അമ്പലപ്പറമ്പിലെ ഫുട്ബോൾ മാമാങ്കത്തിനു ശേഷം, റോബർട്ടോ കാർലോസ്, അതായത് നായകനായ ഈ ഞാൻ രവിയണ്ണന്റെ ചായക്കടയിലെ ഉഴുന്നുവട ലക്ഷ്യമാക്കി പാഞ്ഞു.
ഉഴുന്നുവടയുടെ പുറംചട്ടയിയിലൂടെ നേർത്ത കിരുകിരാ ശബ്ദത്തോടെ ആഴ്ന്നിറങ്ങുന്ന പല്ലുകൾ മാർദ്ദവമായ ഉൾത്തടങ്ങളെ ജീരകത്തോടൊപ്പം കടിച്ചെടുത്ത് ആനന്ദ സാഗരത്തിലാറാടിയിരിക്കുന്ന സമയം ആനകുത്തിയാൽ പോലുമറിയാത്ത കാർലോസിന്റെ കർണ്ണപടങ്ങളിൽ, അന്നാദ്യമായി ചില ശബ്ദതരംഗങ്ങൾ പ്രകമ്പനം കൊള്ളിച്ചു.
കവിളത്തു കാക്കപ്പുള്ളിയുള്ള വെളുത്തു മെലിഞ്ഞ സുന്ദരി..
വിയർപ്പുകണങ്ങളാൽ ശരീരത്തോടൊട്ടിപ്പിടിച്ച കാർലോസിന്റെ ബ്രസീലിയൻ ജേഴ്സിയിൽ നിന്നുത്ഭവിക്കുന്ന സുഗന്ധം കൊണ്ടാകണം, കാക്കപ്പുള്ളി രണ്ടു ചുവടു പിന്നോട്ടു മാറി രവിയണ്ണനോട് മൊഴിഞ്ഞു.
"അങ്കിളേ അഞ്ചുഴുന്നുവട."
അഞ്ചിലൊരുഴുന്നുവട അവിടന്നു വച്ചു ഭസ്മീകരിച്ചപ്പോൾ തന്നെ കാർലോസിന്റെ മനസ്സിൽ കാക്കപ്പുള്ളിക്കാരി കൂടുകെട്ടിയിരുന്നു.
"ശെടാ ഇത്രേം നാൾ ഇതിനെ എവിടെ കുഴിച്ചിട്ടിരുന്നു." കാർലോസിന്റെ കണ്ണിൽ പെടാത്ത കാക്കപ്പുള്ളിയോ. കാർലോസിനു വീണ്ടും സംശയം. എന്തായാലും കാക്കപ്പുള്ളിക്കാരി കാർലോസ്സിന്റെ ഉഴുന്നുവടയിൽ ഉടക്കി. രവിയണ്ണനിൽ നിന്നും അവളുടെ ജാതകമുൾപ്പെടെ ഒപ്പിച്ചെടുത്ത കാർലോസ് ഇനിയുള്ള കഠിനാദ്ധ്വാനത്തിന്റെ നാളുകളെ പ്ലാൻ ചെയ്തു.
സൂര്യോദയം എന്ന പ്രതിഭാസം നേരിട്ട് കാണാൻ കാർലോസിനവസരം കിട്ടിയതും അന്നുമുതലായിരുന്നു.. അഞ്ചുമണിക്കവൾ വീട്ടിൽ നിന്നിറങ്ങി ട്യൂഷൻ സെന്ററിലെത്തുന്നതുവരെ കാർലോസ് ഫാദറിന്റെ ചേതക്കിൽ സ്ലോമോഷനിൽ പിൻതുടരും.രണ്ടു മൂന്ന് ദിവസത്തെ അലച്ചിലിനൊടുവിൽ പെണ്കുട്ടികൾക്കു മാത്രം വശമുള്ള, ആരുമറിയുന്നില്ല എന്നവർ ധരിച്ചുവച്ചിരിക്കുന്ന എന്നാൽ അവർ പോലുമറിയാതെ നമ്മൾ നോട്ട് ചെയ്യുന്ന ആ കള്ളനോട്ടം തന്നിൽ പതിക്കുന്നുണ്ടെന്ന് കാർലോസ് മനസ്സിലാക്കി.
കാക്കപ്പുള്ളി ശ്രദ്ധിച്ചു തുടങ്ങിയെന്നു മനസ്സിലായ കാർലോസ് സാഹസിക പ്രകടനങ്ങളിലൂടെ കാക്കപ്പുള്ളിയുടെ മനസ്സിളക്കാൻ നടത്തിയ ശ്രമം ഒടുവിൽ കീഴ്താടിയിലെ രണ്ടു സ്റ്റിച്ചിൽ അവസാനിച്ചു. ന്യൂട്ടന്റെ ചലന നിയമങ്ങൾ മനസ്സിലാക്കുന്നതിൽ കാർലോസിനു പറ്റിയ ഒരു ചെറിയ പിഴവ്, സ്ലോമോഷനിൽ പോകുന്ന ചേതക്കിൽ രണ്ടു കൈയും വിട്ടു നടത്തിയ അഭ്യാസത്തിൽ സഹകരിക്കാൻ കൂട്ടാക്കാതെ ചേതക്ക് ആദ്യം കാർലോസിനെ ചതിച്ചു. ഫലം അത്രേം നേരം ചേതക്കിന്റെ മേളിലിരുന്ന കാർലോസ് ചേതകിനടിയിലായി.
പക്ഷേ, കാർലോസിന്റെ കീഴ്താടിയിൽ നിന്നുത്ഭവിച്ച ചോരധാര കാക്കപ്പുള്ളിയുടെ ഹൃദയധമനികളിലേക്കാണൊഴുകിയിറങ്ങിയത്. പ്രണയം അവിടം കുത്തിക്കുഴിച്ചു വേരൂന്നി..
അങ്ങനെ കാർലോസ് വീണ്ടും മലയാളമെഴുതാൻ തുടങ്ങി. അക്ഷരങ്ങളെ കൊന്നുകൊലവിളിച്ച് കാർലോസിന്റെ തൂലികത്തുമ്പിൽ നിന്നുപിറവിയെടുത്ത പ്രണയലേഖനങ്ങളിൽ കാക്കപ്പുള്ളി സ്വയം മറന്നാറാടി.
പക്ഷേ എല്ലാ പ്രണയകഥകളിലേയും പോലൊരു വില്ലൻ, സാമൂഹികപ്രതിബദ്ധതയുള്ള ഏതോഒരലവലാതി, കാർലോസിന്റെയും കാക്കപ്പുള്ളിയുടെയും ദിനചര്യകളിൽ നിദാന്തജാഗ്രതപുലർത്തിയിരുന്ന ആ ശുനകപുത്രൻ രണ്ടു വീടുകളിലും വിഷയം പത്തായി അവതരിപ്പിച്ചു. പേറ്റുനോവെടുത്തു നിന്ന സ്വന്തം ഭാര്യയെ ട്രാൻസ്പോർട്ട് ബസിന്റെ ഫുട്ബോർഡിൽ തൂക്കി നിർത്തികൊണ്ടുപോയ തെണ്ടിയാണ് ഇതിനു വേണ്ടി ഓട്ടോ കാശ് മുടക്കി പോയത്.
പിന്നെ എല്ലാ പ്രണയ കഥകളിലേയും പോലെ, വീട്ടു തടങ്കൽ, കുത്തുവാക്ക്, ഭീഷണി ഇത്യാദി കലാപരിപാടികൾ. കാർലോസ് വിട്ടില്ല. അവസാനം പതിനെട്ടാമത്തെ അടവായ ഒരുമുഴം കയറിൽ മാതൃത്വവും പിതൃത്വവും കാക്കപ്പുള്ളിയുടെ പ്രണയത്തിനുമുന്നിൽ കീഴടങ്ങി.
പഠനം പൂർത്തിയാക്കുന്നതുവരെ രണ്ടു പേരും നാട്ടാരെ കൊണ്ട് പറയിക്കരുതെന്ന ഒരിക്കലും നടക്കാത്ത കണ്ടീഷനും. ലൈസൻസായതോടെ കാക്കപ്പുള്ളിയും കാർലോസും പ്രണയ കൊടുമുടികൾ വലിഞ്ഞു വലിഞ്ഞു കയറി.
പക്ഷേ അപ്രതീക്ഷിതമായ ട്വിസ്റ്റ്, പ്രണയത്തിനിടയിൽ കാർലോസ് മറന്ന വിലകൂടിയ പ്രൊഫഷണൽ കോഴ്സ് സർട്ടിഫികറ്റ് പരീക്ഷ ജയിക്കാതെ തരില്ലെന്ന് പറഞ്ഞ് പ്രിൻസിയും കാർലോസിനെ തോൽപിച്ചു.
വീണ്ടും പ്രണയത്തിൽ പ്രതിസന്ധി മുളച്ചു. രണ്ടാം ഘട്ട പരീക്ഷണത്തെ അതിജീവിക്കാനായി തന്റെ ബുജികളെയും കൂട്ടി അഘോരാത്രംകാർലോസ് ചിന്തയിലാണ്ടു. കാലിയാകുന്ന കുപ്പികൾ കാർലോസിനെ നോക്കി പല്ലിളിച്ചു തുടങ്ങിയപ്പോൾ കാര്യങ്ങൾ കൈവിട്ടു പൊകുകയാണെന്നവൻ മനസ്സിലാക്കി. ബുജിയിലൊന്നിന്റെ അപാരബുദ്ധി
-"അവളെയങ്ങു ബലാൽസംഗം ചെയ്താൽ പോരെ കേസായാലെന്താ വേറാരും കെട്ടൂല നിനക്കു തന്നെ കിട്ടും"-.
അന്നിറക്കി കാർലോസ് സകലമാന ബുജികളേം.
-"അവളെയങ്ങു ബലാൽസംഗം ചെയ്താൽ പോരെ കേസായാലെന്താ വേറാരും കെട്ടൂല നിനക്കു തന്നെ കിട്ടും"-.
അന്നിറക്കി കാർലോസ് സകലമാന ബുജികളേം.
അവസാനം ഉഴുന്നുവടയിൽ താത്ക്കാലികാശ്വാസം തേടിയെത്തിയ കാർലോസിന് രവിയണ്ണനാണ് ഗൾഫ് എന്ന ബുദ്ധി ഉപദേശിച്ചു കൊടുത്തത്. അച്ഛനിച്ഛിച്ചതും 'ഗൾഫ്' കാർലോസ് കൽപിച്ചതും 'ഗൾഫ്', അതായിരുന്നു വീട്ടിലെ അവസ്ഥ.
പിന്നെല്ലാം പെട്ടെന്നായിരുന്നു. കാക്കപ്പുള്ളിയുടെ കണ്ണീർക്കടൽ നീന്തി കാർലോസ് ദുബായ് തീരമണഞ്ഞു. ദുബായ് കാർലോസിന്റെ ജീവിതം മാറ്റിമറിച്ചു. ഫുട്ബോൾ ട്രോഫി കൊണ്ട് ദുബായിൽ കാര്യമില്ലാന്ന് വേദനയോടവൻ മനസ്സിലാക്കി. വേണ്ടാ വേണ്ടാന്ന് നമ്മൾ പറഞ്ഞാലും വീട്ടുകാർക്ക് നിർബന്ധിച്ച് പഠിപ്പിച്ചൂടേന്ന് വെറുതേ ചിന്തിച്ചു പോയവൻ.
പിന്നൊന്നും ചിന്തിച്ചില്ല രണ്ടും കൽപ്പിച്ച് പണിയായുധങ്ങളായ പേനയും പുസ്തകവും വീണ്ടും കൈയിലെടുത്ത് പഠനം പുനരാരംഭിക്കാൻ തീരുമാനിച്ചു. ജോലിയോടൊപ്പം പഠനവും കൂടിയായപ്പോൾ കാർലോസിന്റെ ചീത്തപ്പേരിൽ ഭേദഗതികൾ വരുത്താൻ വീട്ടുകാർ നിർബന്ധിതരായി.
കാക്കപ്പുള്ളിയെ നഴ്സിംഗ് പഠിപ്പിച്ചു ദുബയിലെത്തിച്ചാലെന്തിന്ന ചിന്ത ഏതോ ഒരുഴുന്നുവടയോടൊപ്പം കാർലോസിന്റെ ഉള്ളിലെത്തി. രണ്ടാമതൊരു ചിന്ത നോ വേ.. അതാണ് കാർലോസ്.
കാക്കപ്പുള്ളി പറന്നു ഉത്തരേന്ത്യയിലെ ഒരു നഴ്സിംഗ് കോളേജിലേക്ക് (കാർലോസിന്റെ കാശ്, നോട്ട് ദ പോയിന്റ് ). രണ്ടുപേരുടേയും പഠനം പുരോഗമിക്കവേ വീണ്ടും ഒരുഴുന്നുവട കാർലോസിന്റെ ചിന്തകളെ ഉത്തേജിപ്പിച്ചു.
ജോലിചെയ്ത് വല്ലവന്റെയും കമ്പനി നന്നാക്കുന്നതെന്തിനാ സ്വന്തമായി ചെയ്താൽ അതല്ലേ ലാഭം. ( തന്തയുടെ കാശ് വെറുതെ കിടക്കുന്ന കണ്ടപ്പോഴുള്ള കൃമികടി) മകൻ നന്നായെന്ന മിഥ്യാധാരണയിൽ ഫാദർ കൈയ്യയച്ചു സഹായിച്ചു. പക്ഷേ തന്റ സങ്കൽപത്തിലെ കമ്പനിയെ വളർച്ചയുടെ പടവുകൾ കയറ്റാൻ കാർലോസ് കണ്ടെത്തിയ സഹചാരിയും കാർലോസിനെ ചതിച്ചു.
കമ്പനിയേക്കാൾ വേഗത്തിൽ കടം വളർന്നതിനാലും ബാങ്ക് കാർലോസിന്റെ തന്തയുടെ വകയല്ലാത്തതിനാലും അധികം വൈകാതെ താമസം ഫ്ലാറ്റിൽ നിന്ന് ദുബായ് ജയിലിലേക്ക് മാറ്റേണ്ടി വന്നു കാർലോസിന്.
ആദ്യത്തെ ഏകാന്തത പിന്നെ ശീലമായപ്പോൾ ജയിൽ കാർലോസിന്റെ സ്വന്തം തറവാടായി മാറി. വല്ലപ്പോഴുംഫോൺ ചെയ്യാൻ കിട്ടുന്ന അവസരത്തിൻ കാക്കപ്പുള്ളി തന്നിരുന്ന ധൈര്യത്തിൽ പതിനാറ് മാസം കാർലോസ് പുല്ലു പോലെ ചവിട്ടിയരച്ചു.
അതിനിടയിൽ കാക്കപ്പുള്ളി പഠനം പൂർത്തിയാക്കി കൊൽക്കത്തയിൽ ജോലി തരപ്പെടുത്തിയിരുന്നു. ജോലിചെയ്യാണ്ട് പതിനാറ് മാസം വെറുതേ കിടന്ന് തിന്നതു കൊണ്ടും സൂര്യപ്രകാശം അന്യമായിരുന്നതുകൊണ്ടും വന്നത് ജയിലീന്നാണെന്ന് അധികമാരും അറിഞ്ഞില്ല. പകരം മറ്റു ചില കഥകളായിരുന്നു കാർലോസിനെ കാത്ത് വെയ്റ്റിംങ് ഷെഡിലിണ്ടായിരുന്നത്.
നഴ്സിംഗു കൂടാതെ പഠിച്ച മറ്റൊരു പ്രണയ കോഴ്സിലെ നായകനോടൊപ്പമായിരുന്നു കാക്കപ്പുള്ളി കൊൽക്കത്തക്കു പോയതെന്നായിരുന്നു വാർത്ത.
കൈയിലിരുന്ന കാശുകൊടുത്ത് കൊത്തുന്ന കാക്കപ്പുള്ളിയെ വളർത്തിയോയെന്ന് സംശയിച്ചുകൊണ്ട് കാർലോസ് അവളുടെ വീട്ടിലേക്ക് പാഞ്ഞു. പക്ഷേ ജയിൽപുള്ളിക്ക് മോളെ കൊടുക്കാനാവില്ലെന്ന് അവളുടെ തന്ത കട്ടായം പറഞ്ഞു. വീട്ടുകാരെ ധിക്കരിച്ചൊന്നും ചെയ്യില്ലെന്ന കാക്കപ്പുള്ളിയുടെ മെസ്സേജ് കാർലോസിന്റെ പ്രണയശവപ്പെട്ടിയുടെ അവസാന ആണിയുമടിച്ചു.
അങ്ങനെ ഒടുവിൽ വിധിയും കാർലോസിനെ തോൽപിച്ചു.
അങ്ങനെ ഒടുവിൽ വിധിയും കാർലോസിനെ തോൽപിച്ചു.
വീട്ടുകാരുടെ ആട്ടലും നാട്ടുകാരുടെ പുച്ഛവും സഹിക്കാനുള്ള ശേഷി ക്ഷയിച്ചുവന്ന കാർലോസ്, നിരാശാ കാമുകാമുകന്മാരുടെ പരമ്പരാഗത രീതിയായ ആത്മഹത്യയിലഭയം പ്രാപിക്കാൻ തീരുമാനിച്ചു. കാശു ചിലവില്ലാത്ത സുഖമരണത്തിന് റെയിൽവേ പാളം തൊട്ടടുത്തുതന്നെയുണ്ടായിരുന്നു. തലച്ചോറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട ശരീരവുമായി കാർലോസ് മരണത്തെ പുൽകാൻ യാത്രയാരംഭിച്ചു. സ്റ്റോപ്പില്ലാത്ത അടുത്ത തീവണ്ടി ഇന്റർസിറ്റിയായതിനാൽ കാർലോസിനും കാലനും തമ്മിലുള്ള കണ്ടുമുട്ടൽ സതേൺ റെയിൽവേ വൈകിപ്പിച്ചു.
കാത്തിരിപ്പിന്റെ ബോറടി മാറ്റാൻ അവസാനമായി രവിയണ്ണന്റെ കടയിലെ ഉഴുന്നുവടയല്ലാതെ മറ്റൊന്നും കാർലോസിന്റെ മനസ്സിൽ വന്നില്ല. നേർത്ത് മൊരിഞ്ഞ ഉഴുന്നുവടകൾ എണ്ണം നോക്കാതെ കടിച്ചമർത്തി കാർലോസ് കാക്കപ്പുള്ളിയോടുള്ള പക തീർക്കുകയായിരുന്നു.
അതിനിടയിലേതോ ഒരുഴുന്നുവടയിലെ ജീരകക്കഷങ്ങൾ തന്റെയുള്ളിൽ ഭാവിജീവിതത്തിന്റെ കീറിപ്പറിഞ്ഞ സ്വപ്നങ്ങളെ തുന്നിച്ചേർക്കുന്നത് കാർലോസ് അകക്കണ്ണുകൊണ്ട് കണ്ടു, അതിൽ തന്റെ പപ്പയും അമ്മയും പെങ്ങളുമെല്ലാം ജീവിതത്തിലേക്ക് മാടിവിളിക്കുന്നതവൻ കണ്ണീരോടെ കണ്ടു.
എവിടെ നിന്നോ വന്ന് എവിടേക്കോ പോയ ഒരുത്തിക്കു വേണ്ടി കാർലോസിനെ കാലനു വിട്ടു കൊടുക്കാൻ ഉഴുന്നുവടക്കും കഴിയുമായിരുന്നില്ല, അത്രമേലായിരുന്നു കാർലോസും ഉഴുന്നുവടയുമായുള്ള ആത്മബന്ധം.
കാലപാശത്തിന് നിമിഷംപ്രതി വിലങ്ങുതടിയായ് വളർന്ന ഉഴുന്നുവടക്കു മുന്നിൽ അവസാനം കാലന് തോൽവി സമ്മതിക്കേണ്ടി വന്നു.
അതിനിടയിലേതോ ഒരുഴുന്നുവടയിലെ ജീരകക്കഷങ്ങൾ തന്റെയുള്ളിൽ ഭാവിജീവിതത്തിന്റെ കീറിപ്പറിഞ്ഞ സ്വപ്നങ്ങളെ തുന്നിച്ചേർക്കുന്നത് കാർലോസ് അകക്കണ്ണുകൊണ്ട് കണ്ടു, അതിൽ തന്റെ പപ്പയും അമ്മയും പെങ്ങളുമെല്ലാം ജീവിതത്തിലേക്ക് മാടിവിളിക്കുന്നതവൻ കണ്ണീരോടെ കണ്ടു.
എവിടെ നിന്നോ വന്ന് എവിടേക്കോ പോയ ഒരുത്തിക്കു വേണ്ടി കാർലോസിനെ കാലനു വിട്ടു കൊടുക്കാൻ ഉഴുന്നുവടക്കും കഴിയുമായിരുന്നില്ല, അത്രമേലായിരുന്നു കാർലോസും ഉഴുന്നുവടയുമായുള്ള ആത്മബന്ധം.
കാലപാശത്തിന് നിമിഷംപ്രതി വിലങ്ങുതടിയായ് വളർന്ന ഉഴുന്നുവടക്കു മുന്നിൽ അവസാനം കാലന് തോൽവി സമ്മതിക്കേണ്ടി വന്നു.
ഒടുവിൽ രാത്രി രവിയണ്ണന്റെ കടയിലെ അവസാന ഉഴുന്നുവടയും പൂർത്തിയാക്കി പാളത്തിനരികിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ പേരറിയാത്ത ഏതോ തീവണ്ടിയിൽ നിന്നു ആരൊക്കെയോ കാർലോസിന് ആശംസകൾ നേരുന്നുണ്ടായിരുന്നു..
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക