തിരക്ക് പിടിച്ച സമയമായിരുന്നെങ്കിലും ഭാര്യയുടെ പ്രസവത്തോടടുത്ത് കമ്പനി അവധി അനുവദിച്ചപ്പോൾ സ്വർഗം നേടിയ സന്തോഷം തോന്നി... ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് അവളെനെറ സാമീപ്യം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്.
നാട്ടിലെത്തി കുറച്ചു ദിവസങ്ങൾ നിറവയറിന്റെ ആലസ്യത്തെ താലോലിച്ചും സ്വപ്നങ്ങൾ നെയ്തു കൂട്ടിയും കടന്നു പോയി. പടച്ചവൻ സഹായിച്ച് സുഖപ്രസവമായിരുന്നു.സുഖം എനിക്കാണെന്നറിയാം. പൈസ അത്രയും കുറച്ച് കെട്ടിയാൽ മതിയല്ലോ.. എല്ല് പൊടിയുന്ന വേദന സഹിക്കുന്നത്അവളല്ലേ..സ്നേഹത്തോടെയും അഭിമാനത്തോടെയുമാണ് എനിക്ക് തന്ന വലിയ സമ്മാനത്തെ കയ്യിലേറ്റ് വാങ്ങിയത്... വെളുത്ത തുണിയിൽ പൊതിഞ്ഞ് ചുരുണ്ട മുടിയുള്ള സുന്ദരിക്കുഞ്ഞ്.. കണ്ണും പൂട്ടി മയങ്ങുകയാണ്....
പിന്നെയും കുറച്ച് സമയം കഴിഞ്ഞാണ് അവളെ കാണാൻ പറ്റിയത്.മാതൃത്തത്തിന്റെ നിർവൃതിയിൽ തെളിഞ്ഞ പെണ്ണിന്റെ പുഞ്ചിരിക്ക് എന്നേക്കാളുമേറെ മനോഹാരിത ഉണ്ടെന്ന് തോന്നി.അമ്മയുടേയും കുഞ്ഞിനേറെയും കൂടെ സെൽഫി എടുത്ത് മുഖ പുസ്തകത്തിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമ്പോൾ ആയിരുന്നു ആ കാൾ വന്നത്..ഇഷ്ടക്കേടോടെ എടുത്ത് നോക്കിയപ്പോൾ മറുപുറത്ത് നിന്ന് പതറിയ ശബ്ദം കാതിൽ വീണു... ആയിശ ആത്മഹത്യ ചെയ്തിരിക്കുന്നു..ഒരു നിമിഷം സകല ശബ്ദങ്ങളും നിലച്ച് പോയി.. ഭുമി തകിടം മറിഞ്ഞു.. ആഞ്ഞടിച്ച ഉഷ്ണക്കാറ്റിൽ എല്ലാം വെന്തു നീറി ... അവസാനം ഒരു ചുരുണ്ട മുടിക്കാരി മാത്രമായി... എന്റെ ആയിശ...
ആയിശ ഭൂമിയോട് വിട പറഞ്ഞ ദിവസം തന്നെ എനിക്കൊരു ചുരുണ്ട മുടിയുള്ള പെൺകുഞ്ഞ് ജനിച്ചത് കേവലം യാദൃശ്ചികമാവാം... പലപ്പോഴും പറയാറുള്ള പോലെ മരണത്തെ അവൾ സ്വയം വരിച്ചിരിക്കുന്നു... ഞങ്ങളെ പിരിച്ചത് കൊണ്ട് ആര് എന്ത് നേടി.. സ്വയം വെന്തുരുകിയ ജീവിതത്തിനൊടുവിൽ മരണം ആർക്കെങ്കിലും ആശ്വാസം പകർന്നിട്ടുണ്ടാകുമോ?..
ദീർഘകാലത്തെ പ്രണയത്തിന് ശേഷം പെണ്ണ് ചോദിച്ച് അവളുടെ വീട്ടിൽ പോയത് മറക്കാനാവില്ല.. കുടുംബം പോറ്റാൻ വരുമാനമാവുമ്പോൾ വരാനായിരുന്നു മറുപടി... കടൽ കടന്ന് പോയി സമ്പാദിച്ച് മടങ്ങി വന്നപ്പോൾ അവൾ മറ്റാരുടേയോ സ്വന്തമായിരുന്നു..വീട്ടുകാരുടെ പിടിവാശി തല്ലിക്കൊഴിച്ചത് സ്വപ്നങ്ങളായിരുന്നു.. നിറമുള്ള ഒരു പാട് സ്വപ്നങ്ങൾ.
ആകെ തകർന്ന് പോയ എന്നെ കാണാൻ മരവിച്ച മനസുമായി ആയിശ വന്നു.. കരഞ്ഞ് പറഞ്ഞിട്ടും ആരും സമ്മതിച്ചില്ല പോലും.. ഭർത്താവ് പെണ്ണ് കാണാൻ വന്നപ്പോൾ കാല് പിടിച്ച് അപേക്ഷിച്ചതാണ്..എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും അയാൾ പിന്മാറാൻ തയ്യാറായില്ല.. ആരെയും അറിയിക്കാനുള്ള സാവകാശം പോലും കിട്ടിയില്ല..
ആയിശയുടെ നിർബന്ധ പ്രകാരമാണ് മറ്റൊരു ജീവിതം സ്വീകരിക്കാൻ ഞാൻ തയാറായത്.. വരാൻ പോവുന്ന ആൾ എല്ലാം അറിഞ്ഞിരിക്കണമെന്ന് വിചാരിച്ചു.. എന്തോ വല്ലാത്ത പിന്തുണയാണ് എന്റെ ഭാര്യ തന്നത്.. . ആയിശക്ക് അങ്ങനൊരു ഭാഗ്യവും കിട്ടിക്കാണില്ല.
ഇഷ്ടമില്ലാത്ത ജീവിതം മരണത്തേക്കാൾ ഭയാനകമാണ്.. അനുഭവിച്ചറിഞ്ഞാലെ അതിന്റെ തീക്ഷണത അറിയാൻ പറ്റുകയുള്ളൂ... ഉമിത്തീ പോലെ നീറി... നീറി.. മോചനം കൊതിച്ച്.. തള്ളി നീക്കുന്ന ഒരു ജീവിതം..
സമയമില്ല..എനിക്കൊന്ന് പോവണം... അവസാനമായി അവളെ ഒരു നോക്ക് കാണാൻ
By: Younus mohammed

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക