Slider

സന്നിവേശം

0

ഓരോ തവണയും ഞാന്‍ പുസ്തകത്തില്‍ നിന്ന് കണ്ണുകള്‍ ഉയര്‍ത്തിയപ്പോഴും ആ സ്ത്രീയുടെ നോട്ടം എന്റെ നേര്‍ക്ക്‌ വീഴുന്നത് ഞാന്‍ ശ്രദ്ധിച്ചു.വായനക്കിടയിലും അവരുടെ നോട്ടം പതിയുന്നത് എന്റെ മനസ്സ് അറിയുന്നുണ്ടായിരുന്നു.
ട്രെയിനില്‍ തിരക്ക് കുറവാണ്.നേരം ഉച്ച കഴിഞ്ഞിരുന്നു.പുറത്തു വെയിലേറ്റ് കിടക്കുന്ന വിജനമായ പാടശേഖരങ്ങള്‍.ഉച്ചച്ചൂടിന്റെ ആവി പിടിച്ച വായു ട്രെയിനിനകം പൊള്ളിക്കുന്നു.ഞാന്‍ ഇരുന്ന കമ്പാര്‍ട്ട്മെന്റില്‍ ആ സ്ത്രീയും മറ്റൊരു വൃദ്ധനും മാത്രമേ ഉണ്ടായിരുന്നുള്ളു.വൃദ്ധന്‍ ഏറ്റവും മുകളിലത്തെ ബര്‍ത്തില്‍ ഉറക്കമാണ്.
ഉറക്കം കണ്ണുകളെ പൊതിയുന്നു..മുഖം ജനാലക്കമ്പിയില്‍ ചേര്‍ത്ത് വെളിയിലേക്ക് നോക്കി.. ഒരു പശു വിജനമായ റബ്ബര്‍ തോട്ടത്തില്‍ തണലില്‍ കിടന്നു എന്തോ ആലോചിച്ചു കൊണ്ട് അയവിറക്കുന്നു..അതിനു സമീപം ഒരു വെളുത്ത കൊക്ക് ഉറക്കം തൂങ്ങി നില്ക്കുന്നു.ഒരു നിമിഷം കൊണ്ട് ആ കാഴ്ച കണ്ണില്‍ നിന്ന് മറഞ്ഞു.
“എവിടെക്കാണ്‌ പോകുന്നത് ?” ആ സ്ത്രീയുടെ ശബ്ദം കേട്ടു.
കണ്ട കാഴ്ചയിലെ പശുവും കൊക്കും ആലോചനയില്‍ നിന്ന് ഉണര്‍ന്നു തനിക്കു നേരെ തിരിഞ്ഞു നോക്കിയത് പോലെ ഉള്ളില്‍ ഒരു തോന്നല്‍.
ആ സ്ത്രീ തന്നെ നോക്കുകയാണ്.അവരുടെ കണ്ണുകളില്‍ ആകാംക്ഷയുടെ തിളക്കം..ചുണ്ടില്‍ പുഞ്ചിരിയാണോ?
“പാലക്കാട്‌. “
ഞാന്‍ പറഞ്ഞു.
“ഞാന്‍ കുറെ നേരമായി നിങ്ങളെ ശ്രദ്ധിക്കുകയാണ്.എന്താ കാരണം എന്ന് അറിയാമോ ?” അവര്‍ ചോദിക്കുന്നു.
എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.അവര്‍ക്ക് ഒരു മുപ്പത്തഞ്ചു വയസ്സ് തോന്നിച്ചു.എന്നെക്കാള്‍ പത്തു പതിനഞ്ചു വയസ്സ് കൂടുതല്‍.ചുരിദാര്‍ ആണ് വേഷം.സ്ഫടികക്കല്ലുകള്‍ കൊണ്ട് ചിത്രപ്പണി ചെയ്ത ഒരു കറുത്ത ഷാള്‍ അവരുടെ കഴുത്തില്‍ കിടന്നു.ഉച്ച വെയിലില്‍ ആ സ്ഫടികക്കല്ലുകള്‍ മിന്നി കൊണ്ടിരുന്നു .അവയും ആ സ്ത്രീയുടെ കണ്ണുകള്‍ പോലെ എന്നെ നോക്കുന്നു.
ഞാന്‍ മറുപടി പറയാതെ അവരെ നോക്കി.അവര്‍ ശിരസ്സ്‌ പുറകിലേക്ക് ചാരി ഒരു നിമിഷം പുറത്തേക്കു നോക്കി.അകലെ ഏതോ ഒരു ചൂളഫാക്ടറിയുടെ പുകക്കുഴലില്‍ നിന്ന് പുക ഒരു നേര്‍വര പോലെ ആകാശത്തേക്ക് ഉയര്‍ന്നു കൊണ്ടിരുന്നു.
“നിങ്ങളെ ട്രെയിനില്‍ വച്ച് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി.കാരണം നിങ്ങളെ പോലെ തന്നെയിരിക്കുന്നു വേറെ ഒരാളെ എനിക്കറിയാം.അതാണ് നിങ്ങളെ ഞാന്‍ ശ്രദ്ധിച്ചത്.”
ട്രെയിനിന്റെ വേഗം കുറഞ്ഞു.ഇപ്പോള്‍ മുകളില്‍ ഉറങ്ങുന്ന വൃദ്ധന്റെ കൂര്‍ക്കം വലി കുറച്ചു കൂടി വ്യക്തമായി കേള്ക്കാം .
“അത് വളരെ അതിശയമാണല്ലോ...അയാള്‍ ഇപ്പോള്‍ ഇവിടെയുണ്ട്.” ഞാന്‍ അവരോടു ചോദിച്ചു.
ട്രെയിന്‍ ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നു.ഏതെങ്കിലും ട്രെയിന്‍ കടന്നു പോകാന്‍ ഉണ്ടായിരിക്കും.
“മരിച്ചു പോയി.ഞാന്‍ അയാളെ കൊന്നു.”അവര്‍ പറഞ്ഞു.
പൊടുന്നനെ ചൂളം വിളിച്ചു കൊണ്ട് ഒരു ഗുഡ്സ് ട്രെയിന്‍ അടുത്ത ട്രാക്കിലൂടെ കടന്നു പോയി.ആ ട്രെയിനിന്റെ കഠിനമായ ശബ്ദവും,കാറ്റും,ചൂളംവിളിയും ,അവരുടെ മറുപടിയും ഏകദേശം അടുത്തടുത്തായിരുന്നു.ഒരു നിമിഷം ,ഒരു ഭീതിദമായ സ്വപ്നത്തിലേക്ക് ചെന്ന് വീണത്‌ പോലെ ഞാന്‍ ഞെട്ടി.
“ആ കാര്‍ പോര്‍ച്ചു സ്ഥാനത്തല്ല.ദുര്‍മരണം ഉണ്ടാകും.എന്റെ സ്ഥാനം തെറ്റാറില്ല.”
മുകളിലെ ബര്‍ത്തില്‍ ഉറങ്ങിക്കിടക്കുന്ന വൃദ്ധന്‍ സ്വപ്നത്തില്‍ ആരോടോ സംസാരിക്കുന്നു.ഒരു പക്ഷെ അയാള്‍ ഏതെങ്കിലും സ്ഥാനനോട്ടക്കാരനോ മേസ്തിരിയോ ആയിരിക്കണം.
അല്പ നിമിഷത്തിനു ശേഷം ട്രെയിന്‍ വേഗം പ്രാപിച്ചു തുടങ്ങി..പുറത്തു,ഒരു വീടിനു സമീപം ഒരു കുഞ്ഞു കുട്ടി ട്രെയിനിനു നേരെ കൈ വീശി കാണിക്കുന്നു. ഇപ്പോള്‍ ആ കൂര്‍ക്കം വലിയുടെ ശബ്ദം കുറയാന്‍ തുടങ്ങിയിരിക്കുന്നു
ഞാന്‍ വീണ്ടും അവരുടെ മുഖത്തേക്ക് നോക്കി.എന്റെ മുഖത്തെ ഞെട്ടല്‍ ആസ്വദിക്കുകയാണ് അവര്‍ എന്ന് എനിക്ക് തോന്നി.
“നിങ്ങളുടെ വീട് എവിടെയാണ്?ഇപ്പോള്‍ എങ്ങോട്ട് പോകുന്നു ? ഞാന്‍ ചോദിയ്ക്കാന്‍ ആഞ്ഞു.
“നിങ്ങള്‍ എന്തിനാണ് അയാളെ കൊന്നത് “?പക്ഷെ പതറിയ സ്വരത്തില്‍ ചോദിച്ചത് അങ്ങനെയാണ്.
“ചായ,കാപ്പി,ചായ,കാപ്പി...”ഒരു ചായ വില്പ്പനക്കാരന്‍ ഞങ്ങളുടെ അടുത്തു കൂടി വന്നു.
ചായ വേണോ?”അയാള്‍ എന്നോട് ചോദിച്ചു.
ഞാന്‍ അവരെ ചോദ്യ ഭാവത്തില്‍ നോക്കി.
“വേണ്ട ,കുടിച്ചു കൊള്ളൂ”.അവര്‍ നിഷേധപൂര്‍വ്വം തലയാട്ടി കൊണ്ട് പറഞ്ഞു.
ഞാന്‍ ഒരു കപ്പു കാപ്പി വാങ്ങി.ചായ വില്പ്പനക്കാരന്‍ ആ സ്ത്രീയോട് വേണമോ എന്നോ ചോദിക്കുകയോ അവര്‍ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കുകയോ ചെയ്തില്ല.
ഞാന്‍ കാപ്പി വാങ്ങി കുടിച്ചു.അവര്‍ എന്റെ മുഖത്തേക്ക് കൌതുകത്തോടെ നോക്കുകയാണ്.
“ആ കഥ അല്പം നീണ്ടതാണ്.കേള്‍ക്കാന്‍ അത്ര സുഖം ഉള്ള കഥയല്ല.അത് കൊണ്ട് ഞാന്‍ പോലും മറക്കാന്‍ ശ്രമിക്കുന ഭൂതകാലം ഇനിയും ഓര്‍മ്മിക്കാന്‍ ശ്രമിക്കണോ ?”അവര്‍ ഗൂഡമായി മന്ദഹസിച്ചു കൊണ്ട് ചോദിച്ചു.
“വിരോധമില്ലെങ്കില്‍ പറയൂ..പാലക്കാട്‌ എത്താന്‍ ഇനിയും ധാരാളം സമയമുണ്ട്.പിന്നെ നിങ്ങള്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു എന്നതാണ് സത്യം.”
ഞാന്‍ പറഞ്ഞു.കയ്യില്‍ ഇരുന്ന ഒഴിഞ്ഞ കടലാസ് കപ്പു ഞാന്‍ പുറത്തേക്കു എറിഞ്ഞു.അത് കാറ്റില്‍ പുറത്തേക്കു പറന്നു ഒരു പൊന്തക്കാട്ടിനുള്ളില്‍ മറയുന്നതു ആ സ്ത്രീ നോക്കിയിരുന്നു.
“നിങ്ങളെ പോലെ തന്നെയിരിക്കുന്ന ആള്‍ എന്ന് ഞാന്‍ പറഞ്ഞത് എന്റെ പഴയ സുഹൃത്തിന്റെ കാര്യമാണ്.അവന്റെ പേര് ആല്‍ബി എന്നായിരുന്നു.എന്റെ പേര് സൂസന്‍.ഞങ്ങള്‍ ഒരുമിച്ചായിരുന്നു എന്ജിനീയറിംഗ് ചെയ്തത്.ഏകദേശം പതിനഞ്ചു വര്‍ഷം മുന്പ്".
അവര്‍ ഒരു നിമിഷം നിര്‍ത്തി.
ആല്‍ബിയും സൂസനും.ആ സ്ത്രീയുടെ ചെറുപ്പകാലത്തെ ഒരു ചിത്രം ഞാന്‍ സങ്കല്പിച്ചു.ഒപ്പം ചെക്ക് ഷര്‍ട്ടും പാന്റും ധരിച്ച ദു:ഖിതനായ ഒരു ചെറുപ്പക്കാരന്റെ മുഖവും ഉള്ളില്‍ തെളിഞ്ഞു.അവര്‍ ഒരു പക്ഷെ കമിതാക്കള്‍ ആയിരിക്കുമോ ?
ചിന്തകള്‍ മനസ്സിലാക്കിയ പോലെ സൂസന്‍ എന്നെ തിരുത്തി.
“ആല്‍ബിക്കു ഒരു പ്രണയമുണ്ടായിരുന്നു.നിമ്മി .തീക്കനല്‍ പോലെ ഒരു സുന്ദരി.അവള്‍ വേറെ ബ്രാഞ്ചിലായിരുന്നു.പക്ഷെ ഞങ്ങള്‍ മൂന്നു പേരുമായിരുന്നു നല്ല സുഹ്രത്തുക്കള്‍.ആല്‍ബിയും നിമ്മിയും നന്നായി പാടുന്നവരായിരുനു.അങ്ങനെയാണ് അവര്‍ തമ്മില്‍ കൂട്ടായത് തന്നെ.”
പച്ച വിരിച്ച ഒരു കുന്നിനു മുകളില്‍ അവര്‍ മൂവരും ഇരിക്കുന്നതു എന്റെ മനസ്സില്‍ തെളിഞ്ഞു.ആരോ പാടുകയാണ്.ആരായിരിക്കും സൂസനോ ആല്‍ബിയോ ...?
“നിങ്ങള്‍ പാടുമോ ?”പറയുന്നത് നിര്‍ത്തിയിട്ടു അവര്‍ ചോദിച്ചു.എന്നിട്ട് അവര്‍ തന്നെ ഉത്തരം പറഞ്ഞു.
“നിങ്ങള്‍ പാടും.ആല്‍ബിയെ പോലെ മുഖമുള്ള നിങ്ങള്ക്ക് പാടാതിരിക്കാന്‍ കഴിയില്ല.എനിക്ക് വേണ്ടി രണ്ടു വരി മൂളുമോ?”അവര്‍ പ്രതീക്ഷയോടെ എന്നെ നോക്കി.
അവരുടെ മുഖത്ത് നോക്കി എനിക്ക് എന്ത് കൊണ്ടോ എതിര്‍ക്കാന്‍ കഴിഞ്ഞില്ല.പകരം ഒരു ഗാനം ഞാന്‍ പോലുമറിയാതെ എന്റെ ചുണ്ടില്‍ നിന്നും പൊഴിയാന്‍ തുടങ്ങി.
“മുസാഫിര്‍ ഹും യാരോ..നാ ഘര്‍ ഹെ നാ ട്ടികാനാ..മുച്ചെ ചല്ത്തെ ജാനാ ഹെ...ബസ്.. ചല്ത്തൊ ജാനാ...ഏക്‌ രാഹ് രൂക് ഗയി..തൊ ഓര്‍ ജൂടു ഗയി...”
പുറത്തേക്ക് നോക്കി ഞാന്‍ പതിയെ പാടി.അവര്‍ കണ്ണുകളടച്ചു അത് കേട്ട് കൊണ്ടിരുന്നു.ട്രെയിന്‍ നീങ്ങി ക്കൊണ്ടിരുന്നു.തെങ്ങിന്‍തോപ്പുകളും,കരിമ്പനകളും ,പാടങ്ങളും,ചെറു അരുവികളും,ചെറിയ വീടുകളും,കവലകളും,പാതകളുടെ അരികിലൂടെ കൈ വീശി കാണിച്ചു യാത്രയാക്കുന്ന ഒരിക്കലും ജീവിതത്തില്‍ വീണ്ടും കാണാന്‍ ഇടയില്ലാത്ത കുട്ടികളെയും,പിന്നിട്ടു ട്രെയിന് മുന്നോട്ട് ,ആ പാട്ടിന്റെ താളത്തില്‍ പോയിക്കൊണ്ടിരുന്നു.
പാട്ട് നിര്‍ത്തിയതിനു ശേഷം ഞാന്‍ അവരെ നോക്കി.അവര്‍ കണ്ണുകള്‍ അടച്ചു ഇരിക്കുകയാണ്.വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ,ഏതോ സന്ധ്യയിലേക്ക് അവരുടെ ആത്മാവ് മടങ്ങിയത് പോലെ എനിക്ക് തോന്നി.കണ്ണുകളില്‍ നീര്‍മണികള്‍ തുളുമ്പി നിന്നു.
“കിഷോര്‍ കുമാറിന്റെ ഈ പാട്ട് ആയിരുന്നു അവനു ഏറ്റവും ഇഷ്ടം.പാട്ട് പാടുമ്പോള്‍ അവന്റെ കഴുത്തിന്‌ പിറകിലെ മറുക് തടവി ക്കൊണ്ടിരിക്കും.ഒരിക്കല്‍ അവന്‍ ഈ പാട്ടിന്റെ അര്‍ത്ഥം പറഞ്ഞു തന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്.....ഇതിന്റെ അര്‍ത്ഥം അറിയാമോ ?”അവര്‍ ചോദിച്ചു.
“അറിയാം...ഞാന്‍ അലയുന്ന ഒരു സഞ്ചാരി കൂട്ടുകാരെ..വീടും മേല്‍ വിലാസവുമില്ലാത്ത യാത്രികന്‍....എനിക്ക് നടക്കണം ,നടന്നു കൊണ്ടേയിരിക്കണം..”
“നിങ്ങള്‍ എന്ത് ചെയ്യുന്നു...എങ്ങോട്ട് പോകുന്നു”.”ഞാന്‍ അവരോടു ചോദിച്ചു.
“ഹഹ,ഈ പാട്ട് പോലെ ...അലയുന്ന ഒരു സഞ്ചാരി...നിങ്ങളെ പോലെ തന്നെ മറ്റൊരു ..മുസാഫിര്‍....”.അവര്‍ ദാര്‍ശനികമായി യി ചിരിച്ചു കൊണ്ട് പറഞ്ഞു.
കുറച്ചു നേരം നിശബ്ദമായി ഇരുന്നതിനു ശേഷം അവര്‍ വീണ്ടും പറഞ്ഞു തുടങ്ങി.
“കാര്യങ്ങള്‍ ഭംഗിയായി പോവുകയായിരുന്നു.ആല്‍ബി വളരെ ഹാപ്പിയായിരുന്നു.ഞങ്ങള്‍ മൂന്നു പേര്‍ക്കും പ്ലേസ്മെന്റ് കിട്ടി.അവന്റെ പപ്പ ഗള്‍ഫില്‍ നിന്നും അവധിക്കു നാട്ടില്‍ വന്നു.അവരുടെ പുതിയ വീടിന്റെ പണി പൂര്ത്തി്യായിരുന്നു.അതിന്റെ ഹൗസ് വാമിങ്ങിനു ഞങ്ങള്‍ പോകാനിരിക്കെയാണ് അതുണ്ടായത്‌.അന്ന് നിമ്മിയെ വീട്ടുകാര്‍ക്ക് പരിചയപെടുത്താന്‍ വരെ അവനു പ്ലാന്‍ ഉണ്ടായിരുന്നു.”
“എന്ത് സംഭവിച്ചു ?”
“കോളേജിലെ ഏതോ ആവശ്യത്തിനു പോകുന്നതിനിടയില്‍ അവനു ഒരു ബൈക്ക് ആക്സിഡന്റ് ഉണ്ടായി.തലയ്ക്കു പിന്നില്‍ ഗുരുതരമായി പരുക്കേറ്റു.രണ്ടു മാസം ആശുപത്രിയില്‍ തന്നെ കിടന്നു.ആശുപത്രിയില്‍ നിന്ന് തിരികെ വന്നപ്പോള്‍ പഴയ ആല്‍ബിയായിരുന്നില്ല അവന്‍...അവന്‍ ഏറെ മാറിയിരുന്നു.വല്ലാത്ത മൗനം,തൊട്ടതിനും പിടിച്ചതിനും ദേഷ്യം...തലക്ക് ഏറ്റ പരുക്ക് കാരണം ഉണ്ടായ മാറ്റമാണ് അതിന്റെ കാരണം എന്ന് ഡോക്ടര്മാര്‍ പറഞ്ഞു.അവന്റെ മാറിയ സ്വഭാവം നിമ്മിക് സഹിക്കാന്‍ കഴിഞ്ഞില്ല.അവള്‍ വേറെ ഏതോ ആണ്കുട്ടിയുമായ് സംസാരിച്ചതിന് അവന്‍ അവളെ തല്ലി.നിമ്മിയും അവനും പൂര്‍ണ്ണമായും അകന്നു.പൊടുന്നനെ അവള്‍ക്കു വേറെ ഒരു കാമുകനും ഉണ്ടായി.
കോളേജിലെ മറ്റാരോടും ആല്‍ബി സംസാരിച്ചില്ല.എന്നോടൊഴികെ.സദാ സമയവും അവന്‍ എന്റെ അരികില്‍ ഇരുന്നു.ഇടയ്ക്കു തനിയെ ഇരുന്നു കരയും.അവനു എന്താണ് പറ്റിയതെന്നു അവനു പോലും മനസ്സിലായില്ല.എന്നോടുള്ള അടുപ്പം ഒടുവില്‍ പ്രണയമായി.ഒരു തരം ഭ്രാന്ത് പോലെ..ഞാന്‍ ഒരു കുഞ്ഞിനെ പോലെ അവനെ സ്നേഹിക്കണം എന്ന് അവന്‍ വാശി പിടിച്ചു.ഞാന്‍ എതിര്‍ത്തു.. .എത്ര പറഞ്ഞിട്ടും അവന്‍ സമ്മതിച്ചില്ല.ഒടുവില്‍ ക്ലാസ്സുകള്‍ തീരുന്ന അന്ന് കോളെജിന്റെ അടുത്തുള്ള അക്കേഷ്യ തോട്ടത്തില്‍ വച്ച് അവന്‍ എന്റെ കാലു പിടിചു പറഞ്ഞു.സൂസന്‍,എനിക്ക് നീ കൂടിയില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ല.നാളെ ഞാന്‍ നിന്റെ വീട്ടില്‍ പപ്പയോടൊപ്പം വന്നു നിന്നെ എനിക്ക് കല്യാണം കഴിച്ചു തരാന്‍ പറയട്ടെ.നീ സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും.”
“എന്നിട്ട് ?”ഞാന്‍ വീര്‍പ്പടക്കി ചോദിച്ചു.ട്രെയിന്‍ ഇപ്പോള്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുന്നു.
“നീ ആത്മഹത്യയോ എന്ത് വേണമോ ചെയ്യ്.ദയവു ചെയ്തു എന്റെ ജീവിതം നശിപ്പിക്കരുത്.മൂന്നര വര്‍ഷം നീ നിമ്മിയുടെ കൂടെ സ്നേഹിച്ചു നടന്നതാണ്.ഇനിയും വേറെ ഒരു പെണ്ണിനെ കണ്ടാല്‍ നിനക്ക് മനംമാറ്റം ഉണ്ടാകാം.ഇതൊക്കെ വെറും തോന്നലാണ്..അത് കൊണ്ട് ദയവു ചെയ്തു എന്നെ വെറുതെ വിടൂ..”
ആ സ്റ്റേഷനില്‍ നിന്ന് കയറാന്‍ ആളുകള്‍ കുറവായിരുന്നു.വിജനമായ നീണ്ട പ്ലാറ്റ്ഫോമിന്റെ അങ്ങേ അറ്റത്ത്‌ ഒരു ഗാര്‍ഡ് പച്ച ഫ്ലാഗ് വീശി.ട്രെയിന്‍ വീണ്ടും ചലിച്ചു തുടങ്ങി.
“അതിന്റെ പിറ്റേന്ന് അവന്‍ ആത്മഹത്യ ചെയ്തു.പുതിയ വീടിനോട് ചേര്‍ന്നുള്ള കാര്‍ പോര്‍ച്ചില്‍..”
വല്ലാത്ത ഒരു മൗനം ഞങ്ങള്‍ക്കിടയില്‍ രൂപം കൊണ്ടു.
കാര്‍ പോര്‍ച്ച് !....ഇത് എവിടെയോ കേട്ടത് പോലെ....ആരുടെയോ സംഭാഷണത്തിനിടയില്‍.....ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സൂസന്‍ തുടര്‍ന്നു...മനസ് വഴുതി..
“അവന്‍ മരിച്ചതല്ല.അവനെ കൊന്നത് ഞാനാണ്.എന്റെ വാക്കുകള്‍ അവനെ വല്ലാതെ മുറിപ്പെടുതിയിരുന്നിരിക്കണം.”
അവര്‍ തല കുനിച്ചു.അവരുടെ കണ്ണില്‍ നിന്ന് നീര്‍ത്തുള്ളികള്‍ ഷാളിലെ സ്ഫടികപ്പൊട്ടുകളില്‍ വീണു ചിതറുന്നത്‌ ഞാന്‍ കണ്ടു.
.
“ആ സംഭവം എന്നെ ഒരു രോഗിയാക്കി.ഡിപ്രഷന്‍.വര്‍ഷങ്ങള്‍ ഞാന്‍ മുറിക്കുള്ളില്‍ മൗനമായി കഴിഞ്ഞു....ഇപ്പോഴും ഒരു നെരിപ്പോട് പോലെ ഉള്ളിന്റെ ഉള്ളില്‍ അവന്‍ എരിയുന്നു.ആല്‍ബി.."
“നിങ്ങളല്ല അവനെ കൊന്നത്.ആ ആക്സിഡന്റിനു ശേഷം ,തലക്ക് ഉണ്ടായ പരുക്ക് മൂലം അയാള്‍ക്ക്‌ മാറ്റം ഉണ്ടായില്ലേ...അത് തന്നെയാണ് ആത്മഹത്യയുടെ കാരണവും..”.ഞാന്‍ പറഞ്ഞു.
“ആയിരിക്കാം.എന്നാലും ഒരു പക്ഷെ അവനെ എനിക്ക് രക്ഷിക്കാമായിരുന്നു.അല്ലെ..?”ചോദ്യരൂപത്തില്‍ അവര്‍ എന്റെ കണ്ണുകളിലേക്ക് നോക്കി.
"നിങ്ങള്‍ ശരിക്കും ആല്‍ബിയെ സ്നേഹിച്ചിരുന്നുവോ..."ഞാന്‍ അറിയാതെ ആ ചോദ്യം ഉള്ളില്‍ നിന്ന് പുറത്തേക്കു വന്നു.
അവര്‍ അതിനു മറുപടി പറഞ്ഞില്ല.ഒഴിഞ്ഞ കിണറിന്റെ ശൂന്യത തോന്നിക്കുന്ന കണ്ണുകള്‍ കൊണ്ട് അവര്‍ എന്നെ നോക്കുക മാത്രം ചെയ്തു.ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി..
ഞാന്‍ അവിടെ നിന്ന് എഴുന്നേറ്റു വാതിലിനു അരികിലേക്ക് നടന്നു.ട്രെയിനിന് വല്ലാത്ത വേഗം.ഉള്ളില്‍ എന്തോ ചുര മാന്തുന്നു.വാതിലിനു സമീപം ആരുമില്ല.ഞാന്‍ വാഷ് ബേസിന് അരികില്‍ എത്തി.ടാപ്പ് തുറന്നു മുഖം കഴുകി.മുഖം ഉയര്‍ത്തി കണ്ണാടിയിലേക്ക് നോക്കി.പെട്ടെന്ന് പുറകില്‍ കാറ്റില്‍ എന്തോ കഴുത്തിന്‌ പുറകിലൂടെ മൃദുവായി തടവി കടന്നു പോയി.
"ഞാന്‍ ആല്‍ബിയെ സ്നേഹിച്ചിരുന്നു..അവന്‍ നിമ്മിയുമായി ഇഷ്ടത്തില്‍ ആകുന്നതിനു മുന്‍പേ...ആ കാലമത്രയും ഒരു പ്രാണന്‍ പോലെ അവന്‍ എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു.."..സൂസന്റെ ശബ്ദം.
ഞാന്‍ ഞെട്ടിത്തിരിഞ്ഞു.
പുറകില്‍ അവര്‍ നില്ക്കുന്നു.കാറ്റില്‍ അവരുടെ ഷാള്‍ പറന്നു എന്റെ മുഖത്ത് തട്ടി.അവരുടെ കണ്ണുകള്‍ തിളങ്ങി.ഷാളിലെ സ്ഫടികപ്പൊട്ടുകള്‍ പോലെ. പുഞ്ചിരിയോടെ അവര്‍ പറയുന്നു.
“നിന്റെ കഴുത്തിന്‌ പിറകിലും അതെ മറുക് ഞാന്‍ കണ്ടു.”
അവര്‍ എന്റെ കഴുത്തിന്‌ പുറകില്‍ ചുംബിച്ചു.ഞാന്‍ കണ്ണാടിയിലേക്ക് നോക്കി.
കണ്ണാടിയിലെ എന്റെ പ്രതിഫലനം കണ്ടു ഞാന്‍ ഞെട്ടി.
അത് ഞാനല്ലായിരുന്നു.
എന്നെ പോലെയുള്ള മറ്റൊരാള്‍.ആ കണ്ണുകളില്‍ വല്ലാത്ത ദു:ഖവും നിരാശയും തിങ്ങിയിരിക്കുന്നു.കണ്ണാടിയിലെ ‘ഞാന്‍ ‘എന്നെ നോക്കി എന്തോ പറയാന്‍ ആഞ്ഞു.
പോയ ഏതോ കാലത്തില്‍ നിന്നും അജ്ഞാതനായ ഒരു ആത്മാവ് എന്നില്‍ സന്നിവേശിച്ചുവോ..?
കഴുത്തിന്‌ പുറകില്‍ നിന്ന് അവര്‍ തലമുടിയിലെക്ക് തടവുന്നു.പഴയ ഏതോ മുറിവ് തിരയുന്നത് പോലെ.
ഞാന്‍ കണ്ണാടിയിലേക്ക് നോക്കി.കണ്ണാടിയില്‍ ഞാന്‍ മാത്രമെയുള്ളൂ.യുഗാന്തരങ്ങള്‍ നീളുന്ന ദു:ഖം പൊതിയുന്ന കണ്ണാടിയിലെ അപരന്റെ കണ്ണുകള്‍ എന്നെ തറച്ചു നോക്കുന്നു...എന്റെ പിന്നില്‍ നില്കുന്ന സൂസനെ കണ്ണാടിയില്‍ കാണുന്നില്ല....അപ്പോള്‍ അവര്‍...അവര്‍...
ഒരു വെളിപാടിന്റെ മിന്നല്‍ കൊണ്ടത്‌ പോലെ ഞാന്‍ തിരിഞ്ഞു നോക്കി.ചുറ്റും ആരും ഉണ്ടായിരുന്നില്ല.
അവര്‍ എവിടെ?
വീണ്ടും ആ കണ്ണാടിയിലേക്ക് നോക്കാന്‍ എനിക്ക് ധൈര്യം ഉണ്ടായില്ല.
ഉള്ളില്‍ ഒരു മറുപടി എന്ന പോലെ കിഷോര്‍ക്കുമാറിന്റെആ ഗാനം ഉണരുന്നു.
ഉറക്കത്തില്‍,ഒരു സ്വപ്നത്തില്‍ നിന്ന് മറ്റൊരു സ്വപ്നത്തിലേക്ക് തിരഞ്ഞു പോകുന്നത് പോലെ ട്രെയിന് മുന്നോട്ടു പതിയെ നീങ്ങുകയാണ്.അതിന്റെ ശബ്ദം പരിചിതമായ ഒരു താരാട്ട് പാട്ട് പോലെ നിറയുകയാണ്.
Anish francis
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo