശത്തെത്തി . കയ്യിൽ മാരകായുധങ്ങളുമേന്തി വെട്ടാനും ചാകാനും നടക്കുന്ന മനുഷ്യരെ അവർ അവിടെ കണ്ടു .അവർ കാലന്റെ ജോലി ഭാരം കുറച്ചു കൊടുക്കുന്നവരാണ് .മുഖ്യ സഹായികൾ ആയി നിയമിക്കാൻ മാത്രം കർമ്മം കൊണ്ട് യോഗ്യത തെളിയിച്ചവർ .
ഇത് കണ്ടു നിന്ന പോത്തിന് ഒരു പുതിയ ആശയം . കാലനോട് പോത്ത് തന്റെ ആശയം പങ്ക് വെച്ചു .
'' കാലൻ സാർ .. നമുക്ക് ഇവിടെ ഒരു ബ്രാഞ്ച് തുടങ്ങിയാലോ?.. ഇവിടെ സ്ഥിരം വർക്ക് ഉണ്ടല്ലോ .. ട്രാൻസ്പോർടാഷൻ ചിലവ് കുറക്കാം ... ''
'' ഹാ .. അത് കൊള്ളാം .. ഞാൻ വിഷയം യമലോകത്ത് അവതരിപ്പിക്കാം ... തത്കാലം നമുക്ക് കൊണ്ട് പോകാനുള്ളതിനെ വേഗം കൊണ്ട് പോകാം ... വടക്കേ ഇന്ത്യയിൽ നിന്നും ഒരെണ്ണം കൊണ്ട് പോകാനുണ്ട് .. ഇത് കഴിഞ്ഞു അങ്ങോട്ട് പോകാം. അവിടെ മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് പോകാം . അവിടെ സമാധാന പ്രിയരാണല്ലോ ''.
കാലൻ കുരുക്കുകൾ മുറുക്കി കാത്തിരുന്നു . പകൽ വെളിച്ചത്തിൽ സൂര്യനെ സാക്ഷിയാക്കി ഒരു പറ്റം ചെറുപ്പക്കാർ മാടിനെ വെട്ടുന്നത് പോലെ രണ്ടു രണ്ട് ചെറുപ്പക്കാരെ വെട്ടിയിടുന്നത് കാലൻ കണ്ടു . രാഷ്ട്രീയ പക പോക്കലാണത്രെ . മുന്നിൽ കിടന്നു പിടയുന്ന ജീവൻ പിടഞ്ഞു തീരുന്നതിനു മുൻപ് കാലൻ തന്റെ കുരുക്ക് അവരുടെ ശിരസ്സറ്റ് വീഴാനായ കഴുത്തിൽ മുറുക്കി മരണം ഉറപ്പു വരുത്തി .
രണ്ടു ചെറുപ്പക്കാരുടെയും ആത്മാവ് യമലോകത്തേക്ക് പാർസൽ അയച്ചു കാലനും പോത്തും വടക്കേ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു .
****************************************************************
യമ ലോകത്ത് ആകെ ബഹളം . കേരളത്തിലേക്കും വടക്കേ ഇന്ത്യയിലേക്കും ജോലിക്ക് പോയ കാലനേയും പോത്തിനേയും കാണ്മാനില്ല . കഠിനമായ ജോലി ഭാരം കാരണം അവർ രണ്ടും മുങ്ങിയതാണെന്നു വരെ പ്രചരിച്ചു .
അൽപ സമയം കഴിഞ്ഞു കാണും യമലോകത്തിന്റെ വാട്സാപ്പ് ഗ്രൂപ്പായ '' #യമ_കിങ്കരൻസ് '' ൽ ആ വാർത്ത പരന്നു ..
'' വടക്കേ ഇന്ത്യയിൽ ഇറച്ചി വെട്ടുകാരാണെന്നു സംശയിച്ചു ഒരാളെ വെട്ടി കൊന്നു . പോത്തിനേയും കൊണ്ട് ഇയാൾ പോകുന്നത് കണ്ടാണ് ഇയാളെ കൊല ചെയ്തത് .. ''
************ സസ്നേഹം ഹഫി ഹഫ്സൽ *********************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo