Slider

ഭൂമിയുടെ അവകാശികൾ

0


പറമ്പാകെ കാട് കേറിയിരിക്കുന്നു . മരങ്ങൾ പടർന്നു പന്തലിച്ചു നിലത്തേക്ക് ഒരു സൂര്യ രശ്മിപോലും പതിയാത്ത വിധം അടഞ്ഞു പോയിരിക്കുന്നു . കുരുമുളക് വള്ളിയുടെ ഇളം നാമ്പുകൾ ഒരിറ്റു വെളിച്ചത്തിനു വേണ്ടി തായ് തടികളെ വിട്ടു പുറത്തേക്കു തൂങ്ങി തുടങ്ങി . കുരുമുളകിന്റെ നല്ല വിളവിനു വെളിച്ചവും വെള്ളവും കതിരിലും ഇലയിലും വീഴണം . അതിനു മരങ്ങൾ ശിഖരം വെട്ടി കോതണം. വൈകിക്കൂടാ . വെള്ളച്ചിയോടു കുറെ ദിവസമായി പറയുന്ന വെളുക്കനെയും കൂട്ടി പറമ്പൊന്നു പാകപ്പെടുത്താൻ ..
കഴിഞ്ഞ ആഴ്ച അവർ വള്ളിയൂർക്കാവ് ഉത്സവത്തിനു പോയി . അത് കൊണ്ട് വന്നില്ല . ഇന്ന് അവർ വരുമായിരിക്കും .
കേരളത്തിലെ ഏറ്റവും വലിയ ആദിവാസിവർഗമാണ് പണിയർ. വയനാട്ടിലും പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളിലുമുള്ള കാടുകളും പുഴയുടെ പുറമ്പോക്കുകളിലും ഒക്കെ ആയി ഇവർ താമസിച്ചു പോരുന്നു .
കൃഷിസ്ഥലമോ കിടപ്പാടമോ സ്വന്തമായില്ലാത്ത അവർ പണ്ട് ജന്മിമാരുടെ അടിമകളായിരുന്നു. അടിമകളായി അവരെ വിലയ്ക്കുവാങ്ങുന്ന സമ്പ്രദായവും നിലനിന്നിരുന്നു. മാനന്തവാടിക്കടുത്തുള്ള വള്ളിയൂർക്കാവ് ദുർഗാക്ഷേത്രത്തിലെ ഉത്സവക്കാലത്താണ് അടിമക്കച്ചവടം നടന്നിരുന്നത്. ജന്മിയും പണിയനും തമ്മിൽ ഒരു അടിമക്കരാർ ഉണ്ടാക്കുമമയിരുന്നു. ഒരു വർഷം പ്രാബല്യമുള്ള ഈ കരാർ ഉറപ്പിക്കുന്നത് വള്ളിയൂർക്കാവ് ഉൽസവസമയത്താണ്. (ഒരു മീനമാസം മുതൽ അടുത്ത മീനമാസം വരെ). അമ്പലത്തിനുമുന്നിൽ വച്ച് ഉറപ്പിക്കുന്ന ഈ കരാർ പ്രകാരം ജന്മി അടിമയ്ക്ക് ഒരു നിശ്ചിത തുക നൽകണം. നിൽപ്പുപണം എന്നായിരുന്നു ഈ തുകയുടെ പേര്. നിൽപ്പുപണം വാങ്ങിക്കഴിഞ്ഞാർ കരാർ ലംഘിക്കാൻ പാടില്ലെന്നത് ഒരു അലിഖിതനിയമം ആയിരുന്നു.ഇപ്പോൾ അടിമപ്പണി നിയമംമൂലം നിരോധിച്ചിരിക്കുകയാണ് .പ്രാകൃതമലയാളമാണ് അവർ സംസാരിക്കുന്നത്.
സൂര്യൻ ഉയർന്നു കുന്നിൻ മുകളിലെ ഉയരമുള്ള വീട്ടിമരത്തിന്റെയും മുകളിലെത്തി . കുന്നു പാടത്തിന്റെ പകുതിയിലേക്കു നീണ്ടു നിഴലിട്ടു . പാടത്തിന്റെ അടുത്ത പകുതിയിൽ പുലരിയുടെ പ്രകാശം തട്ടി തിളങ്ങുന്ന നെല്ലോലകൾക്കിടയിലെ വരമ്പിലൂടെ വെളുക്കൻ നടന്നു വരുന്നത് കാണാമായിരുന്നു .
ആ കോളനിയിലെ ഓരോരുത്തരെയും കുട്ടിക്കാലം മുതലേ അറിയാം .അന്നത്തെ ചിലവിനു കൂലിവേല ചെയ്തു അന്ന് കിട്ടുന്നത് അന്ന് തന്നെ ചിലവാകും .ബാക്കിയിരിപ്പു എന്നൊന്ന് അവർക്കു ശീലമില്ല .
നൂറ്റാണ്ടുകളായി വയനാട് കാടുകളിൽ അലഞ്ഞുനടന്ന് ജീവിച്ച ഇവർ കാലക്രമേണ ജന്മിമാരുടെ അടിമകാളായി പണിയെടുക്കാൻ നിർബന്ധിതരായി. പണ്ട് ആണിന് ഒരണയും ഒന്നര സേർ വല്ലിയും (നെല്ല്) ആയിരുന്നു കൂലി. പെണ്ണിന് ഒരണയും അരസേർ വല്ലിയും. പണികഴിഞ്ഞുപോകുമ്പോൾ ജന്മിയുടേ പറമ്പിൽ വീണു കിടക്കുന്ന ചക്കയും മാങ്ങയും വിറകും പാടത്തുനിന്നും ശേഖരിക്കുന്ന താളും ആയിരുന്നു ഭക്ഷണം. കൂലികിട്ടുന്ന പച്ചനെല്ല് അന്നുതന്നെ കുത്തി അരിയാക്കി മേൽ പച്ചക്കറികളും കൂട്ടിയായിരുന്നു ഭക്ഷണം ഉണ്ടാക്കിയിരുന്നത്. അന്നേക്കുള്ളത് അന്നേക്ക് എന്ന രീതിക്കു ഇന്നും മാറ്റമില്ല .
മുറ്റത്തു നിന്ന് ഞാൻ ചരൽ റോഡിലേക്ക് ഇറങ്ങി നിന്നു . പാടത്തു നിന്ന് റോഡിലേക്ക് വന്നെത്തുന്ന നട വഴി മഴക്കാലത്തെ വള്ളപ്പാച്ചിൽ കാരണം വലിയ ഒരു കിടങ്ങായി മാറിയിരുന്നു. അതിന്റെ ഇരു വശവുമാണ് പറമ്പു . വെളുക്കൻ വന്നു കയറി .ഇത്രയും ദിവസം വരാത്തതിലുള്ള അരിശം ചേർത്ത് ഉറച്ച ശബ്ദത്തിൽ ഞാൻ ചോദിച്ചു .
" വെളുക്കാ , നീ എന്താ ഈ കാട്ടിയതു ?"
വെളുക്കൻറെ മിഴികൾ നിറഞ്ഞു .കൈകൂപ്പി . ചുണ്ടുകൾ വിറച്ചു .
"അത് " , അവന് സംസാരിക്കാനായില്ല .
ഞാൻ ആശ്ചര്യപ്പെട്ടു . ഇവനിതെന്തു പറ്റി ?
"ചെ ട്ടൃാ", അവരങ്ങനെയാണ് വിളിക്കുക . അടിമത്തത്തിന്റെ മനോ നിലയിൽ നിന്ന് ഇന്നും അവർ ഉയർന്നിട്ടില്ല .
"ഞാൻ നാലു ദിവസായി സഞ്ചിയും കൊണ്ട് പ്പീടിക കോലായിൽ കാത്തു നില്കുന്നു .എനിക്ക് കൂലി കിട്ടീല്ല . നാളെ വാ , നാളെ വാ , എന്ന് പറഞ്ഞു തിരികെ വിട്ടു "
വെളുക്കനും അവന്റെ ഉറാട്ടിയും (ഭാര്യ )പണിയെടുത്ത ക്യാഷ് ആ മുതലാളി കൊടുത്തില്ലത്രേ .
അവൻ കണ്ണീരൊപ്പിയാണ് ഇതൊക്കെ പറയുന്നത് .
അതിനെന്തിനാണാവോ ഇപ്പോൾ എന്റെ മുമ്പിൽ കരയുന്നതു?
"മക്കൾ വിശന്നു കരഞ്ഞു . എനിക്ക് വേറെ ഒരു മാർഗം ഇന്നലെ രാത്രി ഉണ്ടായില്ല "
ഞാൻ അവന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു .
"അതുകൊണ്ടാണ് "അവനു പറയാനാവുന്നില്ല .
"അതുകൊണ്ട് ?" ഞാൻ
" ഞാൻ പോകുമ്പം വാഴക്കുല വെട്ടി കൊണ്ട് പോയത് "
അപ്പോഴാണ് ഇന്നലെ രാത്രി അവൻ എന്റെ വാഴക്കുല വെട്ടി കൊണ്ട് പോയി എന്ന് ഞാൻ തന്നെ അറിഞ്ഞത് .

By: 
Abdul Rasheed Karani
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo