കുറച്ചു ദിവസങ്ങളായി മനസ്സിനെ അലട്ടിയ വിഷാദത്തിൽ നിന്ന് മുക്തി നേടാൻ ആത്മീയതയുടെ വഴിയിലേക്ക് തിരിയാൻ തീരുമാനിച്ചു. ധ്യാനത്തിനും പ്രാർത്ഥനയ്ക്കുമായി സ്വസ്ഥമായ ഒരു സ്ഥലം തന്നെ വേണം. എവിടേക്ക് പോകാം എന്ന് സുഹൃത്തുക്കളുമായി ആലോചിച്ചപ്പോൾ അട്ടപ്പാടി വനമേഖലയിൽ സ്ഥിതി ചെയ്യുന്ന സെഹിയോൻ ആശ്രമമാണ് ഉചിതമെന്ന് തോന്നി.കാടിൻ്റെ സൗന്ദര്യം നുകർന്നു കൊണ്ട് യാത്ര ചെയ്യാനായാൽ - - - - - - ഹോ ---- ആ കാനന സൗന്ദര്യം സ്വപ്നം കണ്ടു, കൊണ്ട് പുലർച്ചെ 3 മണിക്ക് ഉണർന്നു.നാല് മണിക്ക് എൻ്റെ പ്രിയ ആക്ടീവ സ്കൂട്ടറിനെ ഒന്നു മിനുക്കി ഫ്ലാറ്റിൻ്റെ ഗേറ്റിന് മുൻവശമെത്തിയപ്പോൾ ,സുഹൃത്തുക്കൾ രണ്ടു സ്കൂട്ടറുകളിലായി ഗേറ്റിനു പുറത്ത്.പുലർകാല നിശബ്ദതയിൽ നഗരമധ്യത്തിലൂടെയുള്ള ആ സ്കൂട്ടർ സവാരി രസകരമായിരുന്നു.. രാത്രി കാലത്ത് ട്രാഫിക്ക് നിയമങ്ങൾ പാലിക്കേണ്ടതില്ല എന്ന തെറ്റായ ധാരണയിൽ വൺവേ തെറ്റിച്ച് കേറി. മുന്നിലതാ പോലീസ് രാത്രി കാലപട്രോളിംങിൽ. ഇരുട്ടിൽ മറഞ്ഞു നിന്നു കൊണ്ടു തന്നെ അവർ ഞങ്ങൾക്ക് ഒരു മുന്നറിയിപ്പ് ഹോൺ തന്നു .ഒന്നും നോക്കിയില്ല. നേരെ വലതു വശത്തു കണ്ട ഊടുവഴിയിലേക്ക് മുന്നിലെ ആൾവണ്ടി തിരിച്ചു.പുറകേ ഞങ്ങളും. വിജനമായ ആ വഴിയിലൂടെ വണ്ടി മുന്നോട്ട് ബസ്റ്റാൻഡ് ലക്ഷ്യമാക്കി നീങ്ങി.റോഡിന് നടുവിലൂടെ വിശാലമായി വണ്ടിയോടിക്കുന്നതിനിടയിൽ വെറുതെയൊന്ന് വലതു വശത്തെ ഗ്ലാസിലേക്ക് നോക്കി. പുറകേ യൊരു ബൈക്ക് വരുന്നത് കണ്ടു. വണ്ടി ഇടതു വശം കേറ്റിയോടിച്ചു. പാട്ടു പാടി ഒച്ചവച്ചു പോകുന്ന അവരെ കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു. ഏകദേശം പതിനാല് പതിനഞ്ചു വയസ്സു പ്രായമുളള മൂന്നു പയ്യന്മാർ. ഈ നേരത്ത് ഇങ്ങനെ പറക്കണമെങ്കിൽ അവർ സുബോധത്തിലല്ല. പോരാത്തതിന് അവർ കടന്നു പോയ കാറ്റിനു പോലും മദ്യത്തിൻ്റെ ഗന്ധം. എൻ്റെ മകൻ്റെ പ്രായത്തിലുള്ള മക്കൾ. എൻ്റെ അമ്മമനസ്സിനെ നൊമ്പരപ്പെടുത്തിയാണ് അവർ കടന്നു പോയത്. പാർക്കിംങ് ഏരിയയിൽ വണ്ടി കയറ്റി നേരെ പാലക്കാട് ,മണ്ണാർക്കാട് ബസ്സിൽ കയറി ഇരുന്നു. കൃത്യം നാലേമുക്കാലോടെ യാത്ര ആരംഭിച്ചു. മണ്ണാർക്കാട് ലക്ഷ്യമാക്കി വാഹനം കുതിച്ചു. യാത്രയിലുടനീളം മനസ്സ് അസ്വസ്ഥമായിരുന്നു. ഏഴരയോടെ മണ്ണാർക്കാട് എത്തിച്ചേർന്നു.പ്രാതൽ കഴിച്ചതിനു ശേഷം ആനക്കട്ടി, താവളം വഴി പോകുന്ന ബസ്സിൽ കയറി: പത്തു മിനിട്ട് യാത്രയ്ക്ക് ശേഷം ചുരം കയറൽ ആരംഭിച്ചു. റോഡിന് ഇരുവശവും വൻ മരങ്ങൾ തിങ്ങി നിറഞ്ഞ കൊടും കാടും,പാറക്കൂട്ടക്കളും. ചെറിയ വെള്ളച്ചാലുകളും കാണാം ചിലയിടങ്ങളിൽ .വിവിധ തരത്തിലുള്ള കാട്ടുപൂക്കളുടെ സൗന്ദര്യം നുകർന്നു കൊണ്ട് മുപ്പത്തിയേഴ് ഹെയർ പിൻ വളവുകൾ കയറി മുകളിലെത്തി. ഒരു മണിക്കൂർ യാത്ര കഴിഞ്ഞ് താവളം സെഹിയോൻ ആശ്രമത്തിലെത്തി. ധ്യാനവും പ്രാർത്ഥനയും കഴിഞ്ഞ് സ്വസ്ഥമായ മനസ്സുമായി ഒരു ഓട്ടോറിക്ഷയിൽ ചുരം ഇറങ്ങാൻ തീരുമാനിച്ചു. ഭവാനിപ്പുഴ നിശബ്ദമായി ഒഴുകുന്നു. കാടിനകത്തെ ജീവ ജാലങ്ങൾക്ക് കാവലായി. പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഉത്ഭവിച്ച് കിഴക്കോട്ടൊഴുകുന്ന ഏക പുഴയാണത്രേ ഭവാനി. പുഴയിലൊന്നിറങ്ങണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. എങ്കിലും ഡ്രൈവർ ചേട്ടൻ വഴിയിൽ കണ്ടതെല്ലാം വിശദീകരിച്ചു തന്നു. നല്ല കാഴ്ചകൾ ആവോളം ആസ്വദിക്കാൻ വഴിയിലെല്ലാം ഓട്ടോ നിർത്തി തന്നു .കൊത്തിവച്ച പോലെയുളള കൂറ്റൻ പാറകണ്ട് അന്തം വിട്ടു നിന്ന ഞങ്ങളോട് ,അതിനു മുകളിൽ നിന്ന് രണ്ടു പേർ ചാടി ആത്മഹത്യ ചെയ്ത കഥ പറഞ്ഞു: മലമുകളിലെത്തണമെങ്കിൽ ഫോറസ്റ്റ് ഗാർഡിൻ്റേ യോ ആദിവാസികളുടേയോ സഹായം വേണം; കാരണം കടുവയും സിംഹവും ഒഴിച്ച് മറ്റെല്ലാ വന്യമൃഗങ്ങളും കാട്ടിലുണ്ട്. പക്ഷേ ഞാനന്നേരം ആലോചിച്ചത് മരിക്കാൻ അവരെന്തിനാ മല തന്നെ തിരഞ്ഞെടുത്തു. വന്യ സൗന്ദര്യം അവരെ മാടി വിളിച്ചതോ...... അതോ ........ പ്രകൃതിയുടെ ആ മനോഹര ദൃശ്യം ആസ്വദിച്ചിട്ടാവാം പരലോക യാത്ര എന്നായിരിക്കാം. പിന്നെയും താഴേക്ക് ചെന്നപ്പോൾ വാനരസംഘം. പൂർവികർ എന്നാരോ പറയുന്നവർക്കൊപ്പം കുറച്ച് പടമെടുപ്പും നടത്തി. ചുരം ഇറങ്ങൽ പിന്നേയും താഴേക്ക്. ഡ്രൈവർ ചേട്ടൻ കഥ തുടർന്നു..... വെളുപ്പിനേ പാൽ വാങ്ങാൻ മക്കൾക്കൊപ്പം പോയ അമ്മയെ കാട്ടാന ചവിട്ടിക്കൊന്ന കഥ. ...... നേരം പുലർന്ന് വരുന്നതേ ഉള്ളൂ. വിശന്ന് കരയുന്ന മക്കളേയും കൂട്ടി ആ അമ്മ പാൽക്കാരിയുടെ വീട്ടിലേക്ക്. റോഡിന് ഒരു വശം കൂറ്റൻ മരങ്ങൾ. ഇരുട്ടിൽ മരത്തിനു മറവിൽ നിന്ന ആനയെ ആ സാധു സ്ത്രീ കണ്ടില്ല.ലക്ഷ്യം വച്ച് മുന്നോട്ട് വന്ന ആ പിടിയാന ,ആ സ്ത്രീയെ ചവിട്ടി തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. പേടിച്ചരണ്ട കുഞ്ഞുങ്ങളെ അവൾ ഒന്നും ചെയ്തില്ല. ഭയന്നു വിറച്ച് അവർ ഓടി. അവൾ പ്രതികാരദാഹിയായി മാറിയതിനു പിന്നിൽ ഒരു കഥയുണ്ട്. അവളുടെ കുട്ടിക്കൊമ്പൻ ആയിടക്ക് ഒരു അപകടത്തിൽ പെട്ടു .കുഞ്ഞിനെ രക്ഷിക്കാനാവാതെ ആനക്കൂട്ടം മSങ്ങി. നാട്ടുജാതികൾ കുട്ടിക്കൊമ്പനെ പൊക്കിയെടുത്ത് മൃഗശാലക്ക് കൈമാറി. കുഞ്ഞിനെ അനേഷിച്ചു വന്ന ആനക്കൂട്ടം ദിവസവും കാടിറങ്ങി. ഇതൊന്നുമറിയാതെയാണ് ആ അമ്മ ഗജവീരനു മുമ്പിൽ പെട്ടത്.കുട്ടിക്കൊമ്പനെ തിരിച്ചു കാട്ടിൽ വിടാൻ കളക്ടർ ഉത്തരവിറക്കി. എന്നാൽ വീഴ്ച്ചയിൽ പരുക്കു പറ്റിയ കുട്ടിക്കൊമ്പൻ മൃഗശാലയിൽ വച്ച് ചത്തു. ഇവിടെ ആരാണ് തെറ്റുകാർ? കാട്ടുമൃഗങ്ങളോ, നാട്ടുമൃഗങ്ങളോ? നാമിനിയും എന്തെല്ലാമോ പഠിക്കാനിരിക്കുന്നു .ചുരമിറങ്ങിക്കഴിഞ്ഞപ്പോഴേക്കും കഥയും അവസാനിച്ചു.തിരിച്ച് കോഴിക്കോട് ബസ്സിൽ കയറി യാത്രയുടെ മധുര സ്മരണകൾ അയവിറക്കി മടക്കം.ആ നിശബ്ദതയുടെ താഴ് വാരം എന്നെ വീണ്ടും മാടി വിളിക്കുന്നതു പോലെ. വേണം ഇനിയുമൊരു യാത്ര... ........
By JulyVogt

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക