ഹൈദരബാദിലേക്കു ചേക്കേറിയ കാലം. താമസിച്ച വീടോടു ചേർന്നു എന്നേക്കും ഓർത്തു വെക്കാൻ ഒരു കൂട്ടുകാരിയെക്കൂടി കിട്ടി. "ഷിജി". നല്ലപാതികൾ ജോലിക്കിറങ്ങിയാൽ പിന്നെ ഞങ്ങളുടെ ലോകമാണ്. വീടും, നാടും, വീട്ടുകാരും, അനുഭവങ്ങളും, അറിവുകളും, കണ്ടു തീർത്ത സിനിമകളും, ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളും, പണിയാൻ പോകുന്ന വീടും... അങ്ങനെ സൂര്യനു കീഴിലുള്ളതെന്തും ഞങ്ങൾക്കു വിഷയമായി. ഒരിക്കൽ പച്ചക്കറി വാങ്ങി വരുന്ന വഴി അവളുടെ പരിചയക്കാരിയായ ഒരു ചേച്ചിയെ കണ്ടു മുട്ടി. നീതിച്ചേച്ചി അങ്ങനെ എന്റേയും ചേച്ചിയായി. പിന്നീടൊരിക്കൽ നാട്ടു വർത്തമാനത്തിനിടക്കാണ് ഷിജി പറഞ്ഞത് "നിനക്കറിയാമോ? നീതിചേച്ചിയുടെ ഭർത്താവിനു ഒരു നേഴ്സു പെണ്ണുമായി അടുപ്പമുണ്ടെന്നാണ് ഇവിടെയൊക്കെ കേൾവി.. പ്രസവത്തിനു പോയ ചേച്ചി കുഞ്ഞിനു ഒരു വയസ്സാകും വരെ നാട്ടിൽ നിന്നതും അതു കൊണ്ടാണെന്നാ പറഞ്ഞു കേൾക്കുന്നേ.." ദാമ്പത്യത്തിന്റെ അടിത്തറ വിശ്വസ്തതയാണ്. വഴി പിഴച്ചു പോകുന്ന പങ്കാളി കുടുംബത്തിനു തന്നെ വിപത്താണ്.
ഞാൻ കുഞ്ഞായിരിക്കേ ഞങ്ങളുടെ ബന്ധുവായ ഒരു ആന്റി ഒരിക്കൽ വീട്ടിൽ വന്നു. ജോലി കഴിഞ്ഞു വന്ന അപ്പച്ചനും അമ്മയുമായുള്ള സംഭാഷണത്തിൽ നിന്നുമാണു പിടികിട്ടിയത്, അങ്കിളിന്റെ സ്വഭാവ ദൂഷ്യമാണ് പ്രശ്നം. പെണ്ണൊരുത്തി ആളെക്കൂട്ടി വീട്ടിൽ വന്നിരിക്കയാണ് ! അവർ ഗർഭിണിയുമാണ്.. ജോലിസ്ഥലത്തെ പരിചയക്കാരിയാണു പോലും..." ഇത്തിരിപോന്ന ഈ പെൺകുഞ്ഞുങ്ങൾക്കും വിഷം കൊടുത്ത്, ഞാനും ചാകും. എനിക്കു വേറെ വഴിയില്ല." ഇത്രയും വേദന മുറ്റിയ വാക്കുകൾ പറയുമ്പോഴും ആന്റിയുടെ കണ്ണിൽ ഒരിറ്റു കണ്ണുനീർ പൊടിഞ്ഞു കണ്ടില്ല. ഒരു തരം നിർവ്വികാരത, ശൂന്യത മാത്രം. " കൂടെക്കിടക്കുന്നോൻ നഷ്ടപ്പെടുമെന്നോർത്തല്ല.. കെട്ടിച്ചു വിടാൻ നേരത്ത് ചൂണ്ടിക്കാണിക്കാൻ എന്റെ കുഞ്ഞുങ്ങൾക്ക് ഒരു അപ്പനെ വേണമല്ലോയെന്നോർത്താണ്..." പറഞ്ഞു വരുമ്പോൾ ആ ശബ്ദമിടറുന്നുണ്ടായിരുന്നു. ആളുകൂടി. ഭർത്താവുദ്യോഗസ്ഥനെ വിളിപ്പിച്ചു. ഒന്നും നിഷേധിക്കുന്നില്ല. " ദിനവും നടുവേദനയും,മറ്റു ശാരീരിക പ്രശ്നങ്ങളുമുള്ള ഭാര്യയായാൽ ഞാനെന്തു ചെയ്യും ? " ഒരു മറു ചോദ്യം മാത്രം. ആർക്കും ഒന്നും പറയാനില്ല. എന്റെ അപ്പച്ചൻ എഴുന്നേറ്റു. അങ്കിളിനു പ്രതികരിക്കാനവസരം ലഭിക്കും മുന്നേ കനത്ത കൈത്തലം ആ മുഖത്തു വീണു. " തന്തയില്ലാത്തരം പറയുന്നോടാ, നിന്റെ രണ്ടു കുഞ്ഞുങ്ങളെപ്പെറ്റും, നിന്റെ കാർന്നോന്മാരെ നോക്കിയുമാണ് അവളുടെ തണ്ടലൊടിഞ്ഞത്.. എന്തുമാകട്ടെ, നീയിനി അവളെ ഏൽക്കണ്ട. കേറി വന്നവളെത്തന്നെ ഏറ്റെടുത്തോ. പക്ഷേ,കല്ല്യാണത്തിനു മുന്നേ ജനിച്ച ഒരു സന്തതി ഈ തറവാട്ടിൽ വേണ്ട. അതു കളഞ്ഞിട്ടു വന്നാൽ അവളെ കയ്യേൽക്കാമെന്നു പറയ്." പറയാനൊരു വിലാസമോ, ഇടിയാനൊരു അന്തസ്സോ ഇല്ലാഞ്ഞിട്ടാവണം കേട്ടപാടേ വന്ന പെണ്ണുമ്പിള്ള ഗർഭഛിദ്രം നടത്താനോടി. എല്ലാം കഴിഞ്ഞു ഗൃഹപ്രവേശത്തിനായി നവവധുവിന്റെ നാണത്തോടെ എത്തിയ ആയമ്മയ്ക്ക് വഴിതടഞ്ഞു വീണ്ടും അപ്പച്ചനെത്തി," നീയും ഇവനും തമ്മിൽ ബന്ധമുണ്ടെന്ന് എന്താണു തെളിവ്?" അങ്ങനെ ആ പ്രശ്നം ശുഭപര്യവസായിയായി. ഒരിക്കൽ കിട്ടിയ സമ്മാനത്തിന്റെ കരുത്തോർത്തിട്ടാണോ എന്നറിയില്ല അങ്കിൾ സ്നേഹവാനായ ഭർത്താവും, അപ്പനുമായി മാറി. നീതിചേച്ചിയുടെ കഥയറിഞ്ഞ ദിവസം മുഴുവനും ഈ സംഭവങ്ങളത്രയും ഫ്ലാഷ്ബാക്കടിച്ചു കൊണ്ടിരുന്നു...
ഒരിക്കൽ വർത്തമാനത്തിനിടയിലെന്നോ ചേച്ചി മനസ്സുതുറന്നു." നിങ്ങളൊക്കെ കേട്ടുകാണുമല്ലേ ചേട്ടനും ആ പെണ്ണുമായിട്ടുള്ള കഥകൾ?". ഞാനും ഷിജിയും ഒന്നും പറഞ്ഞില്ല. എന്തു പറയാൻ?!! "എല്ലാവരും പറഞ്ഞു അങ്ങനെയുണ്ടെന്ന്.. എനിക്കും തോന്നി...അങ്ങനെയൊരു തോന്നലിലാണു ഞാൻ നാട്ടിലേക്കു പോയത്. ഞാനെന്നോടു തന്നെ ചോദിച്ചു നിനക്കിനിയും ഇങ്ങനൊരു തുണ വേണോ? എനിക്കുത്തരം കിട്ടിയില്ല..പക്ഷേ, എന്റെ കുഞ്ഞുങ്ങളുടെ മുഖത്തേക്കു നോക്കിയപ്പോൾ എനിക്കെന്റെ ഉത്തരം കിട്ടി. നമ്മൾ പറയും ദൈവം ആണുങ്ങളെയാണു കരുത്തരായി സൃഷ്ടിച്ചതെന്ന്.. എന്തൊരു വിഢ്ഡിത്തമാണത് ! ദൈവം സ്ത്രീക്കു നൽകിയ ഉൾക്കരുത്തിന്റെ പകുതി പോലും പുരുഷനു കൊടുത്തിട്ടില്ല. 'എന്റെ കുഞ്ഞുങ്ങൾക്കു അപ്പനെ വേണം, അതുകൊണ്ടു തന്നെ എനിക്കു നിങ്ങളേയും'എന്നു മനസ്സിൽ പറഞ്ഞ ആ നിമിഷം ഇളകിത്തുടങ്ങിയ കുടുംബത്തിന്റെ അടിത്തറ ഉറയ്ക്കുന്നതു ഞാനറിഞ്ഞു. അതു തന്നെയാണു എനിക്കു നിങ്ങളെപ്പോലെയുള്ള പെൺകുട്ടികളോടും പറയാനുള്ളത്.. ആണുങ്ങൾ കത്തിക്കൊണ്ടിരിക്കുന്ന തീ പോലെയാണ്.. ഏതു കാറ്റും അതിനെ സ്വാധീനിക്കും, എങ്ങോട്ടേക്കും അതു പടരാൻ വെമ്പും.. ചുറ്റും വെള്ളം തൂകി അതിനെ നിയന്ത്രിച്ചും, എന്നാൽ കനലൂതി അതിനെ ബലപ്പെടുത്തിയും ജീവിതാവസാനം വരെ നിലനിർത്തുന്നതാണു നമ്മുടെ വിജയം.. നമ്മുടെ വെളിച്ചം.
അതെന്തൊരു നീതികേടാണ്.. എന്റെ രക്തം തിളച്ചു കൊണ്ടിരുന്നു.. ആണെങ്ങിനെയാണ് ഏതു വികാരവിചാരങ്ങൾക്കുമടിമപ്പെടുന്ന തീയായി മാറിയത് ?...പെണ്ണെന്തിനാണ് അവനു തടയണ കെട്ടുന്നത് ?.. നിയന്ത്രണങ്ങളുടെ അതിർവരൻപു ലംഘിക്കുന്ന തീനാമ്പുകളെ തല്ലിക്കെടുത്തണം. ചുറ്റുപാടും പടർന്നു വിടർന്നു നമ്മുടേയും മറ്റാരുടെയൊക്കേയും സ്വസ്ഥതയ്ക്കും സമാധാനത്തിനും പൊള്ളലേൽപ്പിച്ച ആ കെടു തീ കൊണ്ടുള്ള വെളിച്ചം എന്റെ കുടുംബത്തിനു വേണ്ടന്നല്ലേ കാരിരുമ്പിന്റെ ഉൾക്കരുത്തുള്ള പെണ്ണു തീരുമാനിക്കേണ്ടത്. തന്നെ ചുറ്റിപ്പടർന്നു വളർന്നു വരുന്ന കുഞ്ഞിളം കൈകൾക്കു താങ്ങും തണലുമായി ഒറ്റക്കു പെയ്യണം ഓരോ അമ്മ മനസ്സും. വിശ്വാസ്യതയുടെ, സ്നേഹത്തിന്റെ തളിരുകൾ ചുവടോടെ കരിച്ചുകരിയിച്ചു കളയുന്ന ആ കാട്ടുതീയ്ക്കെതിരെ കാറ്റും കോളും നിറഞ്ഞ കറുത്ത കടലുപോലെ പേമാരിയായി പെയ്തിറങ്ങണം പെണ്ണ്...
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക