Slider

പ്രണയം, മതം, മനുഷ്യൻ (കഥ)

0


ഇന്നലെയാണ് അബ്ദുള്ള രജിസ്ട്രാഫീസിൽ നിന്നും നന്ദിനിയെ സ്വന്തമാക്കിയത്. അവളുടെ രണ്ട് കൂട്ടുകാരികളും അവന്റെ രണ്ട് കൂട്ടുകാരും ഉണ്ടായിരുന്നു.
അബ്ദുള്ള സ്റ്റുഡിയോ തുറന്ന ആദ്യ ദിവസം ,സ്റ്റുഡിയോയിലേക്ക് പോകും വഴിയാണ് ആദ്യമായി നന്ദിനിയെ കാണുന്നത്. മൂന്ന് നാല് ദിവസം തുടർച്ചയായി അവൻ അവളെ കണ്ടു.അടുത്ത ദിവസം കണ്ടപ്പോൾ അവൻ വെറുതെയൊന്നു പുഞ്ചിരിച്ചു. എന്നാൽ അവളതു ശ്രദ്ധിക്കാതെ നടന്നകന്നു. പിന്നീട് അവളെ കാണുമ്പോഴൊക്കെ അവൻ വെറുതെ ചിരിക്കും. കുറച്ച് ദിവസം കഴിഞ്ഞ് ഒരു ദിവസം അവൻ ചിരിച്ചപ്പോൾ അവളും ചിരിച്ചു.പിന്നെ കുറെ നാളുകൾ പരസ്പരം പുഞ്ചിരികൾ സമ്മാനിച്ചു.
ഒരു ദിവസം അവളുടെ അടുത്തെത്തിയപ്പോൾ അവൻ ചോദിച്ചു:
"എന്താ പേര് ?"
അവൾ ചിരിച്ച് ഒന്നും മിണ്ടാതെ നടന്നകന്നു.
പിറ്റെ ദിവസം അവൻ ചോദിച്ചു.
"എന്താ കുട്ടിക്ക് പേരില്ലേ ....?"
"നന്ദിനി "
"എവിടാ പഠിക്കുന്നെ..?"
"കൃസ്ത്യൻ കോളേജിൽ... നിങ്ങള്...?"
"ഫോട്ടോഗ്രാഫറാണ് സ്റ്റുഡിയോ നടത്തുന്നു."
"എന്താ പേര്?"
"അബ്ദുള്ള "
അത് കേട്ടതും അവളുടെ മുഖം ചെറുതായൊന്നു മങ്ങി. അവൾ വേഗം നടന്നകന്നു. അവൻ അൽപനേരം അവളെ തന്നെ നോക്കി നിന്നു.പിന്നെ സ്റ്റുഡിയോയിലേക്ക് നടന്നു. പിറ്റേന്ന് അവളെ കണ്ടപ്പോൾ അവൻ ചിരിച്ചു. എന്നാൽ അത് കണ്ടതായി ഭാവിക്കാതെ അവൾ മുഖം കുനിച്ച് നടന്നു.തൊട്ടടുത്തെത്തിയപ്പോൾ അവൻ ചോദിച്ചു.
.
"എന്താ... എന്തു പറ്റി..?"
അവൾ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു. അവനും തിരിഞ്ഞ് അവളുടെ കൂടെ നടന്നു.
"ഞാൻ കുട്ടിയെ ഇഷ്ടപ്പെടുന്നു.. കുട്ടിക്ക് എന്നെ ഇഷ്ടാണോ..?"
അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല.
"ഇപ്പം പറയണമെന്നില്ല നല്ലണം ആലോചിച്ച് പിന്നെ പറഞ്ഞാ മതി."
"നിങ്ങൾ മുസ്ലീമല്ലേ..?"
പെട്ടെന്ന് തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.
"അതിന്..?"
"ഞാൻ ഹിന്ദുവാണ്.. "
" അത് ശെരി, മനസ്സിലായി വർഗ്ഗീയം... കുട്ടീ... ഞാനൊരു മനുഷ്യനാണ്.. കുട്ടി ഹിന്ദുവോ, മുസ്ലീമോ, കൃസ്ത്യാനിയോ.. എന്ന് ഞാൻ ചോദിച്ചോ..? എന്നെ ഇഷ്ടാണോ എന്നല്ലേ ചോദിച്ചുള്ളൂ... "
"എന്നിട്ടെന്തിനാ..?"
"ഇഷ്ടാണെങ്കി വിവാഹം കഴിക്കാൻ "
"അതിനാരും സമ്മതിക്കില്ല"
"ആരാ സമ്മതിക്കാത്തത്..?"
"വീട്ടുകാരും.. നാട്ടുകാരും.. ആരും.. "
"വീട്ടിലാരൊക്കെയുണ്ട്..?"
"അച്ഛനും അമ്മയും രണ്ട് ചേട്ടൻമാരും "
"അവരെ ഉപേക്ഷിച്ച് കുട്ടി എന്റ കൂടെ വര്യോ..?"
"അതിന് നിങ്ങടെ ആൾക്കാര് സമ്മതിക്ക്യോ..?"
"എനിക്ക് വീട്ടിലാരും ഇല്ല. ഞാനൊറ്റക്കാണ്... ഉപ്പാക്കും ഉമ്മാക്കും ഒറ്റ മോനായിരുന്നു ഞാൻ. അവര് രണ്ട് വർഷം മുമ്പ് പുതിയങ്ങാടിയിൽ വെച്ച് ഒരു ബസ്സപ കടത്തിൽ... പോയി... എന്നെ ഒറ്റക്കാക്കീട്ട്.... "
അവന്റെ കണ്ണുകളിൽ വെള്ളം നിറഞ്ഞു.
"എനിക്കിഷ്ടാണ് നിങ്ങളെ.. പക്ഷേ.. ഞാൻ നിങ്ങളുടെ കൂടെ പോന്നാ സമ്മതിക്കില്ല അവര്, എന്റെ ചേട്ടൻമാര്... നമ്മളെ ജീവിക്കാൻ.."
"അത് വെറുതെ തോന്നുന്നതാ.. ആദ്യമൊക്കെ കുറച്ച് എതിർപ്പും വെറുപ്പുമൊക്കെയുണ്ടാവും.. പിന്നെ എല്ലാം ശരിയാവും... അത് പോട്ടെ, ചേട്ടന്മാര് എന്ത് ചെയ്യുന്നു..?"
"അവര് വണ്ടി ക്കച്ചോടക്കാരാ....പാർട്ടിക്കാരും... ഇല്ല.. അവര് സമ്മതിക്കില്ല... അല്ലെങ്കി നമുക്ക് എങ്ങോട്ടെങ്കിലും പോകാം... ആരും അറിയാത്തിടത്തേക്ക്.. "
"അയ്യേ... ഒളിച്ചോടാനൊന്നും എന്നെ കിട്ടില്ല.. നമ്മളൊന്നിച്ച് ഇവിടെ ഈ നാട്ടിൽ തന്നെ ജീവിക്കും സുഖായിട്ട്... നീ..പോന്നാൽ.."
"നിങ്ങൾക്ക് എന്റെ ചേട്ടന്മാരെക്കുറിച്ച് അറിയാഞ്ഞിട്ടാ.. എനിക്ക് പേടിയാ.. നമുക്ക് മറക്കാം... "
"മറക്കാനോ ? എനിക്ക് പറ്റില്ല.. ഒന്നും പേടിക്കണ്ട. എല്ലാം ഞാൻ ശെരിയാക്കാം..
ഫോൺ നമ്പർ താ.. ഞാൻ വിളിക്കാം.. ഇപ്പോ പോയ്ക്കോ.. "
"എനിക്ക് ഫോണൊന്നുമില്ല.. ചേട്ടന്മാര് സമ്മതിക്കില്ല.. വീട്ടിലേക്ക് വിളിക്ക്യേം വേണ്ട..."
"എന്നാ നമുക്ക് നേരിൽ കാണാം..."
പിറ്റെ ദിവസം അവർ വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് എന്തോ ആവശ്യത്തിനായി ചേട്ടന്മാർ തിരുവനന്തപുരം പോകുന്ന വിവരം അവൾ അവനോട് പറഞ്ഞത്.അന്ന് തന്നെ അബ്ദുള്ള കൂട്ടുകാരെ കണ്ട് എല്ലാ കാര്യവും ശരിയാക്കി. അവളെയും അറിയിച്ചു.
**************************
ഉറക്കമുണർന്ന അബദുള്ള കൈമുട്ടുകൾ കിടക്കയിലൂന്നി, തലപൊക്കി അടുത്ത് കിടന്നുറങ്ങുന്ന നന്ദിനിയുടെ മുഖത്തേക്ക് നോക്കി. ഇന്നലെ ഒരു പാട് നേരം സംസാരിച്ചിരുന്ന് വൈകിയാണ് കിടന്നത്. അവൾ മലർന്ന് കിടന്നാണ് ഉറങ്ങുന്നത്. ഉറങ്ങുകയാണെന്ന് തോന്നുകയേയില്ല. വെറുതെ കണ്ണടച്ച് കിടക്കുന്നത് പോലെയുണ്ട്. ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടരാൻ വെമ്പുന്നു. അവനവളുടെ മുഖം വീണ്ടും വീണ്ടും സുന്ദരമാകുന്നത് പോലെ തോന്നി.
അവൻ മുഖം അവളുടെ മുഖത്തോടടുപ്പിച്ചു.മൂക്കും മൂക്കും തൊട്ടു തൊട്ടില്ലെന്ന മട്ടിൽ. പിന്നെ അവളുടെ വലതുകണ്ണിൽ ചുണ്ടുകൾ മെല്ലെ അമർത്തി. പിന്നെ ഇടതു കണ്ണിൽ. പിന്നെ നെറ്റിയിലേക്ക് ചാഞ്ഞ മുടി കൈകൊണ്ട് പുറകോട്ട് മാറ്റി നെറ്റിത്തടത്തിൽ.
പിന്നെ അവളുടെ പുഞ്ചിരിക്കാൻ വെമ്പി നിൽക്കുന്ന ചുണ്ടുകളിൽ
അവന്റെ ചുണ്ടുകൾ അൽപം ശക്തിയിൽ പതിഞ്ഞതും അവൾ ചെറുതായൊന്ന് ഇളകി. കണ്ണുകൾ തുറന്നു. പുഞ്ചിരി വിടർന്നു.അൽപ നേരം കണ്ണിൽ കണ്ണിൽ നോക്കിക്കിടന്നു.പിന്നെ അവൾ അവന്റെ കഴുത്തിലൂടെ കൈകളിട്ട് അവനെ തന്നിലേക്കടുപ്പിച്ചു.
മാറിൽ തല ചായ്ച്ച് കിടക്കുന്ന അവന്റെ തലമുടിയിലൂടെ വിരലുകളോടിച്ച് അവൾ ചോദിച്ചു.
"അബ്ദൂ... എനിക്ക് പേടി തോന്നുന്നു. നമ്മളെ ജീവിക്കാൻ ചേട്ടന്മാര് സമ്മതിക്ക്യോ..?"
മാറിൽ നിന്നും തലപൊക്കി അവൻ അവളുടെ മുഖത്തേക്ക് നോക്കി.
"എന്തിനാ നന്ദൂ.... നീ... വെറുതെ ഓരോന്നാലോചിച്ച് തല പുണ്ണാക്കുന്നേ.. "
"അബ്ദൂനറിയാഞ്ഞിട്ടാ... എന്റെ ചേട്ടന്മാരെ, ഞാമ്പറഞ്ഞില്ലേ... നമുക്കീ നാടുവിട്ട് എങ്ങോട്ടെങ്കിലും പോകാമബ്ദൂ...
എനിക്കെന്റെ അബ്ദൂനെ ഓർത്താ പേടി... അബ്ദൂ നെന്തെങ്കിലും സംഭവിച്ചാ... പിന്നെ ജീവിക്കില്ല ഞാൻ..."
അവളുടെ കണ്ണുകളിൽ നിന്നും തുള്ളികൾ അടർന്നു. അവൻ വിരലുകൾ കൊണ്ട് ആ കണ്ണീർ തുള്ളികൾ തുടച്ചു കളഞ്ഞു.
"നന്ദൂ... നീ..വെറുതെ അവരൊന്നും ചെയ്യില്ല എന്നെ. നീ നോക്കിക്കോ അവര് നമ്മെ അംഗീകരിക്കും, തീർച്ച... വാ എഴുന്നേറ്റേ.. നമുക്ക് സ്റ്റുഡിയോയിലേക്ക് പോകാം..."
അവൻ എഴുന്നേറ്റ് അവളുടെ കൈ പിടിച്ച് കിടക്കയിൽ നിന്നും പൊക്കി എഴുന്നേൽപ്പിച്ചു.
**************************
വൈകുന്നേരം അഞ്ച് മണിയോടെ സ്റ്റുഡിയോ അടച്ച് അബ്ദുള്ളയും നന്ദിനിയും പുറത്തേക്കിറങ്ങി.അതേ സമയത്താണ് തിരുവനന്തപുരം പോയ കൃഷ്ണനും ബാലനും ആവശ്യം നടക്കാൻ കാത്തു നിൽക്കാതെ തിരിച്ച് വീട്ടിലെത്തിയതും.വിവരങ്ങളെല്ലാം ആരോ അവരെ വിളിച്ചറിയിച്ചിരുന്നു. കോപാകുലരായാണ് അവർ വീട്ടിലേക്ക് കയറിയത്.
അമ്മ, നന്ദിനി എഴുതി വെച്ച കത്ത് കൃഷ്ണന്റെ കൈയ്യിലേക്ക് കൊടുത്തു. അതിന്റെ അവസാനം ഇങ്ങനെ കുറിച്ചിരുന്നു.
"പൊന്നു ചേട്ടന്മാരേ... ഞാൻ കാലു പിടിക്കാം.. ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം.. "
"പ്ഫ.... ഫൂ അവൾക്ക് ജീവിക്കണം പോലും..."
കൃഷ്ണൻ കൈയ്യിലുള്ള കത്ത് ചുരുട്ടി അമ്മയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.
"ബാലാ... വാ.. "
കൃഷ്ണനും ബാലനും ഒരു കൊടുങ്കാറ്റു പോലെ മുറ്റത്തേക്കിറങ്ങി.
"ബാലാ.. കൃഷ്ണാ... അവര് ജീവിച്ചോട്ടെടാ... എന്റെ മോള് ജീവിച്ചോട്ടെടാ..."
അമ്മ വിളിച്ചു പറഞ്ഞു. പിന്നെ പൊട്ടിക്കരഞ്ഞുകൊണ്ട്, അരയ്ക്കു താഴെ ചലന്നശേഷി നഷ്ടപ്പെട്ട് അകത്ത് കിടക്കുന്ന അച്ഛന്റെ ശരീരത്തിൽ പോയി വീണു.
"നമ്മുടെ മോള്... "
അമ്മ അച്ഛനെ കെട്ടിപ്പിടിച്ചു.അച്ഛന്റെ കണ്ണുകളും നിറഞ്ഞിരുന്നു. നിസ്സഹായനായ അച്ഛൻ ഇടത് കൈ കൊണ്ട് മെല്ലെ അമ്മയുടെ തലയിൽ തലോടി.
അങ്ങാടിയിൽ നിന്ന് പച്ചക്കറികളും മറ്റും വാങ്ങി അബ്ദുള്ളയും നന്ദിനിയും വീട് ലക്ഷ്യമാക്കി നടന്നു . ടാറിട്ട റോഡിൽ നിന്നും ചെമ്മൺറോഡിലേക്ക് തിരിഞ്ഞ് കുറച്ച് ദൂരം നടന്നതും പിന്നിൽ നിന്നും കുതിച്ചു വന്ന ജീപ്പ് അവർക്കരികെ സഡൻ ബ്രേക്കിട്ട് നിർത്തി. കൃഷണനും രണ്ട് മൂന്ന് പേരും ജീപ്പിൽ നിന്നും ചാടിയിറങ്ങി.അവർ നന്ദിനിയെ ബലമായ് പിടിച്ച് ജീപ്പിലേക്കിട്ടു. അവരും ജീപ്പിൽ ചാടിക്കയറി. ജീപ്പ് മുന്നോട്ടു കുതിച്ചു.
ഒരു നിമിഷം അബദുള്ള തരിച്ച് നിന്നു പോയി. അത്രയും പെട്ടെന്നായിരുന്നു എല്ലാം. അവൻ ഞെട്ടിപ്പിടഞ്ഞ് കൈയ്യിലുള്ള സഞ്ചി റോഡിലേക്കിട്ട് ജീപ്പിനു പിന്നാലെ പാഞ്ഞു. പിന്നിൽ നിന്നും കുതിച്ചു വന്ന മറ്റൊരു ജീപ്പ് അബ്ദുള്ളയെ തട്ടിത്തെറിപ്പിച്ച് നിന്നു.ബാലൻ ജീപ്പിൽ നിന്നും ചാടിയിറങ്ങി. അയാൾ അബ്ദുള്ളയെ റോഡിൽ നിന്നും കോളറിൽ പിടിച്ച് പൊക്കി എഴുന്നേൽപ്പിച്ചു.
"ഹിന്ദു പെണ്ണിനെ അതും ഞങ്ങളുടെ പെങ്ങളെ തന്നെ വേണം അല്ലേടാ.. നിനക്ക് മതം മാറ്റി കൂടെ പൊറുപ്പിക്കാൻ..."
ബാലൻ തന്റെ കൈയ്യിലുണ്ടായിരുന്ന കഠാര അബ്ദുള്ളയുടെ വയറ്റിലേക്ക് കുത്തിയിറക്കി. ഒരു നിലവിളിയോടെ അവൻ റോഡിലേക്ക് വീണു.
അപ്പോഴാണ് പള്ളിയിൽ നിന്നും നിസ്ക്കാരം കഴിഞ്ഞ് സൈതാലിക്ക അതുവഴി വന്നത്. അയാളെ കണ്ടതും ബാലൻ ജീപ്പിൽ ചാടിക്കയറി. ജീപ്പ് അവിടെയിട്ട് തിരിച്ച് കുതിച്ചു പോയി. സൈതാലിക്ക പള്ളിയിലേക്ക് തന്നെ തിരിഞ്ഞോടി.തിരിച്ചു വരുമ്പോൾ അയാളുടെ കൂടെ പള്ളിയുടെ തൊട്ടടുത്ത വീട്ടുകാരനായ രാഘവൻ നായരടക്കം അറേഴ് പേരും ഉണ്ടായിരുന്നു.
അവർ അബ്ദുള്ളക്കടുത്തെത്തി. രക്തത്തിൽ കുളിച്ച് റോഡിൽ മലർന്നു കിടക്കുകയായിരുന്ന അവനൊന്നു ഞരങ്ങി.കണ്ണുകൾ മെല്ലെ തുറന്നു.
"നീ... വിഷമിക്കെണ്ടെടാ... നിന്നോടിതു ചെയ്തവരെ.. ആ കള്ളക്കാഫിരീങ്ങളെ ഞങ്ങള് കണ്ടോളാം... എടാ റസാഖേ... നീ ചെല്ല് നമ്മുടെ ആൾക്കാരെയെല്ലാം വിവരമറിയിക്ക്. കിട്ടുന്ന ആയുധങ്ങളൊക്കെ എടുത്തോ.. മുസ്ലീങ്ങളോട് കളിച്ചാലുള്ള കളി കാട്ടിക്കൊടുക്കാം നമുക്ക്..."
ഇസ്മായിൽ ഉറഞ്ഞു തുള്ളി.റസാഖ് അവിടെ നിന്നും എങ്ങോട്ടോ പാഞ്ഞു. കൂട്ടത്തിലുണ്ടായിരുന്ന രാഘവൻ നായർ അൽപം പുറകോട്ടു മാറി.
"ഞാൻ... മുസ്ലീമല്ല.... ഒരു മനുഷ്യനാണ്.... ഞാൻ.. ഞാൻ കാരണം ഈ നാട്ടിലൊരു ലഹളനടക്കരുത്... കാലു പിടിക്കാം ഞാൻ... ഒരു പ്രശ്നത്തിനും പോകരുത്.."
അബ്ദുള്ള തന്റെ രക്തത്തിൽ കുതിർന്ന കൈകൾ ഇസ്മായിലിനു നേരെ നീട്ടി.
"പ്ഫ.... ഫൂ... പോടാ... അത് നീയല്ലല്ലോ തീരുമാനിക്കേണ്ടത്. ഒരു മനുഷ്യൻ... വന്നിരിക്കുന്നു. മുസ്ലീങ്ങൾക്ക് നാണക്കേടുണ്ടാക്കാൻ... പോടാ..."
ഇസ്മായിൽ അബ്ദുള്ളക്കു നേരെ ആട്ടി.
"കൊല്ലാനും കൊലവിളിക്കാനും പോകുന്നേനു മുമ്പ് ഈ ചെക്കനെ വല്ല ആശുപത്രീലും കൊണ്ടോയി രക്ഷിക്കാൻ നോക്ക് നിങ്ങള്.."
സൈതാലിക്ക എല്ലാവരോടുമായി പറഞ്ഞു.
"ങ്ങള് മിണ്ടാതിരി കാക്കാ.. ഇവനങ്ങ്ചത്തോട്ടെ.. ആർക്കാ ..നഷ്ടം. കാഫിറിനേയും കൂടെപ്പൊറുപ്പിച്ച് മുസ്ലീങ്ങൾക്ക് നാണക്കേടുണ്ടാക്കിയ ജന്തു... "
ഇസ്മായിൽ അബ്ദുള്ളയുടെ വയറ്റിൽ നിന്നും കഠാരി വലിച്ചൂരി. അവനൊന്നു പിടഞ്ഞു.
"വരിനെ ടാ... ആ ഹിന്ദുക്കളെ നമുക്ക് കാട്ടിക്കൊടുക്കാം.. "
ഇസ്മായിലും കൂട്ടരും അവിടെ നിന്നും മറഞ്ഞു.
സൈതാലിക്ക അബ്ദുള്ളയുടെ അടുത്ത് ഒക്കിച്ചിരുന്നു. ഒരു വശത്തേയ്ക്ക് ചെരിഞ്ഞു കിടക്കുകയായിരുന്ന അവന്റെ തല നേരെയാക്കി അയാൾ വിളിച്ചു.
"അബ്ദുള്ളാ... എടാ... അബ്ദൂ..."
അബ്ദുള്ളയിൽ നിന്നും യാതൊരു അനക്കവും ഉണ്ടായില്ല.
"കഴിഞ്ഞു..."
അയാൾ അവിടെ ശേഷിച്ചിരുന്ന രാഘവൻ നായരുടെ മുഖത്തേക്ക് നോക്കി. അയാൾ നിസ്സഹായ ഭാവത്തിൽ നിന്നു. മലർക്കെ തുറന്ന് കിടക്കുകയായിരുന്ന അബ്ദുള്ളയുടെ കണ്ണുകൾ വലതു കൈ കൊണ്ട് ചേർത്തടച്ച് സൈതാലിക്ക എഴുന്നേറ്റു.
"നമ്മൾക്കൊന്നും ചെയ്യാനില്ല.. ഇനി ഇതിന്റെ പേരിൽ എത്ര പേരാ.... കണ്ടില്ലേ... അവര് കൊല്ലാനും കൊലവിളിക്കാനും പോയത്... എന്താ ചെയ്യാന്റെ നായരേ.... വിവരോം വിദ്യാഭ്യാസോമുള്ള ചെറുപ്പക്കാരൊക്കെ ഇങ്ങനെ ആയാ..."
"നമുക്കൊന്നേ ചെയ്യാനുള്ളൂ സൈതാലീ... പ്രാർത്ഥിക്ക്യാ... ദൈവത്തോട്.. കണ്ണ് തൊറപ്പിക്കണേന്ന്..."
നാല് ഭാഗത്ത് നിന്നും ആളുകൾ ഓടി വരുന്നത് കണ്ടതും സൈതാലിക്ക രാഘവൻ നായരുടെ കൈയ്യിൽ പിടിച്ചു.
"നമ്മളിവിടെ നിന്നിട്ട് യാതോരു കാര്യോമില്ല... ഇവിടുന്ന് തന്നെ ഇപ്പോ എന്തൊക്കെ നടക്കുമോ... ആവോ... വാ... നമുക്ക് പോകാം...."
സൈതാലിക്കയും രാഘവൻ നായരും ഇരുട്ടിന് കനംകൂടി വരുന്ന വഴിയിലൂടെ കൈ പിടിച്ച് മുന്നോട്ട് നടന്നു.
***********************
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo