നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കർക്കിടകമേഘങ്ങൾ

Image may contain: 1 person, sitting, sunglasses and closeup

•••••••••••••••••••••••••••••••••••••••
“ദേണ്ടാ ഉണ്ണ്യേ ഇപ്പൊ മഴ പെയ്യൂന്നാ തോന്നണേ,
കളി മത്യാക്കാം, ദേ ഇരുട്ടാവുന്നു.”
താഴെ നിൽക്കുന്ന കൂട്ടുകാരന്റെ മുന്നറിയിപ്പൊന്നും ഉണ്ണി കേൾക്കുന്നില്ല. ഉണ്ണി ഉയരങ്ങളിലേക്ക്‌ കുതിക്കുകയാണു.
ഒരു വാനരന്റെ മെയ്‌വഴക്കത്തോടെ,അത്രമേൽ മരപരിചയമുള്ളൊരു അഭ്യാസിയെ പോലെ.
അവനിനിയും മുകളിലെത്തണം.
സ്കൂൾ വിട്ടു വന്ന് വല്ലതും കഴിച്ചോ- കഴിക്കാതെയോ ഉണ്ണിയും കൂട്ടുകാരും ആദ്യം ഓടിയെത്തുന്നത്‌ ഈ കശുമാവിന്റെ ചുവട്ടിലാണു. ആദ്യം മരച്ചുവട്ടിലെത്തണം ഇല്ലെങ്കിൽ അന്ന് മുഴുവൻ കുരങ്ങനായിരിക്കേണ്ടി വരും.
കാരണം അവസാനം ആരാണോ മരത്തിൽ തൊടുന്നത്‌ അവനാണു കുരങ്ങൻ. മരത്തിന്റെ ചുവട്ടിൽ ഒരു ചെറിയ മരക്കോൽ വച്ചിട്ടുണ്ടാകും. അവസാനം എത്തുന്ന ആൾ ആരോ അയാൾ മരത്തിന്റെ മുകളിലുള്ള ഒരാളെ തൊട്ട്‌ വന്ന് ഈ കോൽ മരത്തിൽ അടിച്ചാൽ മാത്രമേ ഈ “കുരങ്ങൻ പദവി” മറ്റൊരാൾക്ക്‌ കിട്ടുകയുള്ളൂ. അഥവാ കുരങ്ങൻ ഒരാളെ തൊട്ട്‌ കോൽ അടിക്കുന്നതിനു മുന്നെ മറ്റൊരാൾ ഇറങ്ങി കോൽ അടിച്ചാൽ നിലവിൽ ആരാണൊ കുരങ്ങൻ അയാൾ തന്നെ വീണ്ടും കുരങ്ങനായി തുടരുകയും ചെയ്യും. ഇതാണു “കുരങ്ങനപ്പം” എന്ന കളി.
ഉണ്ണിക്ക്‌ ഒരിക്കലും കുരങ്ങനാകേണ്ടി വരാറില്ല. അത്രമേൽ മുകളിൽ, ആ മരത്തിന്റെ ഏറ്റവും ഉയരത്തിലെ കൊമ്പിലിരുന്ന് അങ്ങകലെയുള്ള ദൂരകാഴ്ചകൾ കാണുക എന്നതായിരുന്നു അവനേറ്റവും ഇഷ്ടമുള്ള കാര്യം.
അതിനു വേണ്ടി മാത്രമാണു അവനെന്നും അവരുടെ കൂടെ കളിക്ക്‌ വരുന്നത്‌ തന്നെ. ദൂരെ നിന്നും വിറക്‌ കെട്ടുമായി കുന്നിറങ്ങി വരുന്ന സ്ത്രീകൾ, പാടവരമ്പിൽ പുല്ലരിയുന്നവർ, പശുവിനെ മേയ്ക്കുന്നവർ, ആറ്റിൽ കുളിക്കുന്നവർ, തോട്ടിറമ്പിൽ കന്നുകളെ കുളിപ്പിക്കുന്നവർ അങ്ങനങ്ങനെ അവന്റെ കണ്ണുകൾക്ക്‌ ആ കാഴ്ചകൾ അനുദിനം പുതുമയുള്ളതായിരുന്നു.
ഒരിക്കലും മടുക്കാത്ത കാഴ്ചകൾ.
ദൂരേക്കാഴ്ചകളെ ‌ ഇരുട്ട്‌ മറച്ചപ്പോളാണവൻ ചുറ്റും ശ്രദ്ധിച്ചത്‌. അന്തരീക്ഷം പെട്ടെന്ന് ഇരുണ്ടിരിക്കുന്നു.
പടിഞ്ഞാറൻ ചക്രവാളത്തിലെ അസ്തമനചെങ്കതിരുകളെ കറുത്ത മേഘങ്ങൾ മൂടിക്കൊണ്ടിരിക്കുന്നു. ദൂരേ നിന്നേ “ശൂ…” എന്ന ഹൂങ്കാരശബ്ദവുമായി വന്ന കാറ്റിൽ ആ കശുമാവും ഒന്ന് ആടിയുലഞ്ഞപ്പോൾ ഉണ്ണി അള്ളിപ്പിടിച്ച്‌ താഴേക്കിറങ്ങി തുടങ്ങി. അപ്പോഴേക്കും കൂട്ടുകാരൊക്കെ വീടുകളിലേക്ക്‌ മടങ്ങിയിരുന്നു.
“ന്താപ്പോ പെട്ടെന്നിങ്ങനൊരു മാറ്റം?”
ഇറങ്ങുന്നതിനിടയിൽ ഇതും ഓർത്ത്‌ താഴെ എത്തുമ്പോഴേക്കും അന്തരീക്ഷത്തിലാകെ പൊടി പടലങ്ങൾ നിറഞ്ഞിരുന്നു.
കശുമാവിന്റെ ചുറ്റുമുള്ള ഉണങ്ങിയ ഇലകൾ പൊടിപടലങ്ങളോടൊപ്പം ഉയരത്തിൽ പൊങ്ങി തുടങ്ങി.
ധൃതിയിൽ പാടവരമ്പിലൂടെ വീട്ടിലേക്ക്‌ നടന്ന് നീങ്ങുമ്പോൾ ‌ പരസ്പരം “തൊട്ടു തൊട്ടില്ല” എന്ന മട്ടിൽ കവുങ്ങുകളും തെങ്ങുകളും ആടി ഉലയുന്നതും ചിലതിൽ നിന്നും ഓലകൾ അടർന്ന് വായുവിൽ പറന്ന് താഴെ വീഴുന്നതും ഉണ്ണി കണ്ടു.
കവുങ്ങുകൾ ചിലത്‌ പകുതിയിൽ മുറിഞ്ഞ്‌ അവിടവിടെ കിടക്കുന്നു,
കാറ്റിനെ താങ്ങാൻ കഴിയാത്ത മരച്ചില്ലകളടർന്ന് വീണുകൊണ്ടിരിക്കുന്നതിനിടയിൽ വീണുകിടന്നൊരു പ്ലാവിൻകൊമ്പിലേക്ക്‌ നാവ്‌ നീട്ടിയ അമ്മച്ചിയാടിനെ പ്രാകി കൊണ്ട്‌ ആഞ്ഞ് വലിച്ച്‌ നടന്ന ആമിനുമ്മയോട്‌ ഉണ്ണിക്ക്‌ വല്ലാത്ത കലിപ്പ്‌ തോന്നിയെങ്കിലും പുറമേ കാണിക്കാതെ ഉണ്ണി വേഗത്തിൽ വീട്ടിലേക്കുള്ള നീളൻ പറമ്പിലേക്ക്‌ കയറി.
ചുറ്റും ഇരുട്ട്‌ പരക്കുന്നു. കാറ്റിൽ മഞ്ഞുതുള്ളികൾ പോലെ തണുപ്പ്‌ അന്തരീക്ഷത്തിലും ശരീരത്തിലും പടരാൻ തുടങ്ങി.
പറമ്പിന്റെ ഓരത്ത്‌ മരച്ചുവട്ടിൽ വൈക്കോൽ ഇട്ട്‌ കെട്ടിയ കാളക്കൂറ്റന്മാരെ അഴിച്ച്‌ ആലയിലേക്ക്‌ കൊണ്ടുവരാൻ പാട്‌ പെടുന്ന അപ്പൂപ്പൻ,
എന്തോ കണ്ടിട്ടെന്ന പോലെ ഭയപ്പെട്ട്‌ രണ്ടും മുരണ്ട്‌ കൊണ്ടിരിക്കെ ഉണ്ണി ഓടി ചെന്ന് അവയെ പിന്നിൽ നിന്ന് തള്ളി അപ്പൂപ്പന്റെ കൂടെ കൂടി.
അപ്പൂപ്പന്റെ വലിയുടെ ശക്തിയേക്കാൾ ഉണ്ണിയുടെ കുഞ്ഞിക്കൈകളെ അനുസരിച്ച്‌ രണ്ടും ആലയിലേക്ക്‌ കയറി.
തൊട്ടിപ്പുറത്തെ ചെരിച്ച്‌ കെട്ടി ചുറ്റും മറച്ച ചെറിയ കൂട്ടിൽ തള്ളയാടും കുഞ്ഞുങ്ങളും ഭയചകിതരായി ദൂരേക്ക്‌ നോക്കി നിൽക്കുന്നു.
മുറ്റത്ത്‌ കോഴിക്കൂട്ടത്തോട്‌ പടവെട്ടുന്നു അമ്മൂമ്മ. മൺകൂടിന്റെ വാതിൽപടിയോളം എത്തി അന്തിച്ച്‌ നിന്നൊരു പൂവൻ കോഴിയെ വടി വീശിയപ്പോൾ കോഴി പറന്ന് അടുത്തുള്ള പുളിമരത്തിൽ ഇരിപ്പുറപ്പിച്ചു.
ആദ്യം നല്ല നിലയിൽ കോഴിയെ വിളിച്ച അമ്മൂമ്മയുടെ രൂപം പൊടുന്നനെ മാറി. രണ്ട്‌ കൈകൾ കൊണ്ടും കൂട്ടിയെടുത്ത ചരക്കല്ലുകൾ വാരിയെറിഞ്ഞ ഏറിൽ ദേ കിടക്കുന്നു പറന്നിറങ്ങിയ പൂവൻ കൂടിന്റെ വാതിൽക്കൽ. ഒന്ന് കൂടി ചുറ്റും നോക്കി കൂട്ടിൽ കയറിയ പൂവനു പിന്നാലെ ഉണ്ണി കൂടിന്റെ കുറ്റിയിട്ട ശേഷം പതിവു പോലെ കൂടോട്‌ ചേർത്ത്‌ വച്ച കല്ല് കൊണ്ട്‌ ഒന്ന് കൂടി വാതിൽ ഉറപ്പിച്ചു.
തെങ്ങിൻചുവട്ടിലെ വലിയ ചെമ്പിലെ വെള്ളം മഗ്ഗിൽ മുക്കി മേലേക്കൊഴിക്കുമ്പോൾ ഉണ്ണി അമ്മയെ ഓർത്തു. ഇന്നോ നാളെയോ ഉണ്ണിക്കൊരു വാവ വരും. അതോണ്ട്‌ വയ്യാണ്ട്‌ കിടക്കുകാണു അമ്മ. ഇല്ലെങ്കിൽ അമ്മയായിരുന്നു ഉണ്ണിയെ കുളിപ്പിക്കുന്നെ.
കുളി കഴിഞ്ഞ്‌ വേഗം അമ്മയുടെ അടുത്തെത്തിയ ഉണ്ണിയുടെ തലയിൽ കൈ തടവി വെള്ളമില്ലെന്ന് ഉറപ്പാക്കിയ അമ്മ പറഞ്ഞു.
“വേഗം എന്തെങ്കിലും കഴിച്ച്‌ പഠിക്കാനിരിക്കാൻ”. അമ്മൂമ്മ കാപ്പിയോടൊപ്പം തന്ന അവൽ നനച്ചത്‌ വായിലേക്കിടാനൊരുങ്ങവെയാണു ഉണ്ണി ആ ശബ്ദം കേട്ടത്‌.
അടുത്തടുത്ത്‌ വരുന്ന ശബ്ദം കേൾക്കെ അമ്മൂമ്മ വിളിച്ച്‌ പറഞ്ഞു.
“ന്ത്‌ കാലക്കേടാണൊ വരാൻ പോകുന്നേ? കാലം തെറ്റിയിങ്ങനൊരു മഴ”
അപ്പൊഴേക്കും അപ്പൂപ്പൻ വാതിൽ അടച്ച്‌ അകത്തേക്ക്‌ വന്നു.
ശബ്ദം അടുത്തെത്തി.
രണ്ട്‌ മുറിയും അടുക്കളയും മാത്രമുള്ള ആ വീടിന്റെ ഓല മേഞ്ഞ മേൽക്കൂരയിലും വലിയ കല്ലുകൾ കണക്കെ ഉഗ്രശബ്ദത്തോടെ പെയ്ത്‌ തുടങ്ങി.
ദൂരെ കാറ്റിൽ എന്തൊക്കെയൊ പൊട്ടി വീഴുന്ന ശബ്ദം. ജനലുകൾക്കുള്ളിലൂടെ ഉള്ളിൽ കയറിയ കാറ്റ്‌ വെളിച്ചം വിതറിയ മണ്ണെണ്ണ വിളക്കുകളും അണച്ച്‌ തുടങ്ങി. അപ്പൂപ്പൻ രണ്ട്‌ കൈകളും കൂട്ടിപിടിച്ച്‌ ഒരു വിളക്ക്‌ അമ്മ കിടക്കുന്ന മുറിയിലെ ചെറിയ മരപ്പെട്ടിക്ക്‌ മുകളിൽ വച്ചു. ആ വെളിച്ചത്തിൽ ഉണ്ണി കാപ്പിയും അവലും തിന്നു.
മഴയും കാറ്റും ശക്തിയൊടെ തുടരുന്നു. അവിടവിടെ ഒരോ തുള്ളിയായി ഓലക്കിടയിലൂടെ ഇറ്റുവീണ മഴവെള്ളം ധാരയായി വീട്ടിന്നുള്ളിലേക്ക്‌ വീഴാൻ തുടങ്ങി.
അമ്മൂമ്മ വലിയ പാത്രങ്ങളൊക്കെ നിരത്തി വച്ചു.
ഇനി ഇന്ന് അടുപ്പ്‌ പുകക്കാൻ പറ്റില്ലാന്നുള്ളത്‌ കൊണ്ട്‌ ഉണ്ണിയുടെ പ്ലേറ്റിൽ ഇത്തിരി കൂടി അവിൽ ഇട്ടതിനു ശേഷം അമ്മൂമ്മ ചെമ്പിലെ ചോറിൽ കഞ്ഞിവെള്ളമൊഴിച്ച്‌ രണ്ട്‌ പ്ലേറ്റുകളിലേക്ക്‌ പകർന്ന്,ഭരണിയിൽ നിന്ന് ഒരോ ഉപ്പിലിട്ട മാങ്ങയും പിഞ്ഞാണത്തിലെടുത്ത്‌ അതിലൊന്ന് അമ്മക്ക്‌ കൊണ്ടു കൊടുത്തു.
അവലും തിന്ന് അടുക്കളയിൽ നിന്ന് തന്നെ വായയിൽ വെള്ളമാക്കി പുറത്തേക്ക്‌ തുപ്പി ഉണ്ണി വരുമ്പോളേക്കും വെള്ളം വീഴാത്തൊരിടത്ത്‌ അമ്മൂമ്മ ഉണ്ണിക്ക്‌ പായ വിരിച്ചിരുന്നു.
മേൽക്കൂരയുടെ ഓലമേൽ മഴവീഴുന്ന ശബ്ദവും പാളികളില്ലാത്ത ജനലിലൂടെ അരിച്ചിറങ്ങുന്ന തണുപ്പും, കാറ്റിനോടൊപ്പം ഉള്ളിലേക്ക്‌ പാറി വീഴുന്ന മഴച്ചാറലുകളും, മുറിയുടെ മൂലയിലെവിടെ നിന്നോ ശബ്ദമുണ്ടാക്കുന്ന ഒരു കുഞ്ഞു തവളയുടെ ശബ്ദവും, ഉണ്ണിയുടെ കണ്ണുകൾ പെട്ടെന്ന് തന്നെ ഉറക്കത്തിനു കീഴടങ്ങി.
പാതിമയക്കത്തിൽ കാലിലൂടെ എന്തോ ഇഴയുന്നതായി തോന്നി കണ്ണു തുറന്ന ഉണ്ണി മേലേക്ക്‌ ‌ കയറുന്ന വഴുവഴുപ്പിന്റെ തണുപ്പറിഞ്ഞ് കാലൊന്നനക്കാനോ എഴുന്നേൽക്കാനേ ആകാതെ ‌ നിലവിളിച്ചു.
“അമ്മേ...പാമ്പ്‌…”
ആ ശബ്ദം പൂർത്തിയാകുന്നതിനു മുന്നെ
“ ഊയീ...ന്റെ മോൻ…” എന്നും പറഞ്ഞ്‌ പിടഞ്ഞെഴുന്നേറ്റ്‌ ഒരു കൈയ്യിൽ ചിമ്മിണി വിളക്കുമായി ഓടി വന്ന അമ്മ കുനിഞ്ഞ്‌ ഉണ്ണിയുടെ ദേഹത്ത്‌ നിന്ന് അതിനെ എടുത്ത്‌ ദൂരേക്കെറിയുമ്പോൾ മറ്റൊരു വഴുവഴുപ്പ്‌ ഉണ്ണിയുടെ ദേഹത്ത് നിന്ന് ഉരുണ്ട്‌ വീണു മൂലയിലേക്ക്‌ ചാടി പോയി.
വടിയുമായി ഓടി വന്ന അപ്പൂപ്പനെ അമ്മൂമ്മ തടഞ്ഞു. “കൊല്ലണ്ട വയറു നിറഞ്ഞൊന്നകത്ത്‌ കിടക്കുമ്പോ ഓരോ ശാപം വാങ്ങിവെക്കണ്ട”
അപ്പൂപ്പൻ അതിനെ തോണ്ടി പുറത്തേക്ക്‌ കളഞ്ഞു.
ആശ്വാസത്തോടെ അമ്മയെ കെട്ടി പിടിച്ച ഉണ്ണിയെ മെല്ലെ അടർത്തി മാറ്റി അമ്മൂമ്മയുടെ കൈ പിടിച്ച്‌ വയ്യായ്കയോടെ അമ്മ മുറിയിലേക്ക്‌ പോയി.
അമ്മയുടെ കാലടികൾ നനഞ്ഞത്‌ കണ്ട അപ്പൂപ്പൻ അതിലേക്ക്‌ ചിമ്മിണി വെളിച്ചം കാട്ടിയപ്പൊ ചാണകത്തറയിൽ കട്ടിചുവപ്പ്‌ കറുത്ത്‌ പരക്കുന്നത്‌ ഉണ്ണിയും കണ്ടു.
അമ്മ വേദന കൊണ്ട്‌ പുളയുന്ന ശബ്ദം കേട്ട്‌ കണ്ണു നിറഞ്ഞ ഉണ്ണിയെ അപ്പൂപ്പൻ ആശ്വസിപ്പിച്ചു.
“കരയണ്ട നിനക്കൊരു വാവ വരുന്നേന്റെയാണെന്ന്”.
എങ്കിലും അമ്മയുടെ വേദന ഉണ്ണിയെയും വിഷമിപ്പിച്ചു. സമയം പോയിക്കൊണ്ടിരുന്നു.
ഇടക്ക്‌ അമ്മയുടെ കരച്ചിലിന്റെ ശബ്ദം ഉയരുമ്പൊ ഉണ്ണിയും ഞെട്ടിയുണരും. ഇടക്ക്‌ അമ്മൂമ്മ വന്ന് അപ്പൂപ്പനോട്‌ പറയുന്നത്‌ ഉണ്ണി കേട്ടു.
“ഇത്‌ എന്നെക്കൊണ്ട്‌ കൂട്ട്യാ കൂടൂല, നിങ്ങളാ നാണിത്തള്ളയെ വിളിച്ചോണ്ട്‌ വരാൻ”
അപ്പൂപ്പൻ വാതിൽ തുറന്നു. മഴയുടെ ശക്തി നന്നായി കുറഞ്ഞിട്ടുണ്ട്‌. ഈ പാതിരാത്രിയിൽ “നാണിതള്ള വരുമോ”? എന്ന സംശയവും ബാക്കിയാക്കി അപ്പൂപ്പൻ അടുപ്പിന്റെ അടുത്ത്‌ നിന്ന് ഒരു പിടി ഓലക്കണ്ണികൾ വാരി ചൂട്ടാക്കി കത്തിച്ച്‌ ഒരു കുടയുമായി ഇരുട്ടിലേക്ക്‌ നടന്നു.
കുറച്ച്‌ സമയത്തിനു ശേഷം നാണിത്തള്ളയെയും കൂട്ടി അപ്പൂപ്പൻ വന്നു.
ഉമ്മറത്ത്‌ കയറുന്നതിനു മുന്നെ നാണിത്തള്ള അമ്മൂമ്മയോട്‌ വെള്ളം വാങ്ങി വായിലെ വെറ്റില ചവച്ചത്‌ തുപ്പിയ ശേഷം വായകഴുകി ബാക്കി വെള്ളം കാലിലുമൊഴിച്ചു.
ഉമ്മറത്ത്‌ കയറി ചുമലിലെ തോർത്ത്‌ കൊണ്ട്‌ തല തുവർത്തിയ ശേഷം അമ്മയുടെ മുറിയിലേക്ക്‌ പോയി.
ആദ്യമാദ്യം “മോളേ”ന്നും പിന്നെ അമ്മയുടെ പേരും വിളിച്ച്‌ അവർ അമ്മയോടെന്തൊക്കെയോ ചെയ്യാൻ പറയുന്നത്‌ ഉണ്ണി കേൾക്കുന്നുണ്ടായിരുന്നു. വേദന കൊണ്ട്‌ നിലവിളിക്കുന്ന അമ്മയോട്
‌ “ഇനിയും ഇനിയും” ന്ന് തള്ള പറയുമ്പോൾ അമ്മൂമ്മയെ വിളിച്ച്‌ അമ്മ കരയുന്നത്‌ കേൾക്കാനാകാതെ ഉണ്ണി കൈകൾ രണ്ടും ചെവിയിലമർത്തിപ്പിടിച്ചു.
ഇടക്ക്‌ കൈ മാറ്റി നോക്കിയപ്പൊ
“നിന്നോടല്ലേ നായീ….” എന്ന് നാണിത്തള്ളയുടെ ഒച്ചക്ക്‌ ശേഷം മൂന്നാലു നിമിഷം നിശബ്ദമായ മുറിയിൽ നിന്ന് പിന്നെ കേട്ടത്‌ ഒരു കുഞ്ഞു വാവയുടെ അലറിക്കരച്ചിലയിരുന്നു.
ചുമലിൽ പതിഞ്ഞ കൈകളുടെ തണുപ്പറിഞ്ഞ്‌ ഉണ്ണി കണ്ണു തുറന്നു.
“ന്താ ഏട്ടാ പകലുമ്മറത്തിരുന്ന് സ്വപ്നം കാണ്വണോ? ആഹാ കണ്ണും നിറഞ്ഞിട്ടുണ്ടല്ലൊ? ന്തു പറ്റിന്റേട്ടനു”?
“ഏയ്‌ അത്‌ കണ്ണിലെന്തോ പോയതാ, നിന്റെ റിസൽട്ട്‌ എന്താ പാസ്സായില്ലേ?”
“പാസ്സായില്ലേന്നോ? ഏട്ടന്റെ മോൾക്ക്‌ റാങ്കുണ്ടേട്ടാ” അതും പറഞ്ഞ്‌ അവൾ ആ കാലുകളിലേക്ക്‌ കുനിഞ്ഞു.
മെല്ലെ അവളുടെ ചുമലുകളിൽ പിടിച്ചുയർത്തി ഉണ്ണിയവളുടെ മൂർദ്ധാവിൽ ചുംബിച്ചു.
നിറഞ്ഞ അവളുടെ കണ്ണിലേക്ക്‌ നോക്കാതെ അവളെ കൈ പിടിച്ച്‌ അകത്തേക്ക്‌ കൂട്ടുന്നതിനിടയിൽ ഉണ്ണി പറഞ്ഞു.
“ആദ്യം ഇത്‌ നമ്മുടെ അമ്മയെ അല്ലേ അറിയിക്കണ്ടെ”?
അമ്മക്ക്‌ മുന്നിൽ കൈകൂപ്പി നിന്ന അവളുടെ ശിരസ്സിലേക്ക്‌ കാലത്ത്‌ അവൾ തന്നെ കോർത്ത്‌ ചാർത്തിയ മുല്ലമാല കൊളുത്തിളകി വീണു.
അമ്മയുടെ അനുഗ്രഹവുമായി..
ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot