രണ്ടു ദിവസം അടുപ്പിച്ചു അവധി കിട്ടിയാൽ മനസ്സിൽ ലഡ്ഡു പൊട്ടിയമാതിരിയാണ്.
ഉടൻ തന്നെ നാട്ടിലെത്തണം. എല്ലാവരെയും കാണണം. നാടിൻറെ പച്ചപ്പിലൂടെ, നാട്ടു വഴിയിലൂടെ, പറമ്പിലൂടെ നടക്കണം. കുളക്കരയിൽ ചെന്നിരിക്കണം. എത്ര കണ്ടാലും മതി വരാത്ത കാഴ്ചകൾ.
വരുന്നുണ്ട്ന്ന് വിളിച്ചു പറഞ്ഞാൽ നാല് ദിവസം മുന്ബെ തൊട്ടു 'അമ്മ വിളി തുടങ്ങും.
എപ്പോഴാ പോരുന്നത്? എപ്പോ എത്തും?. എത്ര ദിവസം ഉണ്ടാകും.?
പിന്നെ., കാണാൻ പോവേണ്ടവരുടെ ലിസ്റ്റും.
എന്റെ മനസ്സിലും അതൊരു വല്ലാത്ത ഉണർവ്വാണ്.
എന്ത് ഉണ്ടാക്കാനും, വാങ്ങി കഴിക്കാനും ഉള്ള സാമ്പത്തികവും സ്വാതന്ത്ര്യവും ഉണ്ടെങ്കിലും, അമ്മയുണ്ടാക്കുന്ന കൂർക്കഉപ്പേരിയും, കായഉപ്പേരിയും, മത്തങ്ങാ എലിശേരിയുമൊക്കെ എത്ര കഴിച്ചാലും മതിവരാറില്ല.
വീട്ടു മുറ്റത്തെ തെങ്ങു ചെത്താൻ വരുന്ന സുകേഷ് സ്പെഷ്യൽ ആയി തരുന്ന ഒരു ഗ്ലാസ് നാടൻ കള്ള്. ചിലപ്പോഴെങ്കിലും അന്തിക്കള്ളും. അതിന്റെയൊരു ടേസ്റ്റ്.
ആഹാ!!!. പറഞ്ഞറിയിക്കാൻ വയ്യ.
അടുത്തുള്ള ശിവന്റമ്പലത്തിലും ദേവിയുടെ അമ്പലത്തിലും കൃഷ്ണന്റെ അമ്പലത്തിലും അമ്മയോടൊന്നിച്ചൊരു യാത്ര.
ഒറ്റയ്ക്ക് എവിടേം പോവാൻ വയ്യാത്തോണ്ട് ((അത്രയ്ക്ക് വയ്യായ്കയൊന്നുമില്ല.)) ഞാൻ ചെന്നാൽ ബന്ധുവീടുകളിൽ സന്ദർശനത്തിന് പോവാൻ കാത്തിരിക്കുന്ന അമ്മ.
എല്ലായിടത്തും പോയി വന്നാലും കാണും., ബാക്കി പരാതി. എളേമ്മയെ ഒന്ന് കാണാൻ പോണംന്നു വിചാരിച്ചതാ. അതിന് നിനക്കെവിടെയാ സമയം. ഒന്ന് മിണ്ടാൻ കൂടി നേരം ഇല്ലല്ലോ.
ഒരു ഫോൺ വരുന്നത് ഇഷ്ടമല്ല.
റേഞ്ച് ഇല്ലെങ്കിൽ ഒന്ന് പുറത്തേക്കിറങ്ങിയാൽ അപ്പൊ തുടങ്ങും.
വല്ല പാമ്പും കാണും ആ പുല്ലുകൾക്കിടയിൽ. അങ്ങോട്ട് പോണ്ട. അതുമല്ലേൽ തെങ്ങു കയറിയിട്ടില്ല. തേങ്ങ ഇപ്പോഴും വീഴുന്നുണ്ട്. അതോണ്ട് ആ തെങ്ങിന്റെ ചോട്ടില് നിക്കണ്ട. എന്നിങ്ങനെ.
സത്യത്തിൽ പാമ്പും തേങ്ങയും ഒന്നും അല്ല പ്രശ്നം. ആരോടും അധികം സംസാരിക്കേണ്ട എന്ന ധ്വനിയാണ് അതിൽ.
ആരോടും മിണ്ടുന്നത് ഇഷ്ടമല്ല. അമ്മായിയെ ഒന്ന് കാണാൻ പോവട്ടെന്നു പറഞ്ഞാൽ വരെ,
ഓ... നീയിനി അവിടെ പോയിട്ട് എപ്പോ വരാനാ.
തൊട്ടടുത്ത വീടാണെങ്കിലും അവിടെ എത്തുമ്പോഴേക്കും ഇവിടന്ന് വിളി തുടങ്ങും.
അതെല്ലാം സ്നേഹത്തിന്റെ സ്വാർത്ഥതയാണ്.
ഡൈനിങ്ങ് ടേബിളിൽ മാത്രം ഇരുന്നു ഭക്ഷണം കഴിക്കുന്ന സിറ്റി ലൈഫിൽ നിന്നും -
"പടിഞ്ഞാറേ ഉമ്മറത്തെ തിണ്ണയിലിരുന്ന് തൊട്ടപ്പുറത്തെ വീട്ടിലെ മാധവിയേടുത്തിയുടെ വീട്ടിലെ പശുക്കളും, ആടുകളും, പുല്ലു തിന്നുന്നതും നോക്കി ആ പറമ്പിലെ കാഴ്ചകൾ കണ്ട് അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ ഊണ് കഴിക്കുന്നതിന്റെ ഒരു സുഖം!!!
ഖാലിദ്ന്റെ കയ്യിൽ നിന്നും മീൻ വാങ്ങി വീട്ടിലെ ഇരുമ്പൻ പുളിയും., ഉള്ളിയും ഇഞ്ചിയും വേപ്പിലയും ചതച്ചിട്ട് തേങ്ങാ പാൽ ഒഴിച്ച് 'അമ്മ വെക്കുന്ന മീൻ കറി കൂട്ടിയുള്ള ആ ഊണ് ഏതു ഫൈവ് സ്റ്റാർ ഹോട്ടൽലെ ഫാമിലി റൂമിൽ ഇരുന്നു കഴിച്ചാലും കിട്ടില്ല.
റേഡിയോയിൽ മിക്കവാറും ആ സമയം പഴയ ചലച്ചിത്ര ഗാനങ്ങൾ ആയിരിക്കും.
"മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി...
മഞ്ഞൾ കുറി മുണ്ടും ചുറ്റി...
ചിത്ര പാടുന്നു.
എത്ര പെട്ടെന്നാണ് രണ്ടു ദിവസം കഴിഞ്ഞത്.:.
തിരികെ പോരാൻ നേരമാവുമ്പോഴേക്കും തൊടിയിലൂടെ നടന്നു കറി വെക്കാൻ പറ്റിയ കായയും, കപ്പയും, കാച്ചിലും, മാങ്ങാ ഉണ്ടാവുന്ന സമയമാണെങ്കിൽ മാങ്ങയും,
പിന്നെ പച്ചമുളകും, വേപ്പിലയും, എന്തൊക്കെ അവിടെ ഉണ്ടോ അതെല്ലാം. പറമ്പിൽ സഹായിക്കാൻ വരുന്ന ആരെയെങ്കിലും വിളിച്ച് അതെല്ലാം വണ്ടിയിൽ എടുത്തു വെച്ചിട്ടുണ്ടാകും.
കുളം പിടിക്കുന്ന സമയമാണെങ്കിൽ മീൻ മസാല പുരട്ടി തന്നു വിടും.
ആകെ രണ്ടു ദിവസമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും തിരികെ പോരാൻ നേരം പലതും എടുക്കാൻ മറക്കും. ഓരോന്നും 'അമ്മ ചോദിച്ചോണ്ടിരിക്കും അതെടുത്തില്ലേ... ഇതെടുത്തില്ലേ....
എല്ലാം എടുത്തമ്മേ..
ഇനീപ്പോ വല്ലതും ഉണ്ടെങ്കിൽ തന്നെ അടുത്ത തവണ വരുമ്പോ എടുക്കാലോ.
ആ ഒരു പ്രതീക്ഷയാണ് അവിടെന്നു തിരികെ പോരുമ്പോൾ...
ഇറങ്ങാൻ നേരം!
ഉമ്മറപ്പടിയിൽ നിന്ന്.,
അമ്മേ.... പോവാണ് ട്ടാ...
എന്ന് വിളിച്ചു പറയുമ്പോൾ മിക്കവാറും 'അമ്മ അടുക്കളയിലായിരിക്കും. ഉച്ചക്കുണ്ടാക്കിയ മീൻ കറി ഒരു പാത്രത്തിലാക്കി ഓടി കൊണ്ടുവന്നു തരും. വൈകിയാണ് എത്തുന്നതെങ്കിൽ ഒന്നും വെയ്‌ക്കേണ്ടല്ലോ...??
"ആ ഒരു കരുതൽ ഈ ജന്മത്തിൽ വേറെ എവിടന്നു കിട്ടും.
"അമ്മക്ക് പകരം 'അമ്മ മാത്രം". അതൊരു ജന്മ പുണ്യമാണ്."
അത് വാങ്ങുമ്പോൾ എന്റെ ഉള്ളിലൊരു വിങ്ങൽ ഉണ്ടാകും.
"അല്ല. എനിക്കറിയില്ല എന്റെ ഉള്ളിൽ എന്താണെന്ന്."
ഒന്ന് കൂടെ യാത്ര പറഞ്ഞിറങ്ങാൻ നേരം ഒരിക്കലും 'അമ്മ എന്നെ നോക്കാറില്ല. പടിക്കലേക്കായിരിക്കും മിക്കവാറും ആ നോട്ടം.
"ആ നെഞ്ചു പിടക്കുന്നതും, കണ്ണിൽ നിന്ന് നീർത്തുള്ളികൾ ഒഴുകുന്നതും എനിക്ക് മനസ്സിൽ കാണാം"
ഞാനും തിരിഞ്ഞു നോക്കാറില്ല. പടിയിറങ്ങുമ്പോൾ !!!
കാരണം നാളത്തെ എന്നെത്തന്നെയാണ് ഞാനെന്റെ അമ്മയിൽ കാണുന്നത്!!!
By: ResmiGopakumar

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക