നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലിവിംഗ് ടുഗെദർ [ കഥ ]

Image may contain: 1 person

വേദനകൊണ്ട് പുളയുമ്പോഴും അവനെ തന്നെ അത്ഭുതപ്പെടുത്തി കൊണ്ട് മനസ്സിൽ മുഴുവൻ അവളായിരുന്നു.
ജഹനാര!...
പ്ലാസ്റ്ററിനും ഇഞ്ചക്ഷനും മരുന്നിനുമൊടുവിൽ ഫ്ലാറ്റിൽ തിരിച്ചെത്തിയപ്പോൾ ശിവശങ്കരൻ വല്ലാതെ ക്ഷീണിതനായിരുന്നു.ഏറെ വൈകിയെങ്കിലും ഉറങ്ങാൻ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല.ശീലമായിരുന്നിട്ടു കൂടി കനത്ത ഏകാന്തത ഇന്നയാളെ വല്ലാതെ വീർപ്പ് മുട്ടിച്ചു.അവൻ ആ ഫ്ലാറ്റിൽ ജഹനാരയുടെ അവശേഷിക്കുന്ന വല്ല ഗന്ധവും തേടി ഭ്രാന്തനെപ്പോലെ അലഞ്ഞു.ഒടുവിൽ ഏറെ തിരഞ്ഞതിന് ശേഷം അവളുടെ മറന്നുവെച്ച ഒരു ടീ ഷർട്ട് കണ്ടെത്തി.അവനത് തന്റെ ഹൃദയത്തോട് ചേർത്തു വച്ചു.പിന്നെ ഒരു ഭ്രാന്തനെപ്പോലെ ആ ഫ്ലാറ്റ് മുഴുവൻ നടന്നു.ഇടയ്ക്ക് മൊബൈൽ എടുത്തു ഡയൽ ചെയ്യാൻ നോക്കി.പിന്നെ അത് വലിച്ചെറിഞ്ഞു.കുറച്ച് സമയം ഇരുന്നു പൊട്ടി കരഞ്ഞു.
പെട്ടന്ന് എന്തോ തീരുമാനിച്ചുറപ്പിച്ചെന്നപോലെ വീണു കിടക്കുന്ന മൊബൈൽ വീണ്ടും എടുത്തു.അവനെ തന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഒരു നമ്പറിലേക്ക്‌ ഡയൽ ചെയ്തു.
"ഹലോ,ഞാൻ ശങ്കുവാണ്..."
"ഏയ്‌ ശങ്കു നീ എവിടാ...നിന്റെ ഒരു വിവരവും ഇല്ലല്ലോ?!...".മറുപടി.
"ഇവിടെ തന്നെയുണ്ട്...ലയാ നീ വീട്ടിലാണോ ?"
"അതേല്ലോ..."
"ഒരു അത്യാവശ്യകാര്യം.നീ ഒന്നെന്റെ ഫ്ലാറ്റ് വരെ വരവോ?..."
അവൾ പെട്ടന്ന് തന്നെ എത്തി.കൈ പൊട്ടി പ്ലാസ്റ്ററും പരിക്കുമായി നിൽക്കുന്ന ശിവശങ്കരനെ കണ്ട്‌ ലയ ഞെട്ടി.
"എടാ ശങ്കു നിനക്കിതെന്തു പറ്റി?!..."
"ഒരു ആക്സിഡന്റ്...ബാക്കി പിന്നെ പറയാം.നീ പെട്ടന്ന് കാറിൽ കേറൂ...അത്യാവശ്യമായി ഒരാളെ കാണാൻ പോകണം."
"എവിടാ പോകേണ്ടത്‌?". കാർ സ്റ്റാർട്ട്‌ ചെയ്തുകൊണ്ടവൾ ചോദിച്ചു.
"കടവന്ത്ര വരെ പോകണം.അവിടെ ഒരു ഹൌസിംഗ് കോളനിയുണ്ട് സ്നേഹതീരം.അവിടം വരെ പോകണം..."
അവന് ധൃതി.
"അവിടെ നമ്മൾ ആരെ കാണാനാ പോകുന്നത്‌?."
"ജഹനാരയെ കാണാൻ..."
"ജഹനാര?!...she is docter ?!...". കാർ ഡ്രൈവ് ചെയ്യവേ അവളുടെ സംശയം.
"No."
"Then who is she?!...".മറുപടി പ്രതീക്ഷിച്ചു കൊണ്ട് ഇടയ്‌ക്കിടെ ലയ അവനെ തിരിഞ്ഞു നോക്കി.
ശിവശങ്കരൻ തെല്ലിട മൗനത്തിനു ശേഷം പതുക്കെ...
"ജഹനാര...അവളില്ലാതെനിക്ക് ഉറങ്ങാൻ കഴിയുന്നില്ല ലയാ...ഞാൻ വല്ലാതെ വല്ലാതെ ടയേഡാണ്...ശരീരം പലയിടത്തും വേദനിക്കുന്നു...നിക്ക് അവളെ കെട്ടി പിടിച്ചു കിടക്കണം!."
"എന്ത് ?!".ലയ ശരിക്കും അമ്പരന്നു പോയി.
മൗനം.
"നീ എന്താ ശങ്കു മറുപടി പറയാത്തെ...അങ്ങനെ ആഗ്രഹിക്കാൻ മാത്രം നിങ്ങൾ തമ്മിലുള്ള റിലേഷനെന്താ?!..."
"പാർട്ണർ...ഞങ്ങൾ ഒന്നിച്ച് ഒരുമാസമായി എന്റെ ഫ്ലാറ്റിൽ...രണ്ടാഴ്ച മുൻപ് അവൾ പിണങ്ങിപ്പോയി.".അവന്റെ മുഖത്ത് ഓർമ്മകളുടെ ഘനീഭാവം.
"നന്നായി... അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ ലിവിംഗ് ടുഗെദർ...ബെസ്റ്റ്!..."
അവനൊന്നു മൂളുക മാത്രം ചെയ്തു.
"ഒരത്യാവശ്യം വന്നപ്പോ ആദ്യം എന്നെ വിളിച്ചു...പക്ഷെ ഈ സംഭവം മുഴുവൻ നടന്നിട്ടും എന്നോട് ഒരു വാക്കുപോലും പറഞ്ഞില്ലല്ലോ?!...".അവളുടെ പരിഭവം.
അവനൊന്നു പരുങ്ങി.അവന്റെ മൗനം അവളെ കൂടുതൽ ദേഷ്യത്തിലാക്കി.
"എടാ കൊരങ്ങാ നിന്നോടാണ് ചോദിച്ചത്...എന്താ എന്നോടൊന്നും പറയാഞ്ഞേ ഇതുവരെ?!...".
"നിന്നോട് ഞാൻ പണ്ട് I love you പറഞ്ഞതല്ലേ...എന്നിട്ട് നീ എന്താ ചെയ്തേ എന്നോട് ഒരു വാക്ക് പോലും പറയാതെ ജോസഫ്‌ മാത്യുവിനെ പോയി കെട്ടി...എന്നിട്ട് ഹണിമൂൺ ട്രിപ്പും കഴിഞ്ഞു വന്നിട്ടല്ലേ ഞാൻ അറിഞ്ഞത് ദുഷ്ട്ടെ !.".ശങ്കുവും പരിഭവത്തിൽ.
"ഓഹോ...അപ്പൊ സാർ പകരം വീട്ടിയതാണോ?!"
"അതെ.".അവൻ ഗൌരവം വിട്ടിട്ടില്ല.
"ഞഞ്ഞായി...".ലയ തിരിച്ചടിച്ചു.
"പിണങ്ങാൻ എന്തായിരുന്നു കാരണം?!...".
"ജഹൻ ഒരു ദിവസം ഏതോ കുക്കറി ബുക്ക്‌ നോക്കി ചിക്കൺ കറി വെച്ചു...ഞാൻ അതിന് അവളെ അപ്രിഷിയേറ്റു ചെയ്തില്ല...അതുപറഞ്ഞു പിണങ്ങി...".
ലയയുടെ മുഖത്ത് അത്ഭുതം.
"നിനക്കൊന്നു ചുമ്മാ നല്ലതെന്നു പറഞ്ഞാലെന്ത്‌ ?!...".
"എടീ,അത് വായിൽ വെയ്ക്കാൻ കൊള്ളില്ലായിരുന്നു...ഞാനത് ആവർത്തിക്കേണ്ട എന്നേ കരുതിയുള്ളൂ.".അവന്റെ പശ്ച്ചാത്താപം നിറഞ്ഞ സ്വരം.
നഗരത്തിന്റെ മഞ്ഞ വെളിച്ചത്തിൽ കാർ ഇതിനിടയിൽ ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നു.
"മോനെ,നീ പറഞ്ഞ സ്ഥലം എത്തിട്ടാ...എവിടെയാ വീട്?."
"അതെനിക്കറിയില്ല."
"പിന്നെ നിനക്കെന്താ അറിയാവുന്നേ...അവളെ മൊബൈലിൽ വിളിച്ചു നോക്ക്."
"ഇല്ല...അവൾ എന്റെ കാൾ എടുക്കില്ല...കട്ട് ചെയ്യും...അതാ നേരിട്ട് കാണാൻ വന്നത്."അവനു സങ്കടം.
അവളുടെ അച്ഛന്റെ പേരെന്താ?!".
"അത് കുരുവിളാന്നല്ലേ?!..."
"അത് കൊള്ളാം എന്നോടാണോ ചോദിക്കുന്നത്‌...ഇനി അവളുടെ അമ്മയുടെ പേര് മമ്മീന്നായിരിക്കും അല്ലേ...വീടും അറിയില്ല, വീട്ടുകാരെയും അറിയില്ല...ലിവിംഗ് ടു ഗതറാണത്രേ...ദുരന്തം...നിന്നോടൊപ്പമൊക്കെ ജീവിച്ചിട്ട് അവള് പിണങ്ങിപ്പോയില്ലെങ്കിലേ അത്ഭുമുള്ളൂ!.".ലയയുടെ രൂക്ഷമായ പരിഹാസം.കേൾക്കുമ്പോൾ അവനു നല്ല ദേഷ്യം വരുന്നുണ്ട്.പക്ഷെ ക്ഷമിച്ചിരിക്കുകയാണ്.
അവൾ കാറിന്റെ ഡോർ തുറന്ന് ഹൌസിംഗ് കോളനിക്ക് പരിസരത്തുള്ള ഒരു ചെറിയ ഷോപ്പിൽ കേറി വീട് അന്വേഷിച്ചു.തിരിച്ചു ഒന്നും മിണ്ടാതെ വന്നു കാറിൽ കയറി കുറച്ചു മുൻപോട്ട് പോയ ശേഷം നിർത്തി.
പതുക്കെ അവനോടു പറഞ്ഞു "ഇതാണ് വീട്...ഞാൻ ഇവിടെ വെയിറ്റ് ചെയ്തോളാം...നീ പോയിട്ട് വാ...".
"Ok."
പോകാനായി ഇറങ്ങുമ്പോൾ ലയ അവനോടു ഗൌരവത്തിൽ
"പിന്നെ ഒരു കാര്യം...അവൾക്ക് അച്ഛൻ മാത്രമല്ല ഒരു ബ്രദർ കൂടെ ഉണ്ട്...അതുകൊണ്ട് അവിടെ ചെന്നു ഒരു മയത്തിലൊക്കെ സംസാരിച്ചാൽ മതി...ആക്സിഡന്റായ ശേഷം അല്ലെങ്കിലേ നീ ഇപ്പോൾ ഒരു വികലാംഗന്റെ അവസ്ഥയിലാണ്‌...നാട്ടുകാരുടെ തല്ലുവാങ്ങിക്കൂട്ടി നല്ല ശീലവുമാ...പറഞ്ഞില്ലെന്നു വേണ്ട!.".
അവൻ പല്ല് ഞെരിച്ചു.ഡോർ ശക്തിയായി അടച്ചു പുറത്തിറങ്ങി.രണ്ടടി നടന്ന ശേഷം തിരിച്ചു വന്നു അവളോട്
"പിന്നേയ് അവൾ എന്റെ പെണ്ണാണ്‌...അവളെ എങ്ങനെ വിളിച്ചുകൊണ്ടുവരണമെന്ന് എനിക്കറിയാം...നിനക്കൊരു വിചാരമുണ്ട് എനിക്ക് വേറെ ആരെയും കിട്ടാത്തതു കൊണ്ടാണ് നിന്നെ സഹായത്തിനു വിളിച്ചതെന്ന്‌...എന്നാ നീ അറിഞ്ഞോ...അങ്ങനെയല്ല...നീ എന്റെ ജഹനാരയെ കണ്ട്‌ അസൂയ വന്നു പണ്ടാരമടങ്ങട്ടെന്ന്‌ കരുതിയാണ്!...".
"അയ്യോടാ...കൊള്ളാലൊ!...".
ശങ്കു വേച്ചു വേച്ചു ജഹനാരയുടെ വീട് ലക്ഷ്യമാക്കി മുൻപോട്ട് നടന്നു.
ചുറ്റിലും ബഹു നില വീടുകളിലെയും ഫ്ലാറ്റ്കളിലെയും തിരക്കുകൾ.ആ മനുഷ്യരിലാരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടാവുമോ?!.വിദൂരതയിൽ ആരെങ്കിലും നമ്മുടെ ചലനങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നുക നമ്മൾ തെറ്റ് ചെയ്യുന്നു എന്ന് ഹൃദയം നമ്മെ ഓർമ്മപ്പെടുത്തുമ്പോഴല്ലേ.ചിന്തകൾ വഴി തെറ്റവേ മൊബൈലിൽ ജോസഫ്‌ മാത്യു.അവൾ പരുങ്ങലോടെ കാൾ എടുത്തു.
"ഹായ് ചേട്ടാ...ഇപ്പൊ എവിടാ ന്നോ?!...ഫിഷ്‌ വാങ്ങാൻ ഇറങ്ങിയതാ...എന്ത് നട്ടപാതിരയോ?!...ആണോ?!...അതെപ്പോ?!...ഇപ്പൊ വരേട്ടാ...ഏ!...എന്ത് വരണ്ടാന്നോ!!...അങ്ങനെ ഒന്നും പറയല്ലേ ഏട്ടാ...ഹലോ...ഹലോ...കട്ടായോ!...".ചമ്മി വൃത്തികേടായ ലയയുടെ മുഖം.എങ്ങനെ സ്വന്തം വീട്ടിലെ പ്രതിസന്ധി പരിഹരിക്കും എന്നാലോചിച്ചു അവൾ നഖം കടിച്ചു ഗൂഢാചിന്തയിലാണ്ടു.ഈ മഹാ ചിന്തകൻമാരുടെയൊക്കെ നഖത്തിന്റെ അവസ്ഥ എന്തായിരിക്കുമോ എന്തോ?!.
പെട്ടന്ന് ഒരു കിതപ്പോടെ ശങ്കു ഓടി വരുന്നു.അവന്റെ ഡ്രസ്സ്‌ മുഴുവൻ കീറിയിട്ടുണ്ട്.
"എടീ ലയേ പെട്ടന്ന് വണ്ടി വിടടീ...".
അവൾ ആകെ അന്തം വിട്ടു ഇരിക്കുകയാണ്.അവൻ ഡോർ വലിച്ചടച്ചു ഇരുന്നു കിതച്ചു.
"നിനക്ക് പൊതിരെ തല്ല് കിട്ടിയോ ?!..."
"അല്ലെടീ,ഗെറ്റ് തുറന്നപ്പോൾ തന്നെ അവളുടെ വീട്ടിലെ നശിച്ച പട്ടി എന്നെ ഓടിച്ചിട്ടു കടിച്ചു!."
"അപ്പോൾ നീ വീട്ടിലുള്ളവരെ കണ്ടില്ലേ?!..."
"പിന്നേ,ജീവനും കൊണ്ട് ഓടുമ്പോ വീട്ടുകാരെ വിളിക്കാനാണ് നേരം!...നീ പെട്ടന്ന് ഏതെങ്കിലും ഒരു ഹോസ്പിറ്റലിലേക്ക്‌ വിട്. ആ പട്ടി കടിക്കാത്തതായി ഒരിടവും ബാക്കിയില്ല!...അയ്യോ...".
ലയ കാർ വേഗത്തിൽ തന്നെ തിരിച്ചു വിട്ടു.അവൾക്ക് ഭ്രാന്ത്‌ പിടിക്കുന്നുണ്ട്.
"എന്തൊക്കെയായിരുന്നു...അച്ഛനെ തിരിച്ചിടും ബ്രദറിനെ മറിച്ചിടും...എന്നിട്ടിപ്പോ ഉണ്ടായിരുന്ന കൈയ്യും പോയി,പട്ടീം കടിച്ച്...സമാധാനമായല്ലോ?!..".
"ശവത്തെ കുത്താതെടീ ദ്രോഹി."
നഗരത്തെ മുറിച്ചു കൊണ്ട് കാർ അതിവേഗം ഏതോ ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു.നല്ല ക്ഷീണിതനായിരുന്ന ശങ്കു പട്ടിയുടെ കടിയോടെ കൂടുതൽ ദുർബലനായി.
"എടീ ലയേ..."
"ആ പറ..."
"ഞാനഥവാ പേ ഇളകി മരിച്ചു പോയാൽ നീ എന്റെ ജഹനെ കണ്ട്‌ ഒരു കാര്യം പറയണം...നീ കേള്ക്കുന്നുണ്ടോ?.."
"ഉം.."
"ഞാൻ മരിച്ചു പോയാൽ വേറെ ഒരു തെണ്ടിയെയും കല്യാണം കഴിക്കാതെ എന്നെ തന്നെ ഓർത്തു ജീവിക്കാൻ എന്റെ ജഹനാരയോട് പറയണം..."
"അവളല്ലേ...ഉവ്വ!..".ലയയുടെ പരിഹാസം.
"പിന്നെ നിനക്കും ജോസഫ്‌ മാത്യുവിനും ജനിക്കുന്ന കുഞ്ഞിന് എന്റെ പേരിടണം."
"ശിവശങ്കരൻ ന്നല്ലേ!..എന്റെ പട്ടി ഇടും."
"അമ്മയോട് പറയണം...അമ്മാവനെതിരെ തെക്കയിലെ രണ്ടു സെൻറ് ഭൂമിക്ക് കൊടുത്ത കേസ് സുപ്രീം കോടതി വരെ പോയാലും വിട്ടു കൊടുക്കരുതെന്ന്..."
അവൾക്ക് നല്ല ദേഷ്യം വരുന്നുണ്ട്.
"ഇനി നീ മിണ്ടിയാൽ പേ പിടിച്ചല്ല നീ മരിക്കാൻ പോകുന്നത്!.ഞാൻ നിന്നെ തല്ലിക്കൊല്ലും...അവന്റെ കുറേ അന്ത്യാഭിലാഷങ്ങൾ!...".
*************************
ഏതാനും ദിവസങ്ങളിലെ ആശുപത്രി വാസത്തിനും നാട് ജീവിതത്തിനും ശേഷം തിരിച്ചു ഫ്ലാറ്റിൽ എത്തിയ ദിവസം...
ഓർമ്മകളിൽ നിന്നും കുതറി മാറാൻ ശങ്കു പാടുപെടുകയായിരുന്നു.ജീവിതത്തിൽ നിന്നു ഒളിച്ചോടുന്നത്‌ പോലെ എളുപ്പമല്ല ഓർമ്മകളിൽ നിന്നുള്ള ഒളിച്ചോട്ടമെന്നയാൾ വെറുതെ ഓർത്തു.ചില സ്വപ്നഭംഗം അയാളെ ആ സായാഹ്നത്തിൽ അലസമൂഢനായി വെറുതെ ചുവരുകൾക്കുള്ളിൽ തളച്ചിട്ടു.
മയക്കത്തിലെ ദുഃസ്വപ്നം പോലെ അർദ്ധ രാത്രിയിലെ ആ കാളിംഗ് ബെൽ ശങ്കുവിനെ ഉണർത്തി.ആ ഫ്ലാറ്റിലെ ഡോർ ബെൽ അസധാരണമായ ഒന്നാണ്.കാരണം അവിടേക്ക് കടന്നു വരാൻ മാത്രം പരിചയമുളള അയൽക്കാർ ആരും തന്നെ അവന് ഉണ്ടായിരുന്നില്ല.അല്ലെങ്കിൽ അങ്ങനെ ആരെയും അവൻ ആഗ്രഹിച്ചിരുന്നുമില്ല.പിന്നെ എന്തിനാണ് ഒരു വാതിൽ മണി എന്ന് ചോദിച്ചാൽ അങ്ങനെ ഒന്ന് തന്റെ ഫ്ലാറ്റിന് ഉള്ളതായി അയാൾ ഓർത്തിരുന്നു പോലുമില്ല എന്നതാണ് സത്യം.
തീർത്തും നിർവ്വികാരമായി അല്ലെങ്കിൽ ഒട്ടൊരു അനിഷ്ടത്തോടെ യാന്ത്രികമായി ചെന്നു ശങ്കു വാതിൽ തുറന്നു.
ജഹനാര!!
അവൾ അകത്തു കടന്നയുടെൻ വാതിൽ അടച്ചു.ആകെ ക്ഷീണിതയാണ്.സാരിയാണ് വേഷം.ആദ്യമായി സാരി അണിഞ്ഞ പാവടക്കാരിയേ പോലെ അത് അലസമായി വാരിചുറ്റിയിരിക്കുന്നു.ജഹനാര ഒരു ഇല കൊഴിയും പോലെ അവന്റെ മാറിലേക്ക്‌ ചാഞ്ഞു വീണു.ചുണ്ടുകളിൽ ചുംബിച്ചു.
അവൻ അപ്പോഴും സ്വപ്നവും ജീവിതവും തമ്മിലുള്ള നേരിയ അതിർവരമ്പിൽ കിടന്നു കുഴയുകയായിരുന്നു!.
"നിന്റെ ചുണ്ടികൾക്കെന്ത്‌ തണുപ്പാണ് ശങ്കൂ!..".അവൾ അവന്റെ മാറിലേക്ക്‌ കൂടുതൽ പറ്റിചേർന്നു.
"നീ എന്താ ഒന്നും മിണ്ടാത്തത് ?!...എന്നോട് ഇപ്പോഴും പിണക്കമാണോ?!...നോക്കൂ (അവന്റെ കൈ അവൾ നെറ്റിയിലും കഴുത്തിലും തൊടുവിച്ച ശേഷം)എനിക്ക് പനിയുണ്ടോന്ന്‌...എനിക്ക് തീരെ വയ്യ ശങ്കു...ഇന്നലെ രാത്രി വല്ലാതെ പനിച്ചു...എനിക്കപ്പോൾ നിന്നെ കെട്ടിപ്പിടിച്ചു കിടക്കണമെന്ന് തോന്നി...".
അവളുടെ മിഴി നിറഞ്ഞിരുന്നു...
ശങ്കു അവളെ കൂടുതൽ ചേർത്തു പിടിച്ചു.
"നിനക്കെന്നെ മിസ്സ്‌ ചെയ്തതോ,ഇല്ലേ ശങ്കൂ...ഈ ദിവസങ്ങളിൽ നീ എന്നെ ഓർത്തപോലുമില്ലേ...Do you have any affair ?!!...". ജഹനാര ആകാംഷയോടെ അവന്റെ കണ്ണുകളിലേക്ക്‌ നോക്കി.
"No...never...നീ വിശ്വസിക്കുമോ എന്നറിയില്ല...ഈ ദിവസങ്ങളത്രയും എന്റെ മനസ്സിൽ നീ മാത്രമായിരുന്നു!...".അവന്റെ ശബ്ദം ഇടറി...
"ഇന്നലെ വല്ലാതെ പനിച്ചു.എനിക്ക് എഴുന്നേല്ക്കാൻ കൂടെ വയ്യായിരുന്നു...I am too tired...അപ്പോഴാണ് എനിക്ക് നിന്നെ വല്ലാതെ മിസ്സ്‌ ചെയ്തത്!...ശരിക്കും...എന്നിട്ട് ഞാൻ നിന്നെ ഫോൺ ചെയ്തു നോക്കി...കിട്ടിയില്ല...പിന്നെ ഉറങ്ങും വരെ തലയണ കെട്ടിപ്പിടിച്ചു കിടന്നു കരഞ്ഞു!...".
അവൾ വിതുമ്പി...
"സാരമില്ല".മുടിയിഴകളിൽ തഴുകി അവൻ ആശ്വസിപ്പിച്ചു.
"ഇനി ഞാൻ പിണങ്ങില്ല കേട്ടോ!...".ജഹനാര കൊഞ്ചി...
"വേണം...ഇനിയും നമുക്ക് പിണങ്ങണം...വഴക്ക് കൂടണം!...".അവൻ അവളെ കോരിയെടുത്തു.പരിക്കുപറ്റിയ കൈയുടെ വേദന ആ സമയം അയാൾ ഓർത്തതു പോലുമില്ല!.
അവന്റെ മാറിൽ തലചായ്ച്ച് പനിച്ചു കിടക്കവേ അവൾ പതുക്കെ ചെവിയിലോതി...
"എന്റെ പനി മാറുന്ന വരേയ്ക്കും എന്നെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കണം...വേറെ ഒരു മെഡിസിനും വേണ്ട!."
"അപ്പോൾ എനിക്കും പകരില്ലേ ?!.."
"ഉം...അപ്പോൾ നിന്റെ പനിമാറുന്ന വരെ ഞാൻ നിന്നെ കെട്ടിപിടിച്ചു കിടക്കും...then എനിക്കും വീണ്ടും വരും...അപ്പൊ നീ വീണ്ടും എന്നെ കെട്ടിപിടിച്ച്...അങ്ങനെ അങ്ങനെ അങ്ങനെ!...".
"കൊള്ളാലോ?!!...".അവൻ ചിരിച്ചു, അവളും.
പെട്ടന്ന് ജഹനാരയുടെ മൊബൈൽ റിംഗ് ചെയ്തു.അവൾ കാൾ ആരുടെ എന്ന് നോക്കിയ ശേഷം ഫോൺ കട്ടിലിൽ നിന്ന് താഴേക്ക്‌ വലിച്ചെറിഞ്ഞു.
"എന്ത് പറ്റി...ആരുടെ കാൾ?!...മൊബൈൽ പൊട്ടി എന്ന് തോന്നുന്നു...".ശങ്കുവിനു അത്ഭുതം.
"മമ്മി. വെറുതെ വിളിച്ചു കൊണ്ടിരിക്കും...Let it go...അപ്പൊ വിളിക്കില്ലല്ലോ!...".അവന് ചിരി വന്നു.അവളുടെ വിരലുകൾ പട്ടിയുടെ അക്രമണത്തിലെ ഉണങ്ങിയ മുറിവുകളിൾ ചെന്നു നിന്നപ്പോൾ...
"ഇതൊക്കെ എന്ത് പറ്റിയതാ ശങ്കൂ?!!..."
"അത് കൊതുക് കടിച്ചു."
"ഇത്രേം വലിയ കൊതുകോ?!...".വിശ്വസിക്കാതെ അവൾ അവന്റെ ശരീരം മുഴുവൻ പരിശോധിക്കാൻ തുടങ്ങി.ബൈക്ക് അപകടത്തിന്റെ പരിക്ക് കണ്ടപ്പോൾ അവൾക്ക് കാര്യം മനസിലായി.
"ഇതും കൊതുക് കടിച്ചതാണോ ശങ്കൂ?!"
"അല്ല"
"പറയൂ...എന്തുണ്ടായി?!"
"നീ പിണങ്ങിപ്പോയതിൽ പിന്നെ ഞാൻ ആകെ അപ്സെറ്റായി...ജീവിക്കേണ്ട എന്നുവരെ തോന്നി...വല്ല അക്സിഡന്റുമായി തീരട്ടെ എന്ന് കരുതി...പക്ഷെ മരിച്ചില്ല...".അവന്റെ ശബ്ദമിടറി.ജഹനാര ശങ്കുവിന്റെ വായപൊത്തി.ഇനി പറയരുതെന്നു തലയാട്ടി വിലക്കി.കരഞ്ഞു...
അമർത്തി ചുംബിച്ചു...
"ജഹൻ!..."
"പറയൂ...".
"പോയതിന് ശേഷം നീ എപ്പോഴൊക്കെയാണ് എന്നെ ഓർത്തത്?!."
"പറയട്ടെ..."തെല്ലു മടിയോടെ അവൾ
"പറയൂ..."
"നിന്റെ ആ ഫ്രണ്ട്ല്ലേ!..."
"ആര്?!..."
"വിപിൻ വട്ടോളി!...അവൻ എങ്ങനെയോ നമ്മൾ പിണങ്ങിയ കാര്യം അറിഞ്ഞു!..."
"എന്നിട്ട് ?!".ശങ്കുവിനു തിടുക്കം.
"ഇപ്പോൾ എന്നും എനിക്ക് വാട്സപ്പ്ൽ കുറെ കവിതയും കഥകളും ഫോർവേഡ് ചെയ്യും...അത്‌ കാണുമ്പോഴൊക്കെ ശങ്കൂ, നിന്നെ വന്നു തല്ലാൻ തോന്നും!."
"ശ്ശെ!..."അവൻ ചമ്മി.
"അവന് ഭ്രാന്താണ്!..."
"ഉം...എനിക്കും ഇടയ്ക്കൊക്കെ അയക്കാറുണ്ട് മനുഷ്യൻമാർക്ക് മനസിലാവാത്ത കുറെ കവിതകള്...എന്നാലും അവനെന്തൊരു ബോറനാണ്!...".
"വെറുതെയല്ല അവന് പെണ്ണ് കിട്ടാത്തത്‌!."അവൾ.
"Ya...". അവൻ യോജിച്ചു.
നിശബ്ദ...
സമയവും കാലവും അവർ ഓർത്തില്ല...
ഇടയ്ക്ക് ജഹനാര വല്ലാതെ ചുമച്ചു.നല്ല ജലദോഷമുണ്ട്.നിയന്ത്രിക്കാൻ കഴിയാതെ ധാരാളം കഫം അവളുടെ മൂക്കിലൂടെ പുറത്തേക്ക് ഒഴുകി.ശങ്കു ഒരു കൊച്ചു കുഞ്ഞിനെ എന്നപോലെ സ്വന്തം കൈയാൽ അതൊക്കെയും തുടച്ചു വൃത്തിയാക്കി നൽകി.അവൾ സ്നേഹം കൊണ്ട് കുറുകി.
അവരുടെ പ്രണയത്താൽ ആ ഒറ്റ മുറി തുടുത്തു...
"Will you marry me ?!.......".അവർ ലയിച്ചു ചേരുന്നതിനിടയിൽ ആരുടെതെന്നു തിരിച്ചറിയാത്ത വണ്ണം ആ വാക്കുകൾ ഒറ്റ ശബ്ദമായി.
കഥ - വിപിൻ വട്ടോളി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot