Slider

ഗിഫ്റ്റ് വൗച്ചർ

0

'' മിസ്റ്റർ ഹഫ്സൽ ''
'' അതെ ''
''സർ താങ്കൾ അൻസാർ മാളിൽ നിന്നും ഫിൽ ചെയ്ത കൂപണിൽ താങ്കൾ സമ്മാനാർഹനായിട്ടുണ്ട് . Congratulations .''
'' അതെയോ .. എന്താണ് സമ്മാനം ''
'' അതൊരു ഫോർ സ്റ്റാർ ഹോട്ടലിൽ ആറ് പകലും ആറ് രാത്രിയും സ്റ്റേ ചെയ്യാനുള്ള ഗിഫ്റ്റ് വൌച്ചർ ആണ്.. വൌച്ചർ സ്വീകരിക്കാൻ താങ്കൾ ദുബായിലുള്ള ഞങ്ങളുടെ ഹോട്ടലിൽ കുടുംബവുമായി വരേണ്ടതാണ് . ''
'' അതിപ്പോ .. ഞാൻ ... കൌണ്ടർ ഫോയിൽ എവിടെ എന്നറിയില്ലല്ലോ .. ''
'' സർ . അത് വേണ്ട .. താങ്കൾ എമിരേറ്റ്സ് ഐ ഡി കൊണ്ട് വന്നാൽ മതി . അപ്പൊ സാർ എട്ടിനും ഒന്പതിനും ഇടയ്ക്കു ഇവിടെ എത്തി ചേരുക . ഞങ്ങളുടെ ഒരു ഫങ്ങ്ഷൻ ഉണ്ട് . അതിലേക്കും താങ്കളെ ക്ഷണിക്കുകയാണ് . അത് കഴിഞ്ഞ ഉടനെ വൌച്ചർ സമ്മാനിക്കും . ഓക്കേ സാർ ''
ഫോണ്‍ കട്ട്‌ ചെയ്ത ഉടനെ ഞാൻ ഭാര്യയെ വിളിച്ചു.
'' അടിച്ചു മോളെ .. അടിച്ചു... അൻസാർ മളീന്നു നമ്മൾ ഫിൽ ചെയ്ത കൂപ്പണിനു സമ്മാനമുണ്ട് . ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലോ ബാങ്ങ്കോകിലോ , ഫോർ ഫോർ സ്റ്റാർ ഹോട്ടലിൽ വണ്‍ വീക്ക്‌ താമസിക്കാനുള്ള വൌച്ചർ . ''
'' .. ഹയ്യ ഹയ്യ ഹയ്യ .. അവിടെ പോകാൻ ചുരിദാർ ഇന്ന് തന്നെ എടുക്കാം .. അല്ലെ ? .. ''
'' ഹോ .. അതൊക്കെ പിന്നെ .. ആദ്യം അവരുടെ ഇവിടുത്തെ ഹോട്ടലിൽ പോയി വൌച്ചർ വാങ്ങണം . അവിടെ ഒരു ഫങ്ങ്ഷൻ ഉണ്ട് . അത് കഴിഞ്ഞാണ് വൌച്ചർ കൊടുക്കുന്നത് എന്നാ പറഞ്ഞത് .
ഇനി ഷബീറോ യാസറോ ആരെയെങ്കിലും വെച്ച് എന്നെ പറ്റിക്കുകയാണോ ?. ഞാൻ ഇടക്ക് ശബ്ദം മാറ്റി അവരെ വിളിച്ച് പറ്റിക്കാറുണ്ട് .. ഹാ എന്തായാലും പോയി നോക്കാം . നീ വേഗം റെഡി ആയി ഇരുന്നോ .. ഞാൻ ഷേവ് ചെയ്തിട്ട് ഉടനെത്താം .. ''
'' ശരി ഇക്കാ .. ''
ഇസ്തിരി ഇടാൻ മടിച്ചു സാധാരണ ടി ഷർട്ട്‌ ധരിക്കുന്ന ഞാൻ . ഫങ്ങ്ഷനിൽ പങ്കെടുക്കാനായി ഡ്രെസ്സെല്ലാം നന്നായി തേച്ച് മിനുക്കി ഒരുങ്ങി ഇറങ്ങി .
ഹോട്ടലിൽ എത്തുമ്പോൾ ലോബിയിൽ ഞങ്ങളെ സ്വീകരിക്കാനായി അവരുടെ പ്രതിനിധി സംഗം നിൽപുണ്ടായിരുന്നു . രാജകീയ സ്വീകരണത്തോടെ അവർ ഞങ്ങളെ ആനയിച്ചു . അവരുടെ ആതിധേയത്വം നന്നായി ആസ്വദിച്ചു നടു നിവർത്തി ഞങ്ങൾ അവരുടെ കൂടെ ഫങ്ങ്ഷൻ നടക്കുന്ന ഹാളിലേക്ക് നടന്നു . ഹാളിന്റെ വാതിൽ തുറന്നതും ഞങ്ങൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു . ഹാളിൽ അങ്ങിങ്ങായി കുറേ മേശകൾക്കു ചുറ്റും മൂന്ന് പേരടങ്ങുന്ന സംഗം . അതിൽ ഒരു ഒഴിഞ്ഞ മേശക്ക് അരികിലേക്ക് ഒരാള് ഞങ്ങളെ ക്ഷണിച്ചു .
'' സർ .. നമ്മുടെ ഹോട്ടലിന്റെ awareness വേണ്ടിയുള്ള ഫങ്ങ്ഷൻ ആണ് ഇത് . ഞങ്ങളുടെ സർവീസ്നെ പറ്റി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. നിങ്ങൾക്ക് കിട്ടുന്ന വൌച്ചർ നിങ്ങൾക്ക് ഉപയോഗിക്കാം . പക്ഷെ അതിനു അയ്യായിരത്തോളം ഇന്ത്യൻ രൂപ നിങ്ങൾ അടക്കേണ്ടി വരും . വൌച്ചർ തരുന്നതിനു മുന്പ് ഞങ്ങളുടെ പ്രോഗ്രാമ്സിനെ പറ്റി പറയാം ''
പിന്നേടവിടന്നങ്ങോട്ട് ശരിക്കും വധം തന്നെ ആയിരുന്നു . എല്ലാത്തിനും തലയാട്ടി കഴുത്തൊക്കെ നീര് വന്നത് പോലെ . ഏതാണ്ട് ഒന്നര മണിക്കൂർ നേരത്തെ ആക്രമണത്തിനു ശേഷം , ഈ അതിര്ത്തി മേഖലയിൽ നിന്നും പിന്മാരുകയാണെന്ന എന്റെ ഭീഷണിയെ തുടർന്ന് അവരും വെടി നിർത്തൽ കരാറിൽ ഒപ്പിട്ടു .
അവരുടെ വലയിൽ കുരുങ്ങില്ല എന്ന് കണ്ടപ്പോൾ അയാൾ ഒരു പേപ്പർ എനിക്ക് നേരെ നീട്ടി .
'' സാർ .. താങ്കൾ ഇവിടെ ഒപ്പിടുന്നത് പോലെ ഭാവിക്കണം .ആ സമയം ഞാൻ കയ്യടിക്കുന്നതാണ് . അത് കണ്ടു സാർ ഞങ്ങളുടെ മെമ്പർഷിപ് എടുത്തെന്നു മറ്റുള്ളവർ കരുതും . അവരെങ്കിലും മെമ്പർഷിപ് എടുക്കാൻ സാധ്യതയുണ്ട് . ''
അയാളുടെ ആവശ്യ പ്രകാരം ഒപ്പിടുന്ന പോലെ ഭാവിച്ചപ്പോൾ അയാൾ കയ്യടിച്ചു എന്നെ ആശംസയിൽ പൊതിഞ്ഞത് മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .
മെമ്പർഷിപ് എടുക്കാൻ താല്പര്യമില്ല എന്നതിനാൽ ഫ്രീ വൌച്ചർ നൽകി പുറത്തേക്കുള്ള വഴി അയാൾ കാണിച്ചു തന്നു . രാജകീയ സ്വീകരണം നൽകി ഞങ്ങളെ അനുഗമിച്ച ഒരാൾ പോലും യാത്രയയക്കാൻ തുനിഞ്ഞില്ല എന്നത് ഞങ്ങളെ അലട്ടിയില്ല . മറിച്ച് യുദ്ധ മുഖത്ത് നിന്ന് രക്ഷപ്പെടാൻ അവസരം തുറന്ന സംതൃപ്തിയിൽ ഞങ്ങൾ മടങ്ങുമ്പോൾ അപ്പുറത്തെ കസേരകളിൽ നിന്നും ദൈന്യതയോടെ ഞങ്ങളെ നോക്കുന്ന ചിലരെ കണ്ടു . ആ കണ്ണുകൾ തിരയുന്നത് പലായനത്തിലേക്കുള്ള വാതിൽ ആയിരിക്കും .
വാതിൽ തുറന്നു പുറത്തിറങ്ങുമ്പോൾ മുറിക്കകത്തു നിന്നും ഒരു ചെറിയ കരഘോഷം കേൾക്കാം .. ഒരു പക്ഷെ മറ്റൊരു അഭിനേതാവ് അവിടെ ജനിച്ചിരിക്കാം .

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo