ഇരുളുറഞ്ഞ ഈ വഴികളിലൂടെ ഒറ്റക്ക് നടക്കുമ്പോൾ പിറകിലെ അപശബ്ദങ്ങൾക്ക് നേരെ തിരിഞ്ഞു നോക്കരുത്. തീർച്ചയായും നിങ്ങൾ ഭയവിഹ്വലായി നിലം പതിക്കും. കാരണം ഈ വഴിത്താര ശൂന്യമല്ലൊരിക്കലും.
ഇതെന്റെ കഥയാണ്. ഞാൻ പ്രണയിച്ച നിമിഷങ്ങളുടെ ക്ഷമിക്കണം യുഗങ്ങളുടെ കഥ.
"ബാദു വേണ്ട. പ്രണയം നിനക്ക് ചേരില്ല. കയ്യിലൊതുങ്ങില്ല" എന്നൊക്കെ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. എനിക്കറിയാം പക്ഷെ ഞാനിത് പറയും. എന്റെ ഹൃദയ വനിയിലെ വസന്തകാലങ്ങളിൽ പുഷ്പോത്സവങ്ങളൊരുക്കിയവളെ കുറിച്ച്.
കുട്ടിക്കാലത്തെ വള്ളി പൊട്ടിയ ട്രൗസറിൽ തുടങ്ങാം. അല്ലേൽ വേണ്ട ക്ലീഷേ ആവും. പിന്നെ? പൂവിലോ പൂമ്പാറ്റയിലോ എവിടെ തുടങ്ങും. സംഗതി വട്ടായി. വേണ്ടാത്ത പണിക്കിറങ്ങുമ്പോൾ ചിന്തിക്കണം. ഏതായാലും തുടങ്ങി. ഇനി പൂർത്തിയാക്കിയിട്ട് തന്നെ. ഹല്ല പിന്നെ.
പുലരാൻ കൊതിച്ച്
പുണരാൻ തുടിച്ച്
പ്രണയമേ നിന്നെ
പുൽകാൻ നിനച്ച്.....
പുണരാൻ തുടിച്ച്
പ്രണയമേ നിന്നെ
പുൽകാൻ നിനച്ച്.....
ഏതോ പഴയ ഗാനം. മനസ്സിൽ ശൃംഗാരഭാവം. ഞാനുറക്കെ പാടി. പാട്ടൊക്കെ പാടുമോ എന്നാവും. പിന്നെ പാടാതെ. പക്ഷെ തനിച്ചിരിക്കുമ്പോൾ മാത്രം!
കണ്ണടച്ചു... ദേവീ..... അവൾ സംപ്രീതയായിരിക്കുന്നു. കൺമുന്നിലവൾ.
ഇനി വർണ്ണനകൾ എഴുതാം. വേണ്ട. എനിക്കവളെ വർണ്ണിക്കാനാവില്ല. അതെനിക്ക് വശമില്ല.
ഇനി വർണ്ണനകൾ എഴുതാം. വേണ്ട. എനിക്കവളെ വർണ്ണിക്കാനാവില്ല. അതെനിക്ക് വശമില്ല.
നീണ്ട അഞ്ചു വർഷക്കാലം എന്റെ ജീവന്റെ പാതിയായി ജീവിച്ചവൾ. ഞാൻ അവളും അവൾ ഞാനുമാകുന്ന പ്രതിഭാസം പഠിപ്പിച്ചവൾ. നിശാന്ധതയുടെ കരിമ്പടം പുതച്ച് ഞാൻ പുറത്തിറങ്ങി.
കണ്ണുനീർ ചാലിട്ടൊഴുകിയോ. ഛേ... ആണുങ്ങൾ കരയുമോ? കൺതുടക്കട്ടെ. അകലെ ചീവീട് കരയുന്നു. അത് പെണ്ണാവും. പ്രിയതമനെ കാണാത്ത വിഷമ ഭാരത്താൽ കരയുകയാവും. ഇലകൾക്കിടയിലൊരു മൂർഖൻ ചീറ്റുന്നു. പാവം എന്നെ കണ്ടിട്ടാണ്. "ഞാനൊരു വിഘാതമല്ല നീ പ്രണയിച്ചോളൂ. ഞാനും നിന്നെ പോലെ പ്രിയതമയെ തിരഞ്ഞിറങ്ങിയതാണ്."
നടത്തം നീണ്ടു. ഞാനാദ്യമേ പറഞ്ഞിട്ടുണ്ട് ഈ വഴിയിൽ അപശബ്ദങ്ങൾ കേട്ടാൽ തല തിരിച്ച് നോക്കരുതെന്ന്. കാരണം ഞാനവളെ സന്ധിക്കാറായി. ഇനി സീൽക്കാരങ്ങൾ ഉയരും. അട്ടഹാസവും പൊട്ടിച്ചിരിയുമുയരും. ആർത്തനാദങ്ങളും ആനന്ദരാഗങ്ങളും കേൾക്കും.
കാരണം ഇവിടെ പുണരുന്നത് ജഡങ്ങളല്ല. രണ്ടാത്മാക്കളാണ്.
കാരണം ഇവിടെ പുണരുന്നത് ജഡങ്ങളല്ല. രണ്ടാത്മാക്കളാണ്.
അകലെ ശവക്കല്ലറയിൽ നിന്നും അവളും യാത്ര തിരിച്ചിട്ടുണ്ട്. ഉടൻ എത്തും. നിങ്ങൾ നടന്നോളൂ... പിന്നെ തിരിഞ്ഞു നോക്കരുതേ... നിങ്ങളുടെ രക്ഷയ്ക്ക് വേണ്ടി.
ബാദ്ഷ കാവുംപടി.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക