നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആൻ അഡൽട്‌സ് ഒൺലി കഥ.ഒരു കോഴിയുടെ ആവലാതികൾ
അഖില പറമ്പ് കോഴി യൂണിയൻ മീറ്റിംഗ്‌
~~~~~~~~~~~~~~
" അച്ചായോ നിങ്ങളിങ്ങനെ വായ്നോക്കി വെള്ളമൊലിപ്പിച്ചു നടന്നോ ദേ അവിടെ മീറ്റിങ് തുടങ്ങാറായെന്നാണ് തോന്നുന്നത്. " സാലി കോഴിയാണ്. അല്ലേലും വേറെ പിടകളോട് ഇത്തിരി മിണ്ടുന്നത് കണ്ടാൽ അപ്പൊ തുടങ്ങും അവൾക്ക് കുശുമ്പ്. പെണ്ണല്ലേ വർഗ്ഗം.
" വിശക്കുന്നെടി സാലിയെ... വല്ലോം കൊത്തിപ്പെറുക്കി തിന്നണം. മീറ്റിങ്ങിൽ ഘോരഘോരം പ്രസംഗിക്കാനുള്ളതല്ലേ. "
" ഓ പിന്നേ നിങ്ങള് കൊറേ ' പ്രസവിക്കണു'. ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. പിള്ളേര് നിക്കുന്നു. ഞാനിന്നാള് കേട്ടതാ നിങ്ങടെ പ്രസംഗം. മാന്യ...മാന്യ...ക്ക ക്ക ക്ക് ബ്ബ ബ്ബ ... ഇതല്ലേ നിങ്ങടെ പ്രസവം. "
ശ്ശെടാ ഇതിവളെപ്പോ കേട്ടു.
" അത് പിന്നെ വിക്കിക്കേറിയപ്പം...ഞാൻ...
ആ നീ കേട്ടത് കേട്ടു. ഇനിയാരോടും പറഞ്ഞു നാറ്റിക്കണ്ട... ഒന്നുമില്ലേലും നിങ്ങക്ക് ഞാനൊരു പൂവൻ മാത്രമല്ലേ ഉള്ളൂ. ഇട്ടേച്ചു പോകും ഞാൻ അത് മറക്കണ്ട. "
" ഓ നിങ്ങളൊന്ന് മാറി തന്നാൽ ഇവിടെ കേറി മേയാൻ തയ്യാറായി നല്ല തലയെടുപ്പുള്ള അടിപൊളി നെഞ്ചുവിരിവുള്ള പൂവന്മാർ പരിസരത്തൊക്കെയുണ്ട്. വിളിച്ചുകേറ്റും ഞാൻ അതും നിങ്ങൾ മറക്കണ്ട."
" ഡീ .... ഡീ.... വേണ്ട... വേണ്ട... മുട്ടു കുത്തി നിക്കുന്ന മുതുക്കി തള്ളയുടെ മുതുകത്ത് കയറി മൂക്കിപ്പൊടി വലിക്കല്ലേ...ഞാൻ ചത്തിട്ട് വേറൊരു പൂവൻ കൂവിയാൽ മതി ഇവിടെ."
" രാവിലെ വെറുതെ ചാവും എന്നുള്ള കൊതിപ്പിക്കുന്ന വർത്താനം പറഞ്ഞു കൊതിപ്പിക്കാതെ മീറ്റിങ്ങിന് പോകാൻ നോക്കച്ചായാ... "
ഹോ വിയർത്തുപോയി. ഇതിനെയൊന്നും ഒരു പരുന്തും പിടിച്ചോണ്ട് പോകുന്നില്ലല്ലോ. അല്ലേലും ഈ പെണ്ണുങ്ങൾക്ക് ആദ്യത്തെ പേടി മാറുന്നത് വരെയുള്ളൂ ബഹുമാനം. പിന്നെ തലയിൽ നിന്നിറങ്ങില്ല. ഈ മനുഷ്യന്മാരൊക്കെ എങ്ങിനെയാണാവോ ഒരെണ്ണത്തിന്റെ കൂടെ ജീവിതകാലം മുഴുവൻ ജീവിക്കുന്നത്.
ഗോവിന്ദേട്ടന്റെ പറമ്പിലെ മീറ്റിങ്ങിന് പൂവന്മാർ എത്തിച്ചേരുന്നതിന്റെ കൊക്കലും കൂകലും കേട്ട് തുടങ്ങി. അല്ലേലും ഒരുകാര്യത്തിന് നേരത്തെ പോകാമെന്ന് കരുതിയാൽ കൂട്ടത്തിലുള്ള പിടകൾ സമ്മതിക്കില്ല. അച്ചായാ ദേ ഒരു വറ്റ്, അച്ചായാ ദെ ഒരു ഇര, എന്നൊക്കെ വിളിച്ചു തീറ്റിക്കും. അല്ല എനിക്ക് ആരോഗ്യം ഉണ്ടായലല്ലേ അവർക്കും ഗുണമുള്ളൂ. യേത്..?
പക്ഷേ തിന്ന് കൊഴുത്ത് വരുമ്പോഴാണ് വീട്ടുകാരുടെ കണ്ണ് ആർത്തി രൂപത്തിൽ മേല് വന്ന് പതിക്കുക എന്നത് അവർക്കറിയില്ലല്ലോ.
ആ പൂതന മരോൾടെ അടുത്തു കൂടി ഇന്നാള് പോയപ്പോ വായിലെ വെള്ളത്തിൽ കപ്പലോടുന്നതിന്റെ രണ്ടു മൂന്ന് സൈറൻ വിളി കേട്ടതാണ്. ഒട്ടും മടിച്ചില്ല അവളുടെ മുഖത്ത് നോക്കി തന്നെ നൈസ് ആയിട്ട് ഒരു അപ്പിയിടൽ.
ദേ വരണ് വായിലെ വെള്ളം മുഴുവൻ ഒറ്റയടിക്ക് തുപ്പലായിട്ടു പുറത്തേക്ക്. പണ്ടാരം കോഴി എന്നൊരു പ്രാക്കും. അയ്യടി മോളേ അങ്ങിനിപ്പോ എന്നെ കണ്ട് നീ കൊതിക്കണ്ട.
"അച്ചായാ ആലോചന മതി മീറ്റിങ് മീറ്റിങ്."
പേര് വിളി തുടങ്ങിയോ ആവോ തുടങ്ങിയെങ്കിൽ പോർവിളി ആകും. ഒറ്റ ഓട്ടം.
എന്നും ഇരിക്കാറുള്ള സ്ഥിരം സൈഡ് ബുക്കിങ് ആണ്. വേറൊന്നുമല്ല ആ സൈഡ് നേരത്തെ വരുന്നവർ കയ്യേറും അവിടെ ഇരുന്നാൽ ഗോവിന്ദേട്ടന്റെ കൂട്ടിൽ കിടക്കുന്ന മൂന്ന് പിടക്കോഴികളെ നല്ലോണം വായ്നോക്കാം എന്നത് തന്നെ കാരണം.
യോഗനടപടികൾ ആരംഭിക്കുകയായി. സ്വാഗതം ഗോവിന്ദേട്ടന്റെ കോഴി.
" ഇവിടെ കൂടിയിരിക്കുന്ന എല്ലാവർക്കും സ്വാഗതം. " ടപ്പെന്ന് അത് കഴിഞ്ഞു.
അധ്യക്ഷൻ ഖാദറിക്കയുടെ പൂവ്വൻകോഴി.
" കൊക്കുന്നവരും കൂവുന്നവരുമായ പ്രിയ പൂവ്വങ്കോഴികളേ... നിങ്ങൾക്കെന്റെ നമസ്കാരം. നിങ്ങൾക്കറിയാം നാമെല്ലാവരും വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന്. നാമോരോരുത്തരും ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. അവസാനതുള്ളി ചോര വരെയും നാം ചിറകിട്ടടിച്ചു കൊക്കി കൂവി പ്രതിഷേധിക്കണ്ടതാണെന്നു ഞാൻ വീണ്ടും വീണ്ടും നിങ്ങളെ ഓർമ്മിപ്പിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും എന്റെ നന്ദി നമസ്കാരം. "
എല്ലാ മീറ്റിങ്ങിനും ഖാദറിക്കയുടെ പൂവൻകോഴി ഇതാണ് പ്രസംഗിക്കുന്നത്. ആ പ്രതിസന്ധി എന്താണെന്ന് ആർക്കും അറിയില്ല. ഖാദറിക്ക ഒരു രാഷ്ട്രീയക്കാരനാണ്. മൂപ്പീന്ന് വീട്ടിലെ പ്രാക്ടീസ് ചെയ്യുന്ന പ്രസംഗത്തിൽ നിന്ന് എവിടെയോ കേട്ടതാണ് ഇവിടെ കൊണ്ടുവന്നു കാച്ചുന്നത് എന്നൊരു പറച്ചിൽ പിറുപിറുക്കലുകളായി അവിടുണ്ട്. പക്ഷേ പ്രസംഗിക്കാൻ വേറാർക്കും അറിയില്ലാത്തത് കാരണം സഹിക്കുക തന്നെ.
അടുത്തതായി പരാതികൾ. ഓരോരുത്തരായി പരാതികൾ പറയേണ്ടതാണ്. അധ്യക്ഷൻ അനുമതി കൊടുത്തു.
ആദ്യമായി പരാതി പറയാൻ വന്നത്. കോഹിനൂർ രാജമ്മയുടെ പൂവൻകോഴിയാണ്.
" എല്ലാവർക്കും നമസ്കാരം. എനിക്ക് പറയാനുള്ള പരാതി വേറൊന്നുമല്ല. ഞങ്ങളുടെ വീട്ടിൽ മൂന്ന് പൂവന്മാരാണ് ആകെ ഒരു പിടയെ ഉള്ളൂ. രൂക്ഷമായ പിടക്ഷാമം കൊണ്ട് വലയുകയാണ് ഞങ്ങൾ. മറ്റു ചിലർ ഇവിടെ ഒറ്റയ്ക്ക് അഞ്ചും ആറും പിടകളെ കൊണ്ട് നടക്കുന്നതിന്റെ ഇടയിലാണ് ഞങ്ങൾ ക്ഷാമം കാരണം വലയുന്നതെന്നോർക്കണം. എന്റെയും അനിയന്മാരുടെയും ആവശ്യം ഒരു പൂവന് ഒരു പിട എന്ന നിയമം ഇവിടെ പ്രാബല്യത്തിൽ വരണം എന്നതാണ്. യൂണിയൻ ഇടപെട്ട് ഇക്കാര്യത്തിൽ ഒരു അടിയന്തിര തീരുമാനം എടുക്കണം."
" ആ പൂതിയും വെച്ചു എന്റെ അതിർത്തിയിലേക്കെങ്ങാനും വന്നാൽ പരപ്പനങ്ങാടി പൂരത്തിന് പരിപ്പ് വിതറിയ പോലെ ചിതറിച്ചു കളയും ഞാൻ "
അലർച്ച പോലെയുള്ള ആ ഡയലോഗ് ഗീർവാണം ഗിരീശന്റെ കോഴിയുടേതാണ്. മൂപ്പർക്ക് ഒന്നും രണ്ടുമല്ല എട്ടു പിടകൾ ആണ് കൂടെയുള്ളത്. മേല്പറഞ്ഞ രാജമ്മയുടെ പൂവന്മാരുമായി സ്ഥിരം മൽപ്പിടിത്തം നടത്തുക എന്നത് ഗിരീശന്റെ കോഴിയുടെ വ്യായാമം ആയിരിക്കുന്നു.
" എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകുന്നതാണ് ആരും ഇടയ്ക്ക് കയറി സംസാരിക്കരുത്. ഇത് യൂണിയൻ ചർച്ചയ്ക്ക് വേണ്ടി എടുക്കുന്നു. " അധ്യക്ഷൻ നിയന്ത്രണം ഏറ്റെടുത്തു.
തുടർന്ന് നടന്നത് ചിറകിട്ടടിയും കൊക്കലും കൂവലുമായി പൊരിഞ്ഞ ചർച്ചയായിരുന്നു. ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണമെന്ന് കർത്താവ് പറഞ്ഞിട്ടുണ്ടെന്നു കോഹിനൂർ പൂവൻ പറഞ്ഞപ്പോൾ ആ കർത്താവ് ജനിച്ചതിനും മരിച്ചതിനും ഉയിർത്തെഴുന്നേറ്റതിനും ഏറ്റവും അധികം രക്തസാക്ഷികളായായിട്ടുള്ളത് പാവം കോഴികളാണെന്നു പറഞ്ഞു ഗീർവാണം പൂവൻ അതിന് തടയിട്ടു.
ഹോ ഒന്നും പറയണ്ട കുറേനേരത്തേക്ക് ഗോവിന്ദേട്ടന്റെ പറമ്പിൽ ' കൊക്കോ കൊ കൊ കൊ കൊ കൊക്കോ ' ബഹളം ആയിരുന്നു. ചർച്ച ചാടിക്കൊത്ത് കലാപരിപാടിയിലേക്ക് കടന്നപ്പോൾ അധ്യക്ഷൻ വീണ്ടും ഇടപെട്ടു.
" അണികൾ അക്രമാസക്തമായാൽ കീരിക്കേശവന്റെ അങ്കക്കോഴികളെ ഇറക്കി കൂട്ടക്കൊത്ത് എന്ന ശിക്ഷയ്ക്ക് ഉത്തരവിടേണ്ടി വരും. "
ഹോ പെയ്തോണ്ടിരുന്ന മഴ ഒന്നരക്കൊല്ലത്തേക്ക് ടൂർ പോയ പ്രതീതി. ഇത്രമാത്രം അച്ചടക്കവും നിശ്ശബ്ദതയുമുള്ളവരാണ് കുറച്ചുനേരത്തെ ഇവിടെ കിടന്ന് അടികൂടിയതെന്നു പറഞ്ഞാൽ കുഞ്ഞു കൊച്ചു പോലും വിശ്വസിക്കില്ല. കീരിക്കേശവന്റെ അങ്കക്കോഴികൾക്കുള്ള ഒരു ബഹുമാനമേ.
തുടർന്ന് ഭൂരിപക്ഷ അഭിപ്രായ പ്രകാരം വോട്ടെടുപ്പ് നടത്തിയതിൽ ഏഴിനെതിരെ പതിനൊന്ന് വോട്ടുകൾക്ക് കോഹിനൂർ പൂവന്റെ ടീം തോറ്റുപോയി. കൊതിച്ചത് കിട്ടാത്ത ദുഃഖത്തിൽ അവനും പരിവാരങ്ങളും യോഗത്തിൽ നിന്നിറങ്ങി പോയി.
" ഇനിയാർക്കെങ്കിലും എന്തെങ്കിലും പരാതി പറയാനുണ്ടോ. " അധ്യക്ഷന്റെ അടുത്ത ചോദ്യം വന്നു.
ഉടനെ കഞ്ഞിപ്പുര നാണുവിന്റെ പൂവൻ എഴുന്നേറ്റു.
" എനിക്ക് പറയാനുള്ള പരാതി. നമ്മൾ കോഴികൾക്ക് അർഹമായ പരിഗണന മനുഷ്യർ തരുന്നില്ല എന്നതാണ്. മുറ്റവും പരിസരവും വൃത്തിയാക്കുന്നത് നമ്മൾ കോഴികൾ, പറമ്പിൽ ചിക്കിചികയുന്നത് നമ്മൾ കോഴികൾ, പാമ്പിനെ കണ്ടാൽ ആദ്യം കൊക്കുന്നത് നമ്മൾ കോഴികൾ എന്താകാര്യം വെറുതെ കൂട്ടിൽ കിടന്ന് ആരെയെങ്കിലും കണ്ടാൽ കുരയ്ക്കുന്ന പട്ടിക്ക് ഇറച്ചിയും മീനും കൂട്ടി ഊണ്. ആണ്ടിനും ചങ്ക്രാന്തിക്കും വല്ല എലിയെ പിടിക്കുന്ന പൂച്ചയ്ക്കും അതുപോലൊക്കെ തന്നെ. ഇത്രയും കഷ്ടപ്പെടുന്ന നമുക്ക് കിട്ടുന്നതോ... ഏറും ആട്ടും... പോരാത്തതിന് നമ്മുടെ പിടകൾ പാരമ്പര്യ സംരംക്ഷണത്തിനായി ഇട്ടുകൂട്ടുന്ന മുട്ടകൾ പൊരിച്ചും പുഴുങ്ങിയും തിന്നുന്നു. ഇന്നാള് നോക്കിയപ്പോ ആട്ടിന്കുട്ടിക്ക് വരെ കൊടുക്കുന്നു മുട്ട. എന്തൊരക്രമം... എന്തോരഹമ്മതി... അതും പോരാഞ്ഞിട്ട് ഏതേലും കുരുത്തം കെട്ടോറ്റ വിരുന്ന് എന്ന് പറഞ്ഞു കെട്ടിയെടുത്താൽ അപ്പൊ വീഴും കഴുത്തിൽ കത്തി. ഇതെന്താ ' ന കോഴി സ്വാതന്ത്ര്യമർഹിതിയോ ' നമുക്കൊരു യൂണിയൻ ഉണ്ടായിട്ട് ചോദിക്കാനും പറയാനും ആരുമില്ല എങ്കിൽ വലിയ കഷ്ടമാണ്. "
" ഉണ്ടായിരുന്നു... നിന്നെക്കാൾ വലിയ വിപ്ലവകാരികൾ... അവരൊക്കെ ഇപ്പൊ ഏത് ഏത് ഞരമ്പിൽ ഊർജ്ജ്‌മായി ഓടുകയാണോ ആവോ " അധ്യക്ഷന്റെ ആ ഒറ്റ ആത്മഗതത്തിൽ അത്രേം വലിയ പരാതി ഒലിച്ചു പോയി.
" ഇനിയെന്തേലും...? "
ഇപ്പോൾ എഴുന്നേറ്റ് നിന്നത് ഉള്ളതിൽ ഫ്രീക്ക് ആയ ചെറുപ്പക്കാരൻ പൂവൻ, ഇമ്മടെ അർനോൾഡ് ശങ്കരന്റെ പൂവൻ
" ഈ നാട്ടുകാര് മുഴോൻ എന്തിനാ മച്ചാന്മാരെ ഈ വായ്നോക്കികളായ ചെറുപ്പക്കാരെ കോഴീ കോഴീ എന്ന് വിളിക്കണേ. അവര് മനുഷ്യോർക്ക് വേറെ എന്തെല്ലാം പേര് കെടക്കണ്... പിന്നേം എന്തിനാണ് നമ്മളീ മിണ്ടാപ്രാണിയോൾടെ മെക്കിട്ട് കേറണത്.
ഇന്നാള് വഴീക്കോടെ പോകുമ്പോ കാണാൻ ഒരു മൊഞ്ചത്തി പെൻകുട്ടീ കോഴീ ന്ന് ഒറ്റ വിളി. ഞാൻ എന്താണാവോ ന്ന് വെച്ചു ഓടി ചെന്നപ്പോ ദേ കെടക്കണ് ചട്ടീം കലോം കൂടെ കെട്ടിമറിഞ്ഞു അമ്പത്താറു കഷ്‌ണായിട്ടു....
അയ്‌ എന്നെയല്ലന്ന്...
ദാണ്ടേ നിക്കണ് വേറൊരുത്തൻ... ഒരു ചെറുപ്പക്കാരൻ ചേട്ടൻ... അവൻ്റെ വായിലാണെങ്കി ശാസ്താംകോട്ട തടാകത്തിലെ വെള്ളം മുഴോനും ഉണ്ട്. ഹോ ഇമ്മടെ തൊലിയാ ഉരിഞ്ഞു പോയി മച്ചാന്മാരെ... ഈ വക വെടക്ക് കെട്ടോന്മാരെ വിളിക്കണ പേരത്രേ കോഴീന്ന്. ഇമ്മക്ക് ഇതിലും വല്യ അപമാനം ണ്ടാ. അല്ല മച്ചൻസ് പറയ്. ഞാൻ പറേണതിൽ വല്ല ന്യായോണ്ടാ... "
" നീ പറയുന്നത് ശരിയാണ്. പക്ഷേ നിലവിൽ ഇതിന് ഒരു മറുപടിയെ ഉള്ളൂ. അത്.... ' ആരോട് പറയാൻ ആര് കേൾക്കാൻ ' എന്നതാണ്. " അധ്യക്ഷൻ വക ഉത്തരം കിട്ടി ബോധിച്ച ഫ്രീക്കൻ വീണ്ടും സൈലന്റ്.
" ഇനിയാർക്കും ഒന്നും പറയാനില്ലെങ്കിൽ യോഗം പിരിച്ചു വിടാമായിരുന്നു.
അപ്പോഴാണ് കൂട്ടത്തിലെ മുതിർന്ന ആ പൂവൻ കോഴി എഴുന്നേറ്റത്. കണ്ടാൽ തന്നെ ഒരു സ്വാമി ലുക്ക് ഉള്ള ആ പൂവൻകോഴി...
" എനിക്ക് പറയാനുള്ളത് ഒരു നിർദേശമാണ്. നമ്മൾ കോഴികൾ മൂലം പിള്ളേർ വഴി തെറ്റിപോകുന്നു എന്നൊരു പരാതിയുണ്ട്. ഈ പാടത്തും പറമ്പിലും പിടകളെ ഓടിച്ചിട്ട് ××× ചെയ്യുന്നത് മൊട്ടേന്ന് വിരിയാത്ത പിള്ളേര് വരെ വായും പൊളിച്ചാണ് നോക്കി നിൽക്കുന്നത്. അത് പിള്ളേരെ വഴി തെറ്റിക്കും എന്നൊരു പരാതി മനുഷ്യർക്കിടയിൽ പരക്കെയുണ്ട്. ഇതിനൊക്കെ ഒരു ഒളിവും മറവും നേരവും കാലവും വേണമെന്ന് യൂണിയൻ മുമ്പാകെ അപേക്ഷ സമർപ്പിക്കുന്നു. " കേശുവമ്മാവന്റെ പൂവൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു.
" ഓ പിന്നേ... പയിനായിരം പ്രാവശ്യം വലം വെച്ചിട്ടാണ് ഒന്ന് വളഞ്ഞു കിട്ടുന്നത്. അതിനെയൊക്കെ ഇനി ഒളിസങ്കേതത്തിൽ കൊണ്ടോണം എന്ന് പറഞ്ഞാ... ഇപ്പൊ നടക്കണ കാര്യാ... കെളവൻ പൂവന്റെ ഐഡിയ കൊള്ളാം. അതങ്ങ് പ്ലാംങ്ങറ പള്ളിയിൽ ചെന്ന് പറഞ്ഞാൽ മതി. " ആ നിർദേശത്തിനു മറുപടിയായി കച്ചിത്തോട്ടു കുമാരന്റെ പൂവൻ പറഞ്ഞു.
" ഏയ്...ഏയ്... അതൊന്നും ശരിയാവില്ല. അത്ര നിർബന്ധമുള്ള മനുഷ്യർ ആദ്യം മൊബൈലും ടിവിയും ഇന്റർനെറ്റും ഒക്കെ നിരോധിക്കാട്ടെ. അപ്പൊ ആലോചിക്കാം. "
ഒരു ചർച്ചയ്ക്കും വിടാതെ അധ്യക്ഷൻ ആ നിർദേശം തള്ളി.
" ടാ വായ്നോക്കി.... വാ വന്നേ വന്നു നന്ദി പറയ്. "
നോക്കണ്ട ഇമ്മടെ നായകൻ കോഴിയെ തന്നെയാണ് വിളിച്ചത്. ഗോവിന്ദേട്ടന്റെ പിടകളിൽ ഒന്ന് വളഞ്ഞു തുടങ്ങിയ സമയത്താണ് ആ വിളി വന്നത്. മനസ്സില്ലാ മനസ്സോടെ ഇമ്മടെ നായകൻ പൂവൻ അതങ്ങട് കാച്ചി. മറ്റേ... അതന്നെ...ദിത്
" മാന്യ...മാന്യ...ക്ക ക്ക ക്ക് ബ്ബ ബ്ബ ...വന്നോർക്കും പോയോർക്കും എല്ലാർക്കും നന്ദി "
അതന്നെ എടുത്ത് ഞാൻ നിങ്ങടെ അടുത്തും കാച്ചുന്നു.
ഇവിടെ വട്ടം കൂടി നിന്ന് എല്ലാം വായിച്ച എല്ലാർക്കും നന്ദി.
ഇതൊക്കെ കേട്ട് തീർന്നു എന്നുകരുതി ഞാൻ തിരിച്ചു പോന്നതാണ്. പക്ഷേ ഞാൻ പോലുമറിയാതെ ഒരു റിപ്പോർട്ടർ അവിടെ ഉണ്ടായിരുന്നു. സാഹസികതയെ തീവ്രമായി പ്രണയിക്കുന്ന ആ റിപ്പോർട്ടറുടെ പേരാണ്. Sreeja Praveen. റിപ്പോർട്ട് വായിച്ച ഞമ്മക്ക് പെരുത്തിഷ്ടായി. " ശ്രീജ ഈസ് എ നമ്പർ വൺ കോഴി റിപ്പോർട്ടർ " എന്ന് അപ്പൊ തന്നെ അവാർഡും കൊടുത്തു. പുതുതായി തുടങ്ങാൻ പോകുന്ന ' കോഴിക്കഥ തനി നാടൻ' എന്ന സിനിമയിൽ നായിക വേഷവും കൊടുത്തു.
ശ്രീജയുടെ റിപ്പോർട്ട് ചുവടെ ചേർക്കുന്നു.
ഒരു കോഴിമഹാസമ്മേളനത്തിന്റെ ഓർമയ്ക്ക്....
എല്ലാരും പിരിഞ്ഞു പോകല്ലേന്ന്.
ഈ കഴിഞ്ഞ മീറ്റിംഗിന്റെ മിനിറ്റ്സ് മുഴുവൻ അടുത്ത മാസം നടക്കുന്ന കോഴി യൂണിയന്റെ വാർഷിക പൊതുയോഗത്തിൽ വായിക്കാനും പാസ്സാക്കാനുമായി തയ്യാറാക്കാനുള്ള ചുമതല ഗിരിരാജൻ കോഴിയെ ഏല്പിച്ചിരിക്കുന്നു.
വാർഷിക പൊതുയോഗത്തിൽ എല്ലാവരും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടക സമിതി ഓർമിപ്പിക്കുന്നു.
കാനേഷുമാരി കണക്കെടുപ്പിനായി പിടകൾ താഴെ പറയുന്ന വിവരങ്ങൾ പട്ടികപ്പെടുത്തി എത്തിക്കണം -
1. മൊത്തം ഇട്ട മുട്ടകൾ എണ്ണം
2. വിരിഞ്ഞ മുട്ടകൾ എണ്ണം
( പിട - പൂവൻ തിരിച്ചുള്ളത്)
3. മനുഷ്യൻ പുഴുങ്ങാനെടുത്ത മുട്ടകൾ എണ്ണം.
4. നഷ്ടപ്പെട്ട മുട്ടകൾ എണ്ണം ( പാമ്പ് പൂച്ച ഇത്യാദി ശത്രുക്കൾ സഹായിച്ചത്)
5. ദിവംഗതരായി, ഫ്ര്യൈ, കറി,മരുന്ന് - ഇത്യാദികളായി പുനരവതരിച്ച കുടുംബാംഗങ്ങളുടെ എണ്ണം.
വാർഷിക പൊതു യോഗത്തിലേക്ക്, വർധിത വീര്യത്തോടെ,
അധ്യക്ഷൻ
ഖാദറിക്കയുടെ പൂവൻ കോഴി
ഒപ്പ്.
------------------------------------------------------------
എഴുതിയത് - മുകളിൽ വട്ടം കൂടി നിന്നു വായിച്ച
കോഴിയെ കാണുക മാത്രം ചെയ്യാറുള്ള ഞാൻ.
രണ്ടു കയ്യടി ശ്രീജയ്ക്കും കൊടുത്തേക്കണേ ( രണ്ടെണ്ണം മതി ട്ടാ അല്ലെങ്കിൽ അഹങ്കാരമാകും )
Sanjay Krishna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot